Saturday
20 Jan 2018

ഉമ്മവച്ചതിനും തുടയില്‍ തൊട്ടതിനും ഇത്ര ബഹളം വേണോ

By: Web Desk | Saturday 13 January 2018 7:07 PM IST

ലൈംഗിക പീഡനത്തിനെതിരെ ഹോളിവുഡില്‍ തുടക്കം കുറിച്ച ‘മീ ടു’ക്യാമ്പയിനെതിരെ ഫ്രാന്‍സിലെ സിനിമാലോകത്തുനിന്നും സ്ത്രീകളുടെ എതിര്‍ശബ്ദം ഉയര്‍ന്നിരിക്കുന്നു. ഹാര്‍വി വെയ്ന്‍സ്റ്റിന്‍ എന്ന അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും സ്ത്രീകള്‍ ലൈംഗികാരോപണം ഉയര്‍ത്തിയത് ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. ഇതിനെതിരെ ‘മീ ടു’ പ്രചാരണവുമായി ഇവര്‍ രംഗത്തുവരികയുണ്ടായി. ഇത്തരത്തില്‍ പ്രചാരണം നടത്തുന്ന സ്ത്രീകള്‍ക്കെതിരെയാണ് ഫ്രഞ്ച് താരം കാതറിന്‍ ദിനേവ് എതിര്‍പ്രചാരണവുമായി രംഗത്ത് വന്നത്. അവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
പുരുഷവിദേ്വഷം പ്രചരിപ്പിക്കുകയാണ് ഹോളിവുഡ് നടികള്‍ എന്നും ബലാത്സംഗത്തിന് തന്നെ അപമാനമാണ് ഇവരുടെ അവകാശവാദങ്ങള്‍ എന്നുമാണ് കാതറിന്‍ പ്രതികരിച്ചത്. കാതറിന്റെ അഭിപ്രായ പ്രകടനത്തോട് ഏതാണ്ട് നൂറോളം സ്ത്രീകള്‍ യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു കത്ത് പുറത്തുവിടുകയുണ്ടായി. കാതറിനെയും കുട്ടരേയും കടന്നാക്രമിച്ചുകൊണ്ട് ആദ്യം രംഗത്തുവന്നത് ഇറ്റാലിയന്‍ അഭിനേത്രി അസിയ അര്‍ജന്റോയാണ്. ‘പുരുഷാധിപത്യം ശാരീരികവും മാനസികവുമായി അവരെ ഒരു തിരിച്ചുവരവ് സാധ്യമാകാത്തവിധം തളച്ചിരിക്കുന്നു” എന്നാണ് കാതറിന്റെ നിലപാടിനെപ്പറ്റി അസിയ പറഞ്ഞത്. കാതറിനും കൂട്ടരും കിഴവന്മാര്‍ കളിക്കുകയാണെന്ന് ഫ്രാന്‍സിലെ സ്ത്രീപ്രവര്‍ത്തകര്‍ പരിഹസിച്ചു. ലെമൊണ്ടെ പത്രത്തിനയച്ചുകൊടുത്ത പ്രതിഷേധ കുറിപ്പിലാണ് സ്ത്രീപ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ രൂക്ഷപ്രതികരണം നടത്തിയത്. എന്താണ് ലോകത്ത് സംഭവിക്കുന്നതെന്ന് ഇവര്‍ക്കറിയില്ല. പുരുഷാധിപത്യ ധാര്‍ഷ്ട്യമുള്ള പഴഞ്ചന്‍മാര്‍ക്ക് സ്ത്രീകളുടെ ചെറുത്തുനില്‍പിനെ ഭയമാണ്. ലോകം മാറുന്നത് അംഗീകരിക്കാന്‍ അവര്‍ക്കാകില്ല.’ പ്രസ്താവന തുടര്‍ന്നു- പുരുഷന്മാരെ ആവശ്യത്തിലധികം ശിക്ഷിച്ചു കഴിഞ്ഞു. അവര്‍ക്ക് ജോലി പോലും നഷ്ടമാക്കി. വെറുതെ തുടയിലൊന്ന് തൊട്ടതിനും ഉമ്മ വച്ചതിനുമൊക്കെയാണ് ഇതൊക്കെ നടന്നതെന്ന് കാതറിന്റെ കത്തില്‍ പറഞ്ഞിരുന്നു.