Friday
14 Dec 2018

നീതിന്യായ വ്യവസ്ഥയെ അപഹാസ്യമാക്കി മാറ്റിയ സ്‌പെക്ട്രം അഴിമതിക്കേസ്

By: Web Desk | Thursday 21 December 2017 10:29 PM IST

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസില്‍ കുറ്റാരോപിതര്‍ ഒന്നൊഴിയാതെ കുറ്റവിമുക്തരായി. കുറ്റാരോപിതര്‍ക്കെതിരെ ഏതെങ്കിലും കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടതായി സ്‌പെഷല്‍ ജഡ്ജ് ഒ പി സയ്‌നി തന്റെ വിധിന്യായത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതി മുഖ്യപ്രചരണ ആയുധമാക്കി മാറ്റി അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോഡി മുതല്‍ കേസ് അന്വേഷണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച സിബിഐ തുടങ്ങി 2 ജി കുംഭകോണം പുറത്തു കൊണ്ടുവന്ന അന്നത്തെ സിഎജി വിനോദ്‌റായി അടക്കം ഒരാള്‍ക്കും ഈ അട്ടിമറിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. 1.76 ലക്ഷം കോടി രൂപ രാജ്യത്തിന് നഷ്ടമുണ്ടാക്കിയതായി അന്നത്തെ സിഎജി വിനോദ്‌റായി കണ്ടെത്തിയ കേസിനാണ് തല്‍ക്കാലത്തേക്കെങ്കിലും അപമാനകരമായ അന്ത്യം ഉണ്ടായിരിക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലടക്കം സിഎജി ആയിരുന്ന വിനോദ് റായി ഉള്‍പ്പെടെ ഒരു സംഘം ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന് നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രി പദത്തിലേയ്ക്ക് വഴിയൊരുക്കുകയായിരുന്നുവെന്ന ആരോപണങ്ങള്‍ക്ക് സാധുത നല്‍കുന്ന സംഭവവികാസങ്ങളാണ് ചുരുള്‍ നിവരുന്നത്. സിഎജി പോലെ ഉന്നതപദവികള്‍ വഹിച്ചിരുന്നവര്‍ വിരമിച്ചതിനു ശേഷം മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാറില്ലെന്നതാണ് പതിവ്. കീഴ്‌വഴക്കങ്ങള്‍ക്കു വിപരീതമായി വിനോദ് റായിയെ നരേന്ദ്രമോഡി ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ മേധാവിയായി നിയമിച്ചതും ബോര്‍ഡ്‌സ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്ത്യയില്‍ നിയോഗിച്ചതുമെല്ലാം ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തപ്പെടാന്‍. 2 ജി സ്‌പെക്ട്രം കേസില്‍ സിബിഐ പ്രോസിക്യൂഷന്‍ സാക്ഷിയായി അനില്‍ അംബാനിയെ ഉള്‍പ്പെടുത്തിയതും സാക്ഷി എന്ന നിലയില്‍ കേസ് അട്ടിമറിക്കാന്‍ അയാള്‍ വഹിച്ച പങ്കും കേസ് അട്ടിമറി ആസൂത്രിതമായിരുന്നുവെന്ന് സംശയം ബലപ്പെടുത്തുന്നു. നരേന്ദ്രമോഡി ഭരണത്തിന്റെ തണലില്‍ തഴച്ചുവളരുന്ന ‘ചങ്ങാത്ത മുതലാളിത്ത’ത്തിന്റെ പ്രമുഖ ഗുണഭോക്താക്കളില്‍ ഒരാളാണ് താനെന്ന് റഫാല്‍ യുദ്ധവിമാന കരാറുകാരില്‍ ഒരാളായി മാറിയ അനില്‍ അംബാനി തെളിയിക്കുന്നു.
2 ജി സ്‌പെക്ട്രം കേസ് ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടതാണ്. സിബിഐ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന അനില്‍ അംബാനി താന്‍ ചെയര്‍മാനായിരുന്ന കമ്പനികളില്‍ തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനപ്രകാരം താന്‍ ഒപ്പിട്ടു നടത്തിയ കനത്ത നിയമവിരുദ്ധ ധനകൈമാറ്റങ്ങളെ പറ്റി യാതൊന്നും ഓര്‍മയില്ലെന്നാണ് കോടതിയില്‍ സാക്ഷിമൊഴി നല്‍കിയത്. എന്നിട്ടും സാക്ഷി കൂറുമാറ്റം നടത്തിയതായി പ്രഖ്യാപിക്കാന്‍ പോലും സിബിഐ ആവശ്യപ്പെടുകയുണ്ടായില്ല. സര്‍ക്കാരിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ ഭരണമാറ്റത്തിന് അനുസരിച്ച് തരംപോലെ വേഷപ്പകര്‍ച്ച നടത്തുന്നതിനും ഈ കേസ് സാക്ഷ്യം വഹിക്കേണ്ടിവന്നു. ഗവണ്‍മെന്റ് പ്രോസിക്യൂട്ടറായിരുന്ന മുകുള്‍ റോത്തഗി വിധിയെ സ്വാഗതം ചെയ്തത് ശ്രദ്ധേയമാണ്. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ അറ്റോര്‍ണി ജനറലായ റോത്തഗി നേരത്തെ കുറ്റാരോപിതര്‍ക്കുവേണ്ടി ഇതേ കോടതിയില്‍ ഹാജരായിരുന്നുവെന്നതും കേസിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സിബിഐയുടെ മുതിര്‍ന്ന പ്രോസിക്യൂട്ടര്‍മാര്‍ കേസിലെ സുപ്രധാന ഘട്ടങ്ങളില്‍ കോടതിയില്‍ ഹാജരാകുക പോലും ചെയ്തിരുന്നില്ല. സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ആരും തന്നെ നിര്‍ണായക ഘട്ടങ്ങളില്‍ കോടതിയില്‍ എത്തുകയോ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുകയോ ഉണ്ടായില്ല. സുപ്രധാനമായ പല രേഖകളിലും ഒപ്പുവച്ചു നല്‍കാന്‍ പോലും സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകരും ഉദ്യോഗസ്ഥരും വിസമ്മതിക്കുകയായിരുന്നു. ഇതെല്ലാം അസന്ദിഗ്ധമായി വ്യക്തമാക്കുന്നത് 2 ജി സ്‌പെക്ട്രം കേസ് അട്ടിമറിക്കുന്നതില്‍ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ, കോര്‍പ്പറേറ്റ്, സിബിഐ ഗൂഢാലോചന തന്നെയാണ്.
നരേന്ദ്രമോഡിയും ബിജെപിയും അഴിമതിക്കെതിരെ നടത്തുന്നത് അധരസേവ മാത്രമാണ്. അഴിമതി ആരോപണങ്ങളുടെ മറവില്‍ അധികാരം മാത്രമാണ് അവര്‍ ലക്ഷ്യംവച്ചിരുന്നത്. എ രാജയും കനിമൊഴിയുമടക്കം ഡിഎംകെയുടെ പ്രമുഖ നേതാക്കളും കോര്‍പ്പറേറ്റ് കിങ്കരന്മാരും ഇതോടെ സ്വതന്ത്രരായിരിക്കുന്നു. ബിജെപിക്ക് തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാന്‍ ഏതറ്റംവരെയും വിലപേശാനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. ഡിഎംകെയുമായോ എഐഎഡിഎംകെയുടെ ഏത് ഘടകവുമായോ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇനി അവര്‍ക്കാവും. അഴിമതിയുടെ പേരില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളോ കോര്‍പ്പറേറ്റ് ഭീമന്മാരോ രാജ്യത്ത് ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്ന് മോഡി സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരിക്കുന്നു. അധികാരവും പണവും കയ്യാളുന്നവര്‍ക്ക് യഥേഷ്ടം രാജ്യത്തെ നിര്‍ഭയം കൊള്ളയടിക്കുന്നത് തുടരാമെന്നാണ് 2 ജി സ്‌പെക്ട്രം വിധി തെളിയിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ ഭരണകൂട വിടുപണിയിലേര്‍പ്പെടുമ്പോള്‍ കോടതികള്‍ പോലും നിസഹായരാവുന്ന അവസ്ഥയാണ് തുറന്നുകാട്ടപ്പെടുന്നത്.

Related News