Monday
22 Oct 2018

രണ്ട് പതിറ്റാണ്ടുകളെ അതിജീവിച്ച കായിക അപ്രമാദിത്വത്തിന് അഭിനന്ദനം

By: Web Desk | Saturday 23 December 2017 12:22 AM IST

റോത്തക്കില്‍ ഇന്നലെ സമാപിച്ച ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ കുട്ടികള്‍ വീണ്ടും കിരീടം ചൂടി സംസ്ഥാനത്തിന് ഈ രംഗത്തുള്ള അപ്രമാദിത്വം പ്രഖ്യാപിച്ചു. തുടര്‍ച്ചയായി ഇരുപതാം തവണയാണ് കേരളം സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ ചാമ്പ്യന്മാരാകുന്നത്. ഒമ്പത് സ്വര്‍ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവും സഹിതം 86 പോയിന്റോടെയാണ് കേരളം വീണ്ടും കിരീടം അണിഞ്ഞത്. രണ്ടാം സ്ഥാനത്തെത്തിയ ഹരിയാനയെ 21 പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് കേരളത്തിന്റെ തിളക്കമാര്‍ന്ന വിജയം. മീറ്റില്‍ മൂന്നാം സ്ഥാനം 40 പോയിന്റുള്ള തമിഴ്‌നാടിനാണ്. തികച്ചും പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചാണ് കേരളം മുന്നേറിയത്. കേരളത്തിന്റെ കുട്ടികള്‍ക്ക് ഏതാണ്ട് തീര്‍ത്തും അപരിചിതമായ ശീതകാലമാണ് ഉത്തരേന്ത്യയിലാകെ. കടുത്ത അന്തരീക്ഷമലിനീകരണം കുട്ടികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ആദ്യ രണ്ട് ദിവസത്തെ പ്രകടനം നിരാശാജനകമായിരുന്നു. പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അവര്‍ തളര്‍ന്നു വീഴുകയായിരുന്നു. കാലാവസ്ഥയുമായി ഇണങ്ങിച്ചേര്‍ന്നു തുടങ്ങിയതോടെ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കേരളത്തിനായി. പോള്‍വാള്‍ട്ടില്‍ നിവ്യാ ആന്റണി ദേശീയ റെക്കോഡോടെയാണ് ഉയരങ്ങള്‍ കീഴടക്കിയത്. അന്നുതന്നെ കേരളത്തിന് രണ്ട് സ്വര്‍ണം നേടാനായത് ടീമിന് ആത്മവിശ്വാസം തിരിച്ചുനല്‍കി. പോള്‍വാള്‍ട്ടില്‍ കല്ലടിയില്‍ നിന്നുള്ള ആര്‍ഷാബാബു വെങ്കലം നേടിയതും ശ്രദ്ധേയമാണ്. മികച്ച പരിശീലന സൗകര്യങ്ങളുടെ അഭാവത്തിലാണ് ഈ കുട്ടികള്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവണമെന്നുവേണം കരുതാന്‍. റോത്തക്കിലെ നമ്മുടെ കുട്ടികളുടെ പ്രകടനം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. കിരീടവുമായി മടങ്ങിയെത്തുമ്പോള്‍ നടക്കുന്ന ആഘോഷങ്ങളില്‍ മാത്രം അത് ഒതുങ്ങിക്കൂടാ. മറിച്ച് കേരളത്തില്‍ കായികരംഗത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കും വികാസത്തിനും ഉതകുന്നതാവണം അവ.
കായികരംഗത്ത് പൊതുവിലും അത്‌ലറ്റിക്‌സില്‍ വിശേഷിച്ചും ദേശീയ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ കുറേക്കാലമായി നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് സീനിയര്‍ സ്‌കൂള്‍ തലം വിട്ടോ ഒരു പരിധിവരെ സര്‍വകലാശാലാതലം കടന്നോ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് വേണ്ടത്ര കഴിഞ്ഞിട്ടില്ല. കായിക പ്രതിഭകളുടെ കുറവല്ല അതിന് കാരണമെന്നുവേണം കരുതാന്‍. സമൂഹത്തെയായാകെ ഉള്‍ക്കൊള്ളുന്ന ഒരു കായിക സംസ്‌കാരവും അതിന്റെ വൈവിധ്യവല്‍ക്കരണവും കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതിനാവശ്യമായ ബോധപൂര്‍വമായ പ്രവര്‍ത്തനത്തിന്റെ അഭാവമോ അല്ലെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങളെ ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുന്നതില്‍ നാം പരാജയപ്പെടുകയോ ആണ് സംഭവിക്കുന്നത്. കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിദൂര മത്സരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും മടക്കയാത്രയ്ക്കും അവര്‍ നേരിടേണ്ടിവരുന്ന ക്ലേശങ്ങള്‍തന്നെ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. റോത്തക്കില്‍ നിന്നും മടങ്ങുന്ന നമ്മുടെ കുട്ടികള്‍ക്ക് ഇത്തവണയും മടക്കയാത്രയ്ക്ക് ക്ലേശം നേരിടേണ്ടിവന്നു. മത്സരത്തിനുവേണ്ടി കേരളത്തെ പ്രതിനിധീകരിച്ചു യാത്ര ചെയ്യാന്‍ കുട്ടികള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും ബന്ധപ്പെട്ട അധികൃതരുടെ ആസൂത്രണ വൈകല്യവും കായികരംഗത്ത് ഉറച്ചുനില്‍ക്കാന്‍ അവര്‍ നേരിടുന്ന വെല്ലുവിളികളിലേക്കുള്ള സൂചകങ്ങളാണ്.
രണ്ട് പതിറ്റാണ്ട് കേരളത്തിന്റെ അഭിമാനം കാത്ത നമ്മുടെ കുട്ടികള്‍ ഇതര സംസ്ഥാനങ്ങളില്‍ ഈ രംഗത്തുള്ളവരില്‍ സൃഷ്ടിക്കുന്ന പ്രതികരണം ഊഹിക്കാവുന്നതേയുള്ളു. റോത്തക്കില്‍ നമ്മുടെ കുട്ടികള്‍ക്കുനേരെ ഉണ്ടായ കയ്യേറ്റ ശ്രമം ആ മനോഭാവത്തെയായിരിക്കും പ്രതിഫലിപ്പിക്കുന്നത്. എന്നാല്‍ കായികകല ഉദ്‌ഘോഷിക്കുന്ന സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് അവിടെ വിജയിച്ചുവെന്നുവേണം കരുതാന്‍. ഹരിയാന ടീമിലെ പോള്‍വാള്‍ട്ടില്‍ സ്വര്‍ണം നേടിയ താരം പ്രശാന്ത് സിങ് കനയ്യ കേരള ക്യാമ്പിലെത്തി സംഭവത്തില്‍ പരസ്യമായി മാപ്പു പറഞ്ഞു. ഇക്കാര്യത്തില്‍ വാശി ഉപേക്ഷിക്കാന്‍ തയാറായ കേരള ടീം മാനേജ്‌മെന്റും അഭിനന്ദനം അര്‍ഹിക്കുന്നു. കൊടിയ അസഹിഷ്ണുതയുടെ കാലത്താണ് നാം ജീവിക്കുന്നതെന്നത് കായികരംഗത്തെ ഈ ഉദാത്ത സമീപനത്തെ മഹത്തരമാക്കുന്നു. അത്തരം അനിഷ്ടസംഭവങ്ങള്‍ക്കപ്പുറം അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച കേരളത്തിന്റെ മിടുക്കരായ കുട്ടികളെ കായികരംഗത്ത് ഉറപ്പിച്ചുനിര്‍ത്തുക എന്ന വെല്ലുവിളിയാണ് നാം ഏറ്റെടുക്കേണ്ടത്. അതിന് അവര്‍ക്ക് സുരക്ഷിതമായ ഭാവിജീവിതം ഉറപ്പുനല്‍കാന്‍ നമുക്ക് കഴിയണം. അത് വരുംതലമുറകള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമായി മാറണം.