Wednesday
23 Jan 2019

കശ്മീര്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയ പരിഹാരം

By: Web Desk | Saturday 12 May 2018 10:23 PM IST

ശ്മീര്‍ താഴ്‌വരയില്‍ സ്ഥിതിഗതികള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ റമദാന്‍ മാസാരംഭം മുതല്‍ അമര്‍നാഥ് യാത്ര വരെയുള്ള കാലയളവില്‍ വെടിനിര്‍ത്തലിന് കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് ഭരണമുന്നണിയിലെ ഘടകകക്ഷികളടക്കം രാഷ്ട്രീയപാര്‍ട്ടികള്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടു. അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ 2000ത്തില്‍ ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ച സമാനമായ വെടിനിര്‍ത്തല്‍ ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുള്ളത്.
ഇത് സ്വാഗതാര്‍ഹമാണെങ്കില്‍ തന്നെയും പര്യാപ്തമായ നടപടി ആയിരിക്കയില്ല. താഴ്‌വരയിലെ സ്ഥിതിഗതികള്‍, പ്രതേ്യകിച്ചും ദക്ഷിണകശ്മീരില്‍ തമിഴ്‌നാട്ടുകാരനായ വിനോദസഞ്ചാരിയായ യുവാവ് കല്ലേറില്‍ കൊല്ലപ്പെട്ടതും തുടര്‍ന്ന് സുരക്ഷാസേനയുടെ ഭാഗത്തുനിന്നുണ്ടായ അതിരുകടന്ന അതിക്രമങ്ങളും സൃഷ്ടിച്ച അന്തരീക്ഷം കണക്കിലെടുക്കേണ്ടതുണ്ട്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു. കശ്മീര്‍ വിഷയത്തെ കേവലം ക്രമസമാധാന പ്രശ്‌നമായി കാണുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. പ്രശ്‌നത്തെ കയ്യൂക്കുകൊണ്ട് നേരിടാമെന്നതാണ് അതിന് പിന്നിലുള്ള മനോഭാവം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രതിഷേധത്തെ സമ്പൂര്‍ണമായി അമര്‍ച്ച ചെയ്യാനാവുമെന്ന ഉപദേശമാണ് നല്‍കുന്നത്. അത് അപ്പാടെ വിഴുങ്ങുകയാണ് മോഡി സര്‍ക്കാര്‍. ബുര്‍ഹാന്‍ വണിയുടെ വധത്തെ തുടര്‍ന്ന് താഴ്‌വരയില്‍ പ്രതിഷേധം വ്യാപകമായി. അയാള്‍ കടുത്ത തീവ്രവാദിയായിരുന്നുവെന്ന ഭരണകൂടത്തിന്റെ വിലയിരുത്തല്‍ പല കേന്ദ്രങ്ങളും മുഖവിലയ്‌ക്കെടുക്കാന്‍ തയാറായിരുന്നില്ല.

വണിയുടെ വധത്തെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പതിവായി മാറി. സാധാരണ ജനങ്ങള്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. പൊലീസിന്റെയും സുരക്ഷാസേനയുടെയും അതിക്രമങ്ങളെപ്പറ്റി ജനങ്ങള്‍ വ്യാപകമായി പരാതിപ്പെടുന്നു. നിരപരാധികളായവരുടെ വീടുകള്‍ പോലും തിരച്ചിലിന്റെ പേരില്‍ അതിക്രമത്തിന് വിധേയമാകുന്നു. ബലാത്സംഗങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വ്യാപകമാകുന്നു. സര്‍ക്കാരിന്റെ നടപടികള്‍ ഓരോന്നും ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കുകയും പ്രതിഷേധം പടര്‍ന്നുപിടിക്കുകയുമാണ്. സര്‍ക്കാരാകട്ടെ അതിര്‍ത്തികടന്നുള്ള ഭീകരാക്രമണങ്ങളുടെ മറവില്‍ തങ്ങളുടെ നടപടികളെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്.
താഴ്‌വരയില്‍ പാകിസ്ഥാനുള്ള താല്‍പര്യം അനിഷേധ്യമാണ്. അവരുടെ സായുധസേന താഴ്‌വര കൈയ്യടക്കാനുള്ള അവസരമായി അസ്വസ്ഥതകളെ കാണുന്നു. അവര്‍ ഭീകരവാദികളെ അതിര്‍ത്തി കടത്തിവിട്ട് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ജനരോഷത്തിന്റെയും പ്രതിഷേധങ്ങളുടെയും ഏക കാരണം അതു മാത്രമല്ല. പ്രശ്‌നത്തില്‍ അന്തര്‍ലീനമായ രാഷ്ട്രീയ കാരണങ്ങള്‍ കാണാന്‍ ഡല്‍ഹി ഭരണകൂടം വിസമ്മതിക്കുകയാണ്. ആ സമീപനം പ്രതികൂല പ്രതികരണം സൃഷ്ടിക്കുകയും രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിന് വിരുദ്ധവുമാണ്.

ജമ്മുകശ്മീരിലെ ജനത പാകിസ്ഥാന്‍ രൂപീകരണത്തേയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദ്വിരാഷ്ട്ര വാദത്തേയും തിരസ്‌കരിക്കുകയാണ് ചെയ്തത്. ഒരു മതേതര ജനാധിപത്യ ഇന്ത്യ എന്ന സ്വാതന്ത്ര്യ സമര നേതാക്കളുടെ ആശയം അംഗീകരിച്ചാണ് ജമ്മുകശ്മീര്‍ ജനത ഇന്ത്യയുടെ ഭാഗഭാക്കാവാന്‍ സന്നദ്ധമായത്. ദ്വിരാഷ്ട്രവാദത്തിന്റെ പേരില്‍ ജിന്നക്കു മുമ്പുതന്നെ അതിനെ എതിര്‍ത്തിരുന്നവരാണ് സവര്‍ക്കറും ആര്‍എസ്എസും അതിന്റെ ഭാഗമായ ഹിന്ദുത്വ സംഘടനകളും. അവര്‍ സ്വപ്‌നം കണ്ടിരുന്നത് ഹിന്ദു രാഷ്ട്രമാണ്. ഭരണഘടനയും 370-ാം അനുഛേദം ഉറപ്പുനല്‍കുന്ന പരമാവധി സ്വയംഭരണാവകാശത്തെയും അവര്‍ നിശിതമായി എതിര്‍ത്തുപോന്നിരുന്നു. അവര്‍ ഇപ്പോഴും അതേ അഭിപ്രായം വച്ചുപുലര്‍ത്തുന്നവരാണ്. ഭരണഘടനയുടെ 370-ാം അനുഛേദം നീക്കം ചെയ്യുമെന്ന് ജനസംഘവും അതിന്റെ പിന്തുടര്‍ച്ചയായ ബിജെപിയും തുടര്‍ന്നും വാഗ്ദാനം ചെയ്യുകയും അത് പ്രചരിപ്പിക്കുകയുമാണ്. അധികാരത്തിലിരുന്ന കേന്ദ്രസര്‍ക്കാരുകളെല്ലാം ജമ്മുകശ്മീരിന്റെ സ്വയംഭരണാവകാശം പരിമിതപ്പെടുത്തുന്ന സമീപനമാണ് പിന്തുടര്‍ന്നുപോന്നിരുന്നത്. അതാണ് അസംതൃപ്തിയുടെയും വിഘടനപ്രവണതകളുടെയും അടിസ്ഥാന കാരണം. അതുതന്നെയാണ് ജമ്മുകശ്മീര്‍ പ്രശ്‌നത്തിന്റെ മൂലകാരണം.

നരേന്ദ്രമോഡി സര്‍ക്കാര്‍ തുടക്കം മുതല്‍ തെറ്റായ നയസമീപനങ്ങളാണ് വിഷയത്തില്‍ പിന്തുടരുന്നത്. രാഷ്ട്രീയമായി പരിഹരിക്കപ്പെടേണ്ട പ്രശ്‌നത്തെ ക്രമസമാധാന പ്രശ്‌നം മാത്രമായി കാണുന്നവരുടെ കൈകളിലാണ് അതിപ്പോഴുള്ളത്. ഏറ്റവും ദൗര്‍ഭാഗ്യകരമായ ഭാഗം ആര്‍എസ്എസിന്റെയും ബിജെപിയുടെയും ചിന്തയെ മാത്രം പ്രതിഫലിപ്പിക്കുന്ന സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ജല്പനങ്ങളും നടപടികളുമാണ്.
താഴ്‌വരക്കു പുറത്ത് രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ കശ്മീരികളെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും വിഘടനചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ഹിന്ദുത്വ ശക്തികളുടെ ഫാസിസ്റ്റ് പ്രകോപനങ്ങള്‍ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തെയും ഭരണഘടനാ തത്വങ്ങളെയും വെല്ലുവിളിക്കുന്നു. അത് രാഷ്ട്രഐക്യത്തിനും അവിഛിന്നതക്കും ഭീഷണിയായി മാറുകയാണ്. ജാതി, സമുദായാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ അവര്‍ ദിനംപ്രതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ 2019ല്‍ വീണ്ടും അധികാരത്തിലെത്താന്‍ തങ്ങളെ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പക്ഷെ, ആത്യന്തികമായി അത് രാജ്യത്തിന്റെ ഐക്യത്തെയാണ് പ്രതികൂലമായി ബാധിക്കുക. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും ജാമിയമില്ലിയ ഇസ്‌ലാമിയയിലും അവര്‍ കുത്തിപ്പൊക്കുന്ന പ്രശ്‌നങ്ങള്‍ മതനിരപേക്ഷ സങ്കല്‍പങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. അത് സ്വാഭാവികമായും കശ്മീരി ജനതയുടെ ചിന്തകളെയും സ്വാധീനിക്കാതിരിക്കില്ല.

കശ്മീര്‍ പ്രശ്‌നത്തിന്റെ പരിഹാരം ജമ്മുകശ്മീരില്‍ രാഷ്ട്രീയ പരിഹാരം കാണല്‍ മാത്രമല്ല. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും നേരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളുടെ ശക്തമായ പ്രതിരോധം കൂടിയാണ്.