Wednesday
22 Aug 2018

കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം

By: Web Desk | Tuesday 13 February 2018 10:18 PM IST

സ്വതന്ത്ര ചിന്തയും ഭാവനയും ബഹുസ്വരമായ കലാസാംസ്‌കാരിക പ്രവര്‍ത്തനവും സാഹിത്യസംരംഭങ്ങളും കനത്ത വെല്ലുവിളികള്‍ നേരിടുന്ന ഇരുണ്ട രാഷ്ട്രീയ അന്തരീക്ഷമാണ് ബിജെപി ഭരണത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്നത്

കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ പ്രശസ്ത കന്നട സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര കമ്പാറിന്റെ വിജയം രാജ്യം, വിശേഷിച്ചും സാഹിത്യ സാംസ്‌കാരിക രംഗം, ഏറെ ആശ്വാസത്തോടെയും ആഹ്ലാദത്തോടെയുമാണ് ശ്രവിച്ചത്. രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ ശാസ്ത്ര, ചരിത്ര, വിജ്ഞാന, ഗവേഷണ സ്ഥാപനങ്ങള്‍ ഒന്നൊന്നായി കയ്യടക്കി സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തിവരുന്ന കുത്സിത ശ്രമങ്ങള്‍ക്കിടെയാണ് കേന്ദ്രസാഹിത്യ അക്കാദമിയില്‍ ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാടുകളും സ്ഥാപനത്തിന്റെ സ്വയംഭരണാവകാശവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതില്‍ രാജ്യത്തെ എഴുത്തുകാരും സാഹിത്യകാരന്മാരും നിര്‍ണായക വിജയം കൈവരിച്ചത്. ആകെ പോള്‍ ചെയ്ത 89ല്‍ 56 വോട്ടുകള്‍ നേടിയാണ് കമ്പാര്‍ വിജയിച്ചത്. സംഘ്പരിവാര്‍ ശക്തികളെ പ്രതിനിധീകരിച്ച് മത്സര രംഗത്തുണ്ടായിരുന്ന ഒഡിയ സാഹിത്യകാരി പ്രതിഭാറായിക്ക് 29 വോട്ടുകളേ നേടാനായുള്ളു. ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഹിന്ദി സാഹിത്യകാരന്‍ മാധവ് കൗശിക് 58 വോട്ടുകളോടെ വിജയിച്ചു. അക്കാദമി നിയമാവലി നിഷ്‌കര്‍ഷിക്കും വിധം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഒരു പ്രതിനിധി ജനറല്‍ കൗണ്‍സിലില്‍ നിര്‍ബന്ധമാണ്. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ അധികാരം കയ്യാളുന്ന ബിജെപിയുടെ നോമിനികളെയും കേന്ദ്രഭരണാധികാരത്തിന്റെ സ്വാധീനവും പ്രയോജനപ്പെടുത്തി കേന്ദ്രസാഹിത്യ അക്കാദമിയെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും ഭാവിയില്‍ തങ്ങളുടെ സമ്പൂര്‍ണ ആധിപത്യം അക്കാദമിയുടെ മേല്‍ ഉറപ്പിക്കാനുമുള്ള സംഘ്പരിവാറിന്റെയും നരേന്ദ്രമോഡി സര്‍ക്കാരിന്റെയും ശ്രമങ്ങളാണ് കമ്പാറിന്റെ വിജയത്തോടെ വിഫലമായത്. എന്നാല്‍ ഈ വിജയം ആഘോഷത്തിനുള്ള അവസരമല്ല; ഏറെ ജാഗ്രതയോടെ നമ്മുടെ സാഹിത്യ, സാംസ്‌കാരിക ജീവിതത്തിന്റെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും സംരക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകേണ്ട വെല്ലുവിളികള്‍ നിറഞ്ഞ വേളയാണ്.

കേവലം തെരഞ്ഞെടുപ്പ് വിജയംകൊണ്ടോ തങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്ന ഭരണനയ നൈപുണ്യം കൊണ്ടോ എല്ലാക്കാലത്തേക്കും അധികാരം ഉറപ്പിച്ചുനിര്‍ത്താനാവില്ലെന്ന് മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നവരാണ് സംഘ്പരിവാര്‍ ശക്തികള്‍. ഇതര മൂലധന ശക്തികളില്‍ നിന്ന് ഭിന്നമായ രാഷ്ട്രീയ നയമോ സാമ്പത്തിക പരിപാടിയോ ദാര്‍ശനിക കാഴ്ചപ്പാടോ അവര്‍ക്ക് അവകാശപ്പെടാനില്ല. കഴിഞ്ഞ നാല് വര്‍ഷക്കാലത്തേയും അതിന് മുമ്പ് മോഡിയുടെ മുന്‍ഗാമി അടല്‍ബിഹാരി വാജ്‌പേയിയുടെയും ഭരണനിര്‍വഹണ അനുഭവങ്ങള്‍ അതാണ് നമുക്ക് കാട്ടിത്തരുന്നത്. മൂലധന താല്‍പര്യങ്ങള്‍ക്ക് അപ്പുറം മറ്റൊരുതാല്‍പര്യവും അവര്‍ക്ക് മുമ്പിലില്ല. അതിനായുള്ള മത്സരത്തില്‍ മറ്റാരെക്കാളും തീവ്രതയോടെ ജനവിരുദ്ധനയങ്ങള്‍ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള വാശിയേറിയ പ്രവര്‍ത്തനമാണ് അവസരം കിട്ടുമ്പോഴെല്ലാം അവര്‍ കാഴ്ചവച്ചിട്ടുള്ളത്. എന്നാല്‍ അധികാരം നിലനിര്‍ത്താനും അത് അനസ്യൂതം തുടരാനും രാജ്യത്തിന്റെ ചരിത്രത്തേയും സംസ്‌കാരത്തെയും വൈജ്ഞാനിക മേഖലകളെയും പുനര്‍നിര്‍വചിച്ചേ മതിയാവൂ എന്ന് അവര്‍ക്ക് ഉറപ്പുണ്ട്. അതിനുള്ള ശ്രമങ്ങളാണ് ഹിന്ദുത്വത്തിന്റെ പേരില്‍ ആ മേഖലകളിലാകെ നടപ്പാക്കാന്‍ അവര്‍ ശ്രമിക്കുന്നത്. ചരിത്രത്തേയും ശാസ്ത്ര സത്യങ്ങളേയും അവര്‍ ഐതിഹ്യങ്ങളും കെട്ടുകഥകളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. സാഹിത്യത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും വൈജ്ഞാനിക അനേ്വഷണങ്ങളിലും അവര്‍ കൈകടത്തുകയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുസ്വരതയെയും നിഷേധിക്കാന്‍ യത്‌നിക്കുകയും ചെയ്യുന്നു. അത്തരം ശ്രമങ്ങള്‍ക്ക് താല്‍ക്കാലികമെങ്കിലും ശക്തമായ മറുപടി നല്‍കാന്‍ കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിന് കഴിഞ്ഞിരിക്കുന്നു.

രാഷ്ട്രീയ അന്തരീക്ഷവും സ്വതന്ത്രമായ സാഹിത്യപ്രവര്‍ത്തനവും പരസ്പര ബന്ധമില്ലാത്ത സമാന്തര രേഖകളായി കാണുന്ന ഒരു ചെറുപറ്റം സാഹിത്യകാരന്മാരും കലാകാരന്മാരും സാംസ്‌കാരികപ്രവര്‍ത്തകരും നമുക്കിടയിലുണ്ട്. നാളിതുവരെയുള്ള മനുഷ്യരാശിയുടെ ചരിത്രം മറിച്ചുള്ള പാഠങ്ങളാണ് നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷത്തില്‍ മാത്രമേ മികച്ച സാഹിത്യ-കലാസൃഷ്ടികളും വൈജ്ഞാനിക അനേ്വഷണങ്ങളും മുന്നേറിയിട്ടുള്ളു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മനുഷ്യന്റെ അനുസ്യൂതമായ അനേ്വഷണവും പോരാട്ടവുമാണ് അവയ്ക്ക് എക്കാലത്തും വളക്കൂറുള്ള മണ്ണും അനുകൂലമായ അന്തരീക്ഷവും ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അത്തരം അനേ്വഷണങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും കരുത്തുപകരുന്ന ഒന്നായി കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്താനും ജാഗ്രതയോടെ നിലയുറപ്പിക്കാനും സാഹിത്യ സാംസ്‌കാരിക മേഖലകളെ ഇപ്പോഴത്തെ വിജയം പ്രാപ്തമാക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Related News