Friday
14 Dec 2018

വന്‍ സ്രാവുകളെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം വേണം

By: Web Desk | Monday 26 February 2018 9:59 PM IST

ഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പിന് ശേഷം പല ബാങ്കുകളില്‍ നിന്നും സമാന രീതിയിലുള്ള തട്ടിപ്പിന്‍റെ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഓറിയന്‍റല്‍ ബാങ്കിന്‍റെ രണ്ടു ശാഖകളില്‍ നടന്ന തട്ടിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വജ്രവ്യാപാര കമ്പനിയായ ദ്വാരക സേത്ത് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് 390 കോടി രൂപ വായ്പ എടുത്ത ശേഷം അടയ്ക്കാതെ മുങ്ങിയെന്നാണ് സിബിഐക്ക് പരാതി നല്‍കിയിരിക്കുന്നത്. ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്‍റെ പരാതിയില്‍ ജ്വല്ലറിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ പഞ്ചസാര കമ്പനിക്കെതിരെ ഇതേ ബാങ്ക് തന്നെ സിബിഐയില്‍ മറ്റൊരു പരാതി കഴിഞ്ഞ ദിവസം നല്‍കി. ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്ന് കോടികള്‍ തട്ടിയതു സംബന്ധിച്ച് ഡല്‍ഹിയിലെ ബിസിനസുകാരനെതിരെ സിബിഐക്ക് ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിരിക്കുകയാണ്. ആശിര്‍വാദ് ചെയിന്‍ കമ്പനി ഉടമ അമിത് സിംഗ്ലയാണ് മുഖ്യപ്രതി.

ആറുമാസം മുമ്പ് നല്‍കിയ പരാതിയില്‍ സിബിഐ നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ദ്വാരക സേത്തിനെതിരെ വീണ്ടും പരാതി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഉത്തര്‍പ്രദേശിലെ പഞ്ചസാര മില്ലിനെതിരായ പരാതിയില്‍ സിബിഐ 11 പേര്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ മരുമകനും ഉള്‍പ്പെടുന്നുവെന്നാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് നാലു കേസുകളുടെ വിവരങ്ങള്‍ മാത്രമാണ്. അതില്‍ മാത്രം ഒതുങ്ങുന്നതാണ് ഈ വായ്പാ തട്ടിപ്പുകളെന്ന് വിശ്വസിക്കാനാവില്ല. പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ്. പുറത്തുവന്നിരിക്കുന്ന കേസുകള്‍ പരിശോധിച്ചാല്‍ ഒരുകാര്യം ബോധ്യമാകും. ഒരു ദിവസംകൊണ്ടോ കുറച്ചുമാസങ്ങള്‍ക്കകമോ നടന്നതല്ല ഇവയൊന്നും. ഒന്നിന് പിറകേ മറ്റൊന്നായി തട്ടിപ്പുകള്‍ നടക്കുകയായിരുന്നു. പല ഇടപാടുകാരും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യം വിടുക പോലുമുണ്ടായി. എന്നിട്ടും ഫലപ്രദമായ മുന്‍കരുതലുകളെടുക്കാതിരുന്നത് ബാങ്ക് മേധാവികള്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ച തന്നെയാണ്. അതേസമയം ഓറിയന്റല്‍ ബാങ്കിന്റെ ശാഖയില്‍ നടന്ന വായ്പാ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ദ്വാരക സേത്ത് ഇന്റര്‍നാഷണല്‍ കമ്പനിക്കെതിരെ ആറ് മാസം മുമ്പ് ബാങ്ക്അധികൃതര്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അവിടെയാണ് ഈ തട്ടിപ്പുകള്‍ ബാങ്ക് അധികൃതരുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് ബോധ്യമാകുന്നത്.

എന്നുമാത്രമല്ല ഒരു തട്ടിപ്പ് നടത്തിയ വ്യക്തിക്ക് പിന്നീടും വായ്പ നല്‍കാന്‍ ബാങ്ക് ജീവനക്കാര്‍ തയ്യാറാകില്ല. അങ്ങനെ നല്‍കാന്‍ സാധിക്കാത്ത സംവിധാനങ്ങളുളള സോഫ്റ്റ്‌വെയര്‍ ബാങ്കുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംവിധാനങ്ങളെ മറികടന്നാണ് വായ്പകള്‍ നല്‍കിയിരിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. സ്ഥാപനത്തോട് കൂറും തൊഴിലിനോട് ബഹുമാനവും സത്യസന്ധതയുമുള്ള ഒരു ജീവനക്കാരും – അപവാദമായി ചില ജീവനക്കാര്‍ കണ്ടേക്കാമെങ്കിലും – സ്വന്തം ഇഷ്ടപ്രകാരം ഇത്തരം തട്ടിപ്പുകള്‍ നടത്തില്ല. കാരണം ഇവിടെ നടന്നിരിക്കുന്നത് വ്യാപകമായ തട്ടിപ്പുകളാണ്. അതുപോലെതന്നെ വലിയ ഗൂഢാലോചനയും ഇതിന് പിറകിലുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പ് വിവരം പുറത്തുവന്ന ഉടന്‍ തന്നെ ഇന്ത്യയിലെ വന്‍ വ്യവസായികളുടെ സംഘടനയായ അസോചം ഉന്നയിച്ച ആവശ്യം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കണമെന്നായിരുന്നുവെന്നതും ഇതിനോട് കൂട്ടിവായിക്കണം.
കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം പിടിച്ചെടുക്കുന്നതിന് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് വീമ്പിളക്കുമ്പോഴാണ് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഇത്രയധികം തട്ടിപ്പു വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. എന്നുമാത്രമല്ല നോട്ടുനിരോധനത്തിന് പിന്നാലെ അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകള്‍ നടത്തിയ 900ത്തിലധികം ധനകാര്യ – ഇടപാട് സ്ഥാപനങ്ങളുടെ പട്ടികയും കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്. പ്രസ്തുത പട്ടികയില്‍ നരേന്ദ്രമോഡിയുടെ ഉറ്റ മിത്രമായ അദാനിയുടെ പണമിടപാട് സ്ഥാപനവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് യഥാര്‍ഥത്തില്‍ കേന്ദ്ര നിലപാടിന്റെ വൈരുധ്യവും പൊള്ളത്തരവുമാണ് വെളിപ്പെടുത്തുന്നത്.

ഇപ്പോഴത്തെ സിബിഐയുടെ അന്വേഷണം എത്രത്തോളം ഫലപ്രദമാകുമെന്നതില്‍ സംശയമുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പരാതികള്‍ ലഭിച്ചിട്ടും ശ്രദ്ധയില്‍പ്പെട്ടിട്ടും ഗൗരവത്തോടെ അന്വേഷണം നടത്താതിരുന്നവരാണ് സിബിഐ. കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുമ്പോള്‍ ജാഗ്രത കാട്ടുന്നുവെന്ന് വരുത്താനാണവര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് സിബിഐക്കുമപ്പുറം ഉന്നതമായ ഏതെങ്കിലും ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ യഥാര്‍ഥ വില്ലന്മാരെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കേണ്ട റിസര്‍വ് ബാങ്കും ബാങ്ക് ബോര്‍ഡ്‌സ് ബ്യൂറോയുമെല്ലാം പൂര്‍ണ പരാജയമായിരുന്നുവെന്ന് വരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഉന്നതതല അന്വേഷണത്തിലൂടെ മാത്രമേ വമ്പന്‍ സ്രാവുകളെ പിടികൂടാന്‍ സാധിക്കുകയുള്ളൂ.