Tuesday
20 Nov 2018

നെല്‍വയല്‍ സംരക്ഷണ നിയമ ഭേദഗതി

By: Web Desk | Tuesday 26 June 2018 10:07 PM IST

സംസ്ഥാനത്തിന്‍റെ നിയമനിര്‍മാണ ചരിത്രത്തിലെ സുപ്രധാനമായൊരു ഏടായിരുന്നു കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം. ഭൂസംരക്ഷണ നിയമങ്ങളില്‍ ഐതിഹാസികമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരള ഭൂപരിഷ്‌കരണത്തിന് ശേഷമുണ്ടായ നിയമനിര്‍മാണമായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം. കേരളത്തിന്‍റെ ഭൂസംരക്ഷണത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള പ്രസ്തുത നിയമത്തെ കൂടുതല്‍ ശക്തമാക്കിയുള്ള ഭേദഗതി നിയമം കഴിഞ്ഞ ദിവസം നിയമസഭ അംഗീകരിച്ചിരിക്കുകയാണ്.

കേരളത്തില്‍ തരിശിട്ടിരിക്കുന്ന നെല്‍വയലുകളെ ഉല്‍പാദനക്ഷമമാക്കുന്നതിനും നിയമനിര്‍മാണത്തെ തുടര്‍ന്ന് പ്രയാസപ്പെടുന്ന സാധാരണക്കാരെ സഹായിക്കുന്നതിനുമാണ് ഇപ്പോഴത്തെ നിയമനിര്‍മാണം. നെല്‍വയലുകള്‍ തരിശിടുക വഴി തരംമാറ്റുന്നതിന് വഴിയൊരുക്കാമെന്ന ഭൂമാഫിയയുടെ ധാരണ തടയാനും നഷ്ടമായതിനാല്‍ കൃഷിയിറക്കാന്‍ സാധിക്കാത്ത ചെറുകിട കര്‍ഷകരെ സഹായിക്കുന്നതിനുമാണ് പുതിയ ഭേദഗതി ഊന്നല്‍ നല്‍കുന്നത്. അതുകൊണ്ടാണ് തരിശിടുന്ന നെല്‍വയല്‍ ഏറ്റെടുത്ത് കൃഷിയിറക്കാനും അതിന് സഹായകമാകുന്ന വിധത്തില്‍ കാര്‍ഷിക അഭിവൃദ്ധി ഫണ്ട് രൂപീകരിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിലൂടെ കൂടുതല്‍ നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കുന്നത് സാധ്യമാകും. അതുവഴി നെല്ലുല്‍പാദനം വര്‍ധിപ്പിക്കാനും സാധിക്കും. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2.23 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി വ്യാപിപ്പിക്കാനായിട്ടുണ്ട്. പുതിയ നിയമഭേദഗതിയിലൂടെ ഒരു ലക്ഷത്തിലധികം സ്ഥലത്ത് കൂടുതലായി നെല്‍കൃഷി ആരംഭിക്കാന്‍ സാധിക്കും. ഇതിലൂടെ നെല്‍വയല്‍ സംരക്ഷണത്തിന് പുതുവഴി നിര്‍ദ്ദേശിക്കുക മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിനുള്ള മാര്‍ഗം കണ്ടെത്തുകയുമാണ് ചെയ്യപ്പെടുന്നത്.
അതോടൊപ്പം നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പിലായതിന് ശേഷം സാധാരണക്കാര്‍ നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനും ബില്ലില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തി. അതില്‍ പ്രധാനം നമ്മുടെ റവന്യു രേഖകളുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തെ പല വില്ലേജുകളിലും നിലനില്‍ക്കുന്ന സര്‍വേ റിക്കാര്‍ഡുകള്‍ വളരെയധികം കാലപ്പഴക്കമുള്ളവയാണ്. 1964 ലാണ് സംസ്ഥാനത്ത് ആകെ സര്‍വേ നടത്തി രേഖകള്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇപ്പോഴും അത് പൂര്‍ത്തിയാക്കാനായില്ലെന്നതിന് ഏതെങ്കിലും ഒരു സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. നേരത്തേ സര്‍വേ നടത്തി രേഖകള്‍ കൈമാറിയ വില്ലേജുകളില്‍ ഇക്കാലയളവില്‍ വീണ്ടും ഭൂമിയുടെ കൈമാറ്റവും തുണ്ടുവല്‍ക്കരണവുമൊക്കെ നടന്നുകഴിഞ്ഞുവെന്നതിനാല്‍ ആ വില്ലേജുകളില്‍ പോലും കൃത്യമായ സര്‍വേ റിക്കാര്‍ഡുകളില്ലാത്ത സ്ഥിതിയുണ്ട്. അതിനാല്‍ തന്നെ ദശകങ്ങള്‍ക്ക് മുമ്പ് നികത്തപ്പെട്ട നെല്‍വയലുകള്‍ സര്‍വേ രേഖകള്‍ പ്രകാരം ഇപ്പോഴും നിലമായോ വയലുകളായോ കിടക്കുന്നത് പാവപ്പെട്ടവര്‍ക്ക് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. അത്തരം പ്രശ്‌നങ്ങള്‍ക്ക് ബില്ലില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. അത്തരക്കാര്‍ക്കുള്‍പ്പെടെ സഹായകമാകുന്നതാണ് പ്രസ്തുത ഭേദഗതി. 120 ചതുരശ്ര മീറ്റര്‍വരെ വലിപ്പമുള്ള വീടുപണിയുന്നതിന് മാത്രമേ ഇളവ് നല്‍കൂ. അതുപോലെ അഞ്ചു സെന്റില്‍ 40 ചതുരശ്രമീറ്ററില്‍ അധികരിക്കാത്ത കെട്ടിടം പണിയാനും തടസമുണ്ടാകില്ല. 2008 ന് മുമ്പ് നികത്തപ്പെട്ടതാണെന്ന് കേരള റിമോട്ട് സെന്‍സിങ് എന്‍വയണ്‍മെന്റ് സെന്‍ററിന്‍റെ സഹായത്തോടെ വ്യക്തമാകുന്ന ഭൂമിക്കുമാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ. അതില്‍ കൂടുതല്‍ ഭൂമി റവന്യു റിക്കാര്‍ഡുകളില്‍ മാറ്റം വരുത്തി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണമെങ്കില്‍ ഫീസ് ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.
നേരത്തേ നികത്തപ്പെട്ടതായി ബോധ്യപ്പെടുന്ന ഭൂമിയാണെങ്കിലും റവന്യു രേഖകളില്‍ തിരുത്തല്‍ വരുത്തണമെങ്കില്‍ തൊട്ടടുത്തുള്ള വയലുകളുടെ ജലനിര്‍ഗമനമാര്‍ഗങ്ങള്‍ക്ക് വിഘാതമുണ്ടാകരുതെന്നും പത്തുശതമാനമെങ്കിലും ഭൂമി അതിനായി മാറ്റിവയ്ക്കണമെന്നുമുള്ള വ്യവസ്ഥയും നെല്‍വയലുകള്‍ നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മണിബില്ലിന്‍റെ ഭാഗമാക്കി ഭേദഗതി കൊണ്ടുവരികയും 2008 ന് മുമ്പ് നികത്തിയതെന്ന പേരില്‍ നെല്‍വയലുകള്‍ പരിവര്‍ത്തനം ചെയ്യുന്നതിന് അനുമതി നല്‍കുന്നതിന് വഴിയൊരുക്കുകയും ചെയ്തത് ആരും മറന്നിട്ടില്ല. അത്തരക്കാരാണ് ഇപ്പോള്‍ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. അന്നത്തെ ഭേദഗതിയുടെ ഫലമായി സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലധികം അപേക്ഷകളാണ് തരംമാറ്റത്തിനായി ലഭിച്ചത്. അതില്‍ 56 അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പിച്ച് ക്രമവല്‍ക്കരിക്കപ്പെട്ടത് 26.79 ഹെക്ടര്‍ ഭൂമിയാണ്. ശരാശരിയെടുത്താല്‍ ഓരോ കേസിലും ഒരേക്കറിലധികം തരംമാറ്റപ്പെട്ടുവെന്നര്‍ഥം. എല്‍ഡിഎഫ് അധികാരത്തിലെത്തി ആ ഉത്തരവ് റദ്ദാക്കിയതിനാലാണ് അവശേഷിക്കുന്ന ഒന്നര ലക്ഷത്തോളം അപേക്ഷകളില്‍ തീര്‍പ്പാകാതിരുന്നത്. തീര്‍പ്പാക്കിയ 56 അപേക്ഷകളുമായി താരതമ്യം ചെയ്താല്‍ ഒന്നര ലക്ഷത്തിലധികം ഏക്കര്‍ നെല്‍വയല്‍ നികന്നുപോകുമായിരുന്നു. നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി മണിബില്ലിന്‍റെ ഭാഗമായി ഭേദഗതി കൊണ്ടുവന്ന് വയല്‍ നികത്തുന്നതിന് ഉപാധികളോ പരിരക്ഷകളോ നിശ്ചയിക്കാതെ അവസരം നല്‍കിയവരായിരുന്നു യുഡിഎഫുകാര്‍. എന്നാല്‍ ഇപ്പോഴത്തെ നിയമഭേദഗതി അത്തരം നടപടികള്‍ അസാധ്യമാക്കുകയാണ്.

കേരളത്തിന്‍റെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഭൂസംരക്ഷണത്തിനുമുള്ള സുപ്രധാന നിയമനിര്‍മാണങ്ങളെല്ലാം കമ്മ്യൂണിസ്റ്റ് – ഇടതുപക്ഷ സര്‍ക്കാരുകളാണ് നടപ്പിലാക്കിയത്. അക്കാര്യം വിസ്മരിച്ച് ഇപ്പോഴത്തെ നിയമഭേദഗതിയെ ചിലര്‍ കുറ്റപ്പെടുത്തുന്നുണ്ട്. അവര്‍ വസ്തുതകള്‍ പൂര്‍ണമായി മനസിലാക്കിയെന്ന് തോന്നുന്നില്ല. 2008 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ നിയമത്തെ കൂടുതല്‍ ശക്തമാക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഏത് നിയമവും ദുരുപയോഗം ചെയ്യാനുള്ള പഴുതുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് തടയിടുകയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.