Friday
14 Dec 2018

ഒരു നിമിഷം പോലും പാഴാക്കാനില്ല

By: Web Desk | Saturday 3 March 2018 10:32 PM IST

രാജ്യത്തെ എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളേയും വ്യക്തികളേയും ഗ്രൂപ്പുകളേയും പ്രസ്ഥാനങ്ങളേയും ഒരുവേദിയില്‍ ഒരുമിച്ച് അണിനിരത്താതെ ഈ വര്‍ഗ്ഗീയ ഫാസിസ്റ്റ് വിപത്തിനെ പ്രതിരോധിക്കാന്‍ ആവില്ല

ര്‍ക്കങ്ങളും സംവാദങ്ങളും കുറ്റപ്പെടുത്തലുകളുംകൊണ്ട് വൈകിപ്പിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. ത്രിപുര നല്‍കുന്ന സന്ദേശം ഈ രാഷ്ട്രീയ തിരിച്ചറിവുതന്നെയാണ്.

രാജ്യത്തെ ഇടത് ജനാധിപത്യമതേതര പ്രസ്ഥാനങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ട തെരഞ്ഞെടുപ്പ് വിധികളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. നാഗാലാന്റ്, മേഘാലയ, ത്രിപുര എന്നിവിടങ്ങളില്‍ ബിജെപി നേടിയ മേല്‍കൈ ജനാധിപത്യ മതേതര ഇന്ത്യയ്ക്ക് ഏറ്റ കനത്ത പ്രഹരം തന്നെയാണ്.

ജനാധിപത്യത്തില്‍ ജനവിധി മാനിക്കപ്പെടുകതന്നെവേണം. പക്ഷേ കോണ്‍ഗ്രസിനും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും ഉണ്ടായിട്ടുള്ള തിരിച്ചടി വെറും തെരഞ്ഞെടുപ്പ് പരാജയം മാത്രമല്ല. ത്രിപുരയില്‍ ഇടതുപക്ഷ സഖ്യത്തിനേറ്റ പരാജയം അതീവ ഗൗരവത്തോടെ വിലയിരുത്തപ്പെടണം. കേന്ദ്രഭരണം കൈയ്യാളുന്ന ബിജെപി വാഗ്ദാനങ്ങള്‍ പലതും നല്‍കുകയും വിഘടനവാദം അടക്കമുള്ള അപകടകരമായ പ്രതിഭാസങ്ങളെ പ്രീണിപ്പിക്കുകയും ചെയ്ത് നേടിയ വിജയമാണത്. ആര്‍എസ്എസ് നേരിട്ട് നിയന്ത്രിച്ച തെരഞ്ഞെടുപ്പാണ് നടന്നത്. ത്രിപുരയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ മാത്രമല്ല, അണികളും ബിജെപിയിലേയ്ക്ക് ഒഴുകിപ്പോയത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. തെരഞ്ഞെടുപ്പ് വിജയ പരാജയങ്ങളുടെ വിശദമായ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇടതുപക്ഷത്തിനുണ്ടായ വോട്ട്‌ചോര്‍ച്ച ഭരണവിരുദ്ധ വികാരം മാത്രമായി കാണേണ്ട ഒന്നല്ല. ഇന്ത്യയില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ പിടിമുറുക്കുന്നത് കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രമല്ല. അവസരവാദ അവിശുദ്ധ കൂട്ടുകെട്ടുകള്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്‍പും തെരഞ്ഞെടുപ്പ് വിജയത്തിനായി പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ അധികാര അജണ്ടകള്‍ കേവലം രാഷ്ട്രീയ അധികാരത്തില്‍ ഒതുങ്ങുന്നതല്ല.

രാജ്യത്തെ ഭരണഘടന, മതേതര ജനാധിപത്യ മൂല്യങ്ങള്‍, ചരിത്രം, ശാസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌ക്കാരം തുടങ്ങി സമസ്തമേഖലകളെയും പ്രതിലോമ പ്രത്യയശാസ്ത്ര പിടിയിലൊതുക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. ഹിന്ദുരാഷ്ട്ര വാദികള്‍ മതന്യൂനപക്ഷങ്ങളെയും ആദിവാസി ഗോത്ര സമൂഹങ്ങളെയും കേവലം തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി പ്രീണിപ്പെടുത്തി കബളിപ്പിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

ആട്ടിന്‍തോലിട്ട ചെന്നായയുടെ കൗശലവും ശൗര്യവുമാണ് ബിജെപിയും അവരുടെ ആര്‍എസ്എസ് സംഘപരിവാര്‍ കക്ഷികളും പ്രകടിപ്പിക്കുന്നത്. ഹിന്ദി മേഖലകളില്‍ മാത്രമല്ല, വടക്ക് കിഴക്കന്‍ മേഖലകളിലേയ്ക്കും ദക്ഷിണേന്ത്യയിലേയ്ക്കും ചേക്കേറി സ്ഥാനം ഉറപ്പിക്കുന്നത് അവരുടെ ഫാസിസ്റ്റ് നയം ഊര്‍ജ്ജിതമായി നടപ്പാക്കാനാണ്. രാജ്യത്ത് അവര്‍ അഴിച്ചുവിട്ട വര്‍ഗ്ഗീയ ചെന്നായ്ക്കള്‍ മതേതര പുരോഗമന വിശ്വാസികളായ എത്ര പ്രിയപ്പെട്ടവരുടെ ജീവനാണ് ഇതിനകം അപഹരിച്ചത്. ഏറ്റവും അപകടകരമായ വിധത്തില്‍ വര്‍ഗ്ഗീയത പ്രചരിപ്പിച്ച് ജനങ്ങളില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് എത്രയെത്ര ഉദാഹരണങ്ങള്‍ നിരത്താനുണ്ട്. കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന സാമ്പത്തിക നയപരിപാടികളേക്കാള്‍ ഭയക്കേണ്ടത് ബിജെപിയുടെ ഫാസിസ്റ്റ് കടന്നുകയറ്റത്തെയാണ്. ഭരണഘടന നല്‍കുന്ന മതേതര ജനാധിപത്യ പരിരക്ഷകള്‍ ഒന്നൊന്നായി കവര്‍ന്നെടുത്ത് രാജ്യത്ത് വര്‍ഗ്ഗീയ ഭീകരത അഴിച്ചുവിടുന്ന ബിജെപിയുടെ രാഷ്ട്രീയ അധികാരം വിപുലീകരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയെന്നതാണ് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ അടിയന്തര കടമ. ഇതിനായി ഇടതുപക്ഷ അടിത്തറ വിപുലമാക്കുന്നതോടൊപ്പം വര്‍ഗ്ഗീയതയ്ക്ക് എതിരായ പോരാട്ടത്തില്‍ ഒപ്പം നില്‍ക്കാന്‍ തയ്യാറുള്ള എല്ലാ കക്ഷികളെയും ഒരേ വേദിയില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നതാണ് ത്രിപുരയില്‍ അടക്കമുള്ള ബിജെപി വിജയത്തിലൂടെ ലഭിക്കുന്ന സന്ദേശം.
രാജ്യത്തിന്റെ ബൃഹത്തായ മതേതര ജനാധിപത്യ ചുവരാണ് ഓരോ വിജയത്തിലൂടെയും ബിജെപി പൊളിച്ചുകൊണ്ടിരിക്കുന്നത്. ചിത്രമെഴുതാന്‍ ഒന്നും ബാക്കിയാക്കാത്ത കാലത്തേക്ക് രാജ്യത്തെ കൊണ്ടുചെന്ന് എത്തിക്കുന്നതിന് മുന്‍പ് ഇടതുപക്ഷ പ്രസ്ഥാനം അവധാനതയോടെ, തിരിച്ചറിവോടെ ആഞ്ഞടിക്കേണ്ടതുണ്ട്. അതില്‍ ആരും ആരുടെയും വാലാകുന്ന പ്രശ്‌നമില്ല. അവര്‍ എത്ര ശക്തരാണെന്നും ഇടതുപക്ഷത്തിന്റെ ആവനാഴി എത്ര ദുര്‍ബലമാണെന്നുമുള്ള തിരിച്ചറിവാണ് ബിജെപിയുടെ വിജയം നല്‍കുന്ന സന്ദേശം. അവര്‍ ഭയക്കുന്നത് ഇടതുപക്ഷ ശക്തികളെ തന്നെയാണ്. ത്രിപുരയില്‍ അവര്‍ നടപ്പിലാക്കിയ ഉന്മൂലനസിദ്ധാന്തം തുടര്‍ന്ന് ലക്ഷ്യം വയ്ക്കുന്നത് കേരളത്തെയും ദക്ഷിണേന്ത്യയേയുമാണ്. അവരുടെ മുഖ്യശത്രു ഇടതുപക്ഷമാണ്. ബിജെപിയുടെ വര്‍ഗ്ഗീയതയുടെ ആഴം അളക്കാന്‍ ഇടതുപക്ഷം പരാജയപ്പെട്ടുപോയാല്‍ അത് രാജ്യത്തിന്റെ ശിഥിലീകരണത്തിന്റെ നാന്ദികുറിക്കലാകും. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അടവ് നയങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും രൂപം നല്‍കുക എന്നതാണ് ഇടതുപക്ഷം നേരിടുന്ന വെല്ലുവിളി. ജര്‍മ്മന്‍ കവി മാര്‍ട്ടിന്‍ നെയ്മര്‍ പറഞ്ഞതുപോലെ ”ആദ്യം അവര്‍ സോഷ്യലിസ്റ്റുകളെ തേടിവന്നു. ഞാന്‍ നിശബ്ദനായിരുന്നു. പിന്നെ അവര്‍ തൊഴിലാളിസംഘടനാ പ്രവര്‍ത്തകരെ തേടിവന്നു. അപ്പോഴും ഞാന്‍ നിശബ്ദനായിരുന്നു. അവര്‍ ജൂതന്മാരെ തേടിവന്നപ്പോഴും ഞാന്‍ നിശബ്ദത തുടര്‍ന്നു. അവസാനം അവര്‍ എന്നെ തേടിവന്നപ്പോള്‍, എനിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമുണ്ടായില്ല’ അതെ അവര്‍ ഇടതുപക്ഷത്തെ തേടിവന്നു കഴിഞ്ഞു. ഒരു നിമിഷംപോലും പാഴാക്കാനില്ല.