Friday
14 Dec 2018

മലപ്പുറത്തിന്‍റെ സന്ദേശം

By: Web Desk | Monday 5 March 2018 10:14 PM IST

രുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം മലപ്പുറത്ത് അക്ഷരാര്‍ഥത്തില്‍ പ്രൗഢോജ്വലമായി സമാപിച്ചു. നിലവിലുള്ള രാഷ്ട്രീയ – സാമൂഹ്യ സാഹചര്യങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളുടെ പ്രസക്തിയും ശക്തിയും ഒന്നുകൂടി വര്‍ധിപ്പിച്ചുകൊണ്ടാണ് സമ്മേളനത്തിന് സമാപ്തിയായത്.

രാജ്യം ഭരിക്കുന്ന മോഡി സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ മതേതര ജനാധിപത്യ ശക്തികളുടെ വിശാല വേദി വളര്‍ത്തിയെടുക്കണമെന്ന അടിസ്ഥാന രാഷ്ട്രീയ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ കേരളത്തിലെ പാര്‍ട്ടി ഘടകത്തിന് നിര്‍ണായകമായ പങ്കാണ് വഹിക്കാനുള്ളതെന്ന ബോധ്യം സമ്മേളനം ഊട്ടിയുറപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രത്യേകമായി പരിഗണിക്കുമ്പോള്‍ അത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ കൂടുതല്‍ വിപുലപ്പെടുത്തുകയെന്നതുതന്നെയാണ്. ജനകീയാവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള സമരങ്ങളും ജനപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന, വികസനോന്മുഖവും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നതി ലക്ഷ്യമാക്കിയുമുള്ള ഭരണ നടപടികളുമാണ് അടിത്തറ വിപുലീകരണത്തിനുള്ള ആത്യന്തിക മാര്‍ഗമായി സ്വീകരിക്കേണ്ടതെന്ന നിലപാടാണ് സമ്മേളനം ആവര്‍ത്തിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച പ്രകടന പത്രിക എല്‍ഡിഎഫ് ലക്ഷ്യം വയ്ക്കുന്ന ജനപക്ഷ വികസനത്തിന്‍റെ മാഗ്നാകാര്‍ട്ടയാണ്. അതില്‍ ഉറച്ചുനിന്ന് മുന്നോട്ടുപോയാല്‍ തന്നെ പുറത്തുനില്‍ക്കുന്ന വിഭാഗത്തിന്റെ വിശ്വാസമാര്‍ജിക്കാനും അവരെ ഇടതുപക്ഷത്തേയ്ക്ക് എത്തിക്കാനും സാധിക്കും.

മറിച്ച് അതിന് കുറുക്കുവഴികള്‍ തേടുന്നത് ജനവിശ്വാസത്തിന് പോറലേല്‍പ്പിക്കുവാന്‍ മാത്രമേ ഉപകരിക്കൂ. നിലപാടുകളോട് സന്ധിചെയ്യുന്നത് എല്‍ഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുകയേയുള്ളൂ. ജനകീയാടിത്തറ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാനം മുന്നണിയുടെ വിശ്വാസ്യത നിലനിര്‍ത്തുകയെന്നതാണ്. അതില്‍ വന്‍അഴിമതി അടക്കമുള്ള വിഷയങ്ങളിലുള്‍പ്പെടെ വെള്ളം ചേര്‍ക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടാകുമ്പോള്‍ അത് ജനങ്ങളുടെ സംശയം വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നതെന്നും ഭരണനേതൃത്വത്തിലുള്ള വിശ്വാസ്യത കൂടി ഇല്ലാതാക്കുന്നുണ്ടെന്നും തിരിച്ചറിയാനാകണമെന്ന ജാഗ്രതാ നിര്‍ദ്ദേശവും സമ്മേളനം മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഇന്ത്യയ്ക്കാകെ മാതൃകയായി സുശക്തമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലനില്‍ക്കുന്നതും ബദല്‍ ഭരണനയങ്ങള്‍ പിന്തുടരുന്നതുമായ സംസ്ഥാനമെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ വളരെയധികമാണെന്ന തിരിച്ചറിവ് സ്വയം ഏറ്റെടുക്കുമ്പോള്‍തന്നെ അതിന് മുന്നണിയിലെ മറ്റു കക്ഷികളെക്കൂടി പ്രാപ്തമാക്കുകയെന്ന ഉത്തരവാദിത്തവുമുണ്ടെന്ന പ്രഖ്യാപനം കൂടി നടത്തിയാണ് മലപ്പുറം സമ്മേളനം പൂര്‍ത്തിയായിരിക്കുന്നത്.

സമ്മേളനത്തെ കേരളീയരാകെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയതെന്നത് പാര്‍ട്ടിയോട് ജനങ്ങള്‍ക്കുള്ള ആഭിമുഖ്യത്തിന്‍റെ തെളിവാണ്. സിപിഐ സ്വീകരിക്കുന്ന വ്യക്തമായ രാഷ്ട്രീയ നിലപാടുകളോടും ആദര്‍ശനിഷ്ഠയോടുമുള്ള ആഭിമുഖ്യമാണത്. പത്ര – ദൃശ്യ – സമൂഹ മാധ്യമങ്ങളില്‍ സമ്മേളനത്തിന് ലഭിച്ച പ്രചാരണം അതിന്റെ വിപരീത വാര്‍ത്തകളെ മാറ്റിവച്ചാല്‍ സിപിഐയുടെ പ്രാധാന്യം വര്‍ധിച്ചുവെന്നതാണ് വ്യക്തമാക്കുന്നത്. സമ്മേളനവാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഔത്സുക്യം കാട്ടുന്നത് അവരുടെ റേറ്റിങ്ങുമായി ബന്ധപ്പെട്ടാണെന്നത് വിസ്മരിക്കുന്നില്ല. സിപിഐയുടെ നിലപാടുകള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നുവെന്നതുകൊണ്ടാണ് അത്തരത്തില്‍ മാധ്യമങ്ങള്‍ സമ്മേളനത്തെ ജനങ്ങളിലെത്തിക്കുന്നതിന് മത്സരിച്ചതെന്നതാണ് യാഥാര്‍ഥ്യം. അതിനിടയില്‍ പാര്‍ട്ടിയുടെ എതിരാളികളെയും തങ്ങളുടെ ചാനലുകള്‍ക്കുമുന്നിലും വായനാപരിസരത്തുമെത്തിച്ച് റേറ്റിങ് വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന വ്യാപാര തന്ത്രമാണ് വിപരീത വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കിയതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ രീതികളും സമ്മേളന നടപടിക്രമങ്ങളും അറിയുന്നവരൊന്നും വിശ്വസിക്കാത്ത പ്രചരണങ്ങള്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായത് അതുകൊണ്ടാണ്.
ആശയപരമായും നിലപാടുകള്‍ സംബന്ധിച്ചും വിഭിന്ന അഭിപ്രായങ്ങളുണ്ടാകുകയെന്നത് മാനവരാശിയുടെ തുടക്കം മുതലുണ്ടായ കാര്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആശയപരമായ ശക്തി നിലക്കൊള്ളുന്നത് അതിന്‍റെ യോഗങ്ങളിലും സമ്മേളനങ്ങളിലും നടക്കുന്ന ഉള്‍പാര്‍ട്ടി ചര്‍ച്ചകളുടെയും വിമര്‍ശന സ്വയം വിമര്‍ശനങ്ങളുടെയും അടിത്തറയിലാണ്. മനുഷ്യരുടെ പ്രസ്ഥാനമെന്ന നിലയില്‍ അവിടെ അഭിപ്രായ ഭിന്നതകള്‍ നിരവധിയുണ്ടായിട്ടുണ്ട്. അവയ്‌ക്കെല്ലാമവസാനം ജനാധിപത്യ കേന്ദ്രീകൃത സംവിധാനത്തിലൂടെ ഒരു നിലപാട് സ്വീകരിക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും പ്രവര്‍ത്തന പഥങ്ങളിലിറങ്ങുകയുമെന്നതാണ് സംഘടനാ രീതി. ബ്രാഞ്ചുതലം മുതല്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് സംസ്ഥാന സമ്മേളനങ്ങളും ദേശീയമായി പാര്‍ട്ടി കോണ്‍ഗ്രസും വരെയുള്ള ഉന്നത ഘടകങ്ങള്‍വരെ പിന്തുടര്‍ന്നുപോരുന്ന ആ കമ്മ്യൂണിസ്റ്റ് രീതി പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും തീരുമാനങ്ങളുമാണ് മലപ്പുറം സമ്മേളനത്തിലുമുണ്ടായത്.
അതേസമയം റേറ്റിങ് വര്‍ധിപ്പിക്കുന്നതിന് കെട്ടുകഥകളും കുപ്രചരണങ്ങളും മെനഞ്ഞ മാധ്യമങ്ങളെ മനസിലാക്കാന്‍ പ്രയാസമില്ല. പൊട്ടിത്തെറിയെന്നും പ്രക്ഷുബ്ധമെന്നും മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ കേട്ട് ആനന്ദിച്ചവരെയും എന്തെല്ലാമോ സ്വപ്‌നങ്ങള്‍ കണ്ടവരെയും ഏകകണ്ഠമായ തീരുമാനങ്ങളുമായി സമ്മേളനം സമാപിച്ചുവെന്ന വാര്‍ത്ത വല്ലാതെ നിരാശപ്പെടുത്തിയിരിക്കുമെന്നുറപ്പാണ്. അങ്ങനെ സ്വപ്‌നം കണ്ടവരിലും ചാനല്‍ ചര്‍ച്ചകളില്‍ എരിവും പുളിവും നല്‍കിയവരിലും ശത്രുപക്ഷത്തുള്ളവര്‍ക്കൊപ്പം ചില മിത്രങ്ങളും കസേരയിട്ടിരുന്നുവെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. രാഷ്ട്രീയക്കാര്‍ എല്ലാവരും ഒരുപോലെയാണെന്ന് വരുത്താനുള്ള അരാഷ്ട്രീയവാദികള്‍ക്കും കച്ചവട കുബുദ്ധികള്‍ക്കും വശംവദരരായി സിപിഐ ഉള്‍പ്പെടെ ആരും വേറിട്ട് നില്‍ക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാനുണ്ടായ ശ്രമത്തില്‍ രാഷ്ട്രീയ ചിന്തകരും ഉള്‍പ്പെട്ടുവെന്നതും അതിശയപ്പെടുത്തുന്നതാണ്.

സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടിയിലേയ്ക്ക് ആളുകള്‍ കടന്നുവരുന്നത് സിപിഐയുടെ നിലപാടുകളോടും ആശയത്തോടുമുള്ള ആഭിമുഖ്യം ജനങ്ങളില്‍ വര്‍ധിച്ചുവരുന്നുവെന്നതിന്റെ തെളിവാണ്. അങ്ങനെ കുറച്ചധികം പേര്‍ കടന്നുവന്ന ജില്ലയാണ് മലപ്പുറം. എല്ലാ മേഖലകളിലും പാര്‍ട്ടിഘടകങ്ങളുണ്ടാക്കാനായിട്ടുമുണ്ട്. എന്നാല്‍ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ സംഘടനാശേഷിയില്‍ പിന്നിലാണ് മലപ്പുറം. പ്രസ്തുത ജില്ലയില്‍ സംസ്ഥാനസമ്മേളനം പോലുള്ള ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാനായത് പാര്‍ട്ടി അടിത്തറ വിപുലപ്പെട്ട പശ്ചാത്തലത്തിലാണെങ്കിലും അത് വന്‍ വിജയമാക്കാന്‍ സാധിച്ചത് മലപ്പുറത്തെ ജനങ്ങള്‍ നല്‍കിയ നിര്‍ലോഭമായ സഹായങ്ങള്‍കൊണ്ടുകൂടിയാണ്.
ഭാരതപ്പുഴയ്ക്കപ്പുറം തീരെ ദുര്‍ബലമായിരുന്ന എല്ലാ ജില്ലകളിലും മുന്നേറ്റം നടത്താന്‍ പാര്‍ട്ടിക്കു സാധിച്ചുവെന്നതിന്‍റെ തെളിവായിരുന്നു സമ്മേളന സമാപന ദിവസം നടന്ന ചുവപ്പ് സേനാമാര്‍ച്ച്. പതിനായിരക്കണക്കിന് ചുവപ്പ് വളണ്ടിയര്‍മാരും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പതിനായിരങ്ങളും സിപിഐ എന്ന പ്രസ്ഥാനത്തിന്‍റെ അടിത്തറ വിപുലപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിന്‍റെ വ്യക്തമായ സൂചന തന്നെയാണ് നല്‍കിയത്.
ബഹുജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്നുകൊണ്ട് ഇനിയും മുന്നേറാനാകണമെന്നും പാര്‍ട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ജനകീയാടിത്തറ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ വിപുലമാക്കണമെന്നുമാണ് മലപ്പുറം സമ്മേളനം നല്‍കുന്ന സന്ദേശം.