Sunday
23 Sep 2018

മഹാരാഷ്ട്രയിലെ കര്‍ഷക മുന്നേറ്റവും ദേശീയ രാഷ്ട്രീയത്തിലെ വെല്ലുവിളികളും

By: Web Desk | Monday 12 March 2018 10:39 PM IST

രാഷ്ട്രത്തിന്‍റെയാകെ ശ്രദ്ധപിടിച്ചുപറ്റിയ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്‍റെ ഉറപ്പിനെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് അവസാനിച്ചു. മഹാരാഷ്ട്രയിലേയും രാജ്യത്തേയും കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ആഴമേറിയ സാമ്പത്തിക തകര്‍ച്ചയുടെയും ഭൂമിയുടെമേല്‍ ആദിവാസികളും ഭൂരഹിതരുമായ കര്‍ഷകരുടെ അവകാശ നിഷേധത്തിന്റെയും പ്രതിഫലനമായിരുന്നു കര്‍ഷക മോര്‍ച്ച. പതിനായിരങ്ങള്‍ അണിനിരന്ന കര്‍ഷകരുടെ ലോങ്മാര്‍ച്ചില്‍ ഏതാണ്ട് തൊണ്ണൂറു ശതമാനവും നാസിക് ജില്ലയിലെയും പരിസരപ്രദേശങ്ങളിലേയും ആദിവാസി കര്‍ഷകരായിരുന്നു. തങ്ങള്‍ കൃഷിചെയ്ത് ഉപജീവനം നടത്തിപ്പോരുന്ന ഭൂമിയുടെമേലുള്ള അവകാശമാണ് അവര്‍ ഉയര്‍ത്തിയിരുന്ന മുദ്രാവാക്യം. 2006 ലെ വനാവകാശനിയമം നിലവില്‍വന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും തലമുറകളായി കൈവശംവച്ച് കൃഷിചെയ്ത് ജീവിച്ചുപോരുന്ന ഭൂമിയില്‍ നിന്ന് ആട്ടിപ്പായിക്കപ്പെടുമെന്ന നിരന്തര ഭീഷണിയിലാണ് മണ്ണിന്റെ മക്കള്‍. രാജ്യത്തെമ്പാടും ആദിവാസി ജനവിഭാഗങ്ങള്‍ സമാനമായ അനിശ്ചിതത്വത്തിലാണ്. ഭൂമിപ്രശ്‌നത്തില്‍ അടിയന്തര പരിഹാരം കാണുമെന്ന ഉറപ്പാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. റേഷന്‍ കാര്‍ഡ് അവശ്യം ആവശ്യമായ ആദിവാസി മേഖലകളില്‍ കാലഹരണപ്പെട്ട കാര്‍ഡുകള്‍ പുതുക്കിനല്‍കുന്നതിനുപോലും ബിജെപി നേതൃത്വം നല്‍കുന്ന ഫട്‌നാവിസ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അത് പുതുക്കി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും കര്‍ഷകര്‍ക്ക് ഉറപ്പു ലഭിച്ചിട്ടുണ്ട്. കര്‍ഷകരുടെ കടബാധ്യതകള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം കാര്‍ഷിക വിളകള്‍ക്ക് വില നിര്‍ണയിക്കുക തുടങ്ങി കര്‍ഷകര്‍ ഉന്നയിക്കുന്ന നിരവധി ആവശ്യങ്ങള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല. അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു സമിതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപം നല്‍കിയതായി പ്രഖ്യാപനമുണ്ടായിട്ടുണ്ട്.

മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. മധ്യപ്രദേശ് അടക്കം ബിജെപി ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളില്‍ മിക്കതിലും കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താനും ചോരയില്‍ മുക്കിക്കൊല്ലാനുമാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. അവിടങ്ങളിലൊന്നും അവജ്ഞനിറഞ്ഞ ചില പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറത്തേക്ക് പോവാന്‍ സര്‍ക്കാരുകള്‍ തയാറായില്ല. മറിച്ച് മഹാരാഷ്ട്രയില്‍ മാര്‍ച്ചില്‍ പങ്കെടുത്ത കര്‍ഷകരുടെ പ്രതിനിധികളോട് സംസാരിക്കാനും ചില ഉറപ്പുകള്‍ നല്‍കാനും ദേവേന്ദ്ര ഫട്‌നാവിസ് നിര്‍ബന്ധിതനായി. അത് മാര്‍ച്ചിനുണ്ടായ അഭൂതപൂര്‍വമായ പങ്കാളിത്തത്തിന്റെയും അതിന് കോണ്‍ഗ്രസും എന്‍സിപിയുമടക്കം പ്രതിപക്ഷ, ഭരണപക്ഷ ഭേദമന്യേ ലഭിച്ച പിന്തുണയുടെയും മുംബൈ നഗരത്തിലടക്കം ജനങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണത്തിന്റെയും പ്രതിഫലനമാണ്. മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണ, സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ആദിവാസി-നാമമാത്ര കര്‍ഷകരെ അണിനിരത്താന്‍ കര്‍ഷക മോര്‍ച്ചാ സംഘാടകര്‍ക്കായി. കാര്‍ഷിക കടബാധ്യതകളുടെയും ആത്മഹത്യകളുടെയും പ്രഭവകേന്ദ്രമായ മറാത്തവാഡ മേഖലയിലെ കര്‍ഷകരുടെ മാര്‍ച്ചിലെ പൊതുവിലുള്ള അസാന്നിധ്യം ശ്രദ്ധേയമാണ്. പൊതുവായ കാര്‍ഷിക പ്രതിസന്ധിക്ക് അപ്പുറം ഓരോ മേഖലയിലെയും കര്‍ഷകര്‍ നേരിടുന്ന ജീവല്‍പ്രശ്‌നങ്ങളോട് സംഘാടകര്‍ അവലംബിച്ച ക്രിയാത്മക സമീപനമാണ് വിധാന്‍സഭാ മാര്‍ച്ചിനെ ചരിത്രസംഭവമാക്കിമാറ്റിയത്. മാര്‍ച്ചിനെ വിവിധ സ്ഥലങ്ങളിലും ഘട്ടങ്ങളിലും അഭിസംബോധന ചെയ്തവരിലും അതിന് പിന്തുണയുമായി എത്തിയവരിലും പൊതുവില്‍ പ്രതിലോമ നിലപാടുകള്‍ അവലംബിച്ചുപോരുന്ന ശിവസേനയുടെ പരസ്പരം ഭിന്നിച്ചുനില്‍ക്കുന്ന ഘടകങ്ങളും അവരുടെ മന്ത്രിസഭാംഗങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്നത് സമരമുഖത്തെ ഐക്യത്തിന്റെ നിദര്‍ശനങ്ങളാണ്.
കര്‍ഷകരുടെ മുംബൈ മാര്‍ച്ചും അതിന്റെ വിജയവും ഫട്‌നാവിസ് സര്‍ക്കാരിന്‍റെ ഭരണപരാജയത്തെയാണ് തുറന്നുകാട്ടുന്നത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനമടക്കം വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ഛത്രപതി ശിവജിയുടെയും ബാബാസാഹേബ് അംബേദ്കറുടെയും പ്രതിമകള്‍ സ്ഥാപിക്കാന്‍ കോടാനുകോടികള്‍ ബജറ്റില്‍ വകയിരുത്തിയ സര്‍ക്കാര്‍ കാര്‍ഷിക കടാശ്വാസപദ്ധതികളുടെ കാര്യത്തില്‍ കൈമലര്‍ത്തുന്നു. നാലായിരത്തിലധികം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ പുതിയ സ്‌കൂളുകള്‍ ആരംഭിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുമതി നല്‍കുന്നു. ആരോഗ്യ പരിരക്ഷയ്ക്കായുള്ള ബജറ്റ് വിഹിതത്തില്‍ 300 കോടിയില്‍പരം രൂപ, അഥവാ 45 ശതമാനം കണ്ടാണ് വെട്ടിക്കുറച്ചിരിക്കുന്നത്. കര്‍ഷക സമരം കൈവരിച്ച താല്‍ക്കാലിക വിജയം ഉയര്‍ത്തുന്ന ചോദ്യം അഭൂതപൂര്‍വമായ ഇത്തരം ബഹുജന മുന്നേറ്റങ്ങളെ രാഷ്ട്രീയതലത്തില്‍ എങ്ങനെ വിജയകരമായി പ്രതിഫലിപ്പിക്കാനാവുമെന്നുള്ളതുതന്നെയാണ്, പ്രത്യേകിച്ചും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നാമമാത്ര സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍. ഏതാണ്ട് 18 കോടിയിലധികം തൊഴിലാളികളെ അണിനിരത്തി സമകാലിക ലോകത്തെ ഏറ്റവും വലിയ പൊതു പണിമുടക്ക് നടന്ന രാജ്യമാണ് നമ്മുടേത്. കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന ജനസമാന്യങ്ങളെ രാഷ്ട്രീയവല്‍കരിക്കുകയും അത് ദേശീയ രാഷ്ട്രീയത്തില്‍ പ്രതിഫലിപ്പിക്കുകയുമെന്നുള്ളതുതന്നെയാണ് ഇന്ത്യന്‍ ഇടതുപക്ഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.