Saturday
23 Jun 2018

ഗൗരി ലങ്കേഷ് കൊലപാതകം നല്‍കുന്ന മുന്നറിയിപ്പ്

By: Web Desk | Thursday 7 September 2017 1:39 AM IST

ര്‍ണാടകത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ വധം വിയോജിക്കാനും എതിര്‍ക്കാനുമുള്ള മനുഷ്യന്റെ മൗലിക ജനാധിപത്യ അവകാശത്തിനു നേരെ രാജ്യത്ത് വളര്‍ന്നുവരുന്ന അക്രമ പരമ്പരകളുടെ പട്ടികയില്‍ ഏറ്റവും പുതിയതാണ്. മഹാരാഷ്ട്രയില്‍ നരേന്ദ്ര ധാബോല്‍ക്കര്‍ക്കും ഗോവിന്ദ് പന്‍സാരെക്കും കര്‍ണാടകയില്‍ എം എം കല്‍ബുര്‍ഗിക്കും ഉണ്ടായ സമാനമായ അന്ത്യത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ഒരു ജനതയെ ഗൗരി ലങ്കേഷിന്റെ വധം ഞെട്ടിപ്പിച്ചിട്ടുണ്ടാവില്ല. എന്നാല്‍ രാജ്യത്തെ ചിന്താശേഷിയും പ്രതികരണശേഷിയും നഷ്ടപ്പെട്ടിട്ടില്ലാത്ത വലിയൊരു വിഭാഗത്തിന്റെ രോഷം ആ ദുരന്ത സംഭവം ക്ഷണിച്ചുവരുത്തി. മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരുമടക്കം ആയിരങ്ങളാണ് രാജ്യത്തുടനീളം പ്രതിഷേധത്തിലും ദുഃഖാചരണത്തിലും അണിനിരന്നത്. സംഭവത്തില്‍ കര്‍ണാടക പൊലീസിലെ ഒരു ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അനേ്വഷണ സംഘത്തെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തെപ്പറ്റി സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയതായും വാര്‍ത്തയുണ്ട്. അനേ്വഷണം എത്രയുംവേഗം കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് നമുക്ക് ആശിക്കാം. കൊലപാതകത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിയടക്കം ബിജെപി നേതാക്കളില്‍ നിന്നും ഉണ്ടായ അഭിപ്രായ പ്രകടനങ്ങളും ഗൗരിയെ സംബന്ധിച്ച് ട്വിറ്റര്‍ അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ട്രോളുകളും സാമാന്യബോധമുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഒരു പ്രമുഖ പത്രപ്രവര്‍ത്തകയെ, അതും സമൂഹം ഏറെ ആദരിക്കുന്ന വനിതയെ, കൊല ചെയ്ത സംഭവം വിദേ്വഷ പ്രചാരണത്തിനുള്ള അവസരമാക്കി മാറ്റുന്നവരെ മനുഷ്യഗണത്തില്‍പ്പെടുത്തി കാണാനാവില്ല. മുമ്പ് പ്രമുഖ സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന അനന്തമൂര്‍ത്തിയുടെ മരണത്തില്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം രേഖപ്പെടുത്തിയ വര്‍ഗീയവാദശക്തികള്‍ തന്നെയാണ് പുതിയ വിദേ്വഷ പ്രചരണത്തിന് പിന്നിലെന്ന് പറയാന്‍ യാതൊരു അനേ്വഷണത്തിന്റെയും ആവശ്യമില്ല. അത്തരക്കാര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുടരുന്നവരാണെന്ന വെളിപ്പെടുത്തല്‍ രാജ്യത്തിന്റെ ഗതികെട്ട അവസ്ഥയെയാണ് സാക്ഷ്യപ്പെടുത്തുന്നത്.
ഭൂരിപക്ഷ വര്‍ഗീയതയുടെയും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അസഹിഷ്ണുതയിലും അധിഷ്ഠിതമായ ഹിന്ദുത്വപ്രത്യയ ശാസ്ത്രത്തിന്റെയും രൂക്ഷ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. തന്റെ വാരികയിലൂടെയും പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയും അവര്‍ അത് തുറന്നു പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മറവില്‍ അരങ്ങേറുന്ന അക്രമങ്ങളെയും അഴിമതികളെയും ഉന്മൂലനങ്ങളെയും അവര്‍ ധീരമായി വിമര്‍ശിച്ചു. പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ നടന്ന എല്ലാ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലും അവര്‍ മുന്നണിയില്‍ നിലകൊണ്ടു. കല്‍ബുര്‍ഗി, പന്‍സാരെ, ധാബോല്‍ക്കര്‍ എന്നിവരുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അവര്‍ നിര്‍ഭയം തുറന്നുകാട്ടാന്‍ ശ്രമിച്ചു. അനേ്വഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ അവര്‍ നിശിതമായി വിമര്‍ശിച്ചു. ദളിതര്‍ക്കും പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എതിരായ അതിക്രമങ്ങളെ അപലപിച്ച അവര്‍ ആ ജനവിഭാഗങ്ങളുടെ സമരങ്ങളെയും അതിന്റെ നേതാക്കളെയും തുറന്നു പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാവോയിസ്റ്റുകളടക്കം ഇടതു തീവ്രവാദത്തിന്റെ പാത തിരഞ്ഞെടുത്തവരെ മുഖ്യധാരാ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള യത്‌നത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അത് സ്വാഭാവികമായും പ്രതിലോമ ശക്തികളെ രോഷാകുലരാക്കിയിരുന്നു. നിയമമടക്കം പല വഴികളിലും അവര്‍ക്ക് തടയിടാന്‍ വര്‍ഗീയ ശക്തികള്‍ എല്ലാ ശ്രമങ്ങളും നടത്തി. അവയെ ധീരമായി ചെറുക്കാനും നേരിടാനുമുള്ള അസാമാന്യ തന്റേടവും മനസാന്നിധ്യവുമാണ് ഗൗരി പ്രകടിപ്പിച്ചത്. അതിന് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ടി വന്നുവെങ്കിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് അവര്‍ മാതൃകയും പ്രചോദനവുമായി നിലനില്‍ക്കും.
ഗൗരിയടക്കം അസഹിഷ്ണുതയുടെയും വര്‍ഗീയ വിദേ്വഷത്തിന്റെയും രാഷ്ട്രീയത്തിനു ഇരകളായ ആരുടെയും കൊലപാതകത്തില്‍ കുറ്റവാളികളെ കണ്ടെത്താനോ അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ ബന്ധപ്പെട്ട സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കും അനേ്വഷണ ഏജന്‍സികള്‍ക്കും കഴിഞ്ഞിട്ടില്ല. അത്തരം കുറ്റവാളികള്‍ പ്രബല രാഷ്ട്രീയ ശക്തികളുടെ സംരക്ഷണത്തിലാണെന്ന സംശയം ധാബോല്‍ക്കര്‍, പന്‍സാരെ കേസ് വിചാരണ നടക്കുന്ന മുംബൈ ഹൈക്കോടതി തന്നെ ഉന്നയിച്ചിട്ടുണ്ട്. ഗൗരിയുടേതും കല്‍ബുര്‍ഗിയുടേതുമടക്കം നാല് കൊലപാതകങ്ങളും സമാനമായ രീതിയിലാണ് അരങ്ങേറിയിട്ടുള്ളത്. കൊലയ്ക്കുപയോഗിച്ച ആയുധം പോലും ഒരേതരമോ ഒന്നുതന്നെയോ ആണെന്ന സംശയവും പ്രബലമാണ്. പൗരന്മാരുടെ ജീവന് സംരക്ഷണം നല്‍കാന്‍ കഴിയാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവയുടെ പ്രാഥമിക ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പോലും പരാജയപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ ദുരവസ്ഥയില്‍ നിന്ന് രാഷ്ട്രത്തെ കരകയറ്റാന്‍ ജനകീയ ചേതന ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം നമുക്ക് നല്‍കുന്ന മുന്നറിയിപ്പ്.

Related News