Thursday
24 Jan 2019

യുഎസ്-ഇറാന്‍ കരാര്‍ പിന്മാറ്റം ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം

By: Web Desk | Thursday 10 May 2018 9:58 PM IST

റാനുമായുള്ള ആണവ കരാറില്‍ നിന്നുള്ള യുഎസിന്‍റെ ഏകപക്ഷീയ പിന്മാറ്റം അന്താരാഷ്ട്ര ബഹുകക്ഷി നയതന്ത്രത്തിനും വ്യവസ്ഥാപിത ആഗോളക്രമത്തിനും ഏറെ പിന്നോട്ടടിയായാണ് ലോകം വിലയിരുത്തുന്നത്. ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷമാണ് ഇറാനും പശ്ചിമേഷ്യയ്ക്കും ലോകത്തിനുതന്നെയും പ്രതീക്ഷ നല്‍കിയ കരാറില്‍ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളും ജര്‍മനിയും യൂറോപ്യന്‍ യൂണിയനും 2015 ല്‍ ഒപ്പുവച്ചത്. അത് ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിന് വിരാമമിട്ടു. കരാര്‍ വ്യവസ്ഥയനുസരിച്ച് ഇറാന്‍ അവരുടെ സുമ്പുഷ്ട യുറേനിയം രാജ്യത്തിനു പുറത്തേക്ക് നീക്കം ചെയ്തു. ആ രാജ്യത്തെ ഘനജല ആണവനിലയത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇറാനില്‍ അവശേഷിക്കുന്ന ആണവ സംരംഭങ്ങള്‍ എല്ലാംതന്നെ അന്താരാഷ്ട്ര നിരീക്ഷണത്തിലാക്കി. പതിനെട്ടുമാസം നീണ്ട ശ്രമകരമായ ചര്‍ച്ചകളുടെ അന്ത്യത്തിലാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്‍ഗാമി ബരാക് ഒബാമയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്ക് വിജയകരമായ പരിസമാപ്തിയായത്. ഇറാനിലെ തീവ്രയാഥാസ്ഥിതിക ശക്തികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് താരതമ്യേന മിതവാദിയായ പ്രസിഡന്റ് ഹസന്‍ റുഹാനിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ആണവ കരാറില്‍ എത്തിച്ചേര്‍ന്നത്. സംയുക്ത സമഗ്ര പ്രവര്‍ത്തന പരിപാടി (ജോയിന്റ് ക്രോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍) എന്ന പേരില്‍ അറിയപ്പെടുന്ന കരാര്‍ നൂറുശതമാനവും പാലിക്കപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര നിരീക്ഷണ ഏജന്‍സികളും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും സാക്ഷ്യപ്പെടുത്തുന്നത്. അത് പശ്ചിമേഷ്യയില്‍ സമാധാനവും സാമ്പത്തിക വളര്‍ച്ചയും ഉറപ്പുവരുത്തുമെന്നാണ് ലോകം പ്രതീക്ഷിച്ചിരുന്നത്. ഗുരുതരമായ സാമ്പത്തിക കുഴപ്പങ്ങളെ അഭിമുഖീകരിച്ചിരുന്ന പാശ്ചാത്യ വാണിജ്യ താല്‍പര്യങ്ങള്‍ക്ക് ഇറാന്‍ വിപണിയില്‍ ഇടപെടാനുള്ള അവസരമാണ് അത് ഒരുക്കി നല്‍കിയത്.

ഇന്ത്യയടക്കം നിരവധി ലോക രാഷ്ട്രങ്ങള്‍ക്കും വാണിജ്യ ഇടപാടുകള്‍ക്കും സാമ്പത്തിക വളര്‍ച്ചക്കും കരാര്‍ വഴിതുറന്നിരുന്നു. കരാറില്‍ നിന്ന് പിന്മാറാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഏകപക്ഷീയ തീരുമാനം ആ പ്രതീക്ഷകള്‍ക്കാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്.
ട്രംപിന്റെ തീരുമാനം ആണവായുധങ്ങളുമായി യാതൊരു തരത്തിലും ബന്ധപ്പെട്ട ഒന്നല്ല. ഇറാന്‍ ഏതെങ്കിലും തരത്തില്‍ അണുവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ അതു തടയാന്‍ യുഎസിനും പാശ്ചാത്യ യൂറോപ്യന്‍ ശക്തികള്‍ക്കും കഴിയുമായിരുന്നു. സഹപ്രവര്‍ത്തകരുടെയും ഉപദേശകരുടെയും അഭിപ്രായങ്ങളെ മറികടന്ന് പ്രവര്‍ത്തിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത് പശ്ചിമേഷ്യയെ അസ്വസ്ഥമാക്കുന്ന രാഷ്ട്രീയ നിക്ഷിപ്ത താല്‍പര്യങ്ങളാണ്. യുഎസും ഇസ്രയേലും സൗദി അറേബ്യയും ഉള്‍പ്പെട്ട അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോഴത്തെ പ്രകോപനത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആണവ കരാറിനെ തുടര്‍ന്ന് ഇറാന്‍ മേഖലയിലെ ഒരു സുപ്രധാന സാമ്പത്തിക രാഷ്ട്രീയ ശക്തിയായി വളര്‍ന്നുവരുന്നത് തടയുക എന്നതാണ് അതിന്‍റെ പിന്നിലെ ലക്ഷ്യം. സിറിയയിലെ അസദ് ഭരണകൂടത്തിന് ഇറാന്‍ നല്‍കിവരുന്ന പിന്തുണയും ലബനോനില്‍ ഹിസ്ബുള്ള കരുത്താര്‍ജിക്കുന്നതും ഇസ്രയേലിന്റെയും സൗദി അറേബ്യയുടെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ആണവ കരാറിനെയും സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചതിനെയും തുടര്‍ന്ന് റഷ്യ, ചൈന, ഇന്ത്യ, പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായുള്ള ഇറാന്റെ വ്യാവസായിക വാണിജ്യ ബന്ധങ്ങളില്‍ ഗണ്യമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. അത് യുഎസിന്റെയും അവരുടെ സഖ്യശക്തികളുടെയും പശ്ചിമേഷ്യയിലുള്ള സ്വാധീനത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് യുക്തിരഹിതമായ ഇപ്പോഴത്തെ തീരുമാനത്തില്‍ ട്രംപിനെ കൊണ്ടെത്തിച്ചത്. യുഎസിന്റെ പിന്മാറ്റം പശ്ചിമേഷ്യയില്‍ പെട്ടെന്ന് വന്‍മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കില്ലെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. കരാറില്‍ നിന്നും റഷ്യയും ചൈനയും ജര്‍മനിയും യൂറോപ്യന്‍ യൂണിയനും പിന്മാറില്ലെന്ന സൂചനകള്‍ ശക്തമാണ്.

ആഗോളതലത്തില്‍ യുഎസിന്റെ കൂടുതല്‍ ഒറ്റപ്പെടലിന് ട്രംപിന്‍റെ തീരുമാനം കാരണമായേക്കാമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.  ട്രംപിന്‍റെ തീരുമാനം ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് തീര്‍ത്തും ഹാനികരമാണ്. ഇറാനുമായുള്ള കരാര്‍ പിന്മാറ്റം ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണത്തിനു കാരണമായിട്ടുണ്ട്. ഇറാഖിനും സൗദി അറേബ്യയ്ക്കും ശേഷം ഇന്ത്യ ഏറ്റവുമധികം എണ്ണ ഇറക്കുമതി നടത്തുന്നത് ഇറാനില്‍ നിന്നുമാണ്. യു എസ് തീരുമാനം കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയ്ക്ക് കാരണമായിട്ടുണ്ട്. എണ്ണയ്ക്കുപുറമെ ഏതാണ്ട് 1300 കോടി ഡോളറിന്‍റെ വാണിജ്യ ഇടപാടാണ് ഇറാനുമായി ഇന്ത്യയ്ക്കുള്ളത്. ഇതെല്ലാം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ പ്രതികൂലമായി പ്രതിഫലിക്കും. ഇറാന്‍റെ ചബഹാര്‍ തുറമുഖത്ത് ഇന്ത്യ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളെയും പുതിയ യു എസ് ഉപരോധം പ്രതികൂലമായി ബാധിച്ചേക്കാം. മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങളുടെ കവാടമാണ് ഇറാന്‍. ഇന്ത്യയുടെ സാമ്പത്തിക, വാണിജ്യ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന സംഭവവികാസങ്ങളില്‍ രാജ്യം സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാണ്. അതിരുകടന്ന യുഎസ് വിധേയത്വം ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്ന തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മോഡി ഭരണകൂടം തയാറാവുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.