Friday
14 Dec 2018

രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം

By: Web Desk | Sunday 7 October 2018 10:22 PM IST

ഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കപ്പെട്ടതോടെ രാജ്യം നിര്‍ണായകമായ ഒരു രാഷ്ട്രീയ പരിണാമ പ്രക്രിയയിലേക്ക് കടക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലായി മൊത്തം 679 അസംബ്ലി നിയോജക മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. അവയുടെ ഫലം ഡിസംബര്‍ 11ന് പുറത്തുവരും. തുടര്‍ന്ന് 2019 ആദ്യ പാദത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് 83 ലോക്‌സഭാംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന ജനവികാരത്തെപ്പറ്റിയുള്ള ആദ്യ സുചകമായിരിക്കും ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ എന്ന് കരുതുന്നതില്‍ തെറ്റില്ല. ഈ സംസ്ഥാനങ്ങളില്‍ മിസോറാമും തെലങ്കാനയും ഒഴികെ മറ്റ് മൂന്നിടത്തും ഭരണത്തിലിരിക്കുന്നത് ബിജെപി ഗവണ്‍മെന്റുകളാണ്. അവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് ആണ് മുഖ്യപ്രതിപക്ഷം. എങ്കിലും ഛത്തീസ്ഗഢിലൊഴികെ മറ്റുരണ്ടിടത്തും കോണ്‍ഗ്രസിന്റെ അംഗബലം തുലോം തുച്ഛമാണ്. താരതമ്യേന മെച്ചപ്പെട്ട അവസ്ഥയുള്ള മധ്യപ്രദേശില്‍പോലും അത് ഭരണകക്ഷിയുടെ അംഗബലത്തിന്റെ മൂന്നിലൊന്നില്‍ താഴെ മാത്രമാണ്. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങൡ കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്ന ഏക സംസ്ഥാനമായ മിസോറാമാകട്ടെ 2019 ലെ പൊതുതെരഞ്ഞെടുപ്പിന്റെ കാഴ്ചപ്പാടില്‍ ഒട്ടും പ്രസക്തി അര്‍ഹിക്കുന്നില്ല. മിസോറാമിന് ലോക്‌സഭയില്‍ ഒരേ ഒരു പ്രതിനിധി മാത്രമാണുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നെന്ന നിലയില്‍ അവിടത്തെ തെരഞ്ഞെടുപ്പു വിജയ-പരാജയങ്ങള്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവും. തെലങ്കാനയില്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ് നിയമസഭ പിരിച്ചുവിട്ടാണ് ടിആര്‍എസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അവിടെ അധികാരത്തില്‍ തിരിച്ചെത്താനുളള അഭിമാനപോരാട്ടമായാണ് ടിആര്‍എസ് തെരഞ്ഞെടുപ്പിനെ കാണുന്നത്.
തെലങ്കാനയും മിസോറാമും ഒഴിച്ച് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നേരിടുന്ന മൂന്നു സംസ്ഥാനങ്ങളിലും ബിജെപി അധികാര രാഷ്ട്രീയത്തില്‍ ആഴത്തില്‍ വേരുണ്ടാക്കിയവയാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി ബിജെപി ഭരണമാണ് തുടര്‍ന്നുവരുന്നത്. രാജസ്ഥാനില്‍ ഒരു ഇടവേള ഒഴിച്ച് കഴിഞ്ഞ പതിനഞ്ചില്‍ പത്തുവര്‍ഷവും ബിജെപിയുടെ വിജയരാജെ സിന്ധ്യയാണ് മുഖ്യമന്ത്രിയായി അധികാരം കയ്യാളുന്നത്. മൂന്നു സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നു. അഴിമതി, സ്വജനപക്ഷപാതം, ആള്‍ക്കൂട്ടക്കൊലപാതകം അടക്കം അക്രമസംഭവങ്ങള്‍, ദളിത്-ആദിവാസി-ന്യൂനപക്ഷ പീഡനങ്ങള്‍ എന്നിവ ഈ സംസ്ഥാനങ്ങളില്‍ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. കാര്‍ഷിക മേഖല അപ്പാടെ അസ്വസ്ഥവും പ്രക്ഷോഭഭരിതവുമാണ്. ജനകീയ രോഷത്തെയും ചെറുത്തുനില്‍പുകളെയും ഫലപ്രദമായി സമന്വയിപ്പിക്കുന്നതിനും അവയെ രാഷ്ട്രീയമായി ആവിഷ്‌കരിക്കുന്നതിനും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുപോലുമില്ലെന്ന് പറയുന്നതാവും ശരി. രാജ്യത്താകെ മോഡിഭരണകൂടത്തിനും ബിജെപിക്കുമെതിരെ വളര്‍ന്നുവന്നിരിക്കുന്ന ജനരോഷം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിനപ്പുറം ശിഥിലമായ പ്രതിപക്ഷ രാഷ്ട്രീയത്തെ ഏകോപിപ്പിച്ച് ഒരു ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ആത്മാര്‍ഥമായ ശ്രമങ്ങള്‍ യാതൊന്നും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപിയും സംഘ്പരിവാറും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും ജനങ്ങളുടെ സാമ്പത്തിക നിലനില്‍പിനും നേരെ ഉയര്‍ത്തുന്നത് അഭൂതപൂര്‍വമായ വെല്ലുവിളിയാണ്. അതിന്റെ വ്യാപ്തിയും ആഴവും മുഖ്യപ്രതിപക്ഷ പാര്‍ട്ടി ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന അമ്പരപ്പിക്കുന്ന ചോദ്യമാണ് പ്രതിപക്ഷ പാര്‍ട്ടികളടെ യോജിച്ച ചെറുത്തുനില്‍പ് എന്ന ആശയത്തോട് അവര്‍ അവലംബിക്കുന്ന നിസംഗത മറുപടി നല്‍കേണ്ടത്.

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി പ്രഖ്യാപിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടുന്ന അഞ്ച് സംസ്ഥാനങ്ങളുടെ മൊത്തം ലോക്‌സഭാ പ്രാതിനിധ്യത്തിനു തുല്യമായ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ തങ്ങളുടെ സഖ്യശക്തിയാവേണ്ട ബിഎസ്പിയെ കൈവിട്ടുള്ള കളിക്ക് തങ്ങള്‍ തയാറല്ലെന്ന് എസ്പിയുടെ അഖിലേഷ് യാദവും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ മൂന്നു സംസ്ഥാനങ്ങളിലും നിലമെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കാം എന്ന് വാദത്തിന് അംഗീകരിച്ചാല്‍പോലും ദേശീയതലത്തില്‍ ആര്‍എസ്എസ്-ബിജെപി-സംഘ്പരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ ചെറുക്കാന്‍ അതുകൊണ്ടുമാത്രമാവില്ല. രാജ്യത്തിനാകെ ബാധകമാകുന്ന വിശാല സഖ്യമെന്ന ലക്ഷ്യത്തിന്റെ പ്രായോഗികതയും സംശയകരമാണ്. എന്നാല്‍ മുഖ്യവിപത്തിനെതിരെ ഒരു പൊതുവേദി എന്ന ആശയം അവഗണിക്കപ്പെടുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല.