Thursday
24 Jan 2019

ജെറുസലേം: പലസ്തീന്‍ അചഞ്ചല ഐക്യദാര്‍ഢ്യം അര്‍ഹിക്കുന്നു

By: Web Desk | Friday 8 December 2017 10:41 PM IST

ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടും യുഎസ് എംബസി ടെല്‍അവീവില്‍ നിന്നും ജെറുസലേമിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ടുമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ലോകവ്യാപകമായ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കിഴക്കന്‍ ജറുസലേം അടക്കം പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ നിയമവിരുദ്ധമായി കയ്യടക്കിവച്ചിരിക്കുന്ന ഇസ്രയേല്‍ നടപടിക്ക് സാധുത നല്‍കാന്‍ നടത്തുന്ന പാഴ്ശ്രമങ്ങളുടെ ഭാഗമാണ് യുഎസ് പ്രസിഡന്റിന്റെ വ്യാഴാഴ്ചത്തെ പ്രഖ്യാപനം. ജെറുസലേമിനെ ജൂതവിശ്വാസത്തിന് അനുസരിച്ച് ഇസ്രയേലിന്റെ ശാശ്വത തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള നടപടി നിലവിലുള്ള ലോക യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. അത് ഒരുതരത്തിലും ഇസ്രയേലിനോ പലസ്തീനോ ഇരുരാജ്യങ്ങളിലേയും ജനതകള്‍ക്കോ സമാധാനമോ സുരക്ഷിതത്വമോ ഉറപ്പുവരുത്തില്ല. അത് നിലവിലില്ലാത്ത പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയെ സഹായിക്കുമെന്ന ട്രംപിന്റെ അവകാശവാദം പരിഹാസ്യമാണ്. അത്യന്തം പ്രകോപനപരമായ ട്രംപിന്റെ പ്രഖ്യാപനം യുഎസിലെ തന്റെ യാഥാസ്ഥിതിക പിന്തുണക്കാരെ മാത്രം ലക്ഷ്യംവച്ചുള്ളതാണ്. തെരഞ്ഞെടുപ്പുകാലത്ത് തന്നെ പിന്തുണച്ച ഇസ്രയേല്‍ അനുകൂല ജൂത ന്യൂനപക്ഷത്തേയും വിചിത്രമായ അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ യാഥാസ്ഥിതികരെയും തൃപ്തിപ്പെടുത്തുക എന്ന താല്‍ക്കാലിക ലക്ഷ്യത്തോടെ നടത്തിയ നീക്കമാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി ട്രംപും അദ്ദേഹത്തിന്റെ അനുചരന്മാരും കാട്ടിക്കൂട്ടിയ നടപടികളും യുഎസ് പ്രസിഡന്റെന്ന നിലയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിക്കൊണ്ടിരിക്കുന്ന നയപരിപാടികളും അദ്ദേഹത്തിന്റെ നിലനില്‍പിനുനേരെ കടുത്ത വെല്ലുവിളികളാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. അഴിമതി ആരോപണങ്ങളില്‍ അടി ഉലയുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സാമ്രാജ്യത്വ സൈനിക ശക്തിയായ യുഎസിന്റെ പിന്തുണ രാഷ്ട്രീയ നിലനില്‍പിനുള്ള പിടിവള്ളിയായി മാറിയേക്കും. ആ പിന്തുണ വെസ്റ്റ്ബാങ്കിനു മേല്‍ പിടിമുറുക്കാനും അതുവഴി തങ്ങളുടെ നിയമവിരുദ്ധ കടന്നുകയറ്റങ്ങള്‍ക്ക് സാധൂകരണം കണ്ടെത്താനുമാകുമെന്ന് സയണിസ്റ്റ് ഭരണകൂടം കണക്കുകൂട്ടുന്നു.
1967-ലെ ആക്രമണ യുദ്ധത്തിന് മുമ്പുള്ള ഇസ്രയേലി-പലസ്തീന്‍ അതിര്‍ത്തിയാണ് ലോക രാഷ്ട്രസമൂഹം ഒന്നാകെ അംഗീകരിച്ചിട്ടുള്ളത്. ഇസ്രയേലി-പലസ്തീന്‍ പ്രശ്‌നപരിഹാരം ദ്വിരാഷ്ട്രയാഥാര്‍ഥ്യം അംഗീകരിക്കല്‍ മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയടക്കം ലോകമാകെ കരുതുന്നു. അത്തരമൊരു പലസ്തീന്‍ രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണ് കിഴക്കന്‍ ജറുസലേം. ആ യാഥാര്‍ഥ്യത്തിലൂന്നി നിന്നുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പുവരുത്താനാകൂ. രണ്ട് രാഷ്ട്രങ്ങള്‍ തര്‍ക്കമുന്നയിക്കുന്ന വിവാദഭൂമി എന്നതിലുപരി ജൂത, ക്രൈസ്തവ, ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ജറുസലേം ചരിത്രപ്രാധാന്യമുള്ള പുണ്യനഗരമാണ്. അത്തരമൊരു നഗരം തര്‍ക്കഭൂമിയായി നിലനില്‍ക്കുന്നത് മൂന്ന് മതത്തിലും വിശ്വസിക്കുന്ന ജനതകള്‍ക്കിടയില്‍ ഉല്‍ക്കണ്ഠ പരത്തുന്നുണ്ട്. ലോക രാഷ്ട്രങ്ങളുടെയും വിശിഷ്യാ അറബ് ജനതകളുടെയും വിശ്വാസത്തെ തകര്‍ക്കുന്ന നടപടികളാണ് ഇസ്രയേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകളുടെയും കരാറുകളുടെയും പേരില്‍ നാളിതുവരെ അരങ്ങേറിയിട്ടുള്ളത്. യാഥാസ്ഥിതിക ജൂതവിഭാഗങ്ങളുടെ നിക്ഷിപ്ത താല്‍പര്യപൂരണത്തിനായി തികച്ചും വഞ്ചനാപരമായ നിലപാടുകളും നടപടികളുമാണ് യുഎസ് നാളിതുവരെ പിന്തുടര്‍ന്നുപോന്നിട്ടുള്ളത്. ഐക്യരാഷ്ട്രസഭയേയും ലോക പൊതുജനാഭിപ്രായത്തേയും അപ്പാടെ അവഗണിക്കുന്ന നിലപാടുകളാണ് ഇരു രാജ്യങ്ങളിലേയും ഭരണകൂടങ്ങള്‍ അനുവര്‍ത്തിക്കുന്നത്. ട്രംപിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം എന്തെന്ത് ദുരന്തങ്ങളാണ് ഇനിയും പശ്ചിമേഷ്യക്കും ലോകത്തിനും വേണ്ടി കാത്തുവച്ചിട്ടുള്ളതെന്നതിന്റെ തിരനോട്ടമാണ് ഇന്നലെ രാമള്ളയിലും ബേത്‌ലഹേമിലും ജറുസലേമിലും വെസ്റ്റ്ബാങ്കിലും അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളും സൈനിക നടപടികളും.
വത്തിക്കാനും യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങളുമടക്കം ലോകത്തെ മുഴുവന്‍ അമര്‍ഷം കൊള്ളിച്ച ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും മൃദുപ്രതികരണം മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആ പ്രതികരണം അപ്രതീക്ഷിതമല്ല. യുഎസിന്റേയും ഇസ്രയേലിന്റേയും രണ്ടാംനിര പങ്കാളി സ്ഥാനമാണ് നരേന്ദ്രമോഡി ഭരണകൂടം സ്വയം കല്‍പിച്ചു നല്‍കിയിട്ടുള്ളത്. ട്രംപ് ഭരണകൂടത്തോടും നെതന്യാഹുവിനോടും തനിക്കുള്ള ‘രാജഭക്തി’ നരേന്ദ്രമോഡി തന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിലും ഏറ്റവും അവസാനം ഇവാന്‍കാ ട്രംപിന്റെ മുമ്പിലും അദ്ദേഹം നിര്‍ലജ്ജം പ്രദര്‍ശിപ്പിച്ചത് മറക്കാനായിട്ടില്ല. ആട്ടിപ്പായിക്കപ്പെട്ട ജൂതജനതയോട് കലവറയില്ലാത്ത ഐക്യദാര്‍ഢ്യം നൂറ്റാണ്ടുകള്‍ പ്രകടിപ്പിച്ച ഇന്ത്യന്‍ ജനതയ്ക്ക് പലസ്തീന്‍ ജനതയോടും സ്വന്തം ഭൂമിക്കുവേണ്ടി അവര്‍ നടത്തുന്ന ഐതിഹാസിക പോരാട്ടത്തോടുമുള്ള സമീപനം മറ്റൊന്നല്ല. കേവലമായ മാനവികതയുടെ അടിസ്ഥാനത്തിലായാലും രാഷ്ട്രതന്ത്ര താല്‍പര്യങ്ങളുടെ പേരിലായാലും പലസ്തീനും അറബ് ജനതയും എക്കാലത്തും ഇന്ത്യയുടെ ഉറ്റ സഹയാത്രികരും സഹയോഗികളുമാണെന്നത് മോഡി ഭരണകൂടം വിസ്മരിച്ചുകൂടാ.

Related News