Friday
14 Dec 2018

കേരളമേ ലജ്ജിച്ചു തലതാഴ്ത്തുക

By: Web Desk | Friday 23 February 2018 10:21 PM IST

ദിവാസി യുവാവിന്‍റെ അരുംകൊലയില്‍ ലജ്ജിച്ച് തലതാഴ്ത്താം. മേനിപറയുന്ന പൈതൃകവും സാംസ്‌കാരിക സമ്പന്നതയും ആവര്‍ത്തിച്ച് ഉദ്‌ഘോഷിക്കാന്‍ ഇനി നമുക്ക് അര്‍ഹതയില്ല. കാരണം സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഇതാദ്യത്തേതല്ല. ആള്‍ക്കൂട്ട ഭീകരതയില്‍ വീര്‍പ്പുമുട്ടിപ്പോയവര്‍ നിരവധിയായി. നിയമം കയ്യിലെടുക്കുന്ന സദാചാര പൊലീസ് തൊട്ട് ആദിവാസി യുവാവിനെ തല്ലിച്ചതച്ചുകൊന്ന നരാധമന്മാര്‍ വരെ ഇവിടെ നടത്തിക്കൂട്ടിയ കൂത്തുകള്‍ക്ക് ആരെയാണ് നമ്മള്‍ പഴി പറയേണ്ടത്? തീര്‍ച്ചയായും ആദ്യത്തെ ഉത്തരവാദി ഭരണകൂടം തന്നെയാണ്. ക്രമസമാധാനം നിലനിര്‍ത്താന്‍ ഈ ഓരോ സംഭവമുണ്ടായപ്പോഴും ഭരണകൂടം പരാജയപ്പെട്ടതാണ് ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ വികലമനസുള്ള ജനക്കൂട്ട ഫോബിയയ്ക്ക് ധൈര്യം നല്‍കിയത്. മലയാളി ആള്‍ക്കൂട്ട മാഫിയകള്‍ അഴിച്ചുവിടുന്ന സദാചാരഗുണ്ടായിസത്തിന് വിധേയരാക്കപ്പെടുന്നവരില്‍ കൂടുതലും സമൂഹത്തിലെ ഏറ്റവും ദരിദ്രത നേരിടുന്ന ദുര്‍ബലജനവിഭാഗങ്ങളാണ്. പൊന്നാനിയില്‍ മനോരോഗിയും നിസഹായനുമായ വൃദ്ധനെ നഗ്നനാക്കി തല്ലിച്ചതച്ചു, കണ്ണൂരിലെ കൂത്തുപറമ്പില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ പെട്ടയാളെ ആരോപിച്ച് ഒരു സാധു അന്യസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചവശനാക്കി.

കൊച്ചിയില്‍ മനോരോഗിയായ സ്ത്രീയെ സമീപവാസികള്‍ നിര്‍ദയം തല്ലിച്ചതച്ചു. കേരളീയ സമൂഹത്തിന് അങ്ങേയറ്റത്തെ അപമാനം വരുത്തിവച്ച ഇത്തരം സംഭവങ്ങളില്‍ പൊലീസ് എന്ത് നടപടിയാണ് എടുത്തതെന്ന് ജനം അറിയണം. ഈ സംഭവങ്ങളിലുള്‍പ്പെട്ടവരെ സമൂഹമധ്യത്തില്‍ കൊണ്ടുവന്ന് പരസ്യമായി ശിക്ഷിക്കാന്‍ ക്രമസമാധാന പാലകര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ നിയമം കയ്യിലെടുക്കാനും ആദിവാസി യുവാവിനെ തല്ലിക്കൊല്ലാനും ഈ നരാധമന്മാര്‍ക്ക് ധൈര്യമുണ്ടാകുമായിരുന്നില്ല. അട്ടപ്പാടി സംഭവത്തില്‍ ഇതുവരെയും ഗൗരവമായ ഒരനേ്വഷണവും നടന്നിട്ടില്ല. എഫ്‌ഐആര്‍ അഥവാ പ്രഥമവിവരറിപ്പോര്‍ട്ടാണ് ഏത് കേസിനേയും ബലപ്പെടുത്തുന്നത്. സെല്‍ഫി പടങ്ങളില്‍ ഉള്‍പ്പെട്ടവരെ ഒന്നടങ്കം അറസ്റ്റ് ചെയ്യാനും അവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്താനും കാലതാമസമുണ്ടാകാന്‍ പാടില്ല. മോഷണക്കുറ്റമാരോപിച്ച് മധു എന്ന ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി എന്നാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ അഗളിയിലെ ആദിവാസി പ്രൊമോട്ടറായ കാളി ഈ സംഭവത്തിലേക്ക് ഉള്‍ക്കാഴ്ച പകരുന്ന ചില സന്ദേഹങ്ങള്‍ സന്ദേശത്തിലൂടെ നല്‍കിയിരിക്കുന്നു. അതില്‍ കാളി പറയുന്നത് കടുക്മണ്ണു ഊരിലുള്ള ബുദ്ധിക്ക് സ്ഥിരതയില്ലാത്ത മധു എന്ന യുവാവിനെ മുക്കാലി ഡ്രൈവര്‍മാരും, പ്രദേശവാസികളും ചേര്‍ന്ന് അജ്മുടി താഴെ ഗുഹയില്‍ ചെന്ന് വളഞ്ഞുപിടിച്ച് കയ്യുംകാലും കെട്ടി മര്‍ദിച്ച് അവശനാക്കി എന്നാണ്. മാത്രമല്ല മധുവിനെ ഇത്തരത്തില്‍ കെട്ടിയിട്ട് മുക്കാലി എന്ന സ്ഥലത്ത് എത്തിച്ച ശേഷം അഗളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ദുരൂഹ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടതാണെന്നാണ് കാളി പറഞ്ഞിരിക്കുന്നത്.

വനം ഉദേ്യാഗസ്ഥരുടെ അനുമതിയില്ലാതെ ഈ ആളുകള്‍ കാട്ടിലെ ആദിവാസി യുവാവിന്റെ ഗുഹയില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു എന്ന കാളിയുടെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇത് വെറും ആള്‍ക്കൂട്ട കൊലപാതകം മാത്രമായി ചുരുക്കികാണാതെ സമഗ്രമായ അനേ്വഷണം സത്യസന്ധമായി സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. വനത്തിന്റെ അവകാശികള്‍ ആദിവാസികള്‍ മാത്രമാണ്, സംരക്ഷകരും അവരാണ്. അവരില്‍ പെട്ടൊരാളെ ഇത്തരത്തില്‍ കൊല ചെയ്തത് ഇടതുപക്ഷ സര്‍ക്കാരിന് നിസാരമായി കാണാന്‍ കഴിയില്ല. പ്രശ്‌നത്തിന്റെ ഗൗരവവും തീവ്രതയും മനസിലാക്കി സത്വര ഇടപെടല്‍ വേണ്ടവണ്ണം നടത്താന്‍ ബന്ധപ്പെട്ട മന്ത്രിക്ക് പ്രതേ്യക ഉത്തരവാദിത്തമുണ്ട്. അടിയന്തിരമായി മന്ത്രി സംഭവസ്ഥലത്തെത്തി പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കണം. കാരണം ഇതുവരെ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായ സംഭവമാണ് മധുവിന്റെ കൊലപാതകം. ദളിത് ആദിവാസി ജനവിഭാഗങ്ങളോട് രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയ്ക്കും ഉത്തരവാദിത്ത നടപടികള്‍ക്കും കോട്ടം തട്ടുന്ന ഒരു ചര്‍ച്ചയ്ക്കും ഇടംകൊടുക്കാന്‍ പാടില്ല. അതൊരു സാമൂഹ്യ പ്രതിബദ്ധതയുടെ വിഷയം കൂടിയാണ്. അതുകൊണ്ട് അറിഞ്ഞോ, അറിയാതെയോ പോലും കാടിന്റെ മക്കളെ നോവിക്കുന്ന ഒന്നും ഈ ഭരണത്തിന്‍കീഴില്‍ സംഭവിക്കാന്‍ പാടില്ല. സംഭവിച്ചാല്‍ കടമ്മനിട്ട പാടിയതുപോലെ-മുടിപറിച്ച് നിലത്തടിച്ച്, കുലമടച്ച് അവര്‍ കാടിറങ്ങും. മധുവിന്റെ അമ്മ വിളിച്ചുപറഞ്ഞത് എന്റെ മകന്‍ മോഷ്ടാവല്ല എന്നാണ്. ആ വാക്കുകള്‍ നാട്ടുകാരുടെ ബോധമണ്ഡലത്തില്‍ തട്ടി പ്രതിധ്വനിക്കും.

മുഷിഞ്ഞ വേഷം ധരിച്ച് അലഞ്ഞുനടക്കുന്ന ഏത് ദരിദ്രനും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാസംഘാംഗമാണെന്നും, മോഷ്ടാവാണെന്നുമുള്ള മലയാളികളില്‍ നുരച്ചുപതയുന്ന വെറുപ്പിന്റെയും സംശയത്തിന്റേതുമായ കെട്ടവികാരം സാമൂഹ്യാവസ്ഥയിന്‍ മേല്‍ മേല്‍ക്കൈ നേടുന്നത് നല്ല ലക്ഷണമല്ല. രോഗാതുരമായ ഒരു സമൂഹത്തിന്റെ ബഹിര്‍ഗമനമാണത്. അതിന് കാര്യമായ ചികിത്സ നല്‍കേണ്ടതുണ്ട്. സദാചാരപൊലീസുകാരും, ആള്‍ക്കൂട്ട ഭീകരരും ആകുന്ന മലയാളി പരുക്കേറ്റ് ചോരവാര്‍ന്നു കഴിയുന്ന സഹജീവിയെ കണ്ടില്ലെന്ന് നടിക്കും, സ്വന്തം കുഞ്ഞിനെ ലൈംഗികമായി പിച്ചിച്ചീന്തി സദാചാരം കല്‍പിക്കും, വൃദ്ധമാതാപിതാക്കളെ നടയില്‍ തള്ളും, ഇവിടുത്തെ സാമൂഹ്യമനസാക്ഷിക്ക് കാര്യമായ ദുരന്തം സംഭവിച്ചിട്ടുണ്ട്.
അതുകൊണ്ടാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് പറയുന്നത്. ക്രമസമാധാനം തകര്‍ക്കുന്ന ഒരു രാക്ഷസീയതയും ഒന്നിന്റെ പേരിലും വച്ചുപൊറുപ്പിക്കരുത്. ആള്‍ക്കൂട്ട ഭ്രാന്തിന്റെ അവസാനത്തെ സംഭവം ഇതായിരിക്കണം.