25 April 2024, Thursday

Related news

October 4, 2023
September 10, 2023
August 24, 2023
November 13, 2022
November 3, 2022
October 29, 2022
October 24, 2022
October 23, 2022
October 12, 2022
September 12, 2022

”കളിച്ചുണ്ണാൻ മാമ്പഴം”

റെജി മലയാലപ്പുഴ
തേന്‍ മലയാളം
February 21, 2022 3:00 am

ഫെബ്രുവരി കഴിയുന്നതോടെ വേനൽ കടുക്കും. ഏപ്രിലിനൊപ്പം വേനലവധിയും കടന്നെത്തും. വേനലവധി കൂട്ടികളെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ പൂത്തിരി കത്തിക്കുന്ന ദിനങ്ങളാണ്. പണ്ടൊക്കെ കുട്ടികൾ വേനലവധി ചെലവഴിച്ചിരുന്നത് തൊടിയിലായിരുന്നു. ഏതെങ്കിലും ഫലവൃക്ഷത്തിന്റെ ചുവട്ടിൽ അതിന്റെ തണലേറ്റ് വിവിധ കളികളിൽ ഏർപ്പെടുന്നത് നിരന്തര കാഴ്ചകളായിരുന്നു. കളിയുടെ ക്ഷീണം മാറാൻ ഫലങ്ങളിൽ കണ്ണേറിലൂടെ കല്ലേറു നടത്തിയും കാറ്റിന്റെ ഔദാര്യത്താൽ വീഴുന്ന ഫലങ്ങളിൽ ഓടിയെത്തിപ്പിടിച്ചും വയറിനെ നിറയ്ക്കാൻ ശ്രമിക്കുക രസകരമായ അനുഭവം തന്നെയാണ്.
വേനലവധിയിൽ ഏറെ അടുപ്പമുള്ള മേഖല മാവും മാഞ്ചോടുമാണ്. മാമ്പഴത്തിന്റെ രുചിയും മണവും മറ്റേതു ഫലത്തിനേക്കാളും ആകർഷകമാണ്. അതുകൊണ്ടു തന്നെയാകാം പഴങ്ങളുടെ രാജാവ് എന്ന രാജകീയ പട്ടം തന്നെ പഴമക്കാർ മാമ്പഴത്തിന് നൽകി ആദരിച്ചത്. മാവ് എന്നും നമ്മുടെ സംസ്കാരത്തിന്റെ അടയാളമാണ്. അതിന്റെ ജീവിതം പോലും നമ്മൾക്കൊപ്പം ദഹന കാരണമാകാൻ മടി കാണിക്കാത്ത മറ്റൊരു വൃക്ഷമില്ല.

മാമ്പഴക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ മാധുര്യമൂറും. അതുപോലെ തന്നെയാണ് മുത്തശ്ശി പറഞ്ഞുതരാറുള്ള മാമ്പഴക്കഥകളും. വിവിധതരം മാവുകൾ നമ്മുടെ നാട്ടിലുണ്ട്. മൂവാണ്ടൻ, മൈലാപ്പൂവൻ, കപ്പ മാങ്ങ, കിളിച്ചുണ്ടൻ, കോമാങ്ങ, കല്ലു കെട്ടി, തുടങ്ങിയവ അവയിൽ പ്രമുഖങ്ങളാണ്. മറ്റിടങ്ങളിൽ നിന്നും കടന്നെത്തിയ മൽഗോവ, നീലം, കാലപ്പാടി തുടങ്ങിയ കേമൻമാരും നാട്ടുമാങ്ങകളോടൊപ്പം അങ്ങാടിയിൽ വിലസുന്നു. കവിതകളിലും, പാട്ടുകളിലും മറ്റും മാവിനും, മാമ്പഴത്തിനും പരമ പ്രധാനസ്ഥാനമാണുള്ളത്. ”മഴ പെയ്തു മാനം തെളിഞ്ഞ നേരം, തൊടിയിലെ തൈമാവിൻ ചോട്ടിൽ, ഒരു കൊച്ചു കാറ്റേറ്റു വീണ മാമ്പഴം, ഒരുമിച്ചു പങ്കിട്ട കാലം, ഒരുമിച്ചു പങ്കിട്ട ബാല്യകാലം.” മാമ്പഴം വിഷയമാകുന്ന ഇത്തരത്തിലുള്ള പാട്ടും, കവിതകളും കൂട്ടുകാർക്കും ശേഖരപുസ്തകത്തിൽ ഉൾപ്പെടുത്താം.

ആരോഗ്യം നിലനിർത്തുന്നതിലും മാമ്പഴം നല്ലൊരു മരുന്നാണ്. കാർബോഹൈഡ്രേറ്റ്, വൈറ്റമിൻ, ധാതുക്കൾ, അന്നജം തുടങ്ങിയ പോഷക ഗുണങ്ങൾ ഉള്ളിലൊളിപ്പിച്ച വിരുതനാണ് മാമ്പഴം. മാങ്ങയും, മാമ്പഴവും കൊണ്ടുള്ള രുചികരമായ ഭക്ഷ്യവിഭവങ്ങളും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. ഉപ്പിലിട്ട മാങ്ങ, വിവിധ തരം അച്ചാറുകൾ, മാമ്പഴ പുളിശേരി, മാമ്പഴക്കറി എന്നിവ ഊണിന്റെ വിഭവമായി മേശയിൽ നിരന്നിരിക്കും. ഇതിനെല്ലാമുപരി മാവിന്റെ ജന്മനാട് ഭാരതമാണെന്നതും നമ്മെ പുളകിതരാക്കുന്നു. പൈതൃകമായി ലഭിച്ച വൃക്ഷത്തോട് നമുക്ക് ആദരവ് തോന്നുക സ്വാഭാവികം. അവധിക്കിടയിൽ ഒരു ദിവസമെങ്കിലും കൂട്ടുകാർ മാവിനോടൊത്ത് കഴിയണം. മാവ് തരുന്ന അനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കൽ തേനൂറുന്ന മാമ്പഴ മധുരമായി അയവിറക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.