Wednesday
23 Jan 2019

വൈകല്യമുള്ള തലമുറകള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം

By: Web Desk | Monday 14 May 2018 10:09 PM IST

കേരളത്തിന്‍റെ സാമൂഹ്യബോധത്തിനും കുടുംബസങ്കല്‍പങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവരുന്ന അക്രമവാര്‍ത്തകള്‍ അവയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ബാലപീഡന സംഭവങ്ങളില്‍ ഉണ്ടായ അലംഭാവവും വീഴ്ചയുമാകട്ടെ ഇവ നിയന്ത്രിക്കേണ്ട സ്ഥാപനങ്ങളെക്കുറിച്ച് സംശയം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

എടപ്പാളിലെ സിനിമാതിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവം ഇവിടെ നടക്കുന്ന ബാലപീഡനങ്ങളുടെ അറിയപ്പെടാത്ത അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട ലൈംഗികാതിക്രമം മനുഷ്യസ്‌നേഹികളെ ഞെട്ടിക്കുന്നതാണ്. കുട്ടിയെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നതില്‍ സ്വന്തം മാതാവ് തന്നെ കൂട്ടുനില്‍ക്കുന്നു എന്നത് അതിനേക്കാള്‍ ഭയാനകമാണ്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിക്കുന്നതെന്തുകൊണ്ട് എന്നതിന് തൃപ്തികരമായ വിശദീകരണം നല്‍കാനോ പരിഹാരം നിര്‍ദ്ദേശിക്കാനോ ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിയാതെ പോകുന്നുമുണ്ട്. എടപ്പാള്‍ സംഭവത്തില്‍ യഥാസമയം വിവരം പൊലീസിനെ അറിയിച്ചിട്ടും അവ വേണ്ടത്ര ഗൗരവത്തോടെ എടുക്കാനോ നടപടിയിലേക്ക് അതിവേഗം നീങ്ങാനോ ക്രമസമാധാനപാലകര്‍ എന്ന നിലയില്‍ ശ്രമിക്കാതിരുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇവിടെ നടക്കുന്ന ലൈംഗികാതിക്രമക്കേസുകളില്‍ പലപ്പോഴും സംഭവിക്കുന്നത് ഇത് തന്നെയാണ്. അന്വേഷണത്തിലെ കാലതാമസം, അനാസ്ഥ, എഫ്‌ഐആര്‍ എഴുതുന്നതില്‍ കാണിക്കുന്ന അശ്രദ്ധ, തിരിമറി ഇതെല്ലാം കാരണം കുറ്റവാളികള്‍ രക്ഷപ്പെടുന്നു. കൂടുതല്‍ കുറ്റകൃത്യം ചെയ്യാന്‍ അവര്‍ക്കിത് ധൈര്യം നല്‍കുന്നു. എടപ്പാള്‍ സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസ് സംഘത്തെ മാതൃകാപരമായി കടുത്ത ശിക്ഷ നല്‍കാത്ത പക്ഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. മലപ്പുറത്ത് ബന്ധുവിന്‍റെ പീഡനത്തെ തുടര്‍ന്ന് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ ബന്ധുക്കള്‍തന്നെ കടത്തിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കാന്‍ ധൈര്യം കാട്ടിയത് ബന്ധപ്പെട്ടവരുടെ ഒത്താശയോടെയല്ലാതെ മറ്റെങ്ങനെയാണ്? പീഡകരായ പ്രമാണിമാര്‍ക്കുവേണ്ടി ക്രമസമാധാനപാലകരും നീതി ഉറപ്പാക്കേണ്ടവരും പ്രവര്‍ത്തിക്കാന്‍ ഒരുങ്ങിയാല്‍ അവരെ ശിക്ഷിച്ച് മാതൃക കാണിക്കുമ്പോള്‍ മറ്റൊരാള്‍ ഇതിന് തുനിയാന്‍ ധൈര്യം കാണിക്കില്ല. ഇതുറപ്പാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ ശക്തമായ ഇടപെടല്‍ നടത്തണം.
പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരെ ലൈംഗിക പീഡനം നടക്കുമ്പോള്‍ കര്‍ക്കശമായ നിലപാടെടുക്കാതെ വീഴ്ചവരുത്തുന്നത് നാടിന് ഭൂഷണമല്ല. അതേസമയം സാമൂഹിക ഉത്തരവാദിത്തത്തില്‍ നിന്ന് കേരളീയര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാകില്ല. ഇന്ന് ഈ സംഭവങ്ങളില്‍ നാം നേരിടുന്ന വിഷമവൃത്തത്തില്‍ നിന്നും പുറത്തുകടക്കാന്‍ നമുക്കും ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതുണ്ട്.

ജീവിതസൂചികയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തില്‍ ദാരിദ്ര്യമെന്നത് ആപേക്ഷികം മാത്രമാണ്. സാമാന്യ ജീവിതനിലവാരം ഭൂരിപക്ഷത്തിന് ലഭിക്കുമ്പോള്‍ നമുക്കുണ്ടാകേണ്ട ബൗദ്ധിക ഭൗതികസാക്ഷരത ഇല്ലാതെ പോയി എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ആഗോളവല്‍ക്കരണകാലത്തെ കേരളീയ സമൂഹത്തെ ഉപഭോക്തൃസംസ്‌കാരം അടക്കിവാഴുന്നു എന്ന യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഉദാരവല്‍ക്കരണനയം നടപ്പിലാക്കപ്പെടുമ്പോള്‍ മൂല്യങ്ങളും വെറും ഉല്‍പന്നമാകുന്ന അവസ്ഥയാണിന്ന് നമുക്ക് ചുറ്റും. ഭോഗാസക്തിയും ആഡംബരഭ്രമവും നമ്മുടെ കുടുംബാന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന ശൈഥില്യം മാനുഷിക ബന്ധങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നു. പൊതുഇടവും തൊഴിലിടവും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വീട്ടകങ്ങള്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇതിന്‍റെയൊക്കെ ഫലമായി സുരക്ഷിതമല്ലാതായത് നിസാരമല്ല. അമ്മ സ്വന്തം മകളെ അച്ഛന്റെയോ ബന്ധുവിന്റേയോ, സുഹൃത്തിന്റേയോ ലൈംഗിക സുഖത്തിന് കാഴ്ചവയ്ക്കുന്ന മാനസികാവസ്ഥ ആഗോളവല്‍ക്കരണം സമ്മാനിച്ച ധര്‍മച്യുതിയുടെ അനന്തര ഫലം തന്നെയാണ്. പുരുഷാധിപത്യ സമൂഹത്തില്‍ ജനാധിപത്യം പുലരാത്ത കുടുംബങ്ങളില്‍ അരക്ഷിതരാകുന്ന സ്ത്രീകളും കുട്ടികളുമാണുള്ളത്.

ഇവരുടെ സുരക്ഷ ഉറപ്പാക്കാനും പരിഷ്‌കൃത സമൂഹത്തിന്‍റെ സാംസ്‌കാരിക നിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്താനും എല്ലാവരും ഒത്തുശ്രമിക്കേണ്ടതുണ്ട്. ഭരണകൂടം അവരുടെ പങ്ക് സ്തുത്യഹര്‍മായി നിര്‍വഹിക്കുകയും സമൂഹത്തിന്‍റെ പൊതുബോധം ആ തലത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തില്ലെങ്കില്‍ നാടിന്‍റെ ഭാവി ഇരുളടഞ്ഞതാകും. ലൈംഗികാതിക്രമം നേരിടുന്ന കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ മാനസിക ശാരീരിക വൈകല്യമുള്ള തലമുറയായി ഇല്ലെങ്കില്‍ മാറും. അത് തടഞ്ഞേ മതിയാകൂ!