Tuesday
22 Jan 2019

ഹൈടെക്ക് പ്രതീക്ഷകള്‍

By: Web Desk | Tuesday 13 February 2018 7:56 PM IST

എസ് വി രാമനുണ്ണി, സുജനിക

സ്മാര്‍ട്ട് ക്ലാസ്മുറികള്‍ വഴിമാറി ഓരോ ക്ലാസും ഹൈടെക്കാവുന്ന അവസ്ഥ സംജാതമായിരിക്കുന്നു. സമൂഹം മുഴുവന്‍ ഇതിനുപിന്നില്‍ നിരക്കുകയാണ്. നേരത്തെ ഒന്നോ രണ്ടോ സ്മാര്‍ട്ട് മുറികളായിരുന്നു. ഉന്നതശ്രേണിയില്‍പ്പെട്ട ഉപകരണങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ അതിന്റെ ഉപയോഗസാധ്യത വളരെ വളരെ കുറവായിരുന്നു. ഡിജിറ്റല്‍ മെറ്റീരിയല്‍ ക്ലാസില്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കിടക്ക് അപ്പപ്പോള്‍ കിട്ടേണ്ട ഒന്നാണ്. പിന്നെയൊരിക്കല്‍ കിട്ടുന്ന അവസ്ഥയില്‍ അത് പഠനത്തിന്റെ ജൈവരൂപവുമായി കൂടിച്ചേരില്ല. ഒരധികപഠന സാമഗ്രിയെന്ന നിലയില്‍ ഒരൊഴിവുസമയത്ത് കിട്ടുന്നാതാവരുതല്ലോ ഡിജിറ്റല്‍ സാമഗ്രികള്‍ . സ്മാര്‍ട്ട് റൂമുകളുടെ ഒരു പരാധീനത അതായിരുന്നു. ഒരു ക്ലാസ് ഒഴിഞ്ഞാലേ അടുത്ത ക്ലാസിന്ന് കയറാനാവൂ. ക്ലാസ് റൂമുകളില്‍ നേരിട്ട് ഹൈടെക്ക് സംവിധാനം വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ക്ലാസ് മുറികള്‍ പഠനകാര്യങ്ങളില്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സഹായമുള്ളതാവും.

കുട്ടിക്കും അദ്ധ്യാപകനും പ്രാഥമികമായി ക്ലാസ്സമയത്ത്, ആവശ്യം വരുമ്പോഴൊക്കെ പരമാവധി സമയവും ഐ സി ടി പിന്തുണ ഉറപ്പാകും. വീഡിയോകള്‍, ഓഡിയോകള്‍, വര്‍ക്ക്ഷീറ്റുകള്‍, ഇന്ററാക്ടീവ് കളികള്‍, മൂല്യനിര്‍ണ്ണയന പരീക്ഷകള്‍, പരിഹാബോധനപരിപാടികള്‍, മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ക്ലാസിലെ മുഴുവന്‍ കുട്ടികളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇന്റഗ്രേറ്റഡ് സംവിധാനം എന്നിവ ഉണ്ടാവും. ‘സമഗ്ര’ പോലുള്ള സംവിധാനങ്ങള്‍ അദ്ധ്യാപകരെ സഹായിക്കാന്‍ ഇനിയും വളരെയധികം വിപുലപ്പെടും. സര്‍ക്കാര്‍ പൊതുസമീപനത്തിനത്തോടൊപ്പം അദ്ധ്യാപകരുടെ മികവുകള്‍ കൂടി ഉള്‍ച്ചേരുന്ന സാധ്യതകള്‍ രൂപപ്പെടും. സ്വീകരിക്കലും പങ്കുവെക്കലും ഉള്‍ച്ചേര്‍ക്കലുമാവും ആത്യന്തികമായ സ്‌കൂള്‍ രീതിശാസ്ത്രം. ഇങ്ങനെയായിരിക്കും ഒരു സാധാരണ അദ്ധ്യാപികയുടെ പ്രതീക്ഷ.

മികച്ച പഠനാനുഭവങ്ങള്‍ കുട്ടിക്ക് ലഭ്യമാക്കലാണ് ഡിജിറ്റല്‍ സംവിധാനം കൊണ്ട് എറ്റവുമാദ്യം സാധ്യമാകേണ്ടത്. ഡിപ്പാര്‍ട്ട്‌മെന്റ് ഈയൊരുലക്ഷ്യം വെച്ചാണ് ഐ സി ടി പഠനം മുന്നോട്ടുവെക്കുന്നത്. വിവിധ പാഠങ്ങളും അവയുടെ ഉള്ളടക്കങ്ങളും പ്രവര്‍ത്തനങ്ങളും പ്രക്രിയകളുമായി നേരിട്ട് ബന്ധമുള്ള ചെറിയ ചലചിത്രങ്ങള്‍, അനിമേഷന്‍ വീഡിയോകള്‍, സാധാരണ വീഡിയോകള്‍, ഓഡിയോകള്‍, ജിമ്പ്, ജിയോജിബ്ര മുതലായ നിരവധി സോഫ്ട്‌വെയറുകള്‍, ഇന്ററാക്ടീവ് കളികള്‍, വര്‍ക്ക്ഷീറ്റുകള്‍, റീഡിങ്ങ് കാര്‍ഡുകള്‍ , ചിത്രങ്ങള്‍, പാഠങ്ങള്‍, അധികവായനാസാമഗ്രികള്‍, പരിഹാരബോധ പരിപാടികള്‍, മൂല്യനിര്‍ണ്ണയ സംവിധാനങ്ങള്‍, വിക്ടേര്‍സ് ചാനല്‍ പോലുള്ള സാധ്യതകള്‍ തുടങ്ങി പലതലങ്ങളിലായി നിരവധിയാണ് ഡിജിറ്റല്‍ ഉള്ളടക്കം . നിലവാരമുള്ള ഉള്ളടക്കം ഡിപ്പാര്‍ട്ട്‌മെന്റ് വഴി നിര്‍മ്മിക്കുന്നവയും സ്‌കൂളിന്നകത്തും പ്രാദേശിക വിഭവ സാധ്യതയെന്ന നിലയ്ക്കു നിര്‍മ്മിക്കപ്പെടുന്നവയും ഉള്‍ച്ചേരണം. സ്‌കൂളിനകത്ത് കുട്ടിയും അദ്ധ്യാപകരും തയ്യാറാക്കുന്ന –വിദഗ്ദ്ധര്‍ കൃത്രിമമായി ഉണ്ടാക്കുന്നവയല്ല പഠനപ്രവര്‍ത്തനസന്ദര്‍ഭങ്ങളില്‍അദ്ധ്യാപകന്റേയോ കുട്ടിയുടേയോ രണ്ടുപേരുടേയും കൂടിയോ ആവശ്യമായി സ്വയമേവ രൂപം കൊള്ളുന്നവ –ഡിജിറ്റല്‍ വിഭവങ്ങളാണ് ഏറെ പ്രസക്തമായവ.

അദ്ധ്യാപകര്‍ക്കും തങ്ങളുടെ ബോധനസാമഗ്രിക ഡിജിറ്റല്‍ രൂപത്തില്‍ കിട്ടാറാവണം. തന്റെ ടിച്ചിങ്ങ് മാന്വല്‍, അതിനടിസ്ഥാനമായ ഹാന്‍ഡ് ബുക്കും ടെക്സ്റ്റ് ബുക്കും, പഠനൊപകരണങ്ങള്‍, പ്രക്രിയാരേഖ, ക്ലാസ് ഫീഡ്ബാക്ക് എന്നിങ്ങനെ സാധ്യമായതൊക്കെ ഡിജിറ്റലായി ലഭിക്കണം. എന്നാല്‍ പുറത്തുനിന്ന് ലഭിക്കണമെന്നല്ല , അദ്ധ്യാപകര്‍ക്ക് സ്വയമേവ ഡിസൈന്‍ ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യം വേണം. അതിനാവശ്യമായ പരിശീലനവും സ്‌കൂള്‍ വിഷയ കൂട്ടായ്മകളും വേണം. അതെല്ലാം സമയാസമയങ്ങളില്‍ ഔദ്യോഗികസംവിധാനത്തിന്ന് നേരിട്ടോ ഓണ്‍ ലയിനായോ പരിശോധിക്കാനും അധിക നിര്‍ദ്ദേശങ്ങള്‍ നലാകുനും ശക്തിപ്പെടുത്താനും കഴിയണം. സ്‌കൂളിനകത്തും യഥാവസരം മികച്ചതാണെന്ന് പലവട്ടം ബോദ്ധ്യപ്പെട്ടാല്‍ പുറത്തേക്കും സംസ്ഥാനത്ത് മുഴുവന്‍ ഇതെല്ലാം ലഭ്യമാവുകയും വേണം. പ്രാദേശികമായി ഉണ്ടാവുന്ന വിഭവങ്ങള്‍ സംസ്ഥാനത്ത് മുഴുവനും ലോകം മുഴുവനും കിട്ടുന്ന അവസ്ഥ ഉണ്ടാവണം.

ക്ലാസ് റൂം ലോകനിലവാരത്തിലെത്തുന്നത് ഇങ്ങനെയാവും. കുട്ടികളും അദ്ധ്യാപകരും പ്രാദേശിക വിദ്യാഭ്യാസ പ്രവര്‍ത്തകരും ഒരു ക്ലാസ് മുറിയിലേക്കായി ഒരു വിഷയത്തിനായി ഒരു പ്രത്യേക ആവശ്യത്തിനായി ഒരു പീരിയേഡിനായി ഉണ്ടാക്കുന്ന ഒരു വിഭവം ക്രമത്തില്‍ മറ്റു സ്‌കൂളുകളിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഒരവശ്യവസ്തുവെന്ന നിലയില്‍ പരിഗണിക്കപ്പെടുമ്പോഴാണല്ലോ നമ്മുടെ ക്ലാസും കുട്ടിയും അദ്ധ്യാപകരും ലോകനിലവാരമുള്ളവരായിത്തീരുന്നത്. ഏതോ ക്ലാസിലേക്ക് ഏതോ പ്രത്യേക ആവശ്യത്തിന്ന് ഏതോ അദ്ധ്യാപകന്‍ എന്നോ ഉണ്ടാക്കിയ ഒരു ഡിജിറ്റല്‍ സാമഗ്രി നമ്മളിപ്പോള്‍ നമ്മുടെ ക്ലാസില്‍ പ്രയോജനപ്പെടുത്തുന്നത് ലോകനിലവാര സൂചനയല്ല . അറിവുകള്‍, വിവരങ്ങള്‍, ദത്തങ്ങള്‍, മാതൃകകള്‍, പ്രോസസ് ചെയ്യാനുള്ള സോഫ്ട്‌വെയറുകള്‍ എന്നിവ തീര്‍ച്ചയായും പലയിടങ്ങളില്‍ നിന്നും ശേഖരിക്കേണ്ടി വരും. അതിന്റെ സംഘാടനത്തിലും പ്രോസസ്സിങ്ങിലും നമ്മുടെ ക്ലാസ് മുറികളും കുട്ടികളും അദ്ധ്യാപകരുമായിരിക്കണം. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജ്ഞാനം നമ്മുടെതായിരിക്കണം. അതിന്റെ പ്രോസസും ഉല്‍പ്പന്നവും നമ്മുടെതായിരിക്കണം. ലഭിക്കുന്ന സ്‌കോര്‍ നമ്മുടെ കുട്ടിക്കായിരിക്കണം. അംഗീകാരം അദ്ധ്യാപകനും കുട്ടിക്കും സ്‌കൂളിന്നും ഡിപ്പാര്‍ട്ട്‌മെന്റിനും ആയിരിക്കണം. അത് ലോകനിലവാരമുള്ളതായിരിക്കണം. ഈയൊരു നിലയില്‍ വേണം നമ്മുടെ വിദ്യാലയങ്ങള്‍ ഡിജിറ്റലായി ലോകനിലവാരമുള്ളവയായിത്തീരേണ്ടത്. നിലവില്‍ മിക്കവാറും നമ്മുടെ കുട്ടിയും അദ്ധ്യാപകനും ഉപഭോക്താവിന്റെ നിലയിലാണ് പെരുമാറേണ്ടിവരുന്നത്. നെറ്റില്‍ നിന്നു കിട്ടുന്ന വിഭവങ്ങള്‍ ഓഡിയോ വീഡിയോ കളികള്‍ പ്രവര്‍ത്തനങ്ങള്‍ റഫറന്‍സ് സൂചനകള്‍ മോഡലുകള്‍ എന്തുമായിക്കോട്ടെ 99 ശതമാനവും എടുത്തുപയോഗിക്കല്‍ മാത്രമാണ് സാധ്യമാക്കുന്നത് . അതുതന്നെ പകര്‍പ്പവകാശം പോലുള്ള നിരവധി സാങ്കേതികതകള്‍ ഉള്ളതും. അന്താരാഷ്ട്രമായി നെറ്റില്‍ കിടക്കുന്നവ എടുത്ത് ഉപയോഗിക്കലാണ് അന്താരാഷ്ട്രനിലവാരമെന്ന പൊതുധാരണ എങ്ങനെയോ കേരളത്തില്‍ വ്യാപകമായിട്ടുണ്ട് . ഒരു കാലത്ത് പ്രിന്റ് ചെയ്തതാണ് ആധികാരികം എന്നു വിശ്വസിച്ചിരുന്നു. ഇന്ന് നെറ്റില്‍ കാണുന്നതാണ് ആധികാരികം എന്നായി വിശ്വാസം. നെറ്റ് സ്‌പേസ് ഒരു വിഭവക്കടലാണ്. നല്ലതും ചീത്തയും വേര്‍തിരിച്ചറിയാന്‍ പോലുമാകാത്ത തരത്തില്‍ പരന്നുകിടക്കുന്ന കടലാണ് . അതില്‍ നിന്ന് ഏറ്റവും പ്രസക്തമായ ഉചിതമായ ഒരു വിഭവം ക്ലാസ് റൂം ആവശ്യത്തിന്ന് , ആവശ്യമായ സമയത്ത് പിടിച്ചെടുക്കുക എന്നത് ദുഷ്‌കരമാണ്. സാധാരണ അദ്ധ്യാപകര്‍ക്ക് അതി ദുഷ്‌കരമാണ്. കിട്ടിയ എന്തു സാധനവും കേമമെന്നമട്ടില്‍ പലപ്പോഴും പരിശോധിക്കാതെയും ഷെയര്‍ ചെയ്യുന്ന ദുശ്ശീലം നമുക്കുണ്ട്. ഇത്തരം ഷെയര്‍ ചെയ്യലുകള്‍ ഉണ്ടാക്കുന്ന ഡിജിറ്റല്‍ മലിനീകരണം നിസ്സരമല്ലല്ലോ. മികച്ചത് തെരഞ്ഞെടുക്കാനും പ്രയോജനപ്പെടുത്താനുമുള്ള സഹായമാണ്, പരിശീലനമാണ് പ്രധാനമായും നല്‍കേണ്ട ഒന്ന്. അതിനേക്കാളധികം നമുക്കാവശ്യമായവ, മികച്ചവ സ്വയം സൃഷ്ടിക്കാനുള്ള കഴിവ് നല്‍കല്‍ തന്നെയാണ്. ഇത് സാധ്യമാണ്. സാധ്യമാവണം. ഇതിന്നായി അദ്ധ്യാപകരേയും കുട്ടികളേയും സമൂഹത്തെത്തന്നെയും പരിശീലിപ്പിക്കണം. ഈയൊരു ചിന്തയിലേക്ക് പരിവര്‍ത്തിപ്പിക്കണം. ചെറിയ ചെറിയ കാര്യങ്ങള്‍ തൊട്ടു തുടങ്ങണം. ശരിയായ പരിശോധനയും സഹായം നല്‍കലും വേണം. വര്‍ഷങ്ങളായി പൊതിയഴിക്കാതെ വെച്ച ഹാര്‍ഡ് വെയര്‍ പാക്കുകള്‍ സ്‌കൂളുകളില്‍ നിത്യപരിചയമാണ്. ആ അവസ്ഥ മാറണം . ഇത് ഉപയോഗിച്ചേ പറ്റൂ എന്ന് വരണം. ഉപയോഗിക്കാന്‍ അദ്ധ്യാപകനും കുട്ടിയും നിര്‍ബന്ധിതരാവണം . നിര്‍ബന്ധിതര്‍ എന്നല്ല ആവേശമുള്ളവരാകണം എന്നാണ് ശരിയായ പ്രയോഗം. ആവശ്യകതയുണ്ടാവണം. പഠനപ്രക്രിയ തൊട്ട് മൂല്യനിര്‍ണ്ണയം വരെ പൂര്‍ണ്ണമായും ഇങ്ങനെയാവണം. അതിനു മുങ്കയ്യെടുക്കേണ്ടതും പൂര്‍ണ്ണതയിലെത്തിക്കേണ്ടതും അദ്ധ്യാപകരാവണം. അദ്ധ്യാപകനെ ഒഴിച്ചു നിര്‍ത്തിയ ഒരു സാങ്കേതികവിദ്യയും അഭിലഷണീയമല്ല. പഠനം ഒരു ജൈവപ്രക്രിയയാണ്. അദ്ധ്യാപകനും കുട്ടിയും സമൂഹവും ചേര്‍ന്നുള്ള ജൈവപ്രക്രിയ. അപ്പോഴെ നമ്മുടെ ക്ലാസ് മുറികളില്‍ പഠനം ഹൈടെക്കും ലോകനിലവാരത്തിലുള്ളതുമാകൂ.