Sunday
18 Feb 2018

എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്ന മോഡി ഫാസിസം

By: Web Desk | Tuesday 16 January 2018 10:47 PM IST

തന്നെ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ചിലര്‍ പദ്ധതിയിടുന്നതായി ചില നാടകീയ സംഭവവികാസങ്ങള്‍ക്ക് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശ്വഹിന്ദു പരിഷത് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ നടത്തിയ വെളിപ്പെടുത്തല്‍ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും അപകടകരമായ പ്രവര്‍ത്തനശൈലിയിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. നരേന്ദ്രമോഡിയെ അധികാരത്തിലെത്തിക്കുന്നതില്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബിജെപിയുടെ പോഷകസംഘടനയായ വിഎച്ച്പിയുടെ അനിഷേധ്യനേതാവ് നടത്തിയ വെളിപ്പെടുത്തല്‍ അതുകൊണ്ടുതന്നെ ഗൗരവകരമായി കാണേണ്ടതുണ്ട്.
രാജസ്ഥാനില്‍നടന്ന ഒരു കേസില്‍ അറസ്റ്റുവാറന്റുമായി പത്ത് വര്‍ഷത്തിനുശേഷം രാജസ്ഥാന്‍ പൊലീസ് അഹമ്മദാബാദിലെ വിഎച്ച്പി ആസ്ഥാനത്തെത്തിയത് അവിശ്വസനീയമെന്നാണ് വിഎച്ച്പി പ്രവര്‍ത്തകര്‍തന്നെ പറയുന്നത്.
രാജസ്ഥാന്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് ഇത്രയും ശുഷ്‌കാന്തിയോ എന്നവര്‍ ചോദിക്കുന്നു. സംഭവത്തെക്കുറിച്ച് തൊഗാഡിയ പറയുന്നത് തിങ്കളാഴ്ച രാവിലെ താന്‍ പൂജചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ ഓഫീസിലേയ്ക്ക് വന്ന് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു എന്നാണ്. രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടയില്‍ അബോധാവസ്ഥയിലായ തൊഗാഡിയയെ അജ്ഞാതന്‍ ആശുപത്രിയില്‍ എത്തിച്ചു എന്നാണ് പറയപ്പെടുന്നത്. അതിനുശേഷം തൊഗാഡിയ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ തന്നെ വേട്ടയാടുകയാണെന്നും പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നു എന്നുമാണ്. ജീവന് ഭീഷണിയുണ്ടെന്നും ഇതിന്റെ പിന്നില്‍ ആരാണെന്ന് പിന്നീട് പറയാമെന്നും ഇസഡ് കാറ്റഗറി സുരക്ഷയുള്ള രാജ്യത്തെ ഭരണകക്ഷിയുടെ പ്രധാന നേതാവുമായ തൊഗാഡിയ പറയുകയുണ്ടായി. തൊഗാഡിയ സംഭവം ഒരുപാട് സംഭവങ്ങളുടെ ചുരുള്‍ നിവര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഗുജറാത്തിലെ ആര്‍എസ്എസ് ശാഖാ അംഗങ്ങള്‍ എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും തൊഗാഡിയയുംതമ്മിലുള്ള സൗഹൃദം 1980 തുകളിലാണ് ആരംഭിക്കുന്നത്. തുല്യശക്തരായ രണ്ടുപേരുടെയും വളര്‍ച്ച തീവ്രഹിന്ദുത്വത്തില്‍ അടിയുറച്ചതായത് സ്വാഭാവികം. ഗുജറാത്തിലെ ശക്തന്‍ ആരെന്ന മത്സരം ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്നു. എന്നാല്‍ പിന്നീട് സമര്‍ഥമായ നീക്കങ്ങളിലൂടെ തൊഗാഡിയയെ നിഷ്പ്രഭനാക്കാന്‍ മോഡിക്ക് കഴിഞ്ഞെങ്കിലും വിഎച്ച്പി അധ്യക്ഷസ്ഥാനത്തുനിന്നും തൊഗാഡിയയെ മാറ്റാന്‍ ആര്‍എസ്എസ് സഹായത്തോടെ ഏറ്റവും ഒടുവില്‍ നടത്തിയ ശ്രമങ്ങള്‍ പാളിപ്പോവുകയുണ്ടായി.
മോഡി – തൊഗാഡിയ വ്യക്തിവൈര്യമല്ല രാജ്യത്തെ അലട്ടുന്ന വിഷയം. എതിര്‍ശബ്ദങ്ങള്‍ എങ്ങനെയാണ് ഈ രാജ്യത്ത് സമീപകാലത്തായി നിശബ്ദമാക്കപ്പെടുന്നത് എന്ന കാര്യം പരിശോധിക്കുമ്പോള്‍ തൊഗാഡിയയുടെ വെളിപ്പെടുത്തലിലും ഗൗരവമായി ചിലതുണ്ട്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ആരോപണത്തില്‍ പരമോന്നത നീതിപീഠത്തില്‍ പോലും അസ്വസ്ഥതകള്‍ മുളച്ച കാലമാണിത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇത്തരം സംഭവങ്ങളില്‍ പലതിലും സംശയത്തിന്റെ നിഴലിലാണുതാനും.
തൊഗാഡിയയുടെ കാര്യത്തില്‍ പത്തുവര്‍ഷം പഴക്കമുള്ള കേസിന്റെ വെളിച്ചത്തില്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ അവരുടെതന്നെ കൂടപ്പിറപ്പിനെതിരെ വൈരനിര്യാതന ബുദ്ധിയോടെ നീങ്ങുക മാത്രമല്ല അപകടപ്പെടുത്താന്‍കൂടി ശ്രമിക്കുമ്പോള്‍ പഴയ ചില ചരിത്ര ദുരൂഹതകള്‍കൂടി ഓര്‍മയില്‍ പൊങ്ങിവരുന്നുണ്ട്. ബിജെപിയുടെ സൈദ്ധാന്തിക ആചാര്യനായി അവര്‍ കൊണ്ടുനടന്ന, ഇന്ന് രാഷ്ട്രപിതാവ് ഗാന്ധിജിക്കൊപ്പം പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ദീനദയാല്‍ ഉപാധ്യായയുടെ മരണമാണ് അതിലൊന്ന്. 1968-ല്‍ ട്രെയിനില്‍ നിന്നും വീണനിലയില്‍ റയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതൊരു ഗൂഢാലോചന കൊലപാതകമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് ജനസംഘത്തിന്റെ നേതാവ് ബല്‍രാജ് മധോക്കറാണ്. ആര്‍എസ്എസിലെ അധികാര വടംവലിയാണ് ദീനദയാലിന്റെ കൊലയ്ക്ക് പിന്നിലെന്ന് 1970ല്‍ മധോക്കര്‍ എഴുതിയ ‘സിന്ദഗികാസഫര്‍’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതുപോലെതന്നെ ഏറെ ദുരൂഹതയുള്ള ഗുജറാത്ത് ബിജെപി നേതാവ് ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തിന്റെയും ചുരുളഴിയേണ്ടതുണ്ട്. മോഡിയുടെ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് ഭട്ടിന് ജോലി നഷ്ടമായതും മറ്റൊരു സംഭവം.
എതിര്‍ശബ്ദം ഏത് കോണില്‍ നിന്നായാലും നിശബ്ദമാക്കപ്പെടും എന്ന സന്ദേശം നിരവധി സംഭവങ്ങളിലൂടെ രാജ്യത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അത് വിശ്വാസത്തിന്റെ പേരിലായാലും വര്‍ഗീയതയ്ക്കുവേണ്ടിയായാലും അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടിയായാലും ഒരുപോലെയാണെന്ന് തൊഗാഡിയയുടെ വാക്കുകള്‍ ബോധ്യപ്പെടുത്തുന്നു. ഹിന്ദുത്വത്തിനുവേണ്ടി ഒരുമിച്ച് യാത്രതുടങ്ങിയവര്‍ക്കിടയില്‍ ഒളിക്കാനും മറയ്ക്കാനും പലതുമുണ്ടെന്ന് വരുകില്‍ അവയുടെ ആഘാതത്തെ ഭയക്കുക സ്വാഭാവികം. ഭയം ജനാധിപത്യത്തെയും മതേതരത്വത്തെയും സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്നു എന്നതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. ആശയപരമായ വിയോജിപ്പുകളെ ആശയപരമായി നേരിടുന്നതിന് പകരം ജീവനെടുക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. ആ രീതിക്ക് ഫാസിസ്റ്റുകള്‍തന്നെ ഇരയാകുന്നു എന്നതും മറ്റൊരു വൈചിത്ര്യം.