Monday
22 Oct 2018

മുത്തലാഖ് നിയമം തുറന്നുകാട്ടുന്നത് ബിജെപിയുടെ നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യം

By: Web Desk | Thursday 28 December 2017 10:48 PM IST

മുത്തലാഖ് നിയമവിരുദ്ധവും അസാധുവും മൂന്നുവര്‍ഷം ഭര്‍ത്താവിന് തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യവുമാക്കിക്കൊണ്ടുള്ള ബില്‍ ലോക്‌സഭ പാസാക്കി. ‘മുസ്‌ലിം വനിതാ (വിവാഹിതകളുടെ അവകാശ സംരക്ഷണ ബില്‍)2017’ മുത്തലാഖിന് ശിക്ഷയും ഇരയ്ക്ക് ജീവനോപാധിക്കും പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ സംരക്ഷണാവകാശത്തിനുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനുമുള്ള അവകാശവും ഉറപ്പുനല്‍കുന്നു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചരിത്രസംഭവം എന്ന് വിശേഷിപ്പിച്ച ബില്‍ അവതരണത്തെ, എഐഎഡിഎംകെ, ആര്‍ജെഡി, എഐഎംഐഎം, ബിജെഡി, എഐഎംഎല്‍ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുകയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് അതിന് വ്യവസ്ഥകളോടെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. നിര്‍ദിഷ്ട നിയമം എന്‍ഡിഎ ഭരണത്തിന് നേതൃത്വം നല്‍കുന്ന ബിജെപിയുടെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയതാണെന്നും 2019 പൊതുതെരഞ്ഞെടുപ്പില്‍ മുസ്‌ലിം വര്‍ഗീയത ആളിക്കത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പാര്‍ലമന്റിനകത്തും പുറത്തും വിമര്‍ശനമുയര്‍ന്നിരുന്നു. ഗുരുതരമായ സാമൂഹ്യപ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്ന ബില്‍ സാമൂഹ്യസംഘടനകളെ വിശ്വാസത്തിലെടുക്കാതെയും പൊതുജനാഭിപ്രായം ആരായാതെയും തിടുക്കത്തില്‍ നടത്തിയ നീക്കമാണ്. മുത്തലാഖ,് നിയമത്തിന് മുന്നില്‍ നിലനില്‍ക്കില്ലെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വന്തം മുന്നണിയിലുള്ളവരും സഹയാത്രികരുമായ പാര്‍ട്ടികളെപോലും അവഗണിച്ചായിരുന്നു ബിജെപി നീക്കം. ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന ഇടതുപാര്‍ട്ടികളുടെ ആവശ്യം ബിജെപി നിരാകരിച്ചു. ഇത് അവരുടെ രാഷ്ട്രീയ ഉദ്ദേശശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്നു. മുത്തലാഖ് നീതിരഹിതവും പ്രാകൃതവുമായ സമുദായ സംവിധാനമാണ്. എന്നാല്‍ നിയമനിര്‍മാണം മുസ്‌ലിം സഹോദരിമാരുടെ അന്തസും അവകാശവും സംരക്ഷിക്കാനാണെന്ന വാദം ഏറെ പരിഹാസ്യമാണ്. മുസ്‌ലിം മതന്യൂനപക്ഷത്തിനുനേരെ മനുഷ്യത്വഹീനമായ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന സംഘ്പരിവാറിന് ആ സമുദായത്തിലെ പുരുഷന്മാര്‍ക്കെതിരെ മറ്റൊരു ആയുധം കൂടി നല്‍കുകയാണ് ബിജെപി ചെയ്യുന്നത്.
മുത്തലാഖ് നിയമനിര്‍മാണം അതിന്റെ ഗുണഭോക്താക്കള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്‌ലിം വനിതകളുടെയോ വനിതാ അവകാശ സംഘടനകളുടേയോ പൗരസമൂഹ സംഘടനകളുടെയോ യാതൊരുവിധ അഭിപ്രായവും ആരായാതെയും കണക്കിലെടുക്കാതെയും ഏകപക്ഷീയമായാണ് അവതരിപ്പിക്കപ്പെട്ടത്. നിയമനിര്‍മാണം അടിസ്ഥാനപരമായി പൗരാവകാശത്തെയും സാമൂഹ്യബന്ധങ്ങളെയും സംബന്ധിച്ച ഒന്നായിരിക്കെ അതിനെ ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു. അത് എങ്ങനെ ഹതഭാഗ്യരായ മുസ്‌ലിം സ്ത്രീകള്‍ക്ക് നീതിയും ജീവിതസുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന ചോദ്യം ഏറെ പ്രസക്തമാണ്. മുത്തലാഖ് ഫലത്തില്‍ മുസ്‌ലിം സ്ത്രീകളെ ഭര്‍തൃഗൃഹത്തില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ അതിന് പരിഹാരം കാണാതെ ഭര്‍ത്താവിനെ തന്നെ ജയിലിലടയ്ക്കുന്നത് എങ്ങനെ മുസ്‌ലിം സ്ത്രീക്ക് നീതി ഉറപ്പുനല്‍കും? മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ അനീതിക്ക് പരിഹാരം കാണുന്നതിന് പകരം ഭര്‍ത്താവിനെ കുറ്റവാളിയാക്കി ജയിലിലടയ്ക്കുന്നു. ഫലത്തില്‍ വിവാഹബന്ധം സാധുവും നിയമാനുസൃതവുമാണെന്ന് സ്ഥാപിക്കുന്നതിന് പകരമാണ് ശിക്ഷാനടപടി. വിവാഹം സാധുവാണെന്ന് സ്ഥാപിക്കുന്നതിനു പകരം ജീവനോപാധിയും പ്രായപൂര്‍ത്തിയായ കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതലയും നല്‍കുക വഴി അവരുടെ അനാഥത്വത്തെയാണ് നിയമാനുസൃതമാക്കി മാറ്റുന്നത്. ഇത് വിരോധാഭാസവും നീതിന്യായ സംവിധാനത്തിന്റെ മുന്നില്‍ നിയമം നിലനില്‍ക്കാത്തതാണെന്ന് മുന്‍കൂട്ടി ഉറപ്പുവരുത്തുകയാണ്.
വിവാഹബന്ധം വേര്‍പെടുത്താതെ ഭാര്യമാരെ ഉപേക്ഷിക്കാന്‍ മുസ്‌ലിം ഭര്‍ത്താക്കന്മാരെ പ്രേരിപ്പിക്കുന്നതായി ഈ നിയമം മാറിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. തലാഖിന്റെ പേരില്‍ നിയമനടപടികളുടെ നൂലാമാലകള്‍ ഇഴപിരിച്ച് ഒരാളെ കുറ്റവാളിയായി കണ്ടെത്തി ജയിലിലെത്തിക്കാന്‍ എത്ര വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് നിയമം നിര്‍മിച്ചവര്‍ ആലോചിച്ചിട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. ശൈശവവിവാഹവും സ്ത്രീധനവും നിയമംമൂലം നിരോധിച്ചിട്ടുള്ള രാജ്യമാണ് നമ്മളുടേത്. ലോകത്ത് ഏറ്റവും അധികം ശൈശവവിവാഹം നടക്കുന്നതും ഇവിടെയാണ്. പണവും അധികാരവും കയ്യാളുന്ന എത്രപേരെ സ്ത്രീധന നിരോധന നിയമത്തിന്റെ പേരില്‍ ശിക്ഷിക്കാന്‍ നമുക്കായിട്ടുണ്ട്? ഒരു സാമൂഹ്യ പ്രശ്‌നവും നിയമനിര്‍മാണത്തിലൂടെ പരിഹരിക്കാനായിട്ടില്ല. വിവാഹമോചനം വിവാഹമോചിതരുടെ ജീവിതാന്ത്യമായി കാണുന്ന സാമൂഹ്യധാരണയാണ് തിരുത്തപ്പെടേണ്ടത്. അതിന് സ്ത്രീകളെ മതപരമായ വേര്‍തിരിവുകള്‍ക്കപ്പുറം സാമൂഹ്യമായും സാമ്പത്തികമായും ശാക്തീകരിക്കുകയാണ് വേണ്ടത്. വിവാഹത്തിനും വിവാഹബന്ധത്തിനും കല്‍പിച്ചു നല്‍കിയിട്ടുള്ള പവിത്രതക്കും അമിതപ്രാധാന്യത്തിനും അറുതിവരുത്തുക വഴിയേ അതിനു കഴിയു. വിവാഹം പുരുഷാധിപത്യത്തെയും സ്ത്രീയുടെ ആശ്രിതത്വത്തേയും അടിവരയിടുന്ന ജീര്‍ണിച്ച സാമൂഹ്യസ്ഥാപനമായാണ് ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്നത്. അത് അംഗീകരിക്കാതെ മുസ്‌ലിം വിവാഹബന്ധങ്ങളെ പരിഷ്‌കരിക്കാനും സംരക്ഷിക്കാനും ഇറങ്ങിപുറപ്പെടുന്നവരുടെ ലക്ഷ്യം മറ്റു പലതുമാണ്.