പാക് നിലപാട് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനം

അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് നടത്തുന്ന കുപ്രചരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഉണ്ടായത്. ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ വ്യാജചിത്രം ഉയര്‍ത്തിക്കാട്ടിയ പാകിസ്ഥാന് പ്രതിനിധി മലീഹ ലോധിയുടെ നടപടി എല്ലാ അന്താരാഷ്ട്ര മര്യാദകളെയും ലംഘിക്കുന്നതായിരുന്നു.
ഇന്ത്യന്‍ പട്ടാളം കശ്മീരില്‍ നടത്തുന്ന പെല്ലറ്റ് പ്രയോഗത്തില്‍ മുഖം വികൃതമായതെന്ന് വിശദീകരിച്ചാണ് വ്യാജ ചിത്രം അവര്‍ ഉയര്‍ത്തിക്കാട്ടിയത്. യഥാര്‍ഥത്തില്‍ ഇസ്രയേലിന്റെ അക്രമത്തില്‍ പരിക്കേറ്റ ഗാസയിലെ റവ്യ അബു ജോമ എന്ന പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു അത്.
ഇസ്രയേലി ആക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന ജോമയുടെ ചിത്രം അമേരിക്കന്‍ ഫോട്ടോ ജേണലിസ്റ്റ് ഹെയ്ഡി ലെവിന്‍ 2014 ജൂലൈയിലാണ് ആശുപത്രിയില്‍ വച്ച് പകര്‍ത്തിയത്. ‘ദി നാഷണലി’നു വേണ്ടി ഗാസ യുദ്ധം റിപ്പോര്‍ട്ട് ചെയ്യവെ അവാര്‍ഡ് ജേതാവായ ഹെയ്ഡി എടുത്ത ഈ ചിത്രം അക്കാലത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയതായിരുന്നു. ഇതുപോലെ ഇസ്രയേലിന്റെ കൊടുംക്രൂരതയുടെ എത്രയോ നേര്‍ചിത്രങ്ങള്‍ അക്കാലത്ത് പുറത്തുവന്നിരുന്നു. ക്രൂരതയുടെ പര്യായങ്ങളായി മാറിയ നിരവധി അതിക്രമങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറിയിട്ടുണ്ട്, ഇപ്പോഴും അരങ്ങേറുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ചിത്രം തന്നെ പാക് പ്രതിനിധി ഇന്ത്യയ്ക്കെതിരെ ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ഉയര്‍ത്തിക്കാട്ടിയെന്നത് ഗൗരവതരമാണ്. ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രം കാട്ടി ലോധി അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നടത്തിയ വ്യാജ ചിത്ര നാടകം ബോധപൂര്‍വമാണെന്ന കാര്യത്തില്‍ സംശയമില്ല. യഥാര്‍ഥത്തില്‍ ഇത് നയതന്ത്രരംഗത്ത് ലോക രാജ്യങ്ങള്‍ സ്വീകരിക്കുന്ന മര്യാദകളുടെ കടുത്ത ലംഘനം തന്നെയാണ്.
ശക്തമായി അപലപിക്കപ്പെടേണ്ട ഇന്ത്യാ വിരുദ്ധ നിലപാടുകളാണ് പാകിസ്ഥാന് സ്വീകരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളും വെടിനിര്‍ത്തല്‍ കരാറുകളുടെ ആവര്‍ത്തിച്ചുള്ള ലംഘനവും പാകിസ്ഥാന് നിര്‍ബാധം തുടരുകയാണ്. ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യയിലേയ്ക്ക് അയക്കുക, ഇന്ത്യയ്ക്കകത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുക എന്നിങ്ങനെയുളള കൃത്യങ്ങളും പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.
ഐക്യരാഷ്ട്രസഭയുടെ പൊതുവേദിയില്‍ ഈ യാഥാര്‍ഥ്യങ്ങളാണ് ഇന്ത്യ ഉന്നയിച്ചത്. പാകിസ്ഥാന് ഭീകരരെ കയറ്റിയയക്കുകയാണെന്നും ഇന്ത്യയെ ആക്രമിക്കുന്നത് ശീലമാക്കിയെന്നും വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കുകയുണ്ടായി.
ഇന്ത്യ ഗവേഷകരെയും ഡോക്ടര്‍മാരെയും എന്ജിനീയര്മാരെയും ഉണ്ടാക്കുമ്പോള്‍ പാകിസ്ഥാന് ജിഹാദികളെ സൃഷ്ടിച്ചു. ഡോക്ടര്‍മാര്‍ ആളുകളെ മരണത്തില്‍നിന്നും രക്ഷിക്കുന്നു. ഭീകരര്‍ ആളുകളെ മരണത്തിലേക്ക് വിടുന്നു, അവര്‍ പറഞ്ഞു. ഇന്ത്യ ഐഐടികളും ഐഐഎമ്മുകളും സ്ഥാപിക്കുമ്പോള്‍ ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ് ഉള്‍പ്പടെയുള്ള ഭീകരവാദി സംഘടനകളെ സൃഷ്ടിക്കുന്ന നിലപാടുകളാണ് പാകിസ്ഥാന് സ്വീകരിക്കുന്നത്. ഇത് രണ്ട് രാജ്യങ്ങളുടേയും മനോഭാവത്തിലും വീക്ഷണങ്ങളിലുമുള്ള വ്യത്യാസമാണ് സൂചിപ്പിക്കുന്നതെന്നും സുഷമ സ്വരാജ് വ്യക്തമാക്കുകയുണ്ടായി. പ്രസ്തുത നിലപാട് അന്താരാഷ്ട്രസമൂഹത്തിലുണ്ടാക്കുന്ന സ്വീകാര്യത മറികടക്കുന്നതിനായാണ് വ്യാജചിത്രവുമായി പാക് പ്രതിനിധിയെത്തിയത് എന്ന കാര്യത്തില്‍ സംശയമില്ല.
കശ്മീര്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന നിലപാടുള്ളവരാണ് ഞങ്ങള്‍. ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ അതിനെ വര്‍ഗീയമായും വൈകാരികമായും സമീപിക്കുന്നുണ്ടെന്നതും യാഥാര്‍ഥ്യമാണ്. അവിടുത്തെ ജനതയെ വിശ്വാസത്തിലെടുക്കാതെയുള്ള ഒരു നടപടിയും ഫലപ്രദമാകുമെന്ന് തോന്നുന്നില്ല. ഏകപക്ഷീയമായ നിലപാടുകളും സമീപനങ്ങളുമാണ് കേന്ദ്ര ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
ഭീകരവാദവും വിഘടനവാദവും കാലാവസ്ഥാ വ്യതിയാനവുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് ഐക്യരാഷ്ട്രസഭാ വേദിയില്‍ സുഷമ സ്വരാജ് വ്യക്തമാക്കുകയുണ്ടായി. ലോകം നേരിടുന്ന വെല്ലുവിളി അതുതന്നെയാണെന്ന കാര്യത്തില്‍ രണ്ടുപക്ഷവുമില്ല. ഇന്ത്യയുടെ പ്രധാന പ്രശ്നങ്ങളും അതുതന്നെയാണ്.
അവയ്ക്കെതിരായ യോജിച്ച പ്രവര്‍ത്തനമാണ് ആഗോളസമൂഹത്തില്‍ നിന്നുണ്ടാകേണ്ടത്. ഭീകരവാദത്തിനെതിരായ അത്തരം ശക്തമായ നടപടികള്‍ക്ക് മുന്കയ്യെടുക്കാന് ഇന്ത്യ സന്നദ്ധമാകുമോയെന്നതാണ് പ്രശ്നം. ഇപ്പോള്‍ യുഎന്‍ പൊതുസഭയില്‍ പാകിസ്ഥാന് ഉയര്‍ത്തിക്കാട്ടിയ ചിത്രം ഇസ്രയേല്‍ നടത്തിയ ഭീകരതയുടെ ഫലമായി മുഖത്തു പാടുകളേറ്റ പെണ്‍കുട്ടിയുടേതാണ്. ആ ഇസ്രയേലുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവര്‍ക്ക് എല്ലാ പിന്തുണയും സഹായങ്ങളും നല്കുന്ന അമേരിക്കയോട് വിധേയത്വം കാട്ടുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ ഭരണാധികാരികള്‍. വികസനത്തേക്കാള്‍ വര്‍ഗീയതയ്ക്കും ഗോരക്ഷയ്ക്കുമെല്ലാം പ്രാധാന്യം നല്‍കുകയും ആള്‍ക്കൂട്ട അതിക്രമങ്ങള്‍ നിത്യ സംഭവമാകുകയും ചെയ്യുമ്പോള്‍ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണ്. ഇതൊക്കെയാണെങ്കിലും ഇന്ത്യയെ അപമാനിക്കാന്‍ നടത്തുന്ന പാകിസ്ഥാന് കുതന്ത്രങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവരുടെ മുഖം കൂടുതല്‍ വികൃതമാക്കാനാണ് ഇടവരുത്തിയത്.