Friday
14 Dec 2018

ആരോഗ്യ പരിരക്ഷ:പുതിയ ചുവടുവയ്പുമായി തേജസ്വിനി

By: Web Desk | Thursday 7 December 2017 10:28 PM IST

ആരോഗ്യമുള്ള ജനത ഏതൊരു രാജ്യത്തിന്റെയും സ്വത്താണ്. ആരോഗ്യമെന്നത് കേവലം ശാരീരിക അവസ്ഥ മാത്രമല്ല. അത് പ്രതിരോധം, ശുചിത്വം, ചികിത്സ, ജീവിതശൈലി തുടങ്ങി വിവിധഘടകങ്ങളുടെ ഒരു സമഗ്രതയാണ്. ശാരീരികവും മാനസികവും സാമൂഹ്യവുമായി ആരോഗ്യമുള്ള അവസ്ഥയെയാണ് ലോകാരോഗ്യസംഘടന അഭിമതമായ മുനുഷ്യാവസ്ഥയായി കണക്കാക്കുന്നത്. അതില്‍തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുമുണ്ട്.
ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ ലോക സൂചികയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ നിലനിന്ന സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നയങ്ങളും പദ്ധതികളും ഉയര്‍ന്ന ആരോഗ്യപരിരക്ഷയ്ക്കുള്ള ഭൗതിക അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക പങ്കുമുണ്ട്.
ഇന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആ ദിശയിലേയ്ക്ക് കൂടുതല്‍ ഊര്‍ജ്ജവും പ്രതീക്ഷയും നല്‍കുന്ന പദ്ധതികള്‍ക്ക് വീണ്ടും നേതൃത്വം കൊടുക്കുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന തേജസ്വിനി ആരോഗ്യ പാക്കേജ് അത്തരത്തിലൊന്നാണ്.
കുടുംബ ഡോക്ടര്‍മാര്‍ എന്നത് വികസിതരാജ്യങ്ങള്‍ ലക്ഷ്യംവയ്ക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോള്‍, കേരളത്തില്‍ അതിന്റെ ചുവടുപിടിച്ച് കുടുംബ പരിസരത്തിലേയ്ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ സഹായഹസ്തവുമായിവരികയാണ്. തേജസ്വിനി ആരോഗ്യപാക്കേജ് ലക്ഷ്യമിടുന്നത് കുടുംബത്തിന്റെ മൊത്തം ആരോഗ്യമാണ് ഈ പദ്ധതിയിലൂടെ. ഒപ്പം പരിസരശുചീകരണവും ബോധവല്‍ക്കരണവും. കേരളത്തിന്റെ സാമൂഹ്യരംഗത്ത് സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംകൊടുത്ത കുടുംബശ്രീ സംവിധാനം അതിന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ കുടുംബ ആരോഗ്യമേഖലയിലേയ്ക്കുകൂടി കടക്കുന്നു എന്ന പ്രത്യേകതയും ഈ നീക്കത്തിന് പിന്നിലുണ്ട്. ജനസംഖ്യയുടെ 67 ശതമാനവും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്ന സാഹചര്യത്തിലാണ് ആരോഗ്യ പരിപാലനം ജനകീയമാക്കാനുള്ള ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളുടെ പരിമിതികളും പരിദേവനങ്ങളും പരിഹരിക്കാനുള്ള ശ്രമം ഒരുവശത്ത് നടക്കുമ്പോള്‍തന്നെ കുടുംബശ്രീ സംവിധാനമുപയോഗിച്ച് കുടുംബങ്ങളുടെ അടിസ്ഥാന ആരോഗ്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. യു കെയിലെ ജനറല്‍ പ്രാക്ടീഷ്ണര്‍ സംവിധാനത്തില്‍ നിന്നും ക്യൂബയിലെ കുടുംബ ഡോക്ടര്‍ സംവിധാനത്തില്‍ നിന്നും നല്ലവശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് കേരളത്തില്‍ ആര്‍ദ്രം, തേജസ്വിനി എന്നീ പേരുകളില്‍ ആരോഗ്യപാക്കേജിന് തുടക്കം കുറിച്ചിരിക്കുന്നത്. രക്തഗ്രൂപ്പ് നിര്‍ണയം, രക്തദാനം, രക്തദാന ദാതാക്കളെ കണ്ടെത്തല്‍, ആരോഗ്യ ബോധവല്‍ക്കരണം, ജീവിതശൈലീരോഗനിര്‍ണയം, പ്രതിവിധികള്‍, മാമോഗ്രാം, കാന്‍സര്‍ നിര്‍ണയം, ത്വക്ക്‌രോഗ നിര്‍ണയം, സ്ത്രീകളുടെ പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടല്‍ എന്നിവ തേജസ്വിനി പാക്കേജില്‍ ഉള്‍പ്പെടും. മനുഷ്യന്റെ അടിസ്ഥാനപരമായ ആരോഗ്യപരിരക്ഷ ഏറ്റവും ലളിതമായി കുടുംബത്തിലെത്തി നടപ്പിലാക്കി തരുന്നു എന്നത് ചെറിയകാര്യമല്ല. ചികിത്സാഭാരം താങ്ങാനാകാതെ മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് നരകിക്കേണ്ടിവരുന്ന സാധാരണക്കാര്‍ക്ക് ആ അവസ്ഥയിലേയ്ക്ക് പോകുന്നതൊഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രാഥമിക ആരോഗ്യപരിശോധനകള്‍ നടത്തുന്നത്. രോഗനിര്‍ണയം ആരോഗ്യസുരക്ഷയില്‍ പ്രഥമ പ്രധാനമാണ്. അത് പ്രതിരോധമാര്‍ഗം കൂടി നമുക്കുമുന്നില്‍ തുറന്നുതരും.
ഇന്ന് ജനങ്ങള്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ നേരിടുന്നത് ജീവിതശൈലീരോഗങ്ങള്‍ കാരണമാണ്. ഇക്കാര്യത്തില്‍ ഗൗരവമേറിയ ബോധവല്‍ക്കരണം ആവശ്യമുണ്ട്. തേജസ്വിനി പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന് ബോധവല്‍ക്കരണമാണ്. കഴിഞ്ഞ കുറേക്കാലമായി കേരളത്തിന്റെ ആരോഗ്യരംഗത്ത് കണ്ടുവരുന്ന ഏറ്റവും വലിയ വെല്ലുവിളി പുതിയതരം രോഗങ്ങളുടെ വരവാണ്. അവയുടെ മുമ്പില്‍ ആരോഗ്യ പ്രവര്‍ത്തകരും സന്നാഹങ്ങളും അന്തിച്ചുനില്‍ക്കുന്ന കാഴ്ച ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. പലതരം പനി അത്തരത്തിലൊന്നാണ്. ഇവയുടെ ഉറവിടം കൊതുകാണെന്ന് കണ്ടെത്തിയെങ്കിലും അതിനൊരു ശാശ്വതപരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നിപ്പോള്‍ തേജസ്വിനി പദ്ധതിയുടെ ഭാഗമായി പരിസരശുചീകരണം കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൊതുകുനിവാരണം ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുമ്പോള്‍ ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന നിലയില്‍ നമ്മളും സഹകരിക്കേണ്ടതുണ്ട്. വൃത്തിയുള്ള അന്തരീക്ഷത്തിന് പൗരബോധമുണര്‍ത്താനുള്ള ശ്രമം ആരോഗ്യപരിരക്ഷയുടെ ഭാഗമാകുകയാണിവിടെ. മുന്‍കരുതല്‍ എന്ന പ്രാഥമികാരോഗ്യതലത്തെ തിരിച്ചുകൊണ്ടുവന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ രോഗികളുടെ ബന്ധുക്കളാകുന്നതോടെ പകര്‍ച്ചവ്യാധികളെ ചെറുക്കാനും ജീവിതശൈലീരോഗങ്ങളെ ശാസ്ത്രീയമായി സമീപിക്കാനും അതുവഴി വന്‍കിട മരുന്നുകമ്പനികളെയും ആതുരശുശ്രൂഷരംഗത്തെ ചൂഷകരെയും ഒരു പരിധിവരെ അകറ്റിനിര്‍ത്തി ജനകീയ ആരോഗ്യ സമഗ്ര രക്ഷാപദ്ധതി നടപ്പിലാക്കാന്‍ കഴിയും. അതിനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ ചുവടുവയ്പ്പിന് എല്ലാ ഭാവുകങ്ങളും.

Related News