Thursday
18 Oct 2018

സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ പരുഷ യാഥാര്‍ഥ്യങ്ങള്‍

By: Web Desk | Tuesday 19 September 2017 1:16 AM IST

പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അമ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിലാസ്ഥാപനം നടത്തിയ നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ ഡാം ഞായറാഴ്ച പതിനഞ്ചാമത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. സ്ഥിരം വരള്‍ച്ചബാധിതമായ വടക്കന്‍ ഗുജറാത്തിലും സൗരാഷ്ട്ര മേഖലയിലും മറ്റൊരു ഹരിത വിപ്ലവത്തിന്റെ വരവ് പ്രഖ്യാപിച്ചുകൊണ്ടാണ് വ്യാപ്തിയില്‍ ലോകത്തെ രണ്ടാമത്തെ കോണ്‍ക്രീറ്റ് ഡാം രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ടത്. ആദിവാസികളും മത്സ്യബന്ധന തൊഴിലാളികളും ചെറുകിട കര്‍ഷകരുമടക്കം നൂറുകണക്കിന് ഗ്രാമങ്ങളിലെ പതിനായിരക്കണക്കിന് സാമാന്യ ജനങ്ങളില്‍ ഇത് സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഡാം തങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുളള അനേകായിരം ജനങ്ങള്‍ പുനരധിവാസം ആവശ്യപ്പെട്ടുകൊണ്ട് രണ്ട് ദശാബ്ദത്തിലധികമായി തുടര്‍ന്നുവരുന്ന പ്രക്ഷോഭം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രഖ്യാപിക്കുന്നു. ഡാമിന്റെ നേട്ടങ്ങളെപ്പറ്റിയുള്ള അവകാശവാദങ്ങളില്‍ വലിയൊരളവ് അടിസ്ഥാനരഹിതമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലും രാജസ്ഥാനിലുമായി മുപ്പത്തിയാറ് ലക്ഷത്തില്‍പ്പരം ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനം നടത്താനാവുമെന്ന് അവകാശപ്പെടുമ്പോഴും അത്രയും ഭൂപ്രദേശത്തേക്ക് വെള്ളം എത്തിക്കേണ്ട കനാലിന്റെ നിര്‍മാണം പകുതിപോലും പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന് വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് 30 ശതമാനമെങ്കിലും കനാലിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കര്‍ഷകന്റെയും കൃഷിയുടെയും പേരില്‍ നിര്‍മിച്ച ഡാമിലെ ജലത്തിന്റെ ഗണ്യമായ പങ്ക് കൊക്കകോളയും പെപ്‌സിയുമടക്കം ബഹുരാഷ്ട്ര കുടിവെള്ള, ശീതളപാനീയ കച്ചവടക്കാര്‍ക്കും അദാനി, അംബാനി, ടാറ്റ തുടങ്ങിയ വന്‍വ്യവസായികള്‍ക്കുമായിരിക്കും പ്രയോജനപ്പെടുക എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നര്‍മ്മദയുടെ ഉറവിടങ്ങളായ വനഭൂമികളില്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി അധിവസിച്ചുപോരുന്ന ആദിവാസി സമൂഹങ്ങളുടെ ജീവനോപാധികളും അവരുടെ സമ്പന്നമായ സംസ്‌കാരങ്ങളുമാണ് ഡാമിന്റെ വരവോടെ പിഴുതെറിയപ്പെട്ടത്. തീരദേശങ്ങൡ നര്‍മ്മദാ നദീതടത്തെ ആശ്രയിച്ചു ജീവിച്ചുപോന്നിരുന്ന ഗ്രാമസമൂഹങ്ങളുടെ നിലനില്‍പിനും ഡാം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
അമ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അണക്കെട്ടിന് ശിലയിടുമ്പോള്‍ വന്‍കിട ഡാമുകളെപ്പറ്റിയും അതിന്റെ പ്രയോജനങ്ങളെപ്പറ്റിയും ഭരണകൂടങ്ങള്‍ക്കും ജനങ്ങള്‍ക്കുമുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ തിരുത്താന്‍ മനുഷ്യരാശി നിര്‍ബന്ധിതമായ യാഥാര്‍ഥ്യബോധത്തിന്റെ കാലത്താണ് നാം എത്തിനില്‍ക്കുന്നത്. നര്‍മ്മദാ നദീതട പദ്ധതിയുടെ ആദ്യദശകങ്ങളില്‍ ഭരണാധികാരികളും ജനങ്ങളും മുന്‍കൂട്ടികാണാതിരുന്ന അതിജീവനത്തിന്റെയും പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും എണ്ണമറ്റ വെല്ലുവിളികളാണ് പില്‍ക്കാലത്ത് ഉയര്‍ന്നുവന്നത്. അവയ്ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനോ പദ്ധതിയുടെ പേരില്‍ കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിനു കുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ അവര്‍ക്ക് തൊഴിലും മറ്റ് ജീവിതായോധന മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനോ പദ്ധതി ബാധിത മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്കോ കേന്ദ്ര ഗവണ്‍മെന്റിനോ കഴിഞ്ഞിട്ടില്ല. കുടിയിറക്കപ്പെട്ട ആദിവാസികളടക്കം ഗ്രാമീണ കര്‍ഷക ജനസാമാന്യങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏതുമില്ലാത്ത താല്‍ക്കാലിക ക്യാമ്പുകളില്‍ നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. അവരുടെ പുനരധിവാസത്തിനുവേണ്ടി നടക്കുന്ന സമരങ്ങളെ ഭരണകൂടങ്ങള്‍ കൊല്ലാക്കൊല ചെയ്താണ് അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നത്. അണക്കെട്ട് പൂര്‍ണതോതില്‍ നദിയുടെ ഒഴുക്ക് തടഞ്ഞ് ജലസംഭരണം ആരംഭിച്ചതോടെ തീരദേശനദീതടത്തെ ആശ്രയിച്ച് ജീവിതം പുലര്‍ത്തിയിരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. കച്ച് ഉപദ്വീപ് മുതല്‍ 40-50 കിലോമീറ്റര്‍ ഉപരിഭാഗം വരെ ഉപ്പുവെള്ളം കയറി വന്‍കൃഷിനാശത്തെയാണ് കര്‍ഷകര്‍ നേരിടുന്നത്. ഹില്‍സപോലെ ശുദ്ധജലത്തില്‍ സുലഭമായിരുന്ന മത്സ്യസമ്പത്ത് പാടെ അപ്രത്യക്ഷമാകുന്നത് മത്സ്യബന്ധന തൊഴില്‍തന്നെ ഇല്ലാതാക്കിയിരിക്കുന്നു. അണക്കെട്ടിന്റെ മേന്മകളില്‍ ഊറ്റം കൊള്ളുന്ന മോഡിയടക്കം ഭരണാധികാരികള്‍ വലിയൊരു ജനവിഭാഗത്തിന്റെ നിലനില്‍പിനെയാണ് അവഗണിക്കുന്നത്.
സാമാന്യ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമപ്പുറം അധികാര രാഷ്ട്രീയത്തിന്റെ നിലനില്‍പിലാണ് നരേന്ദ്രമോഡിയടക്കം ഭരണാധികാരികളുടെ ലക്ഷ്യമെന്ന് അണക്കെട്ട് രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം വെളിവാക്കുന്നു. സര്‍ദാര്‍ പട്ടേലിനെയും ഡോ. അംബേദ്ക്കറെപ്പറ്റിയും ഏറെ വാചാലനായ മോഡി അണക്കെട്ടിന് ശിലാസ്ഥാപനം നിര്‍വഹിച്ച പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ പേരുപോലും പരാമര്‍ശിച്ചില്ലെന്നത് യാദൃച്ഛികമല്ല. നരേന്ദ്രമോഡിയും സംഘ്പരിവാറും രാജ്യത്തിന്റെ ചരിത്രത്തെ മായ്ച്ച്കളയാനും തങ്ങളുടേതായ ചരിത്രവ്യാഖ്യാനങ്ങള്‍ നല്‍കാനും നടത്തുന്ന ശ്രമത്തിന്റെ ഭാഗമായെ അതിനെ കാണാനാവു. അധികാരം ഉറപ്പിച്ചുനിര്‍ത്താന്‍ നടത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഖജനാവില്‍ നിന്നും മൂവായിരം കോടി രൂപ ചെലവഴിച്ച് അണക്കെട്ടിനോട് ചേര്‍ന്ന് സര്‍ദാര്‍ പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ നിര്‍മിക്കുന്നതുതന്നെ. സ്വാതന്ത്ര്യപോരാട്ടത്തിലും രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്തുന്നതിലും അസാമാന്യ സംഭാവനകള്‍ നല്‍കിയ സര്‍ദാര്‍ പട്ടേല്‍ രാജ്യത്തിന്റെ ആദരം അര്‍ഹിക്കുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അതിന്റെ പേരില്‍ നടത്തുന്ന ധൂര്‍ത്തിന്റെ ഒരു പങ്കുമതിയാവും അണക്കെട്ടിന്റെ പേരില്‍ പിഴുതെറിയപ്പെടുന്ന ജനതയുടെ പുനരധിവാസത്തിന്. ഒരുപക്ഷേ അതായിരിക്കും സര്‍ദാര്‍ പട്ടേലിന്റെ സ്മരണയോടുള്ള ഏറ്റവും മഹത്തരമായ ആദരവ്.