Friday
14 Dec 2018

ത്രിപുരയില്‍ കാവി ഭീകരതയുടെ അഴിഞ്ഞാട്ടം

By: Web Desk | Tuesday 6 March 2018 10:15 PM IST

രണ്ടു ദിവസമായി ത്രിപുരയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ ഭ്രാന്തെടുത്ത ആര്‍എസ്എസിന്റെ തനിരൂപമാണ്. സത്യസന്ധമായ ജനാധിപത്യ പ്രക്രിയയില്‍ വിജയങ്ങള്‍ എക്കാലത്തേയ്ക്കുമുള്ളതാകണമെന്നില്ലെന്ന് തിരിച്ചറിയാനാകുന്നില്ലെങ്കില്‍ ആത്യന്തിക നഷ്ടം കനത്തതായിരിക്കുമെന്ന് ബിജെപി തിരിച്ചറിയണം.

തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലെ വിജയം തലയ്ക്കുപിടിച്ച് ബിജെപിയും ആര്‍എസ്എസും തേര്‍വാഴ്ച നടത്തുന്നുവെന്ന വാര്‍ത്തകളാണ് അവിടെ നിന്നും വന്നുകൊണ്ടിരിക്കുന്നത്. കണ്ണില്‍ കാണുന്നതെല്ലാം അടിച്ചു തകര്‍ക്കുകയും കൊള്ളയും കൊള്ളിവയ്പും നടത്തുകയുമാണ് ഗുണ്ടാസംഘങ്ങള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കുകയും തീവയ്ക്കുകയും മാത്രമല്ല പിടിച്ചെടുത്ത് തങ്ങളുടേതാക്കി മാറ്റുന്ന ഭീകരതയും അവിടെ അരങ്ങേറുകയാണ്.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയും അവിശുദ്ധമായ കൂട്ടുകെട്ടുണ്ടാക്കിയും മാറ്റ് കുറഞ്ഞ വിജയമാണ് ത്രിപുരയില്‍ ബിജെപി നേടിയതെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. സംസ്ഥാനം വിഭജിക്കണമെന്നാവശ്യപ്പെട്ട് അക്രമമാര്‍ഗത്തിലൂടെ കലാപം നടത്തുന്ന വിഘടനവാദ സംഘടനയായ ഇന്‍ഡിജിനീസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര എന്ന പാര്‍ട്ടിയുമായി ചേര്‍ന്നാണ് ബിജെപി ഇവിടെ മത്സരിച്ചതും വിജയം കരസ്ഥമാക്കിയതും. അധികാരത്തിന് വേണ്ടി വിഘടനവാദികളോടുപോലും കൂട്ടുകൂടാന്‍ വൈമനസ്യമില്ലെന്ന നെറികെട്ട നിലപാടാണ് ബിജെപി ഇവിടെ സ്വീകരിച്ചത്. അതിന്റെ ഫലമായാണെങ്കിലും നേടിയ വിജയത്തില്‍ മദോന്മത്തരായ ബിജെപി – ആര്‍എസ്എസ് സംഘവും സഖ്യസംഘടനകളും വ്യാപകമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.

സംസ്ഥാനത്താകെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടത്രയും ഗുരുതരമായ സാഹചര്യമാണ് അവിടെയുള്ളത്. വഴിയില്‍ കാണുന്ന പ്രതിമകളെ പോലും വെറുതെവിടുന്നില്ല. ദക്ഷിണ ത്രിപുരയിലെ ബെലോനിയ പട്ടണത്തില്‍ സ്ഥാപിക്കപ്പെട്ട പ്രതിമയാണ് ബുള്‍ഡോസറുമായെത്തിയ കാവിക്കൂട്ടം വലിച്ചു താഴെയിട്ടത്. ഇതില്‍ ബിജെപിക്കാര്‍ക്ക് പങ്കില്ലെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. എന്നാല്‍ ഈ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങളില്‍ കാവിവസ്ത്രങ്ങളണിഞ്ഞും കാവിക്കൊടിയേന്തിയും ഭ്രാന്തെടുത്തെത്തുന്ന ഗുണ്ടാസംഘത്തെ വ്യക്തമായും തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. എന്നുമാത്രമല്ല പ്രതിമ തകര്‍ക്കപ്പെട്ടതിനെ ന്യായീകരിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തുകയും ചെയ്തു. ഇന്ത്യയില്‍ ഏറ്റവുമധികം തീവ്രസ്വഭാവം കാട്ടുന്ന പ്രസ്ഥാനമായ ആര്‍എസ്എസ് നടത്തുന്ന ഈ കാട്ടാളത്തങ്ങളെ ന്യായീകരിച്ചുകൊണ്ട് ലെനിന്‍ എന്ന വിദേശി ഒരു തീവ്രവാദിയെന്നുവരെ അദ്ദേഹം പറഞ്ഞുവച്ചിരിക്കുന്നു. പ്രതിമകള്‍ തകര്‍ക്കപ്പെട്ടതുകൊണ്ട് ഒരാശയം ഇല്ലാതാകുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് മാത്രമേ ആര്‍എസ്എസ് നടപടിയെ കുറിച്ച് ലളിതമായ ഭാഷയില്‍ പറയുന്നുള്ളൂ. പ്രതിമകള്‍ തകര്‍ക്കുന്നതിലൂടെ ഇല്ലാതാകുന്നതല്ല ലെനിന്റെ ആശയങ്ങള്‍. സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതിന് നേരത്തേ അംബേദ്കറുടെ പ്രതിമ തകര്‍ത്ത ചരിത്രം പോലും ഉള്ളവരാണ് ആര്‍എസ്എസുകാര്‍.

കമ്മ്യൂണിസ്റ്റുകാരാണ് തങ്ങളുടെ ആത്യന്തിക ശത്രുക്കളെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ ആരംഭിച്ചതെന്നത് യാദൃച്ഛികമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നല്ല അടിത്തറയുള്ള സ്ഥലങ്ങളിലെല്ലാം അവരെ കായികമായി നേരിടുന്ന സമീപനമാണ് ആര്‍എസ്എസ് സ്വീകരിക്കുന്നതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതിന്റെ ഉയര്‍ന്ന പരീക്ഷണശാലയാകുകയാണ് ത്രിപുര.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് നേരെ അക്രമം നടത്തുകയും തീയിടുകയും ചെയ്യുന്ന ഗുണ്ടകള്‍ പ്രവര്‍ത്തരെ അടിച്ചോടിച്ച് സ്വന്തം പാര്‍ട്ടി ഓഫീസാക്കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പ്രവര്‍ത്തകരെ വധിക്കുന്നതിനുള്ള ശ്രമങ്ങളാണ് പലയിടങ്ങളിലും നടന്നത്. പരാജയപ്പെട്ടുവെങ്കിലും എല്ലായിടത്തും സ്വാധീനമുള്ള ഇടതുപാര്‍ട്ടി പ്രവര്‍ത്തകരെ അക്രമമാര്‍ഗത്തിലൂടെ ഇല്ലാതാക്കാമെന്ന വ്യാമോഹത്തോടെയാണ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്. പ്രവര്‍ത്തകരുടെ വീടുകള്‍ കൊള്ളയടിച്ച ശേഷം തീയിടുകയെന്ന സമീപനം സംസ്‌കാരമുള്ള പാര്‍ട്ടികള്‍ക്ക് ചെയ്യാനാകുന്നതല്ല. ബിജെപിയും ആര്‍എസ്എസും എത്ര മ്ലേച്ഛമായ സംഘടനകളാണെന്നാണ് ത്രിപുരയില്‍ നടക്കുന്ന സംഭവങ്ങള്‍ അടിവരയിടുന്നത്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമൊക്കെ നടത്തിയ വര്‍ഗീയ കലാപങ്ങളുടെ കാലത്ത് നടത്തിയ അതേ സ്വഭാവത്തിലുള്ള അക്രമരീതികളാണ് ത്രിപുരയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് 140 ഓളം പാര്‍ട്ടി ഓഫീസുകളാണ് തകര്‍ക്കപ്പെട്ടത്. 210 പാര്‍ട്ടി ഓഫീസുകള്‍ ഗുണ്ടകള്‍ കയ്യടക്കിവച്ചിരിക്കുന്നു. ഇരുനൂറോളം വീടുകള്‍ തീയിട്ടു നശിപ്പിച്ച അക്രമികള്‍ 1600 ലധികം വീടുകള്‍ അക്രമിച്ചു. വധശ്രമത്തില്‍ നിന്നുള്‍പ്പെടെ രക്ഷപ്പെട്ട അറുനൂറോളം പേര്‍ ആശുപത്രികളിലാണ്. പാര്‍ട്ടി ഓഫീസുകള്‍ക്കു പുറമേ ബഹുജനസംഘടനകളുടെ ഓഫീസുകളും അക്രമിക്കപ്പെട്ടു.

ത്രിപുരയില്‍ നടക്കുന്നത് ജനാധിപത്യത്തെ ധ്വംസിക്കുന്ന കാട്ടാളത്തമാണ്. ഫാസിസത്തിന്റെ ഈ പരീക്ഷണങ്ങളെ മുളയിലേ നുള്ളുന്നില്ലെങ്കില്‍ ജനാധിപത്യം തന്നെയാണ് ഇല്ലാതാകുക.