Friday
14 Dec 2018

രാഷ്ട്രീയ കൊലപാതകങ്ങളുമായി സിപിഐയെ കൂട്ടിക്കെട്ടണ്ട

By: Web Desk | Thursday 1 March 2018 8:06 PM IST

രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നതില്‍ കേരളം മത്സരിക്കുന്നതുപോലെയാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പരക്കുന്നത്. ഇത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്ര അഭിപ്രായഭിന്നതകള്‍ സമൂഹത്തില്‍ നിലനില്‍ക്കുക സ്വാഭാവികം. വിവിധ ആശയചിന്താധാരകളോട് ആഭിമുഖ്യമുള്ളവര്‍ അവരവരുടേതായ ഇടങ്ങളില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നതാണ് ഒരു ജനാധിപത്യക്രമത്തിന്റെ ആന്തരികശക്തിയും ചാലകശക്തിയും. ആ ബോധം നഷ്ടമാകുന്നവര്‍ പിന്നെ അവലംബിക്കുക കയ്യൂക്കിനെയും അടിച്ചമര്‍ത്തല്‍ ഫാസിസത്തെയുമാണ്. അസഹിഷ്ണുതയും അരാജകത്വവും ഉടലെടുക്കുന്നത് അങ്ങനെയാണ്.

സംസ്ഥാനത്തുണ്ടായ പല നിര്‍ഭാഗ്യകരമായ രാഷ്ട്രീയ വൈരങ്ങള്‍ക്കുമുള്ള കാരണം തേടിപ്പോയാല്‍ ഈ ഒരു ആശയപാപ്പരത്തം നമുക്ക് കാണാന്‍ കഴിയും.
ഇപ്പോള്‍ സിപിഐക്കെതിരെ ഉയര്‍ന്ന രണ്ട് ആരോപണങ്ങള്‍ ഇത്തരം കൊലപാതകങ്ങളുടെ ഗണത്തില്‍പ്പെടുത്താനുള്ള തീവ്രശ്രമങ്ങള്‍ ബോധപൂര്‍വം ഉയര്‍ന്നുവരുന്നത് പരിശോധിക്കേണ്ടതുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ സഫീറെന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് സത്യസന്ധമായ ഒരന്വേഷണം നടത്തുന്നതില്‍ പൊലീസ് വിമുഖത കാണിക്കില്ലെങ്കില്‍ അതില്‍ നിന്നും ഒരു രാഷ്ട്രീയ മുതലെടുപ്പും ആര്‍ക്കും നടത്താന്‍ കഴിയില്ല. സഫീറും കൂട്ടുകാരുമായി വര്‍ഷങ്ങളായി നിലനിന്ന ഏതാണ്ട് കൗമാരകാലം മുതല്‍തന്നെ നിലനിന്ന കുടിപ്പകയും കേസുകളും പൊലീസിനും അറിവുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് സിപിഐയുമായി ഒരു ബന്ധവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. തന്റെ മകന്റെ കൊലപാതകത്തില്‍ ഒരു രാഷ്ട്രീയ കാരണവുമില്ലെന്ന് പിതാവ് പറഞ്ഞെങ്കിലും പിന്നീട് മൊഴിമാറ്റം ചെയ്യിക്കാന്‍ തല്‍പ്പരരായവര്‍ അതിന് രാഷ്ട്രീയ നിറം നല്‍കുകയുണ്ടായി. ഇവിടെയാണ് സംസ്ഥാനത്തെ കൊലപാതകങ്ങളില്‍ ബോധപൂര്‍വം രാഷ്ട്രീയം കലര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്ന ഗൗരവകരമായ വിഷയം ഉയര്‍ന്നുവരുന്നത്. വ്യക്തിവൈരാഗ്യങ്ങള്‍ പോലും രാഷ്ട്രീയ ചെലവിലാക്കണമെന്നത് ആരുടെ താല്‍പ്പര്യമാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കൊലപാതക രാഷ്ട്രീയത്തോട് എക്കാലവും സന്ധിയില്ലാത്ത നിലപാടെടുത്ത സിപിഐയെ ഇതുമായി ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുമ്പോള്‍.

മറ്റൊന്ന് പ്രവാസിയായ സുഗതന്റെ ആത്മഹത്യയാണ്. തികച്ചും നിര്‍ഭാഗ്യകരമായ ഒന്നാണത്. ഇക്കാര്യത്തില്‍ സുഗതനും സിപിഐയുമായി ഒരിക്കല്‍പ്പോലും മുഖാമുഖം പ്രശ്‌നങ്ങളുണ്ടായിട്ടില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കേരളത്തില്‍ കൊണ്ടുവരുന്നത് 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്. ആ നിയമമനുസരിച്ച് വയല്‍ നികത്തുന്നതിനെതിരെ സംസ്ഥാനത്ത് ഇടതുപക്ഷ പ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രത പുലര്‍ത്തുകയും വയല്‍ നികത്തലിലെ അഴിമതികള്‍ തുറന്നുകാണിക്കുകയും ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്യുന്നുണ്ട്. ആറന്മുള വിമാനത്താവളവിരുദ്ധ സമരമൊക്കെ നടന്നത് അങ്ങനെയാണ്. വയല്‍ നികത്തിയ സ്ഥലത്ത് പ്രതിഷേധസൂചകമായി എഐവൈഎഫ് കൊടിനാട്ടിയതും അത്തരത്തില്‍ മുമ്പ് നടന്ന നിരവധി സമരരീതികളില്‍ ഒന്നുമാത്രമാണ്. എന്നാല്‍ നെല്‍വയല്‍ സംരക്ഷണനിയമങ്ങളുടെ വകുപ്പുകളെപ്പറ്റി പ്രവാസിയായ സുഗതനില്‍ നിന്ന് മറച്ചുവച്ച് യഥേഷ്ടം വയല്‍ നികത്താന്‍ അനുമതി നല്‍കി ആ നിയമവിരുദ്ധ നടപടിക്ക് സുഗതനെ പ്രേരിപ്പിച്ച പഞ്ചായത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ ഒരന്വേഷണവും നടപടിയും എടുക്കാതെ നിയമസംരക്ഷകരായവരെ പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നത് എല്‍ഡിഎഫിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ്. സുഗതനെ ആത്മഹത്യയിലേയ്ക്ക് പ്രേരിപ്പിച്ചവര്‍ നിയമവിരുദ്ധമായി നിലംനികത്താന്‍ കൂട്ടുനിന്നവരാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അവരുടെ പ്രതിജ്ഞാബദ്ധമായ നിലപാടുകളുടെ ഭാഗമായി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുതന്നെയാണ് സര്‍ക്കാരില്‍ വിശ്വാസമുള്ളവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സിപിഐ കൊലയാളികള്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ ചമച്ച് കേരളത്തിലെ എല്ലാ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കൊലവെറി പൂണ്ട് നടക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ ബോധപൂര്‍വം ചില കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. അത് ഇടതുപക്ഷത്തിനെ തകര്‍ക്കാനുള്ള പ്രതിലോമശക്തികളുടെ അജണ്ടയുടെ ഭാഗമാണ്.

പതിനൊന്ന് മാസത്തെ ഭരണത്തിന്‍കീഴില്‍ യുപിയില്‍ ബിജെപിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും 1241 ഏറ്റുമുട്ടലുകളിലായി 41 പേരെയാണ് കൊന്നൊടുക്കിയത്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നടക്കുന്ന കൊലകളും അതിക്രമങ്ങളും വാര്‍ത്തയാകുന്നില്ല.
എന്നാല്‍ കേരളത്തില്‍ കണ്ണൂരിന്റെ മറവില്‍ കൊലയാളികളാണ് ഇടതുപക്ഷക്കാര്‍ എന്ന് സമര്‍ഥിക്കാനുള്ള കരുതിക്കൂട്ടിയ ശ്രമങ്ങള്‍ നടക്കുന്ന കാലാവസ്ഥയില്‍ ആശയസമരങ്ങള്‍ക്ക് ഇടം നല്‍കിക്കൊണ്ട് ആത്മസംയമനം പതിവില്‍ കൂടുതല്‍ ജാഗ്രതയോടെ പാലിക്കേണ്ടതുണ്ട്. എന്നുവച്ച് ഏത് കൊലയും ആരുടെമേലും കെട്ടിവയ്ക്കാനുള്ള നീക്കം അനുവദിക്കാനാകില്ല. സിപിഐയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന കൊലയാളികളെന്ന പ്രചരണം അത്തരത്തില്‍ സംഘടിതമായി നടത്തുന്ന നുണപ്രചരണമാണ്. സിപിഐയുടെ മുന്‍കാല ചരിത്രവും വര്‍ത്തമാനകാല ചരിത്രവും അതുമായി ഒട്ടും യോജിക്കുന്നതല്ല. പൊതുസമൂഹത്തിന് അത് ബോധ്യമുണ്ടുതാനും.