Monday
22 Oct 2018

അപകടം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ രൂപത്തിലും വരും

By: Web Desk | Monday 18 September 2017 1:36 AM IST

വിലക്കയറ്റത്തെ ന്യായീകരിക്കുക മാത്രമല്ല അതൊരു ഭരണകൂട നയമാണെന്ന് ഒരു കേന്ദ്രമന്ത്രി യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുകകൂടി ചെയ്യുന്നത് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേരളത്തിനൊരു കേന്ദ്രമന്ത്രി എന്ന് ബിജെപിക്കാര്‍ ഇപ്പോള്‍ കൊട്ടിഘോഷിച്ച് സംസ്ഥാനമൊട്ടാകെ സ്വീകരണമഹായോഗങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീ വീഴും പോലൊരു പ്രഖ്യാപനം അദ്ദേഹത്തിന്റെ നാവിന്‍തുമ്പില്‍ നിന്ന് വീണത്. ഇന്ധനവില മനഃപൂര്‍വം കേന്ദ്രസര്‍ക്കാര്‍ കൂട്ടുകയാണെന്ന്. ചരിത്രത്തില്‍ ഇതുവരെ ഒരു സര്‍ക്കാരും തങ്ങള്‍ മനഃപൂര്‍വം വിലക്കയറ്റം നടത്തുമെന്ന് പറഞ്ഞിട്ടില്ല; ഫലത്തില്‍ വില കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ പോലും പറയുക വിലകൂട്ടില്ലെന്ന് തന്നെയാണ്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളിലുണ്ടാകുന്ന പ്രതിഷേധങ്ങളെയും രോഷത്തെയും അടക്കിനിര്‍ത്താന്‍ തന്ത്രപൂര്‍വം ജനവിരുദ്ധ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും.
അല്‍േഫാണ്‍സ് കണ്ണന്താനത്തിന് ഒന്നുകില്‍ സാധാരണജനങ്ങളുടെ ദുരിതം എന്തെന്നറിയില്ലായിരിക്കും, അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹത്തിന് തികഞ്ഞ അജ്ഞതയായിരിക്കും. രണ്ടാമത്തേതാകാന്‍ വഴിയില്ല, കാരണം അല്‍ഫോണ്‍സ് മുന്‍ ഐഎഎസ് ഉദേ്യാഗസ്ഥന്‍ കൂടിയാണ്. സാമ്പത്തികശാസ്ത്രം മനസിലാവാതിരിക്കാന്‍ ഇടയില്ല തന്നെ. അപ്പോള്‍പ്പിന്നെ ഒന്നാമത്തെ അജ്ഞത തന്നെയാകും കാരണം. അതിലേക്ക് വരുംമുമ്പ് എന്താണ് ഇന്ധനവിലക്കയറ്റത്തിന് പിന്നിലെ അന്തര്‍നാടകങ്ങള്‍ അറിയേണ്ടതുണ്ട്. നരേന്ദ്രമോഡി അധികാരത്തില്‍ വന്ന ശേഷം 16 തവണയാണ് എണ്ണയുടെ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. ക്രൂഡോയില്‍ വില താണപ്പോഴെല്ലാം നികുതി കൂട്ടി. അടിസ്ഥാന നികുതി ലിറ്ററിന് 1.20 രൂപയില്‍ നിന്ന് 8.48 രൂപയായി വര്‍ധിപ്പിച്ചു. അധിക എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപയില്‍ നിന്ന് ആറു രൂപയാക്കി വര്‍ധിപ്പിച്ചു. ഇതാണ് പെട്രോള്‍ വില കൂടാനുള്ള യഥാര്‍ഥ കാരണം. മാത്രമല്ല പെട്രോളിന്റെ കേന്ദ്ര സംസ്ഥാന നികുതികള്‍ സംബന്ധിച്ച് തികച്ചും തെറ്റിധാരണാജനകമായ കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രനികുതി 21.48 രൂപയും കേരളത്തിന്റേത് 32.04 രൂപയുമാണെന്നാണ് ആ പ്രചരണം. സെസും ചേര്‍ത്ത് യഥാര്‍ഥത്തില്‍ കേരളത്തിന്റെ നികുതി 17.63 രൂപയാണ്. കേന്ദ്രം അതേസമയം എക്‌സൈസ് ഡ്യൂട്ടിക്ക് പുറമേ ഇറക്കുമതി നികുതി, കസ്റ്റംസ് ഡ്യൂട്ടി, കൗണ്ടര്‍ വെയിലിങ് ഡ്യൂട്ടി തുടങ്ങി പല നികുതികള്‍ വേറെയും ഈടാക്കുന്നു. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് സംഭവിക്കുമ്പോള്‍ സംസ്ഥാനങ്ങളെ പഴിചാരി തലയൂരുന്ന കേന്ദ്രനയത്തെപ്പറ്റി പുതിയ കേന്ദ്രമന്ത്രിക്ക് വലിയ പിടിപാടില്ലെന്ന് തോന്നുന്നു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ ഈ സന്ദര്‍ഭത്തില്‍ മനഃപൂര്‍വം വില കൂട്ടി എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഗുരുതരമായ അവകാശവാദമാണ്. മോഡി സര്‍ക്കാര്‍ അധികാരമേറ്റ മൂന്ന് വര്‍ഷവും ബോധപൂര്‍വം വില കൂട്ടി ജനങ്ങളെ ദുരിതത്തിലാഴ്ത്തി കളിക്കുകയായിരുന്നു എന്നും ഇതിനര്‍ഥമുണ്ടല്ലോ. ബിജെപി അധികാരത്തില്‍ വരുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 106.9 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ വില 80.1 ആയിരുന്നു രാജ്യത്ത് വില. ഇന്ന് ബാരലിന് 49.2 ഡോളറാണ്. പെട്രോള്‍ വില 79.50 ആയി നിലനില്‍ക്കുന്നു. ബിജെപി അധികാരത്തില്‍ വരുമ്പോള്‍ എക്‌സൈസ് നികുതി പെട്രോളിന് 9.48 രൂപയും ഡീസലിന് 3.50 രൂപയുമായിരുന്നു. ഇന്നത് 21.48 രൂപയും 17.33 രൂപയുമായി വര്‍ധിച്ചു. 400 ശതമാനം വര്‍ധനവാണ് ഉണ്ടാക്കിയത്. തോന്നിയ നികുതി ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് ഇന്ധനവില വര്‍ധിക്കാന്‍ കാരണമെന്ന് കേന്ദ്രസഹമന്ത്രി അറിയേണ്ടതാണ്. മോഡിഭക്തി മൂത്ത് യുക്തിബോധം പോലും ഈ പഴയ ഐഎഎസുകാരന് നഷ്ടമായി എന്നാണോ? അല്ലെങ്കില്‍ പിന്നെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ വില കുറയ്ക്കുന്നില്ല എന്നദ്ദേഹം വ്യക്തമാക്കേണ്ടതല്ലേ? അതിനുപകരം ഞങ്ങള്‍ വില കൂട്ടി കളിക്കുകയാണെന്ന ‘മന്ദബുദ്ധി’ പ്രസ്താവന ഒരു കേന്ദ്രമന്ത്രി നടത്തിയത് ഭരണമെന്നത് വെറും തമാശയാണെന്ന മിഥ്യാധാരണ ഉള്ളതുകൊണ്ടാണ്.
കാറും ആഡംബരവാഹനങ്ങളും ഉള്ളവര്‍ ധനികരാണെന്നും അവര്‍ പെട്രോളിനും ഡീസലിനുമൊക്കെ പണം മുടക്കാന്‍ പ്രാപ്തരാണെന്നും മറ്റുമുള്ള കേട്ടാല്‍ ശരിയെന്ന് തോന്നുന്ന ശുദ്ധ അസംബന്ധവാദങ്ങള്‍ അദ്ദേഹം ഉയര്‍ത്തുകയുണ്ടായി. ഇന്ത്യന്‍ സമ്പദ്ഘടനയുടെ അവസ്ഥയെക്കുറിച്ചും വിപണി നടത്തിപ്പിനെക്കുറിച്ചും അല്‍പമെങ്കിലും വിവരമുള്ളയൊരാള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമെന്ന് തോന്നുന്നില്ല. കളക്ടറൊക്കെ ആയി ജില്ലാഭരണകൂടത്തില്‍ ഈ മുന്‍ ഐഎഎസ് ഉദേ്യാഗസ്ഥന്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയിട്ടുണ്ടാവുക എന്നത് ഏത് പാവം ജനവും ഇപ്പോള്‍ ആശങ്കപ്പെടുന്നുണ്ടാകുമായിരിക്കും.
ഇന്ധനവില ഉയരുന്നത് ചരക്കുഗതാഗതത്തെ ബാധിക്കും. സാധാരണക്കാരന്റെ യാത്രാവാഹനങ്ങളെ ബാധിക്കും. നിതേ്യാപയോഗസാധനങ്ങള്‍ക്ക് വില കുതിച്ചുയരും. യാത്രാക്കൂലി വര്‍ധിക്കും.
ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെ ഫലമായി വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ മേല്‍ ഇന്ധനവില വര്‍ധന സൃഷ്ടിക്കുന്ന അധികഭാരം ജനജീവിതം ദുരിതക്കയത്തില്‍ മുക്കിതാഴ്ത്തുന്നതിന് തുല്യമാണ്. ഈ ജനദ്രോഹനയത്തെക്കുറിച്ചാണ് ബോധപൂര്‍വം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നല്ല നടപടിയായി കേന്ദ്രസഹമന്ത്രി വിശേഷിപ്പിച്ചത്. പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലാതാക്കിക്കൊണ്ട് ഇന്ധന കമ്പനികള്‍ക്ക് യഥേഷ്ടം വില നിര്‍ണയിക്കാനുള്ള അവകാശം നല്‍കി സാധാരണക്കാരനെ തീ തീറ്റിക്കുന്ന മോഡി സര്‍ക്കാരിന് കീജയ് വിളിക്കാന്‍ വിവരദോഷമുള്ള ഒരാളെക്കൂടി കിട്ടിയിരിക്കുന്നു ഈ പുതിയ കേരള പ്രതിനിധിയിലൂടെ. പുത്തരിയിലെ കല്ലുകടി നല്ല ലക്ഷണമല്ല. ബിജെപിക്ക് കൊട്ടിഘോഷിക്കാന്‍ ഇദ്ദേഹത്തില്‍ എന്തെങ്കിലുമുണ്ടായിരിക്കാം- എന്നാല്‍ സാധാരണക്കാരന് ഒരു ബാധ്യത തന്നെയാണ് ഇത്തരം നിലപാടുകളുള്ള ഒരു കേന്ദ്രമന്ത്രി.

Related News