Thursday
24 Jan 2019

ആമിയും മുലയൂട്ടുന്ന സ്ത്രീയും

By: Web Desk | Friday 20 April 2018 9:54 AM IST

 രാജമയി അമ്മ

ഴയകാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ന് പല മേഖലകളിലും എത്തിപ്പെടാന്‍ തക്കവണ്ണമുള്ള പ്രോത്സാഹനവും വിദ്യാഭ്യാസവും പ്രചോദനവും സ്ത്രീകള്‍ക്ക് സഹായകമാകുന്നുണ്ട്. ഇന്ന് അവര്‍ക്ക് വ്യക്തിസ്വാതന്ത്ര്യമുണ്ട്; പ്രതികരണ സ്വാതന്ത്ര്യമുണ്ട്; ഔദ്യോഗികതലം വരെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതവരുടെ ഇച്ഛാശക്തിയും കഠിനപ്രയത്‌നവും സംസ്‌കാരവും തന്നെയാണ്. ഒരുകാലത്ത് ഒതുങ്ങിക്കൂടി അടക്കമൊതുക്കമായി കഴിയാനേ അനുവദിച്ചിരുന്നുള്ളൂ. ഇന്ന് പുരുഷന്മാരോടൊപ്പം ഏതറ്റം വരെയും സ്ത്രീക്കും എത്താന്‍ കഴിയുന്നത് നിസ്സാരമായി കാണാന്‍ പറ്റുന്നില്ല.

ഉന്നത ശീര്‍ഷരായ ഒട്ടനവധി പേര്‍ ഇത്തരത്തിലുണ്ടെന്നത് അഭിമാനം തന്നെയാണ്. നമ്മുടെ ഈ കൊച്ചുകേരളത്തില്‍ നമുക്കഭിമാനിക്കാവുന്നതും ബഹുമാനിക്കാവുന്നതുമായ ഒട്ടനവധി പൂജ്യരായ മഹിളകളുണ്ട്. അവര്‍ നമ്മുടെ അഭിമാനമാണ്. പണ്ട് സ്ത്രീകളെ ‘അബല’യെന്ന വിശേഷണത്തോടെ നോക്കിക്കണ്ടിരുന്നു. അങ്ങനെ കണ്ടവര്‍ ഇന്നു പല രീതിയിലും അടക്കമായെങ്കിലും പരിതപിക്കുന്നുണ്ടാകാം. സ്ത്രീയുടെ സൗന്ദര്യം ആകാരത്തില്‍ മാത്രമല്ല. രൂപസൗന്ദര്യം ഒരു ഘടകം മാത്രമെന്നേ പറയാനാകൂ.

ഇതൊക്കെയെഴുതാന്‍ തോന്നിയ ചേതോവികാരം മറ്റൊന്നാണ്. എന്‍റെ ഇപ്പോഴത്തെ ശാരീരികാവസ്ഥയില്‍ പ്രായാധിക്യം, കാഴ്ചക്കുറവിന് കാരണമാകുന്നു. എങ്കിലും വായിക്കാന്‍ വലിയ ആര്‍ത്തിയാണ്. ചുരുക്കമായി പുസ്തകങ്ങളും മാസികകളും വായിക്കാറുണ്ട്. മനസ്സിനെ ആകര്‍ഷിക്കുന്ന ലേഖനങ്ങളും, ദിനപത്രങ്ങളും വായിക്കുന്നത് ഒരു പരിധിവരെ ഏകാന്തതയ്ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും ഒരു പരിഹാരമോ, ഔഷധമോ ആണെന്നു ഞാന്‍ വിശ്വസിക്കുന്നു. വായിക്കുന്നതൊക്കെ മിക്കവാറും മറക്കാറുമുണ്ട്. മനസ്സിന്‍റെ ആഴത്തില്‍ തറയ്ക്കുന്നവ ഓര്‍ത്തിരിക്കും. എന്തൊക്കെയോ ഒക്കെ വായിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ഒരു പത്രക്കാരന്‍റെ വീടായതുകൊണ്ട് വായിക്കാന്‍ ഒട്ടനവധി സൗകര്യങ്ങളുണ്ട്. മാസികകളില്‍ ഗൃഹലക്ഷ്മി വായിക്കാറുണ്ട്.

കഴിഞ്ഞ ഒരു ലക്കം വാരികയില്‍ മഞ്ജുവാര്യരുടെ മുഖച്ചിത്രമായിരുന്നു. വളരെ ഭംഗിയായി തോന്നി. ‘ആമി’ സിനിമയിലെ നായികയായി അഭിനയിക്കാനുള്ള തന്‍റേടവും ആത്മവിശ്വാസവും ധൈര്യവും കാണിച്ചതില്‍ വളരെ സന്തോഷമുണ്ട്. മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി ഉള്ള സിനിമയാണെന്നറിയാന്‍ കഴിഞ്ഞു. ‘എന്‍റെ കഥ’യും, ‘നീര്‍മാതളം പൂത്ത കാല’വും വായിച്ചിട്ടുണ്ട്. അതില്‍ എന്റെ കഥ കുറേശ്ശെ വായിക്കും, മടക്കി വയ്ക്കും, പിന്നെയും കുറച്ചു വായിക്കും. ഒന്നിച്ചു വായിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.
സിനിമയെപ്പറ്റി പലരും പല അഭിപ്രായങ്ങളും പറഞ്ഞുകേള്‍ക്കുന്നു. ഏതിനും ഒരു നല്ലവശവും ചീത്തവശവും മനുഷ്യന്‍ കണ്ടുപിടിക്കും. ഇങ്ങനെയൊരു കഥാപാത്രത്തെ ഇത്രയും അഭിനയിച്ചു അവതരിപ്പിച്ചത് മഞ്ജുവിന്‍റെ അസാമാന്യ ചങ്കൂറ്റവും ധൈര്യവുമാണെന്ന് പറയാതെ വയ്യ. അഭിപ്രായം പറയാന്‍ ഞാന്‍ അതു കണ്ടിട്ടില്ല; കാണാനും സാധ്യതയില്ല. നാട്ടറിവും കേട്ടറിവും വച്ചു പറഞ്ഞുപോകുന്നതാണ്. ആ ലക്കം വായിക്കാനുണ്ടായ സാഹചര്യം വിവരിച്ചെന്നേയുള്ളൂ. അതിനു ശേഷമുള്ള ഒരു ലക്കത്തിന്‍റെ മുഖചിത്രം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു പെണ്‍കുട്ടി അവളുടെ കുഞ്ഞിനെ മുലയൂട്ടുന്നതാണാ ചിത്രം. അതു പരസ്യപ്പെടുത്തുന്നതിന്‍റെ ഉദ്ദേശ്യശുദ്ധി മനസ്സിലാകുന്നില്ല. മക്കളും കൊച്ചുമക്കളുമൊക്കെയുള്ള ഒരമ്മൂമ്മയാണു ഞാന്‍. പുതുതലമുറകളുടെ പുരോഗതിക്ക്, മറുചിന്തകള്‍ക്ക് അല്പം അതിര്‍വരമ്പുകള്‍ വേണമെന്നു മാത്രം. പ്രായമായവരുടെ ഉദ്ദേശശുദ്ധിയെന്നു കരുതുക. വിദ്യാഭ്യാസംകൊണ്ടും, അറിവുകൊണ്ടും, ധൈര്യംകൊണ്ടും, ബുദ്ധികൊണ്ടും നമ്മള്‍ പുരുഷന്മാര്‍ക്കൊപ്പംതന്നെയാണ്. പിന്നെ എന്തിനീ മാനസികാരാജകത്വം?

പ്രായത്തിന്‍റെ ബലഹീനതയായിരിക്കാം, പുരോഗമന ചിന്തകള്‍ നന്നേ കുറവാണ്. അതൊന്നും അനുകരണീയമാണെന്ന അവകാശബോധമൊന്നുമില്ല. ഗൃഹലക്ഷ്മി മാസികയില്‍ ഇങ്ങനെയൊരു മുഖചിത്രമോ? അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു.
സ്ത്രീക്കു മാത്രം കിട്ടിയിട്ടുള്ള അപൂര്‍വ്വ അനുഗ്രഹമാണ് അമ്മയാകുകയെന്ന സത്യം. അത് അതിന്‍റെ ദൈന്യതയും അസഹ്യതയും പ്രദര്‍ശിപ്പിക്കുന്നതില്‍ എന്ത് ചാരിതാര്‍ഥ്യമാണുണ്ടാകുന്നത്. കുഞ്ഞിനു പാലുകൊടുക്കുന്നത് പുതുമയുള്ള വിഷയമല്ല. അതിന് അല്പം ഗോപ്യത വേണമെന്ന അഭിപ്രായം ചിലര്‍ക്കെങ്കിലും ഉണ്ടാകാതിരിക്കില്ല. പ്രസിദ്ധയാകാന്‍ ഈ വകകാര്യങ്ങള്‍ കൂടിയുണ്ടെങ്കിലേ പൂര്‍ണതയാകുവെന്നു ശഠിക്കുന്നത് എന്തിനുവേണ്ടി.

മാധ്യമങ്ങളിലും പുരോഗമന ചിന്താഗതിക്കാരായ ഒട്ടനവധി പേര്‍ അനുകൂലിച്ച് എഴുതിയിരിക്കുന്നതും വായിച്ചു. ഓരോരുത്തരുടെ കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും. അറിവില്ലായ്മയും വാര്‍ദ്ധക്യത്തിന്‍റെ വൃദ്ധിക്ഷയവുമായിരിക്കാം. സ്ത്രീയെപ്പറ്റിയുള്ള എന്‍റെ കാഴ്ചപ്പാടുകള്‍ മാത്രമായിക്കണ്ട് എന്നോടു ക്ഷമിക്കുമല്ലോ.

സ്ത്രീ ഇന്ന് അബലയല്ല; പ്രബല തന്നെയാണ്. വിദ്യാഭ്യാസംകൊണ്ടും, ധിക്ഷണാശക്തികൊണ്ടും ധൈര്യംകൊണ്ടും ആത്മവിശ്വാസംകൊണ്ടും ഒട്ടും പിന്നിലല്ല. ഔദ്യോഗിക രംഗത്തായാലും, രാഷ്ട്രീയ രംഗത്തായാലും, ഗവേഷണത്തിലായാലും, കായിക രംഗത്തായാലും എത്രയോ മുന്നിലാണ്. സാഹിത്യപരമായും സാമൂഹികവുമായും അവര്‍ ശോഭിക്കുന്നുണ്ട്.
അറിവുള്ള ഒട്ടനവധി പേര്‍ മേല്‍പ്പറഞ്ഞ പ്രഹസനത്തെ ശ്ലാഘിക്കുന്നു. ഞാന്‍ സാധാരണ സ്ത്രീ മാത്രമാണ്. എനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വീകരിക്കാം, തിരസ്‌ക്കരിക്കാം.