Monday
23 Jul 2018

ഇസ്‌ലാം മതത്തിലെ പരിഷ്‌കരണശ്രമങ്ങള്‍

By: Web Desk | Sunday 28 January 2018 9:40 PM IST

രുമാസം മുമ്പ് മലപ്പുറത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ ഫഌഷ്‌മോബില്‍ പങ്കെടുത്തത് യാഥാസ്ഥിതികരെ സംബന്ധിച്ച് വിവാദമായെങ്കിലും സ്ത്രീ വിമോചന ചിന്തകളെ കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയുണ്ടായി. യാഥാസ്ഥിതിക മനസ്ഥിതിയുള്ളവര്‍ പെണ്‍കുട്ടികളെ ആക്ഷേപിക്കുന്നതിനാണ് തയ്യാറായതെങ്കില്‍ ആമുസ്‌ലിം സമുദായത്തിനകത്തുതന്നെയുള്ള പുരോഗമന ചിന്താഗതിക്കാരും ഒരുവിഭാഗം യുവാക്കളും പെണ്‍കുട്ടികള്‍ക്കൊപ്പം നിലക്കൊണ്ടു എന്നത് ശ്രദ്ധേയമായിരുന്നു. ആ സംഭവത്തോട് ഐക്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്തുള്‍പ്പെടെ മുസ്‌ലിം പെണ്‍കുട്ടികള്‍ പങ്കെടുത്ത ഫഌഷ് മോബുകള്‍ നടന്നതും ചര്‍ച്ചാവിഷയമായി.

ഈ വിഷയം ചര്‍ച്ചയും വിവാദവുമാക്കെയായി താല്‍ക്കാലികമായി ആഘോഷിക്കപ്പെട്ടുവെങ്കിലും അവയ്ക്ക് അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. യഥാര്‍ഥത്തില്‍ മുസ്‌ലിം സമുദായത്തിനകത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും വിവേചനത്തിന്റെയും വിഷയങ്ങളുടെ സമഗ്രമായ ചര്‍ച്ചയായി അത് പരിണമിച്ചില്ലെന്നത് ഖേദകരമാണ്.

ഇപ്പോഴിതാ മലപ്പുറത്ത് മുസ്‌ലിം വനിത ജുമാ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ സംഭവവും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഖുറാന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിദയാണ് ഇമാം (നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയെ വിളിക്കുന്ന പേര്) ആയത്. ഖുറാന്‍ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്‌കാരം. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനാണ് ജാമിദ നേതൃത്വം നല്‍കിയത്. ഇസ്‌ലാമിക ആചാരമനുസരിച്ച് സാധാരണ പുരുഷന്മാരാണ് ഇമാം പദവി കൈകാര്യം ചെയ്യാറുണ്ടായിരുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് നിസ്‌കാരം നടത്തുകയെന്നത് തന്നെ നിഷിദ്ധമാണെന്ന യാഥാസ്ഥിതിക നിലപാട് നിലനില്‍ക്കേയാണ് ഇത്തരം സംഭവം ഉണ്ടായിരിക്കുന്നതെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.
‘സ്ത്രീക്കും പുരുഷനും ഖുറാനില്‍ തുല്യപ്രധാന്യമാണ് നല്‍കുന്നത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് ശരിയല്ല. ഭാര്യ – ഭര്‍ത്താവ് എന്ന് പോലും ഖുറാനില്‍ പരാമര്‍ശിച്ചിട്ടില്ല’ എന്നാണ് ഇതിന് നേതൃത്വം നല്‍കിയ ജാമിദ പറഞ്ഞിരിക്കുന്നത്.
ആരാധനയും പ്രാര്‍ഥനയും വിശ്വാസപരമായ കാര്യം മാത്രമാണ്. അതിനോട് വിയോജിപ്പുള്ളവരുമാണ് ഞങ്ങള്‍. എന്നാല്‍ മതവിശ്വാസവും ആരാധനയും യാഥാര്‍ഥ്യമായ ഒരു സമൂഹത്തില്‍ അതിന്റെ തിരുത്തലിനുള്ള ശ്രമങ്ങള്‍ നടക്കുന്നത് ശുഭകരമാണെന്ന കാര്യത്തില്‍ സംശയമില്ല. ആരാധനയിലും സ്ത്രീകള്‍ക്ക് രണ്ടാംസ്ഥാനമാണുള്ളതെന്ന പരമ്പരാഗത ധാരണകളെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങള്‍ അനിവാര്യമാണ്. ആരാധനകളുടെയും വിശ്വാസങ്ങളുടെയും പേരിലാണ് എല്ലാ മതങ്ങളും സ്ത്രീകളെ രണ്ടാം സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ഒരു മതവും അതില്‍ നിന്ന് വിഭിന്നമല്ല. സ്ത്രീയെന്നത് കേവലം ഉപഭോഗവസ്തുവാണെന്നും പുരുഷനു കീഴില്‍ മാത്രമാണ് എല്ലായിടങ്ങളിലും അവരുടെ സ്ഥാനമെന്നുമാണ് എല്ലാ മതങ്ങളുടെയും പ്രാമാണിക ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ച് മതനേതാക്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കാറുള്ളത്. അതിന്റെ ഫലമായി എല്ലാ മതങ്ങളും പുരുഷമേധാവിത്വത്തില്‍ അധിഷ്ഠിതമായ ആരാധന – ജീവിത രീതികളെയാണ് സൃഷ്ടിച്ചുവച്ചിട്ടുള്ളത്. സ്ത്രീകളുടെ വിവാഹ കാര്യത്തിലായാലും കുടുംബജീവിതത്തിലായാലും അതുതന്നെയാണ് സ്ഥിതി. ആരാധനയുടെ കാര്യംപോലും അതില്‍നിന്ന് വിഭിന്നമല്ല. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതും മസ്ജിദുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതുമെല്ലാം അതിന്റെ ഭാഗമാണ്. അതിന് മേലാണ് മലപ്പുറത്ത് ചെറുതെങ്കിലും എതിര്‍ശബ്ദം മുസ്‌ലിം സമുദായത്തിനകത്തുനിന്നുണ്ടായിരിക്കുന്നത്. യാഥാസ്ഥിതികവും പരമ്പരാഗതവുമായ കാഴ്ചപ്പാടുകള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ഫഌഷ്‌മോബ് അരങ്ങേറിയ മലപ്പുറത്തുതന്നെയാണ് ഈ സംഭവവുമുണ്ടായിരിക്കുന്നതെന്നത് യാദൃച്ഛികമാവാം.

ഏത് മതത്തിലായാലും പരമ്പരാഗത രീതികള്‍ ചോദ്യം ചെയ്യപ്പെടുന്നത് സഹിഷ്ണുതയോടെയല്ല മതമേധാവികള്‍ അഭിമുഖീകരിക്കാറുള്ളത്. ഫഌഷ് മോബ് സംഭവത്തിലെന്നപോലെ ഇപ്പോഴത്തെ സംഭവത്തിലും യാഥാസ്ഥിതികരുടെ വിമര്‍ശനമല്ലാതെ ആ സംഭവത്തിലൂടെ ഉരുത്തിരിയേണ്ട പുരോഗമന ചിന്തകളല്ല ചര്‍ച്ച ചെയ്യപ്പെടുന്നത്. നിസ്‌കാരത്തിന് നേതൃത്വം നല്‍കിയ വനിതയുടെ വ്യക്തിപരമായ കാര്യങ്ങളും അവരുടെ വേഷവിധാനവുമൊക്കെ ചര്‍ച്ചയാക്കുമ്പോള്‍ അവരുയര്‍ത്തിയ യഥാര്‍ഥ പ്രശ്‌നം അവഗണിക്കപ്പെടുകയാണ്. അതുതന്നെയാണ് യാഥാസ്ഥിതികരുടെ ലക്ഷ്യവും. സ്ത്രീകള്‍ക്ക് ഭരണയന്ത്രം തിരിക്കാവുന്നതാണ്, ഉദ്യോഗത്തില്‍ പ്രവേശിക്കാവുന്നതാണ്, മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാവുന്നതാണ്. എന്നാല്‍ ആരാധനാപരമായ കാര്യങ്ങളില്‍ അവര്‍ പുരുഷന് പിറകില്‍ തന്നെ നില്‍ക്കണമെന്ന ചിന്ത ആശാസ്യമല്ല. അതുകൊണ്ട് മലപ്പുറത്തുണ്ടായ പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എല്ലാ മതങ്ങളിലും ഇത്തരം ചിന്തകളും പ്രവൃത്തികളുമാണുണ്ടാകേണ്ടതും.

Related News