Thursday
24 Jan 2019

കാവിയില്‍ മൂടാനാവില്ല ചിലത്

By: Web Desk | Thursday 19 April 2018 10:19 PM IST

അനുകൃഷ്ണ എസ്

ജമ്മുവിലെ എട്ടു വയസ്സുള്ള പൊന്നുമോള്‍… മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച് കടന്നുപോയവള്‍… പലവട്ടം പല മുഖങ്ങളില്‍ നിരവധി കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ വന്നുപോയിക്കഴിഞ്ഞു. സ്ത്രീ എന്ന നിലയ്ക്ക് തികഞ്ഞ പരാജിതത്വവും ലജ്ജയും തോന്നി അപ്പോഴൊക്കെ. പ്രതികരണശേഷി നഷ്ടപ്പെട്ട ലോകത്തെ ശപിച്ചു. പല രാത്രികളും ഉറക്കത്തെ മറന്നു. മതഭ്രാന്തന്മാരുടെ വെറിപിടിച്ച മനസും കാമം നിറഞ്ഞ നോട്ടവും പരതുന്ന ഇന്ത്യയുടെ അവസ്ഥയോര്‍ത്ത് ലജ്ജിച്ചു… എന്നാല്‍ ലജ്ജിക്കാന്‍ പാകത്തിന് ഇന്ത്യയുടെ മാനം കപ്പലുകയറിയിട്ടില്ലെന്ന് തെളിയിക്കാന്‍ വീണ്ടും രണ്ടു സ്ത്രീകള്‍ വേണ്ടി വന്നു. അവരുടെ കരങ്ങള്‍ വേണ്ടിവന്നു ഇന്ത്യയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍. ദീപിക സിങ് രജാവത്.. ശ്വേതാംബരി ശര്‍മ്മ.. ഇന്ത്യയെ, ഇന്ത്യയിലെ സ്ത്രീകളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന, അവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന രണ്ടു വ്യക്തിത്വങ്ങളാണിവര്‍. കഠ്‌വയില്‍ എട്ടുവയസുകാരിയെ മൃഗീയമായി ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഘ്പരിവാര്‍ ഭീകരരുടെ തിരനിറച്ച തോക്കുകള്‍ ഈ സ്ത്രീരത്‌നങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും മനോധൈര്യത്തിനും മുന്നില്‍ വെറും പൊട്ടാസുകള്‍ മാത്രമാണെന്ന് ഇവരെ കൂടുതല്‍ അറിഞ്ഞവര്‍ ഉറച്ച സ്വരത്തില്‍ പറയുമെന്നതില്‍ സംശയമേയില്ല. കാരണം ജീവന്‍ പണയംവച്ച് കേസന്വേഷണം നടത്തിയ ജമ്മു കശ്മീര്‍ പൊലീസിലെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശ്വേതാംബരി ശര്‍മയും സ്വമേധയാ അവള്‍ക്ക് നീതിനേടിക്കൊടുക്കാന്‍ പോര്‍മുഖത്തേക്കിറങ്ങിയ അഡ്വ. ദീപിക സിങ് രജാവതും നമുക്ക് നല്‍കുന്നത് അവരുടെ ജിവിതപാഠം തന്നെയാണ് എന്നുള്ളതാണ്. കേസ് ഏറ്റെടുക്കാന്‍ വക്കീല്‍ കുപ്പായമിട്ട ഒരാളും ധൈര്യപ്പെടാതിരുന്നിടത്ത് സ്വന്തം താല്‍പ്പര്യത്തിന്റെ പേരില്‍ കേസേറ്റെടുത്ത് രാക്ഷസപ്പടകളുടെ മുന്നിലേക്ക് സധൈര്യം ദീപിക നടന്നു വരികയായിരുന്നു. തുടര്‍ന്ന് ദീപികയ്ക്ക് നേരിടേണ്ടി വന്നത് വധഭീഷണിയും ബലാത്സംഗ ഭീഷണിയും. ഭീഷണികളുടെ തുടക്കം ബാര്‍ അസോസിയേഷനിലെ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നെങ്കില്‍ അവസാനം സംഘ്പരിവാര്‍ കാപാലികന്മാരില്‍ നിന്നായിരുന്നു. താങ്ങായി കൂടെനില്‍ക്കേണ്ട സഹപ്രവര്‍ത്തകരാണ് ആദ്യം ദീപികയ്ക്ക് നേരേ വാളോങ്ങിയത്. ജീവന്‍മരണ പോരാട്ടത്തിനിടയില്‍ ദീപികയെ ബാര്‍ അസോസിയേഷനില്‍നിന്ന് കുടിവെള്ളമെടുക്കാന്‍കൂടി സഹപ്രവര്‍ത്തകരായ കഴുകന്മാര്‍ അനുവദിച്ചില്ല. ഒടുവില്‍ സ്വന്തം ജീവന്‍ രക്ഷക്കായി ഈ 38കാരിക്ക് കോടതിയെതന്നെ സമീപിക്കേണ്ടി വന്നു. എന്നിട്ടും തന്റെ തീരുമാനത്തില്‍നിന്ന് അണുവിടമാറാതെ അവര്‍ പോരാടുകതന്നെ ചെയ്തു. ‘നിയമം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് അഭിഭാഷകരുടെ ജോലി. അതിന് പകരം ഇവിടെ ചിലര്‍ കുറ്റവാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് അക്രമത്തിലൂടെ തടയാന്‍ ശ്രമിക്കുകയാണ്. ഇവരുടെ വര്‍ഗത്തില്‍പ്പെട്ടയാളാണ് എന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു’ എന്നാണ് പൊലീസ് അന്വേഷണത്തിന് എതിരായ ജമ്മു ബാര്‍ അസോസിയേഷന്‍ നിലപാടിനെക്കുറിച്ച് ദീപിക പറഞ്ഞത്. ഇതൊരു പോരാട്ടമാണ്, നീതിക്കു വേണ്ടിയുള്ള പോരാട്ടം. ഇത് ഏറെ നീണ്ടുപോയേക്കാം. മാധ്യമങ്ങളുടെ ശ്രദ്ധയുള്ളിടത്തോളം കേസ് ശ്രദ്ധിക്കപ്പെടും. എന്നാല്‍ അതുകഴിഞ്ഞുള്ള സ്ഥിതി അറിയില്ല. സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് ഈ പോരാട്ടത്തിന് ഇറങ്ങിയത്. അത് തുടരുമെന്നും ദീപിക പറഞ്ഞു.

ശ്വേതാംബരി ശര്‍മയുടെ സ്ഥിതിയും മറിച്ചല്ല. സംഭവം അന്വേഷിച്ച ജമ്മു കശ്മീര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഏക വനിതയാണ് ശ്വേതാംബരി ശര്‍മ്മ. അവര്‍ക്ക് സംഘ്പരിവാര്‍ കൊലയാളികളില്‍നിന്ന് നേരിടേണ്ടി വന്നത് തികച്ചും ക്രൂരമായ സമീപനമാണ്. ബ്രാഹ്മണ കുലത്തില്‍പ്പെട്ട ശ്വേതാംബരിയെ ജാതി വാലുകള്‍ കാട്ടിയാണ് ആദ്യം അവര്‍ സ്വീധീനിക്കാന്‍ ശ്രമിച്ചത്. നമ്മള്‍ ഒരു ജാതിയാണെന്നും അതിനാല്‍ കേവലം ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് വേണ്ടി അവരെ താന്‍ പ്രതിയായി കാണരുതെന്നുമായിരുന്നു ബ്രാഹ്മണരായ സംഘ്പരിവാര്‍ ക്രിമിനലുകളുടെ ആദ്യനീക്കത്തിലെ ഉപദേശം. എന്നാല്‍ ഉപദേശകരോട് ശ്വേതാംബരി പറഞ്ഞത് ഇത്രമാത്രം, ‘എനിക്ക് മതമില്ല, എന്റെ യൂണിഫോമാണ് എന്റെ ഏക മതം’. സത്യസന്ധയായ ഒരു ഉദ്യോഗസ്ഥയുടെ വാക്കുകളുടെ മൂര്‍ച്ച മനസിലായതോടുകൂടി സ്വരം മാറി. പിന്നെ ഭീഷണിയായി. നിന്നേയും നിന്റെ കുടുംബത്തേയും നശിപ്പിക്കും നിന്നെ ബലാംത്സംഗം ചെയ്യും തുടങ്ങിയ സ്ഥിരം ഭീഷണിയുമായി പിശാചുക്കള്‍ ചുറ്റുംകൂടി. എന്നാല്‍ മരിക്കേണ്ടി വന്നാലും അന്വേഷണത്തില്‍നിന്നും പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തില്‍ നിന്നുകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ വ്യക്തമായ റിപ്പോര്‍ട്ട് ശ്വേതാംബരി സമര്‍പ്പിച്ചു. അന്വേഷണത്തെക്കുറിച്ചും നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചുമുള്ള ശ്വേതാംബരിയുടെ വാക്കുകള്‍; ”മിക്ക പ്രതികളും ബ്രാഹ്മണരായിരുന്നതിനാല്‍ അവര്‍ അവരുടെ ജാതിവാലുകള്‍ കൂടുതലായി ഊന്നല്‍ നല്‍കി കാണിച്ചു. അവരെന്നെ സ്വാധീനിക്കാന്‍ പ്രത്യേകമായി ശ്രമിക്കുകയും നാം ഒരേ മതത്തിലും ജാതിയിലുംപെട്ടതായതിനാല്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും ഞാനവരെ കുറ്റക്കാരായി കാണരുതെന്നും പല വഴിക്കും അവര്‍ എന്നോടു പറഞ്ഞു. എന്നാല്‍ ജമ്മു കശ്മീര്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് എനിക്കു മതമില്ലെന്നും എന്റെ ഏക മതം എന്റെ യൂണിഫോം ആണെന്നും ഞാന്‍ പറഞ്ഞു. ഇത്തരത്തില്‍ എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ ഏതു വിധേനയും ഭീഷണിപ്പെടുത്താനും മറ്റുമായി ശ്രമം. അവര്‍ ലാത്തികള്‍ കയ്യിലെടുത്തിരുന്നു, ത്രിവര്‍ണ പതാകയേന്തി ജാഥകള്‍ സംഘടിപ്പിച്ചു, വിവിധ ഗ്രാമങ്ങളിലേക്കുള്ള പാതകള്‍ ഉപരോധിച്ചു, ഒടുവില്‍ കോടതിയിലേക്കുള്ളതും. പക്ഷേ പൂര്‍ണമായ നിശ്ചയദാര്‍ഢ്യത്തോടെയും പ്രതിബദ്ധതയോടെയും തൊഴില്‍ വൈദഗ്ധ്യത്തോടെയും ഞങ്ങള്‍ ഉറച്ചുനിന്നു.” ”ഞങ്ങള്‍ നിരവധി പ്രതികൂല അവസ്ഥകളോട് മല്ലടിച്ചാണ് ജോലി ചെയ്തത്. ചില നേരത്ത് ഞങ്ങളാകെ നിരാശയിലായിരുന്നു. പ്രത്യേകിച്ചും ഹീരനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഈ സംഭവം ഒതുക്കാനായി കൈക്കൂലി നല്‍കിയെന്നും അവര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകിക്കളഞ്ഞെന്നും അറിഞ്ഞപ്പോള്‍. എന്നിട്ടും ഞങ്ങളീ ബലാത്സംഗ, കൊലപാതക കേസ് തെളിയിച്ചു. കുറ്റവാളികളെ നിയമത്തിന്നു മുന്നില്‍ കൊണ്ടുവരാന്‍ ഒരു ദൈവീക ഇടപെടല്‍ ഉണ്ടായെന്ന് ഞാന്‍ കരുതുന്നു.” തന്റെ മകന്റെ പ്രായമുള്ള കുഞ്ഞിന്റെ ബലാത്സംഗത്തേയും കൊലപാതകത്തേയും കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്യുന്ന നിമിഷമായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയതെന്നാണ് ശ്വേതാംബരി പറയുന്നത്. രാത്രികളില്‍ താന്‍ ഉണര്‍ന്നിരുന്നുവെന്നും ദൈവാനുഗ്രഹത്താല്‍ ആ ബലാത്സംഗികളെയും കൊലപാതകികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും അവര്‍ പറയുന്നു.

ഇവര്‍ രണ്ടു സത്രീകളും നമുക്ക് പാഠമാണ്. വായിച്ചു പഠിക്കേണ്ട പാഠം. ഭീഷണിക്ക് മുന്നില്‍ തലകുനിച്ച് വീട്ടിലെ ഒരു മൂലയില്‍ ഒതുങ്ങുകയല്ല അവര്‍ ചെയ്തത്. പകരം ജീവിതംതന്നെ സന്ദേശമാക്കി മാറ്റുകയാണവര്‍ ചെയ്തത്. കുനിച്ച തലകളില്‍ ചവിട്ടി കയറിയ ചരിത്രമേയുള്ളു. അതിനാല്‍ ഒരിടത്തും അടിയറവു പറയാതെ ലക്ഷ്യത്തിലേക്ക് മുന്നേറാനാണ് ഇവര്‍ നല്‍കുന്ന പാഠം.

ഇനി പറയാനുള്ളത് കാവിയുടെ മറവില്‍ കാടത്തരം കാട്ടുന്ന വിഷവിത്തുകളോട്. നിങ്ങളുടെയൊക്കെ അച്ഛന്മാരുടെ വകയാണ് ഇന്ത്യയെന്ന് ധരിച്ചിരിക്കുകയാണോ? ഇന്ത്യ അടക്കിവാഴുകയാണെന്ന വിചാരമുണ്ടോ? എങ്കില്‍ ആ വിചാരമങ്ങുമാറ്റിക്കൊള്ളു. ഇന്ത്യയെ ആര്‍ക്കും തീറെഴുതി തന്നിട്ടില്ല. നിങ്ങള്‍ക്ക് കാവിപൂശാനുള്ളിടമല്ല ഇന്ത്യ. ഇന്ത്യക്ക് ഒരു നിറമേയുള്ളു. അത് സ്‌നേഹത്തിന്റെ നിറമാണ്. മതഭ്രാന്തുമായി കാമഭ്രാന്ത് തീര്‍ക്കാനുള്ള രാജ്യമല്ല ഇന്ത്യ. രാഷ്ട്രീയത്തിന്റെയും മതസ്‌നേഹത്തിന്‍റെയും മറവില്‍ നീചന്മാര്‍ക്ക് അഴിഞ്ഞാടാനുള്ള രാജ്യമല്ല ഇന്ത്യ. ഇന്ത്യയ്ക്ക് അഭയം കൊടുത്ത ചരിത്രമേയുള്ളു. അഭയാര്‍ഥികളെ കൊന്ന് നാടുകടത്തിയ ചരിത്രമില്ല.