Monday
23 Jul 2018

പ്രഖ്യാപനങ്ങളുടെ പെരുമഴക്കാലം വീണ്ടും

By: Web Desk | Wednesday 27 September 2017 1:41 AM IST

പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും. പ്രഖ്യാപനങ്ങളുടെ പെരുമഴക്കാലം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്കെല്ലാം സൗജന്യ വൈദ്യുതിയാണ് പ്രഖ്യാപനത്തില്‍ മുഖ്യം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എത്ര പ്രഖ്യാപനങ്ങള്‍ ഇന്ത്യന്‍ ജനത കേട്ടു. മോഡി ‘അഛാദിന്‍’ സംഭാവന ചെയ്തത് പാവപ്പെട്ടവര്‍ക്കല്ല, കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ക്കാണ്. മോഡിയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ ഓര്‍മയില്‍ വന്നത് ‘കൃഷിക്കാര്‍ക്ക് കൃഷിഭൂമി, തോട്ടിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും’ എന്ന പഴയ സിനിമാപാട്ടാണ്.
അഴിമതിക്കെതിരായ യുദ്ധപ്രഖ്യാപനവുമുണ്ട് മോഡിയുടെ പ്രസംഗത്തില്‍. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച 500 പേരുടെ ലിസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ കൈയിലുണ്ട്. പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരായ അദാനി, അംബാനി ഗ്രൂപ്പിലുള്ളവരെല്ലാം ലിസ്റ്റിലുണ്ട്. അവരെയൊന്നും തൊടാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രിയാണ് അഴിമതിക്കെതിരെ പ്രസംഗിക്കുന്നത്.
കാര്‍ഷിക, വാണിജ്യ, വ്യാപാര മേഖലകളിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെല്ലാം മോഡി ഭരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ലാഭമാകട്ടെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും. നരേന്ദ്രമോഡി സര്‍ക്കാരിന്റെ സാമ്പത്തികരംഗത്തെ ഇടപെടലുകളെ ‘ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെ’ എന്നാണ് ഇടതു സാമ്പത്തിക ചിന്തകനായ പ്രഭാത് പട്‌നായിക് വിശേഷിപ്പിച്ചത്. സാമ്പത്തികരംഗം സര്‍ക്കാര്‍ തകര്‍ക്കുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കുന്നതിന് ‘സ്വകാര്യവത്കരണവും കടുത്ത സാമ്പത്തിക അച്ചടക്കവും’ മാത്രമാണ് മാര്‍ഗങ്ങളെന്ന് സര്‍ക്കാര്‍ അനുകൂലികള്‍ സംസാരിക്കാന്‍ തുടങ്ങിയതായും പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു.
രാജ്യത്തെ സാമ്പത്തികരംഗത്തെ പരിപാലനം ചെയ്യുന്ന രീതിയില്‍ ഇടതു സാമ്പത്തിക വിദഗ്ധര്‍ക്ക് മാത്രമല്ല ആശങ്കയുള്ളത്. സാമ്പത്തികരംഗത്ത് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആര്‍എസ്എസിന്റെ സ്വന്തം എസ് ഗുരുമൂര്‍ത്തി അഭിപ്രായപ്പെട്ടത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ‘നമ്മള്‍ നെല്ലിപ്പലക കാണുകയാണ് എന്നൊരു തോന്നലാണ് എനിക്കുള്ളത്. ഒരുതരത്തിലും ഈ സാഹചര്യം തുടരാന്‍ അനുവദിച്ചുകൂടാ. കാരണം, പ്രവര്‍ത്തനരഹിത ആസ്തികളില്‍ ഇപ്പോള്‍ നിലവിലുള്ളതുപോലെയുള്ള നിയന്ത്രണങ്ങള്‍ ആവശ്യമാണോ എന്ന്, സര്‍ക്കാര്‍ പെട്ടെന്ന് തന്നെ ഒരു അഭിപ്രായം പറയേണ്ടി വരും.”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാരിന്റെ കീഴില്‍ സമ്പാദ്യങ്ങള്‍ക്ക് വന്‍ തകര്‍ച്ച നേരിട്ടു. തൊഴിലവസരങ്ങള്‍ ഇടിയുന്നു, വളര്‍ച്ച ഇടിയുന്നു, നിക്ഷേപങ്ങള്‍ ഇടിയുന്നു, കയറ്റുമതി ഇടിയുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഇടിയേണ്ടിയിരുന്ന കാര്യങ്ങള്‍, അതായത് പണപ്പെരുപ്പവും കമ്മിയും മാത്രം വര്‍ധിക്കുന്നു. വര്‍ധിക്കേണ്ട ഘടകങ്ങള്‍ ദാരുണമായി തകരുകയും ഇടിവ് വരേണ്ട ഘടകങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നു. ഇടത്തരക്കാര്‍, താഴെത്തട്ടിലുള്ള മധ്യവര്‍ഗങ്ങള്‍, താഴെത്തട്ടിലുള്ളവര്‍ എന്നിവരടങ്ങുന്ന സാധാരണക്കാര്‍ തുടങ്ങിയവര്‍ കനത്ത തിരിച്ചടികള്‍ നേരിടുന്നു. ദുരിതങ്ങള്‍ക്കുള്ള കാരണം ‘സാങ്കേതികമാണ്’ എന്ന പ്രസിദ്ധ പ്രയോഗമാണ് ബിജെപി പ്രസിഡന്റ് അമിത് ഷാ നടത്തുന്നത്. നരേന്ദ്രമോഡിയുടെ ഭ്രാന്തന്‍ പരിഷ്‌കാരങ്ങളെ ബിജെപി ദേശീയ നിര്‍വാഹകസമിതി ശരിവയ്ക്കുകയും ചെയ്തിരിക്കുന്നു. യുക്തിരഹിതവും വിനാശകരവുമായ നയതീരുമാനങ്ങളാണ് ഇന്ത്യന്‍ സാമ്പത്തികരംഗത്തെ അടിസ്ഥാനപരമായി പാളം തെറ്റിച്ചത്.
നോട്ട് നിരോധനം, ജിഎസ്ടിയുടെ പ്രയോഗം തുടങ്ങിയവയെല്ലാം സാമ്പത്തികരംഗത്തെ കൂടുതല്‍ കുരുക്കിലാക്കി. ഉദാഹരണത്തിന് വസ്ത്രനിര്‍മാണം തന്നെയെടുക്കാം. സൂക്ഷ്മ, ചെറുകിട ഉല്‍പാദകര്‍, വ്യാപാരികള്‍, വസ്ത്രവ്യാപാരികള്‍, കടയുടമകള്‍ ഇവരെല്ലാം ചേര്‍ന്ന വസ്ത്രവ്യാപാരം, കാര്‍ഷിക രംഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണ്. ജിഎസ്ടിയുടെ വികൃതമായ ഘടന ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പിച്ചിരിക്കുന്നത് ഇവരെയാണ്.
വന്‍കിട മേഖലയിലെ സംയോജിത നിര്‍മാണശാലകളെ മാത്രം സഹായിക്കുന്നതിനായി ജിഎസ്ടി രൂപകല്‍പന ചെയ്തിരിക്കുന്നതിനാല്‍ ദശലക്ഷക്കണക്കിന് ചെറുകിട പവര്‍ലൂമുകള്‍ക്ക് വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്. വസ്ത്ര വ്യാപാരികളുടെയും കടഉടമകളുടെയും അവസ്ഥയും ഇത് തന്നെയാണ്.
കഴിഞ്ഞ ആറ് മാസത്തിനിടയില്‍ വസ്ത്രനിര്‍മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന നഷ്ടം നാല്‍പതിനായിരം കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇരുപത് ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വസ്ത്രനിര്‍മാണ മേഖലയിലെ 90 ശതമാനവും അസംഘടിതരാണ്. വന്‍കിട കമ്പനികള്‍ മൊത്തം പത്ത് ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. എന്നാല്‍ നോട്ട് നിരോധനവും ജിഎസ്ടിയും മേഖലയിലെ വന്‍കിട കമ്പനികള്‍ക്ക് വലിയ സാധ്യതകളാണ് തുറന്നുകൊടുത്തിരിക്കുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തെക്കുറിച്ചുള്ള സിഎംഐഇ കണക്കുകള്‍ പ്രകാരം സംഘടിത മേഖലയില്‍ മാത്രം 1.5 ദശലക്ഷം തൊഴില്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വസ്ത്രനിര്‍മാണ രംഗത്ത് മാത്രം ഇരുപത് ലക്ഷം തൊഴില്‍നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തില്‍ അസംഘടിത മേഖലയിലെ തൊഴില്‍നഷ്ടം ഇതിലും എത്രയോ ഇരട്ടിയായിരിക്കും. തൊഴിലവസര സൃഷ്ടി കഴിഞ്ഞ എട്ടു വര്‍ഷത്തെ ഏറ്റവും കുറവായിരുന്നു എന്ന് ലേബര്‍ ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആര്‍ബിഐയുടെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ചൂണ്ടിക്കാണിച്ചത് പോലെ ഇത് വലിയ സാമൂഹ്യ അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. മോഡി ഭരണത്തിന്റെ നാല്‍പത് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം വിദൂര വ്യാമോഹമായി നിലനില്‍ക്കുന്നു. കര്‍ഷകരാണ് ഏറ്റവും വലിയ പ്രത്യാഘാതം നേരിടുന്നത്. അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നില്ല എന്നു മാത്രമല്ല വിതരണ ശൃംഖലകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനുള്ള ഒരു ലക്ഷണവും കാണുന്നില്ല. കര്‍ഷകരുടെ ചിലവില്‍, പട്ടികയില്‍പെട്ട സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് കൊട്ടിഘോഷിക്കപ്പെട്ട പ്രധാനമന്ത്രി ഫസല്‍ഭീമായോജനയുടെ ഫലം ലഭിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടായിട്ടുള്ള വെള്ളപ്പൊക്കവും വരള്‍ച്ചയും കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.
മോഡി സര്‍ക്കാര്‍ ഏത് പരീക്ഷണം നടത്തുമ്പോഴും അവര്‍ പാവപ്പെട്ടവരെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്ത് വിപ്ലവം പ്രഖ്യാപിച്ച് മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച വന്‍ പദ്ധതികളൊക്കെയും പരാജയമായതിന്റെ ക്ഷീണം മറികടക്കാനുള്ള വഴികള്‍ തേടുകയാണ് ബിജെപി കേന്ദ്രനേതൃത്വം. ലക്ഷ്യം പാളിപ്പോയ നോട്ട് നിരോധനം, ഉത്തേജക പദ്ധതികളുടെ താങ്ങുണ്ടായിട്ടും കുത്തനെ ഇടിയുന്ന സാമ്പത്തികവളര്‍ച്ച നിരക്ക്, കൊട്ടിഘോഷിച്ച തൊഴില്‍ അവസരങ്ങളുടെ കുറവ് തുടങ്ങി ബിജെപിക്ക് പഴി കേള്‍ക്കാന്‍ വിഷയങ്ങളേറെയുണ്ട്.
മോഡിയുടെ മൂന്നു വര്‍ഷത്തെ ഭരണത്തില്‍ അദ്ദേഹം നല്‍കിയ മോഹനസുന്ദരങ്ങളായ വാഗ്ദാനങ്ങള്‍ ജലരേഖയായി മാറിക്കഴിഞ്ഞു. മോഡി പരീക്ഷണങ്ങള്‍ തുടരുകയാണ്. വിലകള്‍ കുതിച്ചുയരുന്നു. ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ തുടരുന്നു. ഇതിനെയെല്ലാം മോഡി ‘അച്ഛാ ദിന്‍’ എന്ന് വിളിക്കുമോ?