Wednesday
23 Jan 2019

ചരിത്രം നിശ്ചലമായ നിമിഷം….

By: Web Desk | Sunday 13 May 2018 9:03 AM IST

ജോസ് ഡേവിഡ്

ചിത്രകാരനും ബ്രഷും തമ്മില്‍ ആശയത്തെക്കുറിച്ചാണ് ആദ്യ സംഘര്‍ഷം. ആശയം ബ്രഷില്‍ ചാലിച്ച വര്‍ണങ്ങള്‍ക്ക് വഴങ്ങുകയും ചിത്രത്തിലെ കഥാപാത്രം രൂപമെടുക്കുകയും ചെയ്തു തുടങ്ങുമ്പോള്‍ ഏറ്റുമുട്ടല്‍ കഥാപാത്രവും ചിത്രകാരനും തമ്മിലാകുന്നു. ഒടുവില്‍ കലാകാരന്റെ നിയന്ത്രണങ്ങള്‍ വിട്ട് ചിത്രം സ്വന്തം ജീവനിലേക്ക് പിറക്കുന്നു.


അങ്ങനെ ഒരു വില്ലുവണ്ടി കാലത്തിലേക്ക്, ചരിത്രത്തിലേക്ക് ഒരു മഹാവിസ്‌ഫോടനമായി പിറക്കുകയായി. 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘അയ്യങ്കാളി യശമാനന്‍’ മലയാളത്തിന്റെ അനാചാരങ്ങളുടെ മാറിലേക്ക് തെളിച്ചുവിട്ട വില്ലുവണ്ടി. അന്ന് അതിനെ തടയാനും അടിച്ചുവീഴ്ത്താനും യജമാനന്മാരുണ്ടായിരുന്നു. പക്ഷേ അടിയാളന്റെ യശമാനന്‍ (അവര്‍ അദ്ദേഹത്തെ യശമാനന്‍ എന്നുവിളിച്ചു) തേര്‍ തെളിച്ച വില്ലുവണ്ടി പ്രപഞ്ചത്തിന്റെ സര്‍വസത്യങ്ങളില്‍ നിന്നും ഊര്‍ജം കൈക്കൊണ്ടു മാനവികതയുടെ മഹത്വത്തിലേക്ക് പ്രയാണം ചെയ്തുകൊണ്ടേയിരിക്കുന്നു.

ചരിത്രം ഒരുവേള നിശ്ചലമായി നിന്നുപോയ ആ മുഹൂര്‍ത്തത്തെ ക്യാന്‍വാസിന്റെ ഒറ്റ ഫ്രെയിമിലേക്ക് പകര്‍ത്തിനോക്കാന്‍ ഒരുകൂട്ടം ചിത്രകാരന്മാര്‍ അയ്യങ്കാളി ജനിക്കുകയും മരിക്കുകയും ചെയ്ത വെങ്ങാനൂരിന്റെ മണ്ണില്‍ അഞ്ചുദിവസം ഒത്തുകൂടി. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിലായിരുന്നു ചിത്രരചനാ ക്യാമ്പ്.
നിശ്ചല ഛായാഗ്രഹണത്തിനും ചലച്ചിത്രത്തിനും അപ്രാപ്യമായ ചിത്രരചനയുടെ തനത് അനുഭൂതികളിലൂടെ ചരിത്രത്തെ പകര്‍ത്തിനോക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങളാണ് ഈ ചിത്രങ്ങള്‍. നരേറ്റിവ് എക്‌സ്പ്രഷണിസത്തിന്റെ നേര്‍ത്ത ഭാവങ്ങള്‍ പ്രകടമാക്കിയും റിയലിസത്തിന്റെ സാധ്യതകളെ അവലംബിച്ചുമുള്ള രചനകള്‍.
കൃഷ്ണ ജനാര്‍ദനയുടെ ‘ത്രാസം’അനന്തതയിലേക്ക് നയിക്കുന്ന ചെമ്മണ്‍ പാത ചിത്രീകരിക്കുന്നു. അത് ശിഖരങ്ങളായി വളര്‍ന്ന് പടര്‍ന്ന് രക്തപ്പൂക്കള്‍ വിരിയിക്കുമ്പോള്‍, വെളുപ്പും കറുപ്പും വര്‍ണങ്ങളിലുളള രണ്ട് കാളകള്‍ തുല്യശക്തിയോടെ നില്‍ക്കുന്നു. പശ്ചാത്തലത്തില്‍ എല്ലോറ ഗുഹകളും ഗുഹാചിത്രങ്ങളും കല്ലുകളും നിഴലുകളും പകയും പടവുകളും മറക്കുടയും ചതുരംഗവും നിലവിളക്കും മണ്ണെണ്ണവിളക്കും ക്ഷേത്ര ഗോപുരവും തുടങ്ങി ദ്വന്ദങ്ങളും ചിഹ്നങ്ങളും കൊണ്ട് കാലത്തിന്റെ ഹൃദയമിടിപ്പു കോറിയിടാനുള്ള ശ്രമങ്ങള്‍.
സുനില്‍ അശോകപുരം ചിത്രീകരിക്കുന്നത് വില്ലുവണ്ടിസമരം സാധാരണ മനുഷ്യരില്‍, പ്രത്യേകിച്ചും സ്ത്രീകളില്‍ ഉണ്ടാക്കിയ അനുരണനങ്ങളെയാണ്. ഒരു ഫ്രെയിമില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു; കടലിന്റെ വിഹായസിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരുന്ന മനുഷ്യന്‍. ആ വളര്‍ച്ചയെ സാധ്യമാക്കുന്ന സംസ്‌കൃതിയെ ബുദ്ധന്‍, ചിത്രകല തുടങ്ങിയ ബിംബങ്ങളിലൂടെ പ്രകടമാക്കുന്നു.

മേഘച്ചിറകുള്ള വില്ലുവണ്ടിക്കാളകള്‍, സ്വച്ഛന്ദമായ നീലമേഘങ്ങളില്‍ നിന്നും ഊര്‍ജം ആവാഹിച്ചിറങ്ങുന്ന ദൃശ്യവിസ്മയമാണ് ഡോ. ശ്രീകല കെ വി ഒരുക്കുന്നത്. അപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പെരുമ്പറമുഴക്കം. ജീവന്റെ വര്‍ണഘോഷങ്ങളായി അധഃകൃതര്‍ പൂക്കളായി, വര്‍ണങ്ങളായി കാളയിലേക്ക്, മേഘങ്ങളിലേക്ക് സംക്രമിക്കുന്ന വേള.
സുനില്‍കുമാര്‍ ജി ആ കാലഘട്ടത്തെ ഒരു ഫോട്ടോഗ്രാഫിക് യാഥാര്‍ഥ്യത്തിന്റെ കൃത്യതയിലേക്ക് വരച്ചുനോക്കി. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന ശ്രമങ്ങള്‍ ചിത്രങ്ങളില്‍ ലഭ്യമാണെങ്കിലും അയ്യങ്കാളിയുടെ ഈ തീക്ഷ്ണവിപ്ലവരംഗം ദൃശ്യങ്ങളിലില്ലെന്ന പരിമിതിയെ അതിജീവിക്കാനാണ് സുനില്‍കുമാര്‍ ശ്രമിച്ചത്. മലകള്‍ കാവലാളായ വെള്ളായണിക്കായലും പാടങ്ങളും കാര്‍ഷിക വൃത്തിയും കടന്നു അയ്യങ്കാളി എന്ന ഒറ്റയാള്‍പ്പോരാളി നീങ്ങുന്ന ചേതോഹരമായ ദൃശ്യം.
സുരേഷ്‌കുമാര്‍ ജി വില്ലുവണ്ടിയും വേലക്കാരും ചിത്രീകരിക്കുമ്പോള്‍ പണിയാളരുടെ നേര്‍ക്കാഴ്ചയിലേക്ക് പാലറ്റ് നൈഫ് ഉപയോഗിക്കുകയായിരുന്നു. അവരില്‍ നിസ്സഹായരുണ്ട്, ആണ്ടിറങ്ങിയാല്‍ അപകടം മണക്കുകയും അറയ്ക്കുകയും ചെയ്യുന്നവരുണ്ട്. മനുഷ്യ അദ്ധ്വാനത്തിന്റെ പച്ചപ്പിലൂടെ തീക്ഷ്ണയാഥാര്‍ഥ്യത്തിന്റെ തീവെയിലില്‍ കുതിച്ചുപോകുന്ന വണ്ടി.

സിതാര സ്ത്രീകളുടെ ഉത്ഥാനത്തിന്റെ ഉദാത്തതയെ ഈ സമരഭൂവില്‍ തിരയുകയായിരുന്നു. വില്ലുവണ്ടി സമരം അവരുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനവും പരിണാമവും അന്വേഷിക്കുന്ന രചന.
ഭഗത്‌സിങ്ങിന്റെ ‘സുരക്ഷയോ കെണിയോ’ എന്ന ചിത്രം വീട്, എലിപ്പെട്ടി, മനുഷ്യന്‍ എന്നീ ബിംബങ്ങളിലൂടെ ദളിത സ്വത്വബോധത്തെയും അതു സൃഷ്ടിക്കുന്ന സുരക്ഷയെയും, ഒരുപക്ഷെ അതു ചെന്നു പതിക്കാവുന്ന സാമൂഹ്യക്കെണിയെയും വ്യാഖ്യാനിക്കുന്നു.
ടി ആര്‍ സുനില്‍കുമാറിന്റെ ‘സമരനായിക’ ഒരു കാലത്തിന്റെ, എക്കാലത്തിന്റെയും ഉയര്‍ന്നെഴുന്നേല്‍ക്കുന്ന മനുഷ്യഭാവമാണ്. മാറുമറയ്ക്കാന്‍, കല്ലുമാല വലിച്ചെറിയാന്‍, തൂവെള്ളവസ്ത്രമണിയാന്‍, സ്വര്‍ണത്താലിയും മൂക്കുത്തിയും സ്വര്‍ണമോതിരങ്ങളുമണിയാന്‍ നെഞ്ചൂക്കുകാണിച്ച കീഴാള സ്ത്രീയൂടെ ഇതിഹാസ ഭാവം.
വില്ലുവണ്ടി സമരത്തിന്റെ നാടായ വെങ്ങാനൂരിന്റെ ഗ്രാമീണതയെ ചായങ്ങളില്‍ ടി കെ അനിത ആവാഹിക്കുമ്പോള്‍ അത് സമരത്തിന്റെ അലയൊലികള്‍ സമസ്ഥ ഭൂമിയിലേക്കുമായി പടര്‍ത്തുന്നു. മനുഷ്യ ജീവിതത്തെ പുഷ്പിതമാക്കിയ വില്ലുവണ്ടി അങ്ങനെ പൂക്കളും പാടങ്ങളും പരത്തുന്ന സൗരഭ്യമായി മലയാളി എന്നും ആസ്വദിച്ചുകൊണ്ടേയിരിക്കും. അയ്യങ്കാളി പരത്തിയ സൗരഭ്യം.