Friday
14 Dec 2018

കുംഭകോണങ്ങളുടെ ഘോഷയാത്ര

By: Web Desk | Saturday 24 February 2018 10:06 PM IST

പുതിയ രണ്ട് കുംഭകോണങ്ങള്‍ പുറത്തുവന്നതോടെ മോഡി സര്‍ക്കാര്‍ ഒരു അഴിമതിക്ക് പിന്നാലെ മറ്റൊരു അഴിമതിയില്‍ ചെന്നുപെടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. 15,000 കോടി രൂപയുടെ അഴിമതിക്കഥയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ അനൗദേ്യാഗിക കണക്കുകള്‍ പ്രകാരം ഇത് 25,000 കോടിയിലധികം വരുമെന്നാണ് വിലയിരുത്തല്‍. ഇതൊക്കെത്തന്നെ വന്‍ കുത്തക മുതലാളിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയുള്ളതാണെന്ന് പകല്‍ പോലെ വ്യക്തം. ഒരു അഴിമതിക്കഥ മറയ്ക്കാന്‍ മറ്റൊരു അഴിമതിക്കഥ പുറത്തുകൊണ്ടുവരും. പ്രധാനമ്രന്തി നരേന്ദ്രമോഡിക്ക് വേണ്ടിയാണ് ഈ കോര്‍പ്പറേറ്റുകള്‍ നീരവ് മോഡിയുടെയും മെഹുല്‍ ചോക്‌സിയുടെയും അഴിമതിക്കഥ ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്.

ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം 11,400 കോടി രൂപയുടെ കള്ളവായ്പയെടുത്ത ശേഷം നീരവ് മോഡിയും മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടെന്നാണ്. എന്നാല്‍ ഇവര്‍ എവിടെയാണെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഔദേ്യാഗികമായി ഇനിയും വ്യക്തതയില്ല. ഓരോ ദിവസവും നീരവ് മോഡിയുടെ ഭീഷണിയുടെ സ്വരത്തിലുള്ള പ്രസ്താവനകള്‍ പുറത്തുവരുന്നുണ്ട്. താന്‍ നടത്തിയ കൊള്ളയുടെ അഥവാ സാമ്പത്തിക ക്രമക്കേടിന്റെ കഥകള്‍ തന്റെ വ്യവസായത്തേയും ബ്രാന്‍ഡിനേയും ബാധിച്ചുവെന്നാണ്. അതുകൊണ്ടുതന്നെ കാപട്യത്തിലൂടെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും എടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പ തിരിച്ചടക്കില്ല എന്നാണ് നീരവ് മോഡി പറയുന്നത്. ഇപ്പോഴുണ്ടായ അഴിമതിയുമായി ബന്ധപ്പെട്ട് അനേ്വഷണം നടത്തുന്ന ഏജന്‍സികള്‍ എല്ലാ പഴിയും ബാങ്ക് മാനേജ്‌മെന്റിന്റേയും ജീവനക്കാരുടേയും തലയില്‍ വയ്ക്കാനുള്ള തത്രപ്പാടിലാണ്. അതായത് ഈ അഴിമതിക്കഥയിലെ യഥാര്‍ഥ പ്രതികള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ ക്രമക്കേടുകള്‍ നടന്നതെന്നായിരുന്നു വായ്പാ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ മോഡിയും കൂട്ടരും പ്രചരിപ്പിച്ചത്. എന്നാല്‍ പൊടുന്നനെ സത്യം പുറത്തുവന്നു. ഭൂരിഭാഗം കൊള്ള നടന്നതും കടപ്പത്രങ്ങള്‍ നല്‍കിയതും മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണത്തിനിടയിലാണ്. കൊള്ള പുറത്തുവന്ന ശേഷം യഥാര്‍ഥ പ്രതികളായ നീരവ്‌മോഡിക്കും ചോക്‌സിക്കും രക്ഷപ്പെടാനുള്ള എല്ലാ പഴുതും സര്‍ക്കാര്‍ ഒരുക്കി. ഇവര്‍ക്ക് രാജ്യം വിടാനുള്ള സഹായങ്ങളും മോഡി സര്‍ക്കാര്‍ ചെയ്തു. ഇങ്ങനെയുള്ള നെറികെട്ട പ്രവൃത്തികളില്‍ വേണ്ടുവോളം അനുഭവജ്ഞാനം മോഡി സര്‍ക്കാരിനുണ്ട്. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് 9,000 കോടി കൊള്ളയടിച്ച വിജയ്മല്യയെ രാജ്യം വിടാന്‍ സഹായിച്ചു. ഇനിയും മല്യയെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇതേ രീതി തന്നെയാണ് ഐപിഎല്‍ അഴിമതിയുമായി ബന്ധപ്പെട്ട് ലളിത് മോഡിയുടെ കാര്യത്തിലും സംഭവിച്ചത്. ലളിത് മോഡിക്ക് രക്ഷപ്പെടുന്നതിന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാരാജ് സിന്ധ്യയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും എല്ലാ സഹായങ്ങളും ചെയ്തിരുന്നുവെന്ന് അന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അത് കേവലം 3000 കോടിയുടെ അഴിമതിയാണ്. നീരവ് മോഡിയേയും മെഹുല്‍ ചോക്‌സിയേയും സംരക്ഷിക്കുന്നതിന് കാണ്‍പൂര്‍ ആസ്ഥാനമായുള്ള റോട്ടോമാക് പേന കമ്പനി ഉടമയുടെ പേര് പുറത്തുകൊണ്ടുവന്നു. ഇയാളുടെ പേരിലും കോടികളുടെ അഴിമതി നടന്നതായാണ് വിവരം.

ഈ അഴിമതിക്കഥകളെല്ലാം പുറത്തുകൊണ്ടുവരുന്നതിലൂടെ മോഡി സര്‍ക്കാര്‍ എന്താണ് പൊതുജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യം ഉയരുന്നു. പ്രധാനമന്ത്രി തന്നെ ഉള്‍പ്പെട്ട മറ്റൊരു അഴിമതിയില്‍ നിന്നും രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് ഇതെന്ന് വ്യക്തം. 60,000 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്ന റഫേല്‍ ഇടപാട് പൊതുജനങ്ങളുടെ പരിശോധനയ്ക്ക് വിടണം. ഇത് ലളിതമായൊരു കാര്യമാണ്. കഴിഞ്ഞ സര്‍ക്കാര്‍ റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ ഒരു എയര്‍ക്രാഫ്റ്റിന്റെ വില 5000 കോടിയായിരുന്നു. അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ മോഡി ഫ്രാന്‍സിലേയ്ക്ക് പോയി. അതിനുശേഷം അവിടെവച്ചുതന്നെ മൂന്നിരട്ടി തുകയ്ക്ക് കരാര്‍ ഉറപ്പിച്ചു. ഇത് മാത്രമല്ല, റഫേല്‍ കരാറുമായി ബന്ധപ്പെട്ട് ഒരു പൊതുമേഖലാ സ്ഥാപനത്തെ ജോലികള്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇക്കുറി അത് അനില്‍ അംബാനിയുടെ കടലാസ് കമ്പനിക്ക് നല്‍കി. അനില്‍ അംബാനിയും നരേന്ദ്രമോഡിയോടൊപ്പം ഫ്രാന്‍സില്‍ എത്തിയിരുന്നു. ഈ അഴിമതിക്കഥയാണ് സര്‍ക്കാര്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്. എയര്‍ക്രാഫ്റ്റിന്റെ വില പാര്‍ലമെന്റില്‍ പോലും പറയാന്‍ സര്‍ക്കാര്‍ തയാറായില്ല. പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാ തട്ടിപ്പ് പുറത്തുവന്നതോടെ ജനങ്ങളുടെ മനസില്‍ നിന്നും റഫേല്‍ ഇടപാട് തുടച്ചുമാറ്റപ്പെടുന്നു.
ഉപജാപങ്ങള്‍ക്ക് എന്നും തന്ത്രങ്ങള്‍ മെനയുന്ന ബിജെപി കൗശലബുദ്ധി ഇക്കുറിയും ഉപയോഗിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ല ഗ്രൂപ്പുകളില്‍ നിന്നും നരേന്ദ്രമോഡി തന്നെ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. നിയമനടപടികള്‍ വളച്ചൊടിച്ച് ഈ കേസ് ഇല്ലാതാക്കി. രണ്ട് വര്‍ഷത്തിനിടെ 16000 ശതമാനം ലാഭം നേടിയ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിയെക്കുറിച്ച് ആരും പറയുന്നില്ല. ബിജെപി അധ്യക്ഷന്റെ സ്വത്തും 300 ശതമാനം വര്‍ധിച്ചു.

ജുഡീഷ്യറി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് നിര്‍ത്തി അഴിമതികള്‍ മറയ്ക്കുന്നതില്‍ നാണംകെട്ട സമീപനമാണ് ബിജെപി നേതാക്കളും ഭരണകര്‍ത്താക്കളും സ്വീകരിക്കുന്നത്. അധികാരത്തില്‍ നിന്ന് പുറത്താക്കിയാല്‍ മാത്രമേ ഇവരുടെ അഴിമതികളും കള്ളക്കഥകളും പുറത്തുകൊണ്ടുവരാന്‍ കഴിയൂ. ദൗര്‍ഭാഗ്യവശാല്‍ ജനാധിപത്യത്തിന്റെ നാലാം തൂണെന്നറിയുന്ന മാധ്യമങ്ങള്‍ പോലും ഇവര്‍ക്ക് മുന്നില്‍ കീഴടങ്ങി. കോര്‍പ്പറേറ്റുകള്‍ക്കും തങ്ങളുടെ യജമാനന്‍മാര്‍ക്കും താല്‍പര്യമുള്ള വാര്‍ത്തകളാണ് ഇവര്‍ നല്‍കുന്നത്.
ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ ഒരാളിന് ജനകീയ കോടതിയെ സമീപിക്കുക എന്നതുമാത്രമേ പോംവഴിയുള്ളു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ നടന്ന അഴിമതിക്കഥകളും ഉപജാപങ്ങളും പുറത്തുവരുമ്പോള്‍ മറ്റേത് ബൂര്‍ഷ്വാ പാര്‍ട്ടിയേയും പോലെ ബിജെപിയും സമാന അവസ്ഥയിലാണെന്ന് വ്യക്തമാകുന്നു. പൂര്‍ണമായും അഴിമതി നിറഞ്ഞ പാര്‍ട്ടിയായി ബിജെപി അധഃപതിച്ചു. ഇത് കൂടുതല്‍ അപകടകരമായി മാറുന്നു. കാരണം തങ്ങളുടെ കുറ്റങ്ങള്‍ മറയ്ക്കാനും സങ്കുചിത താല്‍പര്യങ്ങള്‍ നേടുന്നതിനായും ദേശവിരുദ്ധ വിഭാഗീയ അജന്‍ഡകളെ ഉപയോഗപ്പെടുത്തുന്നു.

Related News