Saturday
17 Nov 2018

ആര്‍ബിഐ: മോഡിയുടെ കൈയില്‍ പൊന്മുട്ടയിടുന്ന താറാവായിക്കൂട

By: Web Desk | Thursday 8 November 2018 10:27 PM IST

രാജ്യത്തിന്റെ കേന്ദ്ര ബാങ്കും ബാങ്കിങ്-ധനകാര്യ മേഖലയുടെ സമുന്നത നിയന്താവുമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ അസ്ഥിരീകരിച്ചേക്കാവുന്ന ഭ്രാന്തന്‍ നടപടികള്‍ക്കാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ മുതിര്‍ന്നിരിക്കുന്നത്. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും 3.5 ലക്ഷം കോടി രൂപ ധനമന്ത്രാലയത്തിന് കൈമാറണമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മോഡി സര്‍ക്കാരും ആവശ്യപ്പെട്ടിരിക്കുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആര്‍ബിഐ ആസ്തി-ബാധ്യത പട്ടികയുടെ അടിസ്ഥാനത്തില്‍ കരുതല്‍ നിക്ഷേപം 2.5 ലക്ഷം കോടി രൂപ മാത്രമായിരിക്കെയാണ് അതിനെക്കാള്‍ ഉയര്‍ന്ന തുക തങ്ങള്‍ക്ക് കൈമാറാന്‍ ധനമന്ത്രാലയം ആര്‍ബിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍ബിഐയുടെ സ്വയംഭരണാവകാശത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി കൈകടത്താനും തന്ത്രപ്രധാനമായ ആ സ്ഥാപനത്തെ രാഷ്ട്രീയ മേലാളന്മാരുടെ നിയന്ത്രണത്തിലാക്കാനും നടന്നുവരുന്ന നീക്കം അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. മോഡി ദുര്‍ഭരണത്തില്‍ വമ്പന്‍ കിട്ടാക്കടക്കെണിയില്‍ പെട്ടുഴലുന്ന പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ വിപുലീകരിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഇതര ധനാവശ്യങ്ങള്‍ നിറവേറ്റാനുമാണ് ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തിനുമേല്‍ അവകാശവാദമെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കറന്‍സി നിര്‍മൂലീകരണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ അതിന്റെ നേട്ടങ്ങളെപ്പറ്റി അരുണ്‍ ജെയ്റ്റ്‌ലിയും മോഡി ഭരണകൂടവും നിരത്തുന്ന സാമ്പത്തിക സുസ്ഥിരതയുടെയും പുരോഗതിയുടെയും കപട ചിത്രവും ആര്‍ബിഐക്ക്‌മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദവും തമ്മില്‍ യാതൊരു പൊരുത്തവുമില്ല. കറന്‍സി നിര്‍മൂലീകരണവും ചരക്കുസേവനനികുതിയും വിദേശ മൂലധന നിക്ഷേപവുമൊക്കെ രാഷ്ട്ര സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തിയെങ്കില്‍ ആര്‍ബിഐയുടെയും അതിന്റെ ഗവര്‍ണറുടെയും മേല്‍ അഭൂതപൂര്‍വമായ സമ്മര്‍ദ്ദം ചെലുത്തേണ്ടതിന്റെ ആവശ്യകത എന്തെന്ന് രാജ്യത്തോട് വിശദീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിന് തുനിയാതെയും ആര്‍ബിഐയെ ബോധ്യപ്പെടുത്താതെയും തങ്ങള്‍തന്നെ നാളിതുവരെയുള്ള കീഴ്‌വഴക്കങ്ങളെ അപ്പാടെ അട്ടിമറിച്ച് തല്‍സ്ഥാനത്ത് അവരോധിച്ച ഗവര്‍ണറെ പുകച്ചുപുറത്തു ചാടിക്കാനുള്ള നീക്കം ദുരന്ത സൂചനയാണ് രാഷ്ട്രത്തിനു നല്‍കുന്നത്.

കേന്ദ്രബാങ്കുകളുടെ സ്വയംഭരണാവകാശം ലോകത്തെമ്പാടും രാഷ്ട്ര സമ്പദ്ഘനകളുടെ സാമ്പത്തിക സുസ്ഥിരതയുടെ അടിത്തറയും അവയുടെ കരുതല്‍ ധനശേഖരം ആ സമ്പദ്ഘടനകളിലുള്ള വിപണി വിശ്വാസത്തിന്റെ നെടുംതൂണുമാണ്. ആര്‍ബിഐയുടെ നിലവിലുള്ള 2.5 ലക്ഷം കോടി രൂപയുടെ കരുതല്‍ നിക്ഷേപമാണ് ആഗോള സാമ്പത്തിക സമൂഹത്തില്‍ ആ സ്ഥാപനത്തിന്റെ വിശ്വാസ്യത. അതിനുണ്ടാവുന്ന ക്ഷതം ആഗോളവിപണിയില്‍ ഇന്ത്യയുടെ നിലനില്‍പിന് വെല്ലുവിളിയാകും. 1990 കളില്‍ ആര്‍ബിഐയുടെ കരുതല്‍ ധനശേഖരം ആസ്തിയുടെ 12 ശതമാനമായിരുന്നു. പില്‍ക്കാലത്ത് കേന്ദ്ര ഭരണകൂടവും ആര്‍ബിഐയും പഠനങ്ങളുടെയും സുദീര്‍ഘമായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ആസ്തി കരുതല്‍ ധനശേഖര അനുപാതം ക്രമേണ കുറച്ചുകൊണ്ടുവന്നത്. ഇപ്പോള്‍ അത് ഏതാണ്ട് 6.5 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. സര്‍ക്കാര്‍, കരുതല്‍ നിക്ഷേപത്തിനുമേല്‍ വിവേകശൂന്യമായി താല്‍ക്കാലിക രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യംവച്ച് നടത്തുന്ന കൈകടത്തലുകള്‍ പണപ്പെരുപ്പത്തിനും തല്‍സമയ ബാങ്ക് ഇടപാട് കമ്മിക്കും പണത്തിന്റെ മൂല്യശോഷണത്തിനും വഴിതെളിക്കും. സമ്പദ്ഘടനയില്‍ ഇതേഘടകങ്ങള്‍ നിയന്ത്രിക്കാനാവാതെ ഇരുട്ടില്‍ തപ്പുന്ന മോഡി ഭരണകൂടം സ്വേച്ഛാപരമായ നീക്കത്തില്‍ വിജയിക്കുക എന്നാല്‍ രാജ്യം അനിര്‍വചനീയമായ സാമ്പത്തിക ദുരന്തത്തിലേക്കായിരിക്കും കൂപ്പുകുത്തുക. മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അധികാരമേല്‍ക്കുമ്പോള്‍ ആര്‍ബിഐയുടെ കരുതല്‍ ധനശേഖരം ആസ്തിയുടെ എട്ടു ശതമാനത്തോളമായിരുന്നു. കരുതല്‍ശേഖരത്തിന്റെ ഉയര്‍ന്ന പങ്കിനായി യുപിഎ സര്‍ക്കാര്‍ നിയോഗിച്ച വൈ എച്ച് മാലേഗം കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച് അതിന്റെ പങ്കുവയ്ക്കല്‍ തോത് ഗണ്യമായി ഉയര്‍ത്തി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അത് പ്രതിവര്‍ഷം നാല്‍പത്, അമ്പതിനായിരം കോടി രൂപവരെയായി ഉയര്‍ന്നിരുന്നു. അതാണ് ഇപ്പോള്‍ 3.5 ലക്ഷം കോടിയായി ഉയര്‍ത്തണമെന്ന് മോഡി സര്‍ക്കാര്‍ ശഠിക്കുന്നത്. തങ്ങളുടെ വിനാശകരമായ സാമ്പത്തിക പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ബാധ്യതകള്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തിയാണ് ‘പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍’ മോഡിസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നത്.
അധികാര ദുരമൂത്ത മോഡിസര്‍ക്കാര്‍ രാജ്യത്തിന്റെയും ജനതയുടെയും ഭാവിയെതന്നെ പണയംവച്ചുള്ള ചൂതുകളിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. കറന്‍സി നിര്‍മൂലനത്തിന്റെ മുറിവില്‍ ചോരവാര്‍ന്നുകൊണ്ടിരിക്കുകയാണ് രാജ്യം. അതും ജിഎസ്ടിയും, കൃഷി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഉള്‍പ്പെടുന്ന അനൗപചാരിക സമ്പദ്ഘടനയെ തകര്‍ത്ത് തരിപ്പണമാക്കി. തൊഴിലില്ലായ്മ മഹാവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നു. അവയൊന്നും കണ്ടില്ലെന്ന് നടിച്ച് ആത്മപ്രശംസയില്‍ അഭിരമിക്കുന്ന നരേന്ദ്രമോഡി രാജ്യത്തെ തന്ത്രപ്രാധാന്യമര്‍ഹിക്കുന്ന സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ക്കുകയാണ്. ആ പട്ടികയില്‍ ഏറ്റവും പുതിയ ഇരയായി റിസര്‍വ് ബാങ്ക് മാറിക്കൂട.