Wednesday
17 Oct 2018

ഗുജറാത്തില്‍ നിന്ന് വെറുപ്പിന്റെ പുതിയ പാഠങ്ങള്‍

By: Web Desk | Wednesday 10 October 2018 10:13 PM IST

ഗുജറാത്ത് എന്നും വിവാദങ്ങളിലൂടെയാണ് കുപ്രസിദ്ധമായിട്ടുള്ളത്. അധികാരത്തിലേയ്ക്കുള്ള വഴിയായി വിദ്വേഷത്തെയും കുപ്രചാരണങ്ങളെയും ഉപയോഗിച്ചുള്ള സംഘപരിവാറിന്റെ ആദ്യ പരീക്ഷണശാലയായിരുന്നു ഗുജറാത്ത്. കലാപങ്ങളും വര്‍ഗീയ ലഹളകളും സൃഷ്ടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കിയാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ആ പരീക്ഷണത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നുകൊണ്ട് മോഡിയും കൂട്ടരും ഏതേ പരീക്ഷണങ്ങള്‍ രാജ്യമാകെ നടത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
അതിനിടയിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കുമെതിരായ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും വാര്‍ത്തകളെത്തുന്നത്. ദൗര്‍ഭാഗ്യകരമായൊരു സംഭവത്തിന് പിറകേ സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ഇതര സംസ്ഥാനക്കാരെ മുഴുവന്‍ പലായനത്തിന് നിര്‍ബന്ധിക്കുകയാണ് ഗുജറാത്തില്‍ ചെയ്യുന്നത്. ലക്ഷത്തിലധികം പേര്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് നിന്ന് വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 28ന് സബര്‍കാന്ത ജില്ലയില്‍ 14 മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബിഹാര്‍ തൊഴിലാളി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതരസംസ്ഥാനക്കാര്‍ക്കെതിരെ അക്രമം തുടങ്ങിയത്.രാജ്യത്തുള്ള എല്ലാ സംസ്ഥാനങ്ങളും നിലനില്‍ക്കുന്നത് അതാതിടങ്ങളിലെ മാത്രം മനുഷ്യവിഭവശേഷി വിനിയോഗിച്ചുകൊണ്ടല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടിയെത്തുന്നവരെ കൂടി ആശ്രയിച്ചാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. ഇന്ത്യയെന്ന രാജ്യത്തെ സംബന്ധിച്ചാണെങ്കില്‍ ലോകത്തിന്റെ പല കോണുകളിലും ജീവിതം തേടിയെത്തിയ ലക്ഷക്കണക്കിന് പേരുണ്ട്. അവര്‍ ഇവിടെയെത്തിക്കുന്നത് അവരുടെ കുടുംബങ്ങളുടെ മാത്രമല്ല രാജ്യത്തിന്റെയാകെ സമ്പദ്ഘടനയുടെ നിര്‍ണായക ഘടകമാണ്.

ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും സ്ഥിതി അതുതന്നെയാണ്. ഉത്തരേന്ത്യയില്‍ നിരവധി ദക്ഷിണേന്ത്യക്കാരും തിരിച്ചും അങ്ങനെ ജീവിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അങ്ങോട്ടും ഇങ്ങോട്ടും ഈ തൊഴില്‍ തേടിയുള്ള പലായനങ്ങളും ജീവിതവുമുണ്ട്. രാജ്യത്തിന്റെ ഏത് സഥലത്തു ചെന്നാലും പരസ്പരമുള്ള ഈ തൊഴില്‍ ബന്ധങ്ങള്‍ കാണാവുന്നതാണ്. അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് വിദ്വേഷ പ്രചരണങ്ങള്‍കൊണ്ട് ഗുജറാത്തില്‍ നിന്ന് ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂട്ടമായി പലായനം ചെയ്യേണ്ടി വരുന്നത്.

അഹമ്മദാബാദ്, സബര്‍കാന്ത, പടാന്‍, മെഹ്‌സന ജില്ലകളിലാണ് വന്‍തോതില്‍ ആക്രമണം നടന്നത്. ഫെഡറല്‍ സംവിധാനത്തിന്റെയും സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദപരമായ ബന്ധത്തിന്റെയും കടയ്ക്കല്‍ കത്തി വയ്ക്കുന്ന സമീപനമാണ് ഗുജറാത്തില്‍ ഉണ്ടായിരിക്കുന്നത്. സംഘപരിവാറിന്റെ കരങ്ങളാണ് ഇതിന് പിന്നിലും ആരോപിക്കപ്പെടുന്നത്. ഇതരസംസ്ഥാനക്കാരെ പലായനത്തിന് നിര്‍ബന്ധിതമാക്കുന്നതിലൂടെ സ്വന്തം സമ്പദ്ഘടനയ്ക്ക് കോട്ടമുണ്ടാകുന്നുവെന്നെങ്കിലും ഈ ക്രൂരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ബോധ്യപ്പെടുത്താന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകണം.
ഏറ്റവും അവസാനം പുറത്തുവരുന്ന വാര്‍ത്തകളനുസരിച്ച് ഈ പലായനം ഗുജറാത്തിലെ ചെറുകിട സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇതോടെ എല്ലാവരും തിരിച്ചുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയ് രുപാനി രംഗത്തെത്തിയിട്ടുണ്ട്. ഇത് യഥാര്‍ഥത്തില്‍ ഗുജറാത്ത് നേരിടുന്ന നിരവധിയായ ആശാസ്യകരമല്ലാത്ത പ്രവണതകളുടെ ഫലമാണ്. സര്‍ക്കാരും നിയമപാലന സംവിധാനങ്ങളും നോക്കുകുത്തിയാവുകയും സംഘപരിവാറിന്റെ ക്രിമിനലുകളെയും ഗുണ്ടകളെയും അത് ഏല്‍പ്പിക്കുകയും ചെയ്തതിന്റെ അനന്തരഫലമാണിത്. അതുകൊണ്ടാണ് പൊലീസിന് ശക്തമായ നടപടികളെടുക്കാന്‍ സാധിക്കാത്തത്. മുഖ്യമന്ത്രിയുടെ കേവലം അഭ്യര്‍ഥനയിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവില്ല.

രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യ സംരക്ഷണത്തിനും നേട്ടങ്ങള്‍ക്കും വൃത്തികെട്ട ഏത് സമീപനങ്ങളും സ്വീകരിക്കാമെന്ന നിക്ഷിപ്ത താല്‍പര്യങ്ങളെ എക്കാലവും പ്രോത്സാഹിപ്പിച്ച ബിജെപിക്ക് ഇത് പുനര്‍വിചിന്തനത്തിനുള്ള അവസരം കൂടിയാണ്.
കേരളത്തില്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് ഇത്തരത്തിലൊരു പ്രചരണം അഴിച്ചുവിടുന്നതിനും അതുവഴി സമ്പദ്ഘടനയെ തകര്‍ക്കുന്നതിനും നടന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. അതിന് പിന്നിലും സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് പ്രവര്‍ത്തിച്ചത് ആരാണെന്നത് വ്യക്തമായിരുന്നതാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് പഴമൊഴി. ആ പഴമൊഴി പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്തേണ്ട സമയമല്ല ഇത്. അതുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. ഇപ്പോള്‍ കുറച്ചുകേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുറച്ചാളുകളെ അറസ്റ്റ് ചെയ്യുകയുമുണ്ടായിട്ടുണ്ട്. അതില്‍ അവസാനിപ്പിക്കരുത്. കേവലമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നുവെന്നതുകൊണ്ട് കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് അമാന്തം പാടില്ല. ഇതര സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തോടൊപ്പം ഗുജറാത്തിന്റെ സമ്പദ്ഘടനയേയും ഇത് ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്ന് മുതലെടുക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുകയാണ് ബിജെപി ചെയ്യേണ്ടത്.