Friday
14 Dec 2018

ഖനന മാഫിയകളും ആദിവാസി സമൂഹവും

By: Web Desk | Tuesday 27 February 2018 10:15 PM IST

രാജ്യത്ത് ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്‍പെന്നത്തേക്കാളും തീവ്രവും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയുമായിട്ടുണ്ട്. അതിന് പ്രധാനകാരണം ഭൂമിയുമായുള്ള അവരുടെ ജൈവബന്ധംതന്നെയാണ്. മൊത്തമുള്ള രാജ്യവിസ്തൃതിയില്‍ 24.16 ശതമാനം വനമാണെന്നാണ് 2015 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 79.42 ദശലക്ഷം ഹെക്ടര്‍ വനമേഖലയാണെന്നര്‍ഥം. ഇവയുടെ സംരക്ഷണമെന്നത് കാടിന്‍റെ അധിപരായ ആദിവാസി സമൂഹത്തിന്‍റെ സംരക്ഷണം എന്നത് കൂടിയാണ്. പരിസ്ഥിതി വികസനവും വനം വന്യജീവി സംരക്ഷണവും ലക്ഷ്യമിട്ടാണ് ഭരണഘടനയില്‍ 48 എ വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ വകുപ്പനുസരിച്ച് പാര്‍ലമെന്റ് 1972 ല്‍ വന്യജീവി സംരക്ഷണ നിയമവും 1980 ല്‍ വനസംരക്ഷണ നിയമവും അംഗീകരിച്ചു. എന്നാല്‍ ഭരണഘടന വകുപ്പിനെയും വനം വന്യജീവി സംരക്ഷണ നിയമങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് രാജ്യത്ത് വനം കൊള്ളയും കയ്യേറ്റവും ആദിവാസിക്കെതിരായ അതിക്രമങ്ങളും വര്‍ധിച്ചുവരികയാണ്. വനാവകാശ നിയമങ്ങളില്‍ ഇതിനകം പല തവണ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായി.

വനത്തിനകത്തുള്ള നിധികളില്‍ കണ്ണുനട്ട് വനം കയ്യേറാനുള്ള അജന്‍ഡയുമായി വന്‍കിട കോര്‍പറേറ്റുകള്‍ രംഗത്ത് വന്നതോടെയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് തുടക്കമായത്. ആ കോര്‍പറേറ്റുകള്‍ക്ക് ഭരണകൂടം ഒത്താശ ഒരുക്കിയതോടെ ഈ അതിക്രമത്തിന് ആക്കം കൂടി. ഒഡിഷ, ഛത്തീസ്ഗഡ്, അസം, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ വനം കൊള്ളക്കാര്‍ ഭരണകൂട പിന്തുണയോടെ ശക്തിപ്രാപിച്ചതിന്റെ ഫലമായി ചെറുത്തുനില്‍പ്പുമായി രംഗത്തുവന്ന ആദിവാസി സമൂഹം ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒഡിഷയിലെ പോസ്‌കോയില്‍ ആദിവാസികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് സമരങ്ങള്‍ക്ക് സിപിഐയാണ് നേതൃത്വം നല്‍കുന്നത്. വേദാന്ത ജിന്‍ഡാല്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ലിമിറ്റഡ് കമ്പനികള്‍ അടക്കം ആറോളം വന്‍കിട കമ്പനികള്‍ ഒഡിഷയിലെ നിബിഡമായ വനമേഖല ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് ആദിവാസി സമൂഹം പ്രതിഷേധവുമായി രംഗത്ത് വന്നത്. ഉള്‍വനത്തിലെ ധാതുലവണങ്ങള്‍ ഖനനം ചെയ്യാനുള്ള തയാറെടുപ്പുമായി വന്ന അത്തരം കോര്‍പറേറ്റുകള്‍ക്ക് അവിടെ ഭരണത്തിലിരുന്ന കോണ്‍ഗ്രസും ഇപ്പോള്‍ ഭരണം കയ്യാളുന്ന ബിജെപി അനുകൂലമുന്നണി സര്‍ക്കാരും സര്‍വവിധ ഒത്താശകളും നല്‍കുകയുണ്ടായി. വനം കയ്യേറുന്നതിനായി വനാവകാശ നിയമത്തെപ്പോലും നോക്കുകുത്തിയാക്കി. അഞ്ച് ജില്ലകളില്‍ നിന്നായി 6864 ആദിവാസി കുടുംബങ്ങളെ ഈ കമ്പനികള്‍ കുടിയൊഴിപ്പിച്ചു. പൊലീസും ഭരണകൂടവും ഇവരെ വേട്ടയാടുന്നതില്‍ മത്സരിച്ചു. കാടും കാടിന്‍റെ നിയമങ്ങളും ക്രൂരമായ ഭരണകൂടങ്ങള്‍ക്ക് വിഷയമല്ലെങ്കിലും എത്രയോ നുറ്റാണ്ടുകളായി വനസമ്പത്തിന്റെ സൂക്ഷിപ്പുകാരായ കാടിന്റെ മക്കള്‍ക്ക് ഈ കൊള്ളക്കാരോട് എതിര്‍ത്ത് നില്‍ക്കാനല്ലേ കഴിയൂ. അവര്‍ക്ക് കാടിന്റെ മധ്യഭാഗം വെട്ടിപ്പൊളിച്ച് ഈ കോര്‍പ്പറേറ്റ് കമ്പനികള്‍ നടത്തുന്ന ഖനനം കാടിന്റെ മാറ് വെട്ടിപ്പിളര്‍ക്കുന്നതിന് തുല്യമാണ്. മാത്രമല്ല പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന ഈ പ്രവൃത്തികള്‍ യാതൊരു കാരണവശാലും അനുവദിക്കാന്‍ പാടില്ലതാനും.

ഛത്തീസ്ഗഢില്‍ നടക്കുന്ന വനം കൊള്ളയ്‌ക്കെതിരെ ചെറുത്തുനില്‍പ് നടത്തിയ ആദിവാസി യുവതി സോണി സോഡിക്കും സമൂഹത്തിനുമുണ്ടായ ദുരന്താനുഭവം മറക്കാന്‍ കഴിയില്ലതന്നെ. ആദിവാസികളുടെ ഭൂമി കയ്യേറാന്‍ അവരില്‍ നിന്നു തന്നെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ പ്രയോഗിച്ച തന്ത്രത്തിന്റെ ഫലമാണ് സാല്‍വര്‍ ജൂഡം പോലുള്ള അക്രമിസംഘങ്ങള്‍. കോര്‍പറേറ്റുകള്‍ നേരിട്ട് കുടിയൊഴിപ്പിക്കലിന് നേതൃത്വം നല്‍കാതെ ഈ സംഘത്തെ ഉപയോഗിച്ച് ആദിവാസി ഊരുകളില്‍ പൊലീസ് സഹായത്തോടെ അക്രമം അഴിച്ചുവിടുന്നു. ഒഴിഞ്ഞുപോകാന്‍ വിസമ്മതിക്കുന്ന കാടിന്റെ യഥാര്‍ഥ അവകാശികളെ ഭീഷണിപ്പെടുത്തി അപായപ്പെടുത്തുന്ന സാല്‍വര്‍ ജൂഡം നിരോധിക്കണമെന്ന സുപ്രിം കോടതി വിധിയെപ്പോലും അവിടുത്തെ ബിജെപി സര്‍ക്കാര്‍ മാനിച്ചില്ല. ബസ്തര്‍ ജില്ലയിലെ നരനായാട്ടില്‍ ജീവന്‍ പൊലിഞ്ഞ ആദിവാസികളുടെ എണ്ണം പുറംലോകമറിയുന്നില്ല. ജയിലില്‍ കൊലപ്പുള്ളികളെപ്പോലെ കഴിയുന്ന ആദിവാസിക്ക് വേണ്ടി വാദിക്കാന്‍ ചെന്ന അഭിഭാഷകസംഘത്തെ സംസ്ഥാനത്തു നിന്ന് തന്നെ വിരട്ടി ഓടിച്ചു. അടിയന്തരാവസ്ഥയെക്കാള്‍ ഭയാനകമായ അന്തരീക്ഷമാണവിടെ. എല്ലാം വനം കൊള്ളക്കാരായ ബഹുരാഷ്ട്ര ഖനനകുത്തകകള്‍ക്ക് വേണ്ടി.

ഝാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ട് പ്രമുഖ വനാവകാശനിയമങ്ങളായ ഛോട്ടനാഗപ്പൂര്‍ ടെനന്‍സി നിയമവും സാന്താള്‍ പര്‍ഗാന ടെനന്‍സിനിയമവും ഈയിടെ ഭേദഗതി ചെയ്ത് വനം കൊള്ളയ്ക്ക് വാതായനം തുറന്നുകൊടുത്തു. വനാവകാശ നിയമമനുസരിച്ച് ആദിവാസികള്‍ക്ക് നല്‍കേണ്ട ഭൂമി ഇക്കാലമത്രയായിട്ടും നല്‍കിക്കഴിഞ്ഞിട്ടില്ല. ത്രിപുരയും കേരളവുമൊഴിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നാമമാത്ര ഭൂമിമാത്രമാണ് നല്‍കിയിട്ടുള്ളതെന്ന് 2017 ജൂലൈയില്‍ മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫയേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജനിച്ച മണ്ണില്‍ നിന്നും വാശിയോടെ കാടിന്‍റെ മക്കളെ ഓടിക്കുന്ന രാജ്യത്തെ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ ഇന്നലെ കേരളത്തിലെത്തുകയുണ്ടായി. മധുവിന്‍റെ അരുംകൊല അന്വേഷിക്കാന്‍. കമ്മിഷന്‍റെ ശുഷ്‌കാന്തിയെ ബഹുമാനിക്കുന്നതോടൊപ്പം ഖനനമാഫിയകള്‍ രാജ്യത്ത് നടത്തുന്ന അഴിഞ്ഞാട്ടവും ക്രൂരതകളും കൂടി കമ്മിഷന്‍റെ അന്വേഷണ ആശങ്കാപരിധിയില്‍ വരണമെന്ന് നിര്‍ദ്ദേശിക്കുന്നു.