Tuesday
16 Oct 2018

‘ജനയുഗം സഹപാഠി’ ചിത്രരചനാ മത്സരം ഇന്ന്, സാംസ്‌കാരിക പരിപാടികള്‍ക്കും തുടക്കമാകും

By: Web Desk | Saturday 21 April 2018 7:01 AM IST

കൊല്ലം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ചിത്രരചനാ മത്സരം ഇന്ന് രാവിലെ 10 മണി മുതല്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കും. പ്രീ-സ്‌കൂള്‍, പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായി ക്രയോണ്‍ ചിത്രരചനാ മല്‍സരവും യുപി, എച്ച്എസ്, സെക്കന്ററി വിഭാഗങ്ങള്‍ക്കായി വാട്ടര്‍ കളര്‍ ഉപയോഗിച്ചുള്ള ചിത്രരചനാ മത്സരം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരം കാര്‍ട്ടൂണ്‍ വരച്ച് കാര്‍ട്ടൂണിസ്റ്റ് യേശുദാസ് ഉദ്ഘാടനം ചെയ്യും.
പാര്‍ട്ടികോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ തെന്മല പൊന്നിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട്, വൈകിട്ട് ആറിന് കുട്ടികളുടെ കലാപരിപാടികള്‍. നാളെ വൈകിട്ട് അഞ്ചിന് നടക്കുന്ന കാവ്യസായാഹ്നം പി കെ ഗോപി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് തിയേറ്റര്‍ ഇനിഷ്യേറ്റീവ് കേരളയുടെ നാടകം ‘രണ്ടുമുറി തിണ്ണ അടുക്കള’. 23ന് വൈകിട്ട് അഞ്ചിന് ഡോ. ആനയടി ധനലക്ഷ്മിയുടെ സംഗീതസദസ്, ഏഴിന് ബാബു ഒലിപ്പുറത്തിന്റെ ഏകപാത്ര നാടകം. 24ന് വൈകിട്ട് നാലിന് നടക്കുന്ന നാടകചര്‍ച്ച പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. മണിലാല്‍ മോഡറേറ്ററായിരിക്കും. പ്രമോദ് പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഏഴിന് കൊല്ലം ഇപ്റ്റയുടെ നേതൃത്വത്തില്‍ വയലാര്‍, ഒഎന്‍വി, പി ഭാസ്‌കരന്‍ അനുസ്മരണ സന്ധ്യ.
25ന് സി കെ ചന്ദ്രപ്പന്‍നഗറില്‍ (ആശ്രാമം മൈതാനം) വൈകിട്ട് അഞ്ചിന് പന്തളം ബാലന്റെ ഗാനോപഹാരം. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ വിനയന്‍ അദ്ധ്യക്ഷനായിരിക്കും. രാത്രി എട്ടിന് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകം. 26ന് വൈകിട്ട് ആറിന് സാംസ്‌കാരിക സന്ധ്യ. കെപിഎസി നാടക ഗാനങ്ങള്‍, മണിപ്പൂര്‍, ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഇപ്റ്റ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 27ന് വൈകിട്ട് ആറിന് ഞെരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന സോപാന സംഗീതം, എട്ടിന് കേരളീയ തനത് കലാരൂപങ്ങളുടെ ആവിഷ്‌ക്കാരമായ ദൃശ്യതാളം. 28ന് വൈകിട്ട് ആറിന് വയലാര്‍ നവതി ആഘോഷം വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സിനിമ പിന്നണിഗായകന്‍ സുധീപ്കുമാര്‍ അവതരിപ്പിക്കുന്ന ഗാനമേള, രാത്രി എട്ടിന് ആശാ ശരത് അവതരിപ്പിക്കുന്ന നൃത്ത നൂപുരം. 29ന് ആശ്രാമം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിനും റെഡ്‌വോളണ്ടിയര്‍ മാര്‍ച്ചിനും മുന്നോടിയായി വൈകിട്ട് നാലിന് ആലപ്പുഴ ഇപ്റ്റയുടെ നേതൃത്വത്തില്‍ നാട്ടരങ്ങ് അരങ്ങേറും.

മണല്‍ ശില്‍പ്പം ഒരുക്കും
പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണാര്‍ത്ഥം ‘ഇപ്റ്റ’ കൊല്ലം സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ബീച്ചില്‍ മണല്‍ ശില്‍പ്പം ഒരുക്കും. ഇന്ന് വൈകിട്ട് നാലിന് പ്രശസ്ത മണല്‍ ശില്‍പ്പിയും ഇപ്റ്റ ജില്ലാ കമ്മിറ്റിയംഗവുമായ രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലാണ് മണല്‍ ശില്‍പ്പമൊരുക്കുന്നത്.