Tuesday
22 Jan 2019

രാമക്ഷേത്ര മുറവിളിയെന്ന രാഷ്ട്രീയ തീക്കളി

By: Web Desk | Friday 2 November 2018 10:12 PM IST

പൊതുതെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാമക്ഷേത്ര നിര്‍മാണത്തിനുവേണ്ടിയുള്ള മുറവിളി കരുത്താര്‍ജിക്കുന്നത് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പതിവു കാഴ്ചയാണ്. ഇത്തവണയും പതിവുതെറ്റിയിട്ടില്ലെന്നു മാത്രമല്ല ആര്‍എസ്എസ്, സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ആക്രോശങ്ങള്‍ക്ക് മൂര്‍ച്ചയേറിയിരിക്കുന്നു. 1992 മാതൃകയില്‍ അേയാധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുടെ പ്രഖ്യാപനം വെള്ളിയാഴ്ച പുറത്തുവരികയുണ്ടായി. ഹിന്ദുക്കള്‍ ഏറെക്കാലം കാത്തിരുന്നു, ഇനി അനന്തമായ കാത്തിരിപ്പ് പറ്റില്ല, ഹിന്ദുക്കളെ സംബന്ധിച്ച് രാമക്ഷേത്രം വൈകാരിക പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ സുപ്രിംകോടതി തര്‍ക്കവിഷയത്തില്‍ തീര്‍പ്പുകല്‍പിക്കണം. എന്നിങ്ങനെ പോകുന്നു ജോഷിയുടെ വാദം. ആര്‍എസ്എസ് അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിനെ തുടര്‍ന്നായിരുന്നു ജോഷിയുടെ പ്രഖ്യാപനം. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ നരേന്ദ്ര മോഡി സര്‍ക്കാരിനോട് രാമക്ഷേത്ര വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടതിനുശേഷമാണ് ജനകീയ സമരത്തെക്കുറിച്ചുള്ള ഭയ്യാജി ജോഷിയുടെ ഭീഷണി. കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി ഒരുമാസത്തിനുശേഷം അന്നത്തെ നരസിംഹറാവു ഗവണ്‍മെന്റ് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എസ് ബി ചവാന്‍ പാര്‍ലമെന്റില്‍ ഒരു ബില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. തര്‍ക്കവിഷയമായ 2.77 ഏക്കറടക്കം 60.77 ഏക്കര്‍ ഏറ്റെടുത്ത് രാമമന്ദിര്‍, മോസ്‌ക്, തീര്‍ഥാടകര്‍ക്കുള്ള സൗകര്യം, ലൈബ്രറി, മ്യൂസിയം എന്നിവ സ്ഥാപിക്കുക വഴി ‘സാമുദായിക മൈത്രി, സാഹോദര്യം എന്നിവ കൈവരിക്കുകയാണ്’ അയോധ്യ ആക്ടിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെയും മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പ് അത്തരം ശ്രമങ്ങളുടെ അന്ത്യം കുറിക്കുകയായിരുന്നു. രാഷ്ട്രീയ ലാക്കോടെ പ്രശ്‌നം എക്കാലത്തേക്കും സജീവമാക്കി നിലനിര്‍ത്തുകയാണ് തല്‍പരകക്ഷികളുടെ ലക്ഷ്യമെന്ന് ഇത് വ്യക്തമാക്കുന്നു.
ഭരണഘടനയുടെ 143-ാം അനുഛേദ പ്രകാരം രാഷ്ട്രപതി ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ അഭിപ്രായം ആരാഞ്ഞിരുന്നു. വിഷയം പരിഗണിച്ച പരമോന്നത കോടതിയുടെ അഞ്ചംഗ ബെഞ്ച് അയോധ്യ ആക്ടിലെ നിര്‍ദേശത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കോടതിയുടെ നിര്‍ദേശം രാഷ്ട്രപതി അംഗീകരിക്കണമെന്നില്ല എന്നതുകൊണ്ടുതന്നെ അക്കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കുന്നതില്‍ നിന്നും സുപ്രിംകോടതി പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ സുപ്രിംകോടതി ഒരുകൂട്ടം ഹര്‍ജികള്‍ ജനുവരി മാസത്തില്‍ പരിഗണിക്കാനിരിക്കെയാണ് 1992 മാതൃകയിലുള്ള ജനകീയ സമര ഭീഷണിയുമായി സംഘ്പരിവാര്‍ രംഗത്തുവന്നിരിക്കുന്നത്. നരേന്ദ്രമോഡി ഭരണകൂടത്തിന്റെ ഭരണകാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് സംഘ്പരിവാറിന്റെ നീക്കം ശ്രദ്ധേയമാകുന്നത്. പരമോന്നത നീതിപീഠത്തെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഭൂരിപക്ഷ മതവിശ്വാസത്തിന്റെയും വൈകാരികതയുടെയും പേരില്‍ സമ്മര്‍ദത്തിലാക്കി പ്രശ്‌നം സജീവമാക്കി നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം. ബിജെപി പ്രസിഡന്റ് അമിത്ഷായും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയും ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. അമിത്ഷാ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച പരമോന്നത കോടതിയുടെ വിധിയെ സംബന്ധിച്ച് കണ്ണൂരില്‍ നടത്തിയ യുദ്ധപ്രഖ്യാപനം ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിനും നിയമനിര്‍മാണത്തിനും മുതിര്‍ന്നാല്‍ തന്നെ അതിന്റെ പ്രായോഗികത ഉയര്‍ത്തുന്ന ചോദ്യം ആര്‍ക്കും അവഗണിക്കാവുന്നതല്ല. അത്തരമൊരു നീക്കം ദേശീയ രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതവും വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഒന്നാക്കിയും മാറ്റും. അതാണ് ആര്‍എസ്എസും ബിജെപിയും സംഘ്പരിവാറും ആഗ്രഹിക്കുന്നത്.
രാം മന്ദിര്‍ നിര്‍മാണമെന്ന ആവശ്യം ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. ഗോമാതാവ്, ഗംഗാമാതാവ്, മുസ്‌ലിം അധിനിവേശം തുടങ്ങി രാജ്യത്ത് കലാപകലുഷിതമായ വൈകാരിക അന്തരീക്ഷം സൃഷ്ടിച്ചുമാത്രമെ നരേന്ദ്രമോഡിക്കും സംഘ്പരിവാറിനും തെരഞ്ഞെടുപ്പില്‍ വിജയിക്കാനും അധികാരത്തില്‍ തുടരാനുമാവു എന്ന് മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നത് അവര്‍ തന്നെയാണ്. അത് വിവിധ രൂപങ്ങളില്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ അത് ശബരിമല ദര്‍ശന അവകാശവുമായി ബന്ധപ്പെട്ട സംഘര്‍ഷ അന്തരീക്ഷമാണ്. വടക്കേ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അതിന്റെ മറ്റൊരു മുഖമാണ്. പൗരത്വം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുന്ന ഉത്തരവാണ് ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. സമാധാനപൂര്‍ണമായ ജനജീവിതത്തെ തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിനുള്ള തീക്കളിക്കാണ് നരേന്ദ്രമോഡിയും സംഘപരിവാറും ഒരുമ്പെട്ടിരിക്കുന്നത്.