20 April 2024, Saturday

24ാം പാർട്ടി കോൺഗ്രസിലേക്ക്

Janayugom Webdesk
October 15, 2022 5:00 am

സിപിഐയുടെ 24ാമത് പാർട്ടി കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ ചരിത്രനഗരമായ വിജയവാഡ ഒരുങ്ങി. 1961ലും 1975ലും രണ്ട് തവണ പാർട്ടി കോൺഗ്രസിന് ഈ നഗരം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. പ്രതീക്ഷയുടെ ചെങ്കൊടി ഉയർന്നതോടെ ചൊവ്വാഴ്ച വരെ നീളുന്ന കോൺഗ്രസിന് തുടക്കമായി. 6,40,344 പാർട്ടി അംഗങ്ങളെ (2021 കണക്കനുസരിച്ച്) പ്രതിനിധീകരിച്ച്, ഏകദേശം 900 പ്രതിനിധികൾ ഇനിയുള്ള നാല് ദിനരാത്രങ്ങളിലെ ചർച്ചകളിലൂടെ സമകാലിക രാഷ്ട്രീയ വെല്ലുവിളികൾ തരണം ചെയ്യാനും രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിൽ നിന്ന് മോചിപ്പിക്കാനുമുള്ള തന്ത്രങ്ങൾക്ക് രൂപം നല്കും. പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കഴിയുന്ന ഇടത്, മതേതര, ജനാധിപത്യശക്തികളുടെ വിശാല സഖ്യം കെട്ടിപ്പടുക്കാനുള്ള ആഹ്വാനം 24ാം കോൺഗ്രസ് നൽകുമെന്നാണ് പ്രതീക്ഷ. അതുവഴി പാർട്ടി കോൺഗ്രസ് രാജ്യത്തിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി വിലയിരുത്തപ്പെടും.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ അനിഷേധ്യമായ പങ്ക് വഹിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ഇന്ത്യയിലെ ജനങ്ങൾക്കൊപ്പമായിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ‘പൂർണ സ്വരാജ്’ എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് കമ്മ്യൂണിസ്റ്റുകളാണ്. ദേശീയപ്രസ്ഥാനത്തോടൊപ്പം കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടി മുൻനിരയിൽ നിന്നു. ദേശീയതയോടൊപ്പം അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും കമ്മ്യൂണിസ്റ്റുകൾ എന്നും ബോധവാന്മാരായിരുന്നു. അന്തർദേശീയ കാഴ്ചപ്പാട് ഭൂതകാലത്തിലെന്ന പോലെ വർത്തമാനത്തിലും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയുടെ 24ാമത് കോൺഗ്രസിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള നിരവധി സാഹോദര പാർട്ടികൾ പങ്കെടുക്കുന്നുണ്ട്. ചരിത്രത്തിലുടനീളം ഇടതുശക്തികളുടെ ഐക്യത്തിന് വേണ്ടിയാണ് സിപിഐ നിലകൊണ്ടത്. ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, പാർട്ടി കോൺഗ്രസിന് അഭിവാദ്യം അർപ്പിക്കാൻ രാജ്യത്തെ മറ്റ് ഇടതു പാർട്ടികളും എത്തുന്നുണ്ട്.


ഇതുകൂടി വായിക്കു; 24-ാം പാർട്ടി കോൺഗ്രസ്; വിജയവാഡയിലെ അരുണോദയം


ഇന്ത്യയിൽ രാഷ്ട്രീയമാറ്റം അനിവാര്യമാണ്. ആർഎസ്എസ്-ബിജെപി ഭരണം മഹത്തായ നമ്മുടെ രാജ്യത്തിന്റെ മതേതര അടിത്തറയെ ഭയാനകമാംവിധം ദുർബലപ്പെടുത്തിയിരിക്കുന്നു. ജനങ്ങളുടെ ജീവിതനിലവാരം തകർത്തു. ‘അച്ഛേ ദിൻ’ എന്ന മോഡി ഭരണകൂടത്തിന്റെ വാഗ്ദാനം വലിയ നുണയാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. സമ്പന്നർ കൂടുതൽ സമ്പന്നരായി, ദരിദ്രർ കൂടുതൽ ദരിദ്രരും. തങ്ങളുടെ പരാജയങ്ങൾ കുപ്രചരണങ്ങളിലൂടെ മറച്ചുവയ്ക്കാൻ സർക്കാർ ‘ഓവർടൈം ജോലി‘യാണ് ചെയ്യുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയായിരുന്ന പൊതുമേഖല നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്നു. ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സ്വകാര്യവൽക്കരിക്കുന്നു. റയിൽവേ, തുറമുഖങ്ങൾ, ഖനികൾ എല്ലാം വില്പനയ്ക്ക് വച്ചു. തൊഴിലില്ലായ്മ മുൻകാല റെക്കോഡുകളെല്ലാം മറികടന്നു. വിലക്കയറ്റം ദിനചര്യയായി മാറി. ഡോളറിനു മുമ്പിൽ ഇന്ത്യൻ രൂപ തകർന്നടിഞ്ഞു. അന്താരാഷ്ട്ര, ആഭ്യന്തര മൂലധനത്തിന്റെ ലാഭക്കൊതിക്ക് മുന്നിൽ ജനങ്ങളുടെ ജീവിത സ്വപ്നങ്ങൾ പൂർണമായും പണയം വച്ചിരിക്കുകയാണ് ഭരണകൂടം. അഡാനി അവരുടെ വികസനത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. അതേസമയം, എഫ്ഡിഐ എല്ലാ വളർച്ചയുടെയും മന്ത്രമാണെന്നും അവർ വിശ്വസിക്കുന്നു.


ഇതുകൂടി വായിക്കു; സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്: വിജയവാഡ ചുവപ്പണിഞ്ഞു


 

ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ ആക്രമണവും മോഡി സർക്കാർ ശക്തമാക്കിയിരിക്കുകയാണ്. മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാ തത്വങ്ങൾ തകര്‍ക്കുകയെന്നത് അവരുടെ ലക്ഷ്യമാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനും ജീവിതത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധ തിരിക്കാനും മതവിശ്വാസവും ആരാധനാലയങ്ങളും തന്ത്രപരമായി ദുരുപയോഗം ചെയ്യുന്നു. മുസ്സോളിനിയുടെയും ഹിറ്റ്ലറുടെയും പാതയാണ് അതിനവർ സ്വീകരിക്കുന്നത്. ഈ ശക്തിയെ തോല്പിച്ചാലേ രാജ്യത്തിന് നിലനില്പുള്ളൂ. ഹിറ്റ്ലറൈറ്റ് ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പാണെന്നും ധനമൂലധനത്തിന് വിധേയരും വംശീയ അഭിമാനത്തോട് കൂറുപുലർത്തുന്നവരുമാണ് തങ്ങളെന്നും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ആർഎസ്എസ് തെളിയിക്കുന്നു. അതുകൊണ്ട് അവരെ ഫാസിസ്റ്റുകൾ എന്ന് വിളിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മടിയില്ല.


ഇതുകൂടി വായിക്കു; 24-ാം പാർട്ടി കോൺഗ്രസ് : കൊല്ലം മുതൽ വിജയവാഡ വരെ


 

2024ലെ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവന്മരണ പോരാട്ടമായതിനാൽ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ ഐക്യത്തിന് വലിയ പ്രാധാന്യമുണ്ട്. സമാന ചിന്താഗതിയുള്ള എല്ലാ ശക്തികളും അവസരത്തിനൊത്ത് ഉയരുമെന്നും ജനങ്ങളോടും ചരിത്രത്തോടുമുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുമെന്നും സിപിഐ വിശ്വസിക്കുന്നു. പുതുച്ചേരിയിൽ നടന്ന 22ാം കോൺഗ്രസ് ജനങ്ങളുമായി കൂടുതൽ അടുക്കാൻ ആഹ്വാനം ചെയ്തിരുന്നു. 24ാം കോൺഗ്രസ് ആ പ്രതിജ്ഞ പുതുക്കുകയും പരമാവധി അർപ്പണബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. പാവപ്പെട്ടവരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ക്കായി പോരാടുന്ന പാർട്ടിയായാണ് ജനങ്ങൾ സിപിഐയെ കാണുന്നത്. അവരുടെ പ്രതീക്ഷയുടെ പാർട്ടിയാണിത്. പാർട്ടി കോൺഗ്രസ് പ്രതിനിധികൾ ഈ രാജ്യത്തെ ജനങ്ങൾക്കും അവരുടെ ആത്മവിശ്വാസമായ ചെങ്കൊടിക്കും കാവൽക്കാരായി തുടരുമെന്ന പ്രതിജ്ഞയോടെ ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.