Wednesday
24 Oct 2018

പ്രതീക്ഷയുണര്‍ത്തുന്ന ക്രിസ്തുമസ് സന്ദേശങ്ങള്‍

By: Web Desk | Tuesday 26 December 2017 10:31 PM IST

ആഗോള കത്തോലിക്കാ സഭയുടെ അധിപന്‍ പോപ്പ് ഫ്രാന്‍സിസും കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയും നല്‍കിയ ഇക്കൊല്ലത്തെ ക്രിസ്തുമസ് സന്ദേശം ലോകത്തെ അശാന്തിയിലേക്കും യുദ്ധത്തിലേക്കും നയിക്കുന്ന യുഎസ് പ്രസിഡന്റിന്റെ നയങ്ങള്‍ക്കെതിരായ രൂക്ഷവിമര്‍ശനമായിരുന്നു. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വഴിവച്ചതായി പോപ് ഫ്രാന്‍സിസ് പറഞ്ഞു. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം രണ്ട് രാജ്യങ്ങളെന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടേ പരിഹരിക്കാനാവൂ എന്ന് പോപ്പ് തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. ജെറുസലേം തര്‍ക്കത്തിന് ചര്‍ച്ചകളിലൂടെയേ പരിഹാരം കണ്ടെത്താനാവൂ. പരസ്പരം അംഗീകരിക്കുന്ന രാഷ്ട്രാന്തര അതിര്‍ത്തികളിലൂടെയേ സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാവൂ. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമാണ് പശ്ചിമേഷ്യയില്‍ അശാന്തിക്ക് കാരണം.

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലി 120ല്‍പരം രാജ്യങ്ങളുടെ പിന്തുണയോടെ ജെറുസലേം സംബന്ധിച്ച തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് ധാര്‍മികമായ കരുത്തുപകരുന്ന നിലപാടുകളാണ് പോപ് ഫ്രാന്‍സിസും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പും തങ്ങളുടെ ക്രിസ്തുമസ് സന്ദേശത്തിലൂടെ ആവര്‍ത്തിച്ചിരിക്കുന്നത്. ഇസ്രയേല്‍, പലസ്തീന്‍ പ്രശ്‌നങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ ആഗോള മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വെല്ലുവിളികളെ യാഥാര്‍ഥ്യബോധത്തോടെ അഭിസംബോധന ചെയ്യാന്‍ ഇരുവരും സന്നദ്ധരാകുന്നുണ്ട്. ലോകത്താകെ വീശിയടിക്കുന്ന യുദ്ധാന്തരീക്ഷത്തെപ്പറ്റിയും അത് മനുഷ്യരാശിക്ക് നല്‍കുന്ന സംഘര്‍ഷത്തെയും സമ്മര്‍ദത്തെയും പരാമര്‍ശിക്കുന്ന പോപ്പ് കാലഹരണപ്പെട്ട വികസന മാതൃക മനുഷ്യനെയും സമൂഹത്തെയും പരിസ്ഥിതിയേയും തകര്‍ച്ചയിലേക്കാണ് നയിക്കുന്നതെന്ന് ഓര്‍മിപ്പിക്കുന്നു. സിറിയയിലേയും ഇറാഖിലേയും വിസ്മരിക്കപ്പെട്ട ബാല്യങ്ങളെയും മാനുഷിക ദുരന്തങ്ങളെയും അനുസ്മരിക്കുന്ന പോപ്പ് അന്നാടുകളിലെ കുഞ്ഞുങ്ങളുടെ മുഖത്ത് ശിശുവായ യേശുവിനെ ദര്‍ശിക്കാന്‍ ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്യുന്നു.

കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഇറാഖിലും യമനിലും കുഞ്ഞുങ്ങളടക്കം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അതീവഗുരുതരമായ മാനുഷികപ്രതിസന്ധിയും പട്ടിണിയും രോഗപീഡകളും പോപ്പ് തന്റെ സന്ദേശത്തില്‍ ഹൃദയസ്പൃക്കായി പരാമര്‍ശിക്കുന്നു. ദക്ഷിണ സുഡാന്‍, സോമാലിയ, ബറുണ്ടി, കോംഗോ ജനാധിപത്യ റിപ്പബ്ലിക്, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, നൈജീരിയ എന്നീ ആഫ്രിക്കന്‍ രഷ്ട്രങ്ങളിലെ ജനതകളുടെ ദുരിതജീവിതവും പോപ്പ് തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു. വെനസേ്വലയിലേയും ഉക്രയിനിലേയും സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ ദുരീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷങ്ങള്‍ക്കും പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ചര്‍ച്ചകളാണ് പരിഹാരമെന്ന് അദ്ദേഹം അടിവരയിടുന്നു. സമീപകാലത്ത് താന്‍ മ്യാന്‍മറിലും ബംഗ്ലാദേശിലും നടത്തിയ സന്ദര്‍ശനങ്ങളെ അനുസ്മരിച്ച് ന്യൂനപക്ഷങ്ങളുടെ മാന്യത ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് സന്ദേശം വിരല്‍ചൂണ്ടുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗോള കത്തോലിക്കാ സഭയുടെ അധിപനായി ചുമതലയേറ്റതു മുതല്‍ സാമ്പത്തിക അനീതികള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ അദ്ദേഹം തുടര്‍ന്നുപോന്ന ധാര്‍മിക ചെറുത്തുനില്‍പ് കൂടുതല്‍ തീക്ഷ്ണതയോടെ അവതരിപ്പിക്കുകയായിരുന്നു പോപ്പ് തന്റെ സന്ദേശത്തില്‍.
ജനപ്രിയതയുടെ പേരില്‍ സേ്വഛാധികാര പ്രവണതകള്‍ പിന്തുടരുന്ന ഭരണാധികാരികളോടുള്ള രൂക്ഷവിമര്‍ശനമാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ ക്രിസ്തുമസ് സന്ദേശത്തിന്റെ കാതല്‍. ക്രിസ്തുവിന്റെ ജനനം എളിമയുടെ കരുത്തിനെയാണ് ഉദ്‌ഘോഷിക്കുന്നതെന്ന് വെല്‍ബി അനുസ്മരിച്ചു.

2017 സ്വേഛാധികാരികള്‍ തങ്ങളുടെ ജനതകളെ അടിമകളാക്കി മാറ്റുന്നതിനാണ് സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനകീയതയുടെ പേരില്‍ ഭരണാധികാരികള്‍ തങ്ങളുടെ ജനങ്ങളെ വഞ്ചിക്കുന്നു. അഴിമതിക്കാരായ ഭരണാധികാരികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു. ഭരണാധികാരികള്‍ തെറ്റുകള്‍ക്ക് വശംവദരാവുന്ന സാധാരണ മനുഷ്യര്‍ മാത്രമാണെന്ന് വെല്‍ബി ജനങ്ങളെ അനുസ്മരിപ്പിച്ചു. ഇരുസഭാ നേതാക്കളും ക്രിസ്തുമത വിശ്വാസികളുടെ ഏറ്റവും വലിയ ആഘോഷമായ ക്രിസ്തുമസിനെ ലോകരംഗത്ത് നടമാടുന്ന ഭരണനയവെകല്യങ്ങളെയും അതിന്റെ ഫലമായി ഉണ്ടാകുന്ന മാനവദുരന്തങ്ങളെയും വിമര്‍ശിക്കാനും തുറന്നുകാട്ടാനുമാണ് പ്രയോജനപ്പെടുത്തിയതെന്നത് യാദൃശ്ചികമല്ല. ലോകത്തെയാകെ യുദ്ധഭീകരതയുടെ നിഴലില്‍ നിര്‍ത്തുന്ന സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ പലതും ക്രിസ്തുമതത്തിന്റെ പേരിലാണ് അധികാരം കയ്യാളുന്നതെന്നതും അതിന്റെ പേരിലാണ് വിനാശകരമായ ഭരണനയങ്ങള്‍ പിന്തുടരുന്നതെന്നതും മഹാപുരോഹിതന്മാരുടെ സന്ദേശത്തെ പ്രസക്തമാക്കുന്നു. ഭരണാധികാരികളുടെ വികലനയങ്ങള്‍ തിരുത്താന്‍ ഒരുപക്ഷെ അവരുടെ സന്ദേശങ്ങള്‍കൊണ്ട് കഴിഞ്ഞുവെന്ന് വരില്ല. എന്നാല്‍ ശരിയായ ദിശയില്‍ ചിന്തിക്കാനും മതപുരോഹിതന്മാരുടെ ധാര്‍മിക കരുത്തിന്റെ പിന്‍ബലത്തില്‍ തങ്ങളുടെ സമൂഹങ്ങളെ പുനര്‍നിര്‍മിക്കാനും ആ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് കരുത്തും വഴികാട്ടിയുമായി വര്‍ത്തിക്കുമെന്ന പ്രതീക്ഷയ്ക്ക് അവ ഇടം നല്‍കുന്നു.