Monday
22 Oct 2018

ദൃഢനിശ്ചയത്തോടെയുള്ള ദളിത് മുന്നേറ്റം

By: Web Desk | Saturday 6 January 2018 10:35 PM IST

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്‌നമുഖരിതമായ അന്തരീക്ഷമാണ് മഹാരാഷ്ട്രയിലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളില്‍ റോഡുകള്‍ തടസപ്പെടുത്തുന്നതുള്‍പ്പടെയുള്ള അതിക്രമങ്ങളാണ് അരങ്ങേറിയത്. കലാപത്തിന്റെ ആദ്യദിവസം ഒരു യുവാവ് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. അക്രമം വ്യാപിപ്പിക്കുന്നതിനും രൂക്ഷമാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ വലതുപക്ഷ ശക്തികളുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും ദളിതരും മറാഠികളും സംഘപരിവാറിന്റെ ഈ കെണിയില്‍ വീണില്ല. ഇരുവിഭാഗവും ചേര്‍ന്ന് സംയുക്തമായാണ് ബുധനാഴ്ചത്തെ ബന്ദ് സംഘടിപ്പിച്ചത്. അക്രമം നേരിടുന്നതില്‍ ബിജെപിയും സര്‍ക്കാരും പരാജയപ്പെട്ടെന്നാരോപിച്ചായിരുന്നു സംയുക്തബന്ദ്.
ജനുവരി ഒന്നിനാണ് അക്രമങ്ങള്‍ തുടങ്ങിയത്. പേഷ്വാമാരുടെ ബ്രാഹ്മണിക്കല്‍ ഭരണത്തിനെതിരെ മഹര്‍റജിമെന്റ് നേടിയ വിജയത്തിന്റെ 200-ാം വാര്‍ഷിക ദിനമായിരുന്നു അന്ന്. ദളിതര്‍ ഈ ദിവസം വളരെ ആഹ്ലാദത്തോടെയാണ് ആചരിക്കുന്നത്. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ലക്ഷക്കണക്കിനുപേരെ ആഘോഷത്തില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയേയും ജെഎന്‍യുവില്‍ നിന്നുള്ള നേതാക്കളേയും ആഘോഷ പരിപാടിയില്‍ പ്രസംഗിക്കാനായി ക്ഷണിക്കുകയും ചെയ്തു. ജാതിവിവേചനത്തെ തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരായിരുന്നു മേവാനിയും ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളും. രോഹിത് വെമുലയ്ക്ക് നീതി ആവശ്യപ്പെട്ട് നടത്തിയ സമരത്തെ ബിജെപി സര്‍ക്കാര്‍ വളച്ചൊടിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ദേശവിരുദ്ധരായി മുദ്രകുത്തി. ബിജെപിയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ തെറ്റായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പിന്നീട് ഈ വിദ്യാര്‍ഥികളെ വിട്ടയച്ചു. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിക്കൊണ്ടുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ക്കെതിരെ സംഘപരിവാര്‍ നേതാക്കള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ഇതേ തന്ത്രംതന്നെയാണ് മഹര്‍റജിമെന്റിന്റെ വിജയവുമായി ബന്ധപ്പെട്ട ദളിതരുടെ ആഘോഷപരിപാടിയിലും ബിജെപി സ്വീകരിച്ചത്. ദേശവിരുദ്ധ നിറം നല്‍കുന്നതിനായി ജെഎന്‍യു വിദ്യാര്‍ഥി നേതാവിന്റെ സാന്നിധ്യം ഒരു ഹിന്ദു പ്രാദേശിക ചാനല്‍ പ്രക്ഷേപണം ചെയ്തു. മഹാരാഷ്ട്രയില്‍ പ്രശ്‌നമുണ്ടാക്കിയത് ഈ വിദ്യാര്‍ഥിയാണെന്ന് വരുത്തിത്തീര്‍ക്കാനും ബിജെപി ശ്രമിച്ചു. സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മഹര്‍ വിഭാഗത്തില്‍പ്പെട്ട ഒരു രക്തസാക്ഷിയുടെ ചിത്രം ഗൂഢാലോചനയുടെ ഭാഗമായി എടുത്തുമാറ്റി. വര്‍ഗീയനിറം നല്‍കാനായിരുന്നു ഈ പ്രവൃത്തി. ഔറംഗസീബിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ചയാളുടെ ചിത്രമായിരുന്നു അത്.
വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും തന്ത്രങ്ങളാണിത്. കൂടാതെ ദളിതരെ തങ്ങളുടെ കളിപ്പാവയാക്കാനുള്ള തന്ത്രവും ഇതിനുപിന്നിലുണ്ട്. സാഹചര്യത്തെ വര്‍ഗീയവല്‍ക്കരിക്കാനും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദളിതരെ അണിനിരത്താനുമുള്ള ശ്രമങ്ങള്‍ സംഘപരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടായി. എന്നാല്‍ ഗുജറാത്തിലെ ഉന സംഭവത്തിനുശേഷം ഈ അടിച്ചമര്‍ത്തപ്പെട്ട ദളിത വിഭാഗങ്ങള്‍ക്കിടയില്‍ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടായെന്നത് വാസ്തവം. പശുവിന്റെ തോല്‍ കൈവശം വച്ചുവെന്നാരോപിച്ച് ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനെതിരെ ദളിതരും മുസ്‌ലിങ്ങളും സംയുക്തമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഇതിന് നേതൃത്വം കൊടുത്തതോടെയാണ് ദളിതരുടെ നേതാവായി ജിഗ്നേഷ് മേവാനി ഉയര്‍ന്നുവരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ന്യൂനപക്ഷ വോട്ടര്‍മാര്‍ മേവാനിക്കുപിന്നില്‍ അണിനിരന്നു. ഇതേതുടര്‍ന്ന് പ്രചാരണത്തെ വര്‍ഗീയവല്‍ക്കരിക്കാനായി എല്ലാ തന്ത്രങ്ങളും ബിജെപി പ്രയോഗിച്ചു.
യുവജനങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണ് ഇപ്പോഴുള്ളതെന്ന് വിവിധ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്നതിന്റെ ഭാഗമായി തൊഴിലില്ലായ്മയും സാമ്പത്തിക പ്രയാസങ്ങളും അനുദിനം വര്‍ധിക്കുന്നു. ഇതാണ് യുവാക്കള്‍ക്കിടയിലെ അസംതൃപ്തിക്കുള്ള മുഖ്യകാരണം. ഇവരുടെ ഈ രോഷം പല പ്രതിഷേധ പ്രവര്‍ത്തനങ്ങളിലേയ്ക്കും നയിച്ചു. തൊഴിലവസരങ്ങള്‍ നിഷേധിച്ചതോടെയാണ് സംവരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി യുവാക്കള്‍ രംഗത്തെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജോലി സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ യുവാക്കള്‍ നിരവധിതവണ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. ഇവരുടെ ആവശ്യങ്ങള്‍ തെറ്റായവിധത്തിലുള്ളതാണെങ്കിലും തൊഴിലവസരങ്ങള്‍ കുറയുന്നതില്‍ യുവാക്കള്‍ക്കുള്ള രോഷമാണ് ഇതിലൂടെ പ്രകടമായത്. രാജ്യത്തെ മറ്റ് പ്രദേശത്തുള്ള യുവാക്കളും സമാനാവശ്യവുമായി സമരമുഖത്തുണ്ട്. ഒന്നുകില്‍ തങ്ങള്‍ക്കും സംവരണം നല്‍കുക അല്ലെങ്കില്‍ സംവരണ സംവിധാനം തന്നെ പൂര്‍ണമായി ഒഴിവാക്കുക. ഇതാണ് യുവാക്കള്‍ ഉന്നയിക്കുന്ന മുദ്രാവാക്യം.
നവ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ഉണ്ടായ തൊഴിലില്ലായ്മ പ്രശ്‌നം പരിശോധിക്കേണ്ട സമയമാണ്. ഈ പ്രശ്‌നത്തിന്റെ ഉറവിടം കണ്ടെത്തിയാണ് പരിഹാരം കാണേണ്ടത്. നവ ഉദാരവല്‍ക്കരണത്തിന്റെ ബദല്‍ സങ്കല്‍പം ഇടതുപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മ പ്രശ്‌നത്തെ വളരെ ഗൗരവമായി കൈകാര്യം ചെയ്യേണ്ടത് ഇടതുപാര്‍ട്ടികളാണ്. ദളിതര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെയും ദൃഢനിശ്ചയത്തോടെ പ്രതികരിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്കാകണം. ഇതേ നിലപാടുതന്നെ യുവാക്കളുടെ കാര്യത്തിലും സ്വീകരിക്കണം.

Related News