Thursday
24 Jan 2019

നാം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങള്‍

By: Web Desk | Thursday 25 January 2018 9:21 PM IST

ത്യന്തം ഭീഷണമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഇന്ത്യാരാജ്യം വീണ്ടുമൊരു റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഭരണഘടനയെ കുറിച്ചുള്ള സംവാദങ്ങള്‍ എല്ലാ കാലത്തും നടക്കാറുണ്ടെങ്കിലും അത് മാറ്റിപ്പണിയണമെന്നും അതിലെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്തണമെന്നും ഭരണാധികാരികള്‍ തന്നെ തിട്ടൂരമിറക്കുന്ന ആസുരഘട്ടത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള അടിസ്ഥാന അവകാശങ്ങളെല്ലാം ഭരണാധികാരികളാല്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

മതേതരത്വവും ജനാധിപത്യവും കൃത്യമായി നിര്‍വചിച്ച ഇന്ത്യന്‍ ഭരണഘടന പിന്നീടുണ്ടായ ഭേദഗതിയിലൂടെ സോഷ്യലിസം ലക്ഷ്യമായി പ്രഖ്യാപിച്ച ഒന്നാണ്. ജനാധിപത്യവും മതേതരത്വവും ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ വിശ്വാസത്തിന്റെയോ വേര്‍തിരിവുകളില്ലാതെ സമത്വവും പ്രദാനം ചെയ്യുന്നതാണ് ഇന്ത്യയുടെ ഭരണഘടന. വിശ്വാസസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നമുക്ക് നല്‍കിയ ഭരണഘടന തൊട്ടുകൂടായ്മയെ ശിക്ഷാര്‍ഹമായ കുറ്റമായും പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമനിര്‍മാണസഭ, ഭരണനിര്‍വഹണസഭ, നീതിന്യായ വ്യവസ്ഥ എന്നിങ്ങനെ വിഭജിക്കുകയും ഈ മൂന്ന് കേന്ദ്രങ്ങളും ഭരണനടത്തിപ്പ് സംബന്ധിച്ച് പരിശോധനയും പുനഃപരിശോധനയും നടത്തുന്നതിന് നിശ്ചയിക്കുകയും നീതിന്യായവ്യവസ്ഥയ്ക്ക് സ്വയംഭരണ നില നല്‍കുകയും ചെയ്തു.

ജനാധിപത്യത്തിന്റെ ഈ മൂന്ന് തൂണുകള്‍ മാത്രമല്ല നാലാംതൂണെന്നറിയപ്പെടുന്ന മാധ്യമങ്ങളും കടുത്ത വെല്ലുവിളികളും കനത്ത കടന്നാക്രമണങ്ങളും നേരിടുമ്പോഴാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനമെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ വെല്ലുവിളികളും അതിക്രമങ്ങളുമുണ്ടെങ്കിലും കേന്ദ്രത്തില്‍ സംഘപരിവാറിന് നേരിട്ട് മേധാവിത്വമുള്ള നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് അത് കൂടുതല്‍ ശക്തമായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അതിന്റെ തീവ്രത വര്‍ധിക്കുകയാണുണ്ടായത്.
ജനാധിപത്യസംവിധാനങ്ങളായ പാര്‍ലമെന്റും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളും നോക്കുകുത്തിയായതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഭരണപരവും ജനങ്ങളുമായി ബന്ധപ്പെട്ടതുമായ സുപ്രധാന തീരുമാനങ്ങള്‍ പോലും ഏകപക്ഷീയമായി കൈക്കൊള്ളുന്ന സമീപനമാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം, നോട്ടുനിരോധനം എന്നിവയെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പോലുമറിയാതെ പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിക്കുന്ന സാഹചര്യമാണുണ്ടായത്. ഓര്‍ഡിനന്‍സ്‌രാജ് അക്ഷരാര്‍ഥത്തില്‍ നടപ്പിലായി. അതുവഴി രണ്ടാം തൂണായ ഭരണനിര്‍വഹണ സഭയും അപ്രസക്തമായി.
നീതിന്യായവ്യവസ്ഥയ്ക്കുമേല്‍ടന്ന കയ്യേറ്റത്തിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തേണ്ടിവന്ന ഗുരുതരമായ സാഹചര്യം വെളിപ്പെടുത്തുന്നത്.

കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയുടെ അധ്യക്ഷനുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള കേസുകള്‍ പക്ഷപാതപരമായി കൈകാര്യം ചെയ്യുന്നതിനുള്ള സാഹചര്യങ്ങളൊരുക്കപ്പെട്ടതിനാലാണ് മുതിര്‍ന്ന ജഡ്ജിമാര്‍ ഈ വിഷയം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നുവെന്ന പ്രസ്താവനയുമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നത്. നീതിന്യായവ്യവസ്ഥ എത്രത്തോളം സംഘപരിവാറിന്റെ കടന്നാക്രമണത്തിന് വിധേയമായിരിക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവായിരുന്നു ആ സംഭവം.
സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ക്കപ്പുറം കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ മാത്രമാണ് രാജ്യത്ത് നടപ്പിലാക്കപ്പെടുന്നത്. ആള്‍ക്കൂട്ട അതിക്രമങ്ങള്‍, ന്യൂനപക്ഷ – ദളിത് പീഡനങ്ങള്‍, അസഹിഷ്ണുത എല്ലാം വര്‍ധിക്കുകയും ലോകത്തിന് മുന്നില്‍ മതേതരരാജ്യമെന്ന ഇന്ത്യയുടെ സല്‍പേര് തന്നെ കളങ്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി.

ദേശീയതയും ദേശാഭിമാനബോധവും സംഘപരിവാറിന്റെ അജന്‍ഡയ്ക്കനുസൃതമായി വ്യാഖ്യാനിക്കപ്പെടുകയും എതിര്‍ ശബ്ദങ്ങള്‍ ആയുധങ്ങളാലും വെടിയുണ്ടകളാലും ഇല്ലാതാക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്തു. ശാസ്ത്രജ്ഞര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരെല്ലാം അക്രമത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിന് ആക്കം കൂടുകയാണ് ചെയ്യുന്നത്. ഒടുവിലത്തെ ഇരയായിരുന്നു ഗൗരി ലങ്കേഷ്. ഇത്തരം സംഭവങ്ങളും അതിക്രമങ്ങളും ആത്യന്തികമായി നമ്മുടെ ഭരണഘടനയുടെ മേലുള്ള കടന്നാക്രമണമാണ്.

സാധാരണ പ്രവര്‍ത്തകര്‍ മാത്രമല്ല ബിജെപിയുടെയും സംഘപരിവാറിന്റെയും ഉന്നത നേതാക്കളും കേന്ദ്രമന്ത്രിമാര്‍ പോലും ഭരണഘടന തിരുത്തണമെന്നാവശ്യപ്പെടുമ്പോള്‍ പരിഭ്രമത്തോടെ നോക്കിനില്‍ക്കുകയല്ല തങ്ങളുടെ ഉത്തരവാദിത്തമെന്ന ബോധ്യപ്പെടലാണ് ഈ റിപ്പബ്ലിക് ദിനം ഓരോ ഇന്ത്യന്‍ പൗരനെയും ഓര്‍മ്മപ്പെടുത്തുന്നത്. പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ തിരുശേഷിപ്പുകളിലൊന്നാണ് നമ്മുടെ ഭരണഘടന. അത് സംരക്ഷിക്കാനും സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങളെ നിലനിര്‍ത്താനും പുതിയ പോരാട്ടങ്ങള്‍ അനിവാര്യമാണെന്നാണ് റിപ്പബ്ലിക്കിന്റെ ഒരു വര്‍ഷം കൂടി കടന്നുപോകുമ്പോള്‍ നാം തിരിച്ചറിയേണ്ടത്.