Friday
14 Dec 2018

കുറ്റബോധമില്ലാതെ നമുക്ക് ആചരിക്കാനാകുമോ ലാറിബേക്കര്‍ ജന്മശതാബ്ദി

By: Web Desk | Sunday 4 March 2018 10:35 PM IST

‘പാവങ്ങളുടെ പെരുന്തച്ചന്‍’ എന്നറിയപ്പെട്ട പ്രകൃതിയുടെ വാസ്തുശില്‍പിയും മനുഷ്യസ്‌നേഹിയുമായ ലാറി ബേക്കറിന്റെ ജന്മശതാബ്ദിക്ക് ഇന്നലെ കേരളത്തില്‍ തുടക്കം കുറിച്ചു. ബേക്കറെന്ന അത്ഭുത മനുഷ്യന്‍ നിലകൊണ്ട മൂല്യങ്ങള്‍ വെറുമൊരു ഗൃഹനിര്‍മാണത്തിന്റെ പ്രതിബദ്ധതയില്‍ മാത്രം ഒതുക്കാവുന്ന ഒന്നല്ല. ”പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്, മനുഷ്യപുത്രന് തല ചായ്ക്കാന്‍ മണ്ണിലിടമില്ല” എന്ന കാവ്യചിന്ത പങ്കുവയ്ക്കപ്പെട്ടത് കമ്മ്യൂണിസ്റ്റുകാരുടെ വേദികളിലാണ്. മഴയും വെയിലും കൊള്ളാതെ ഒരു കൂരയും സ്വന്തമായി ഒരുതുണ്ട് ഭൂമിയും ജന്മാവകാശവും ഭരണഘടനാവകാശവുമായിട്ടുപോലും അത് നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് പാവങ്ങളുടെ ദുരിതാവസ്ഥയില്‍ ലാറിബേക്കര്‍ എന്ന ബ്രിട്ടീഷ് പൗരന് ഉല്‍ക്കണ്ഠ തോന്നിയത് ഒരു ചരിത്രനിയോഗം തന്നെയാണ്. തന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ ഭരണകൂടം കോളനിയായി അടക്കിനിര്‍ത്തി രാജ്യത്തെ ചൂഷണം ചെയ്യുന്ന അതേ ഭൂമികയില്‍ നിന്നുതന്നെ നമ്മുടെ നാട്ടിലെ വീടില്ലാത്ത പാവങ്ങളെക്കുറിച്ച് ചിന്തിക്കാനും അവര്‍ക്കുവേണ്ടി രാജ്യത്ത് ആരുമെടുക്കാത്ത ഉത്തരവാദിത്തം ഏറ്റെടുക്കാനും ബേക്കര്‍ എന്ന മനുഷ്യസ്‌നേഹി തയാറായത് ചരിത്രനിയോഗമല്ലാതെ മറ്റെന്താണ്. വെറും 23 വര്‍ഷം മാത്രമാണ് അദ്ദേഹം ജന്മനാട്ടില്‍ തങ്ങിയത്. പിന്നീടുള്ള 67 വര്‍ഷവും അതായത് മരണം വരെ രാജ്യത്തെ പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയാണ് അദ്ദേഹം ജീവിച്ചത്.

ലോകത്തെവിടെയും വീടെന്നത് ദരിദ്രരെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌നം മാത്രമാണ്. പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതുകൊണ്ട് പക്ഷേ ലാറിബേക്കര്‍ ഉദ്ദേശിച്ചത് തികച്ചും പ്രകൃതി സൗഹൃദമായ ഒരു പ്രക്രിയയായിവേണം അത് നടപ്പിലാക്കാനെന്നാണ്. മനുഷ്യന്‍ പ്രകൃതിയോട് എത്രയും ഇണങ്ങി ജീവിക്കുന്നോ അത്രയും പ്രശ്‌നരഹിതമാകും അവന്റെ പാര്‍പ്പിട ആവശ്യവും എന്ന ചിന്തയില്‍ അധിഷ്ഠിതമായാണ് ബേക്കര്‍ ഗൃഹനിര്‍മാണങ്ങള്‍ക്ക് രൂപകല്‍പന നടത്തിയത്. ഒപ്പം പ്രകൃതിക്ക് പരിക്കുകള്‍ ഏല്‍ക്കാതെ നോക്കുകയും വേണമെന്ന് അദ്ദേഹം ശഠിച്ചിരുന്നു. സൗമ്യപ്രകൃതമുള്ള മനുഷ്യത്വത്തിന്റെ ഉദാത്തതലത്തില്‍ നില്‍ക്കുന്ന ലാറിബേക്കര്‍ രാജ്യത്തേക്ക് വരുന്നത് ഗാന്ധിയന്‍ ചിന്തകളില്‍ ആകൃഷ്ടനായിട്ടാണ്. ഗാന്ധിജിയുമായി അന്ന് തുടങ്ങിയ ആത്മബന്ധത്തില്‍ നിന്നാണ് ഇന്ത്യയിലെ ദരിദ്രജനകോടികളുടെ പാര്‍പ്പിട പ്രശ്‌നം മനസിലാക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായത്. കുഷ്ഠരോഗികള്‍ക്കിടയില്‍, നിത്യരോഗികള്‍ക്കിടയില്‍, ദരിദ്രജനതയ്ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ബേക്കര്‍ തന്റെ കര്‍മപഥത്തില്‍വച്ച് ഡോക്ടറും മലയാളിയുമായ എലിസബത്ത് ചാക്കോയെ പരിചയപ്പെട്ട് വിവാഹം കഴിച്ചതോടെയാണ് കേരളത്തിലെത്തുന്നത്. ഭാര്യയായ ഡോക്ടറോടൊപ്പം ഒരു നേഴ്‌സെന്ന നിലയില്‍. അങ്ങനെയാണ് കേരളത്തിന്റെ പ്രകൃതിക്കിണങ്ങുന്ന വാസ്തുനിര്‍മാണത്തെക്കുറിച്ച് ബേക്കര്‍ തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നത്.

ജനങ്ങളോട് പ്രതിജ്ഞാബദ്ധമായ ഭരണം നടത്തുന്ന സിപിഐ മുഖ്യമന്ത്രി അച്യുതമേനോന്റെ ശ്രദ്ധയില്‍ ബേക്കറിന്റെ ആശയങ്ങള്‍ എത്തിപ്പെട്ടതോടെ വലിയൊരു പാര്‍പ്പിട വിപ്ലവത്തിന് അത് തിരികൊളുത്തി. ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദമായ വീടുകള്‍ നിര്‍മിക്കാന്‍ മലയാളികളെ പ്രേരിപ്പിക്കാന്‍ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയോടെ ബേക്കര്‍ ശ്രമങ്ങളാരംഭിച്ചു. ചെത്തിത്തേക്കാത്ത മണ്ണും ഇഷ്ടികയും കൊണ്ടുളള വീടെന്ന സങ്കല്‍പം കോണ്‍ക്രീറ്റു കെട്ടിടങ്ങളില്‍ അഭിരമിക്കുന്ന മലയാളികള്‍ക്ക് ആദ്യമൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍മാണച്ചുമതല ബേക്കര്‍ ഏറ്റെടുത്തു നടപ്പാക്കി. പാര്‍പ്പിട വിഷയത്തില്‍ മാത്രമല്ല, മരങ്ങള്‍ മുറിക്കുന്നതിനെതിരെ, പുഴകള്‍ നശിപ്പിക്കുന്നതിനെതിരെ, കാട് വെട്ടിവെളുപ്പിക്കുന്നതിനെതിരെയൊക്കെ ഒരു മുനിവര്യനെപ്പോലെ സൗമ്യനായി അരുതെന്ന് പറഞ്ഞ് കമ്മ്യൂണിസ്‌ററു നേതാക്കളായ കെ വി സുരേന്ദ്രനാഥിനോടും സുബ്രഹ്മണ്യശര്‍മ എന്ന ശര്‍മാജിയോടുമൊപ്പം ആ സ്വാതികന്‍ കേരളത്തിന്റെ മണ്ണിലൂടെ സഞ്ചരിച്ചു.

ഇന്ന് അതികഠിനമായ ചൂടില്‍ അമരുന്ന, കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന നമ്മുടെ സംസ്ഥാനത്ത് ആ പ്രപഞ്ച പ്രവാചകന്റെ ജന്മശതാബ്ദി ആചരിക്കുമ്പോള്‍ നമ്മുടെ ബാലന്‍സ് ഷീറ്റില്‍ എന്തുണ്ട് എന്നൊരാത്മ പരിശോധന നടത്തേണ്ടതുണ്ട്.
ലക്ഷക്കണക്കിന് ഫഌറ്റുകളും വീടുകളും അടങ്ങിയ കോണ്‍ക്രീറ്റ് കാടായി കേരളം മാറി. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി, മരങ്ങള്‍ മുറിച്ചുതള്ളി, പാറവെട്ടിപ്പൊളിച്ച്, കുന്നിടിച്ചു നിരത്തി നമ്മളിപ്പോഴും നിര്‍മാണ ലഹരിയില്‍ ആറാടുകയാണ്. പണിത കെട്ടിടങ്ങളില്‍ പകുതിയും പൂട്ടിയിട്ട്, മലയാളികള്‍ കാണിക്കുന്ന ഗൃഹനിര്‍മാണആഡംബരഭ്രമം കേരളീയ സംസ്‌കാരത്തിന്റെ മൂല്യച്യുതിയാണ് വ്യക്തമാക്കുന്നത്. പ്രകൃതിയെ രൂക്ഷമായി ചൂഷണം ചെയ്യുന്ന നമ്മള്‍ തകര്‍ക്കുന്നത് ആവാസമേഖലയെ തന്നെയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകുന്നില്ല. ഇനി വരുന്ന തലയുറയ്ക്ക് ഇവിടെ വാസം സാധ്യമാകുമോ എന്ന് ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട്. മഴയും വെയിലും കൊള്ളാതെ സുരക്ഷിതമായിരിക്കാനുള്ള ഒരിടമെന്ന മനുഷ്യാവശ്യത്തിന് പല്ലും നഖവും വച്ചപോലത്തെ നിര്‍മാണഭ്രാന്താണ് ഇന്ന് നടക്കുന്നത്. ഒരിക്കലും തീരാത്ത ആഡംബര ആര്‍ത്തിക്ക് ഭരണകൂടം തന്നെ വിരാമമിടേണ്ടതുണ്ട്. വീടുനിര്‍മിക്കാനുപയോഗിക്കുന്ന സാമഗ്രികള്‍, ഭൂമി എന്നിവ സംബന്ധിച്ച് ശക്തമായ നിയമങ്ങളും പരിശോധനകളും ഉണ്ടാകണം.
മനുഷ്യന്റെ പാര്‍പ്പിടാവശ്യം അഹങ്കാരമായി മാറിയ കാലത്ത് മണ്‍ചുമരുകള്‍ താങ്ങിനില്‍ക്കുന്ന ഓടുമേഞ്ഞ കൂരയ്ക്കുകീഴില്‍ ചാണകം മെഴുകിയ തറയില്‍, പരുത്ത കോട്ടണ്‍ കൈലിയും ഷര്‍ട്ടുമണിഞ്ഞ് വിനയാന്വിതനായി നിറഞ്ഞ സാന്ദ്രതയോടെ മരണംവരെ ജീവിച്ച ലാറിബേക്കര്‍ എന്ന മഹാമനുഷിയെ കേരളം ഓര്‍ക്കുകയാണ്. ഓര്‍മകള്‍ സഫലമാകുന്നത് ബേക്കര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് അംഗീകാരം നല്‍കുമ്പോഴാണ്. ഉചിതമായ ആദരവ് അദ്ദേഹത്തിന് നല്‍കാന്‍ നമുക്കാകുമോ? കുറ്റബോധമില്ലാതെ….