Sunday
16 Dec 2018

പുതു ഗന്ധത്തിന്‍റെ ഉണര്‍വ്വുകള്‍

By: Web Desk | Sunday 8 April 2018 8:15 AM IST

ജൂലി ഗണപതി

ആളൊഴിഞ്ഞ ആറ്റുവഞ്ചിയില്‍
ചിതറി വീഴുന്ന മിന്നാമിനുങ്ങിന്റെ മഞ്ഞവെളിച്ചം
ഉള്ളില്‍ പ്രണയം ചിറകു കുടഞ്ഞു കുറുകുന്നു
നീയൊരു കൊടുങ്കാറ്റായി എന്നെ പൊതിയൂ
ആ ഉലച്ചിലില്‍ നിന്റെ മാറിലേക്ക് തെന്നിവീണ്
മുഖമമര്‍ത്തി നിന്റെ നിശ്വാസത്തിന്റെ ആദിയിലേക്ക്
എനിക്ക് ആഴ്ന്നു പോകണം
നിലയ്ക്കാതെ പെയ്യുന്ന നിലാവില്‍ നിന്ന്
പതഞ്ഞു പൊങ്ങുന്ന ചുംബനത്തിന്റെ
ആര്‍ദ്രതയില്‍ മിഴിപൂട്ടി നില്‍ക്കണം
പോകാം നമുക്ക്,
വെയില്‍ കാത്ത് കിടക്കുന്ന സൂര്യകാന്തിപ്പാടത്തിന്
നടുവിലൂടെ ഓടിയും കിതച്ചും
നമ്മുടെ മാത്രമായ മുന്തിരിക്കാടുകളിലേക്ക്
അവിടെ നമ്മുടെ പ്രണയത്തിന് പുതുജന്മം
ഉന്മാദത്തിന്റെ പുതുഗന്ധമായി
ഇരുള്‍ വീണ വള്ളിപ്പടര്‍പ്പുകളില്‍
നമ്മളൊരു ജ്വാലയാകും
നമ്മുടെ പ്രണയച്ചൂടില്‍ പുറത്തിങ്ങുന്ന സര്‍പ്പങ്ങള്‍
കരിയിലകള്‍ ഇളക്കി ഇഴഞ്ഞു നടക്കും
കിളിക്കുഞ്ഞിന്റെ ആദ്യത്തെ കരച്ചില്‍ പോലെ
രാപ്പൂക്കള്‍ വിടരും
പച്ചിലകളില്‍ തൂങ്ങിയാടിയ ജലകണങ്ങള്‍
പൊട്ടിയടരും
അഗ്‌നി പടര്‍ന്നിറങ്ങിയ പുകമറയ്ക്കുള്ളില്‍
കാട്ടുതേന്‍ പോലെ നമ്മളും ഉരുകും