Thursday
24 Jan 2019

ആ കോണകവാലിന്റെ ചന്തം!

By: Web Desk | Saturday 25 November 2017 10:43 PM IST

വീണ്ടുമൊരു പഴങ്കഥ പറയാം. ഞങ്ങളുടെ നാട്ടില്‍ ആദ്യമായി ബസോടിച്ചത് സിങ്കപ്പൂരില്‍ നിന്ന് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ കാലത്ത് തിരികെ വന്ന ഒരു ധനികനായിരുന്നു. അവിടെ ഏതൊ സായിപ്പിന്റെ കുശിനിക്കാരനായിരുന്നു എന്നാണ് അസൂയാലുക്കള്‍ പറഞ്ഞത്. ഈ പറച്ചില്‍ പക്ഷേ, രഹസ്യമായിട്ടായിരുന്നു. പരസ്യമായി സ്തുതിക്കപ്പെട്ടത് ആ തലയെടുപ്പും തറവാടിത്തവും താന്‍പോരിമയുമൊക്കെ മാത്രം. കാരണമുണ്ട്. അദ്ദേഹത്തിന്റെ മുണ്ടിന്റെ കോന്തലയില്‍ ധാരാളം പണമുണ്ടാകാറുണ്ട്. കുടവയറിനു മീതെ ഉറച്ചുനില്‍ക്കാന്‍ മടിക്കുന്ന ആ മടക്കില്‍നിന്ന് പലപ്പോഴും നാണയങ്ങള്‍ ഉതിരും. പിന്നാലെ നടക്കുന്നവര്‍ക്ക് പെറുക്കിയെടുക്കാം.
പ്രത്യേകിച്ചും വൈകുന്നേരം റാക്കുഷാപ്പില്‍നിന്ന് മടങ്ങുമ്പോള്‍. മുണ്ടു മടക്കിക്കുത്തിയുള്ള ആ യാത്രയില്‍ അനേകംപേര്‍ പിന്നാലെ ഉണ്ടാവും. കൂടെ സൗജന്യമായി കുടിച്ചവരും ആ സംഘത്തില്‍ അംഗങ്ങളാകാമെന്ന് കരുതുന്നവരും, പിന്നെ കാഴ്ചക്കാരും. ആദ്യത്തെ രണ്ടു കൂട്ടരും സ്തുതി പാടിക്കൊണ്ടേയിരിക്കും.
മടക്കിക്കുത്തിയ മുണ്ടിന്റെ താഴേക്ക് അരമുഴം നീണ്ടു കാണപ്പെട്ട കോണകവാലിന്റെ ചന്തമാണ് പല കവികളും വര്‍ണിച്ചത്. തലകീഴായി ചാര്‍ത്തിയ വെളുത്ത മയില്‍പ്പീലി എന്നുവരെ കാവ്യാലങ്കാരങ്ങളുണ്ടായിപോലും.
നമ്മുടെ ചില മന്ത്രിമാരുടെ രീതികള്‍ കാണുമ്പോള്‍ ഈ കഥാപാത്രത്തെ ഓര്‍ക്കാതെ വയ്യ. എല്ലാ ചാണ്ടിയും കുറുകുമ്പോള്‍ ചണ്ടിയാകുമെന്നു നിശ്ചയമെങ്കിലും വാലുകള്‍ നീണ്ടിരിക്കുംകാലം ഏവര്‍ക്കും ദീപസ്തംഭംതന്നെ, മഹാശ്ചര്യവും.
പൊതുജീവിതത്തില്‍ ധാര്‍മികത എന്നൊരു മാനം തലക്കുമുകളില്‍ ഉണ്ടാകണമെന്ന വിചാരം എന്തുകൊണ്ടാണ്, എങ്ങനെയാണ് ഇല്ലാതായത് എന്ന് ഒരു നിശ്ചയവുമില്ല. കള്ളനെ കാവലേല്‍പിക്കുകയെന്ന നയം ഒരു കള്ളന്‍ മാത്രമുള്ള സ്ഥിതിയിലേ ഗുണം ചെയ്യൂ. അതും, അയാള്‍ നിലാവുണ്ടെന്നു കരുതി പുലരുംവരെ മോഷ്ടിക്കല്‍ നിത്യപ്പതിവാക്കുവോളംവരെ മാത്രവും. ഇറക്കി വിട്ടാലും വലിയ മെച്ചമില്ല. കാരണം, തിരികെ വരാന്‍തന്നെ കൊതിച്ചു കൊണ്ടിരിക്കുന്ന നിഷ്‌കാസിതനിര അനില്‍ പനച്ചൂരാന്റെ പാട്ട് അയവിറക്കി ശ്വാസമടക്കി കാത്തിരിക്കുകയല്ലെ? – നിരപരാധി എന്ന് ആരെക്കൊണ്ടെങ്കിലും പറയിപ്പിക്കാന്‍ ശ്രമിച്ച്.
ഒരു ഭരണാധികാരി എങ്ങനെ പെരുമാറരുതെന്ന് കാണിക്കാന്‍ സാക്ഷാല്‍ ശ്രീരാമന്റെ അച്ഛനായ ദശരഥനെത്തന്നെ ആദികവി ഉദാഹരണമാക്കിയിട്ടുണ്ട്. മുടിയഴിച്ചു തുള്ളുക, ആലോല കരയുക, വെറും നിലത്തു കിടക്കുക, നെടുവീര്‍പ്പിടുക, ആടയാഭരണങ്ങള്‍ പറിച്ചെറിയുക എന്നീ പരിപാടികളൊക്കെ ഉള്‍പ്പെട്ട പ്രൊട്ടോക്കോളുമായി ക്രോധാലയം പ്രവേശിച്ച കൈകേകിയെ അനുനയിപ്പിക്കാന്‍ കാമുകനായ രാജാവ് നല്‍കുന്ന ഓഫറുകളിലാണ് ഈ നിദര്‍ശനമുള്ളത്. നീ ഒരിക്കലും സങ്കടപ്പെടരുത് എന്നാണ് രാജാവ് പറയുന്നത്. നിനക്ക് വേണ്ടതെന്തും ഞാന്‍ ഉടന്‍ സാധിപ്പിച്ചുതരാം. പറയൂ, എന്തു വേണം? നിനക്കിഷ്ടപ്പെട്ട വല്ല പിച്ചക്കാരനുമുണ്ടെങ്കില്‍ ഞാന്‍ അവനെ മഹാധനികനാക്കാം. നിന്നോടനിഷ്ടം ചെയ്ത മഹാധനികനെ ഞാന്‍ പിച്ചക്കാരനാക്കാം. നിനക്കു പ്രിയപ്പെട്ട ആരെങ്കിലും വധശിക്ഷക്കു വിധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഞാനവനെ തുറന്നു വിടാം. അല്ല, ഒരു കുറ്റവും ചെയ്യാത്ത ആരെയെങ്കിലും തൂക്കിലേറ്റണമെന്നാണ് നിനക്കു പൂതിയെങ്കില്‍ അതും ഉടന്‍ ചെയ്‌തേക്കാം. രാമരാജ്യം ഇത്രയൊക്കെ പോരെ!’
ഇപ്പറഞ്ഞതിനര്‍ത്ഥം രാജ്യത്തെ നീതിന്യായനിര്‍വഹണത്തിന്റെ സ്ഥിതി അതിപരിതാപകരം എന്നുതന്നെ. മുഖം നോക്കാതെ അനീതി നടത്തപ്പെടും! അധികാരിക്ക് തന്റെ പ്രിയപ്പെട്ടവളുടെ പ്രീതി ഒന്നു മാത്രം മതി. ആര് ചത്താലും പാപ്പരായാലും ഒരു ചുക്കുമില്ല. വിപ്‌ളവങ്ങള്‍ എത്രയൊ കഴിഞ്ഞിട്ടും, ഉത്തരവാദിത്തം ഏല്‍ക്കേണ്ടതില്ലാതെ വിധിക്കാനുള്ള അവകാശമാണ് അധികാരം എന്ന വിശ്വാസം ഇന്നും നിലനില്‍ക്കുന്നതാണ് അത്ഭുതം.
തന്നിഷ്ടം നടപ്പിലാക്കുന്ന അധികാരികളുടെ കീഴില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വച്ഛന്ദവിഹാരത്തിന് അവസരം കിട്ടുന്നു. മുട്ടാപ്പോക്കു പോകുന്ന ഉദ്യോഗസ്ഥനെ നിയന്ത്രിക്കാന്‍ അയാളുടെ മേലെയൊ താഴെയൊ ഉള്ള ആരും ധൈര്യപ്പെടില്ല. കാരണം, പൊന്നുതമ്പുരാന്‍ പറഞ്ഞിട്ടല്ല ഇയാള്‍ ഇത്തരം കണ്ണില്‍ച്ചോരയില്ലായ്മ കാണിക്കുന്നതെന്നു നിശ്ചയിക്കാന്‍ ഒരു വഴിയും ഇല്ല.
കക്ഷിരാഷ്ട്രീയജനായത്തിന്റെ ഏറ്റവും വലിയ ശാപം, അധികാരം വീതംവെച്ചുള്ള കൊള്ളസംഘരാഷ്ട്രീയമായി അധഃപതിക്കാന്‍ അതിനു കഴിയുമെന്നതാണ്. അന്യായമായും ഉപയോഗിക്കാന്‍ പാകത്തിലുള്ള അധികാരം ക്വട്ടേഷന്‍ സംഘത്തിന്റെ മൂപ്പിളമശ്രേണികളില്‍ തരാതരംപോലെ വീതിക്കപ്പെടുന്നു. ഇതാണ്, അധികാരവികേന്ദ്രീകരണമെന്ന വാക്കുകൊണ്ട് ഫലത്തില്‍ ഇപ്പോള്‍ അര്‍ത്ഥമായിരിക്കുന്നത്. താഴെ പഞ്ചായത്തുതലം മുതല്‍ ഇതിന്റെ വേരുകള്‍ എത്തുന്നു. അഴിമതി വികേന്ദ്രീകരിക്കപ്പെടുന്നു. അനീതി നടമാടുന്നു.
സത്യസന്ധരും നീതിമാന്‍മാരുമായവര്‍ക്ക് കക്ഷികളില്‍ നില്‍ക്കാനാവാതെ വരുന്നു. പകരം ക്രിമിനലുകളും സമൂഹദ്രോഹികളും സ്ഥാനംപിടിക്കുന്നു. കാലക്രമത്തില്‍ നല്ല നാണയങ്ങള്‍ എല്ലാം പുറന്തള്ളപ്പെടുന്നു. കള്ളനാണയങ്ങള്‍ അരങ്ങുവാഴുന്നു. ഇതാണ് ഇപ്പോഴത്തെ നില. ജനായത്ത അധികാരം കൈവശമുള്ളപ്പോള്‍ പൊലീസും അനുബന്ധ അവയവങ്ങളും തങ്ങളുടെ വരുതിയില്‍ വരുന്നു, പ്രതിപക്ഷത്താണെങ്കില്‍ സ്വന്തം പേശിബലവും, പൊലീസിലും മറ്റുമുള്ള പഴയ ബന്ധുബലവും മാത്രമെ രക്ഷയുള്ളൂ. ചത്തും കൊന്നും അടക്കിക്കൊള്ളുക എന്നതുതന്നെ മുറ. കൊല രഹസ്യമായി വിധിക്കുന്നവന് ശിക്ഷയില്ല, പരസ്യമായി നടത്തുന്നവനേ ശിക്ഷ ഉണ്ടെങ്കില്‍ത്തന്നെ ഉള്ളൂ എന്ന രീതി സൗകര്യപ്രദവുമാണ്.
പ്രധാനമന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ കൊലപാതകങ്ങളില്‍പോലും യഥാര്‍ത്ഥ കുറ്റവാളികള്‍ ആരെന്ന് ഒരിക്കലും വെളിപ്പെടാത്തത് ഇത്തരം ആസൂത്രിത ഇടപാടുകളാണ് അവയെല്ലാം എന്നതിനാലാണല്ലൊ. ഈ ജാതി ജനായത്തമെന്ന മാറാവ്യാധി പൊറുക്കുകയേ വഴിയുള്ളൂ എന്ന ദുരവസ്ഥയിലാണ് ജനങ്ങള്‍ എത്തിയിരിക്കുന്നത്.
ജനങ്ങള്‍ നല്‍കിയ അധികാരം പണത്തിനൊ മറ്റെന്തെങ്കിലും സംഗതിക്കൊ വില്‍ക്കാന്‍ മടിയില്ലാത്ത ആരും, മറ്റെവിടെ ഭരിച്ചാലും, പ്രബുദ്ധമെന്നറിയപ്പെടുന്ന കേരളത്തില്‍ ഭരിക്കരുത്. ഇവിടെ കഴിയുന്നവരും പുറത്തു പോയി ഇവിടെയുള്ളവരെ പുലര്‍ത്തുന്നവരുമായ ഏവര്‍ക്കും അത് നാണക്കേടാണ്. ജനവിശ്വാസത്തെ കച്ചവടം ചെയ്യുന്നവരെ വെളിച്ചത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെ ഒതുക്കാനുള്ള പരിശ്രമങ്ങള്‍ ഇതിലേറെ വലിയ നാണക്കേടാണ്. കാണരുതാത്തതും ജനങ്ങളുടെ കണ്ണുകള്‍ നോക്കിക്കാണുന്നത് തെറ്റല്ല. അരുതാത്തതൊന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയാണ് അതിനു പരിഹാരം, അതു മാത്രമാണ്. സംശുദ്ധമാണ് കാര്യം എങ്കില്‍ ഏത് ഒളിക്യാമറയുമായി ആര് പുറപ്പെട്ടാലും ഒരു ചുക്കും കണ്ടുകിട്ടാന്‍ ഉണ്ടാവില്ലല്ലൊ. പിന്നെന്തിന് ബേജാറ്?
ഇതു പറയുമ്പോള്‍ അരാഷ്ട്രീയവാദം എന്ന് മുദ്ര വീഴുമെന്നറിയാം. എന്തു വന്നാലും ശരി, പറയേണ്ടത് പറയാതിരിക്കാന്‍ പറ്റില്ല. കാരണം, ഞാനൊരു എഴുത്തുകാരനായിപ്പോയി. അപ്പോള്‍ എനിക്കു ചുറ്റും നടക്കുന്നതിന്റെ നേര് നാലാളെ അറിയിക്കേണ്ടത് എന്റെ ചുമതലയുമായി.