Saturday
15 Dec 2018

മാനവികതയുടെ സ്‌നേഹപ്രവചനങ്ങള്‍

By: Web Desk | Sunday 31 December 2017 1:18 AM IST

ഡോ. വള്ളിക്കാവ് മോഹന്‍ദാസ്

വിശ്വമാനവികതയുടെ പ്രവാചകന്‍ നബി തിരുമേനിയുടെ പ്രഭാവം ഭൂതകാല ഗര്‍ഭത്തില്‍ നിന്നും വര്‍ത്തമാനകാല തമോഗര്‍ത്തങ്ങളെ പ്രകാശമാനമാക്കുവാന്‍ സമാഗതമാകുന്ന വിസ്മയം. ശാസ്ത്ര സത്യങ്ങളുടെ കുതിച്ചു ചാട്ടങ്ങളെ ആകസ്മികപതനങ്ങളിലേക്കു കൂപ്പു കുത്തിക്കുന്ന കൃതഘ്‌നതയുടെ കൗശലങ്ങളില്‍ മാനവികതയ്ക്കു പോറലേല്‍ക്കുമ്പോള്‍ അടക്കിപ്പിടിച്ചൊരുമന്ത്രമായി ‘സ്വല്ലല്ലാഹു അലൈഹി വസല്ല’ത്തിന്റെ മഹാപ്രജ്ഞ പ്രദീപ്തമാകുന്നു.
‘അത്യുഷ്ണ മണ്ഡലമായ സൂപ്പര്‍ നോവകളെയും അതിശൈത്യഗര്‍ത്തങ്ങളായ നെബുലകളെയും സംഘര്‍ഷപൂരിതമായ ഉല്‍ക്കാക്ഷേത്രങ്ങളെയും അനാദിമാര്‍ഗ്ഗേ മുറിച്ചുകടന്ന്’ പ്രാചീന അറേബ്യന്‍ ചരിത്രത്തില്‍ നിന്നും പ്രവാചക ഹൃദയത്തെ വര്‍ത്തമാനകാല സംസ്‌കൃതിയിലേക്ക് ആനയിക്കുന്ന ‘ദൈവത്തിന്റെ പുസ്തകം’ ആദരിക്കപ്പെടുകയാണ്. കേന്ദ്രസാഹിത്യ അക്കാദമിയുടെ ബഹുമതി നേടിയ ഗ്രന്ഥം വായനയുടെ സാമ്പ്രദായിക അതിരുകളെ അതിലംഘിച്ചുകൊണ്ട് യുഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സംവേദനതന്ത്രമായി മാറുന്നു. നോവല്‍ വായനയിലെ അയത്‌നലളിതമായ ആസ്വാദനപ്രക്രിയയില്‍ നിന്നും വ്യത്യസ്തമായി ജീവിതത്തെയും കാലഘട്ടത്തെയും ചരിത്രത്തെയും ജ്ഞാവിജ്ഞാനകോണുകളെയും നവീകരിക്കുന്ന ധൈഷണിക യാത്രയായി മാറുന്നു.

ശാസ്ത്രം എന്നത് ശാസ്ത്രത്തിന്റെ തന്നെ ചരിത്രമാണ്. അതിന്റെ പ്രയോജനോന്മുഖമായ തലങ്ങള്‍ മനുഷ്യന്റെ പൊതുവിജ്ഞാന ത്തിലേക്കുള്ള സഞ്ചയികയായിത്തീരുന്നു. കാലത്തിന്റെ സാങ്കേതിക വിദ്യയായി തുടര്‍ന്നത് പരിണമിക്കുന്നു. ആര്‍ക്കമിഡിസും ന്യൂട്ടനും ഗോസും ഒന്നിനോടൊന്ന് കൂട്ടിയിണക്കിയ ചങ്ങലക്കണ്ണികള്‍ ക്രമേണ ഭൂമണ്ഡലം കടന്ന് ബാഹ്യാകാശത്തേക്കും അന്യഗ്രഹങ്ങളിലേക്കും വിപുലപ്പെട്ടു. അവിടെ സ്‌പേസ് ഷട്ടിലുകളും സെന്ററുകളും മനുഷ്യന്‍ വിഭാവന ചെയ്ത് യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തു. അമേരിക്കന്‍ ബാഹ്യാകാശ ഗവേഷണസ്ഥാപനമായ നാസയുടെ കേപ്പ് കാനവറല്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്നും അത്‌ലാന്റിക് ഏഴ് എന്ന സ്‌പേസ് ഷട്ടിലിന്റെ വിക്ഷേപണത്തില്‍ ആരംഭിക്കുന്ന നോവല്‍ ഒരു സയന്‍സ്ഫിക്ഷന്റെ സ്വഭാവ സവിശേഷതകളാണ് തുടക്കത്തില്‍ പ്രകടമാക്കുന്നത്.
യുക്തിബോധത്തിന്റെ പിന്‍ബലത്തില്‍ ആകാശക്കുതിപ്പിന്റെ ശാസ്ത്രസംജ്ഞകളിലൂടെയും വിക്ഷേപണഘട്ടങ്ങളിലൂടെയും കണ്‍ട്രോള്‍ റൂം മുതല്‍ ലോഞ്ച് പാഡ് വരെയുളള സങ്കീര്‍ണ്ണ പ്രവര്‍ത്തനങ്ങളില്‍പെട്ട് ശാസ്ത്രജ്ഞര്‍ക്കൊപ്പം അനുവാചകര്‍ക്കും ഭ്രാന്ത് പിടിക്കുന്നു. ലോകം കീഴടക്കിയ മനുഷ്യന്‍ ബാഹ്യലോകവും അനന്താകാശവും വരുതിയിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ദുരന്തവും ഈ സാഹസങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നത് സത്യം. ഒട്ടനവധി വര്‍ഷങ്ങളുടെയും ഉറക്കമില്ലാത്ത ദിനരാത്രങ്ങളുടെയും പരിസമാപ്തിയിലാണ് പ്രൊപ്പല്‍ഷന്‍ റിലേറ്റഡ് പാരാമീറ്റേഴ്‌സ്, തെര്‍മല്‍ പ്രൊട്ടക്ഷന്‍ പാരാമീറ്റേഴ്‌സ്, ഏവിയൊണിക് സിസ്റ്റംപാരാമീറ്റേഴ്‌സ് എന്നിങ്ങനെയുളള ബാഹ്യാകാശവാഹനത്തിന്റെ ശാസ്ത്രീയ പ്രാചലങ്ങള്‍ തിട്ടപ്പെടുത്തിയിട്ട് സിനിമാസ്‌ക്രീനോളം പോന്ന മിഷന്‍ ഡയറക്ടറുടെ കണ്‍സോളിലെ ദൃശ്യപ്രതലത്തില്‍ മാറിമാറി പ്രത്യക്ഷമാകുന്നത്. ക്രമേണ വിക്ഷേപണകേന്ദ്രവും അതിനുളളിലെ മനുഷ്യരും ഉത്ക്കണ്ഠാകുലരായിത്തീരുന്നു.
ലോഞ്ച് സമയത്തിന് നാല്‍പ്പത് മിനിറ്റ് മാത്രം ബാക്കിയായതും ഉംബലിക്കല്‍ ടവര്‍ പ്രക്ഷേപണ വാഹനവുമായി വേര്‍പെടാന്‍ തുടങ്ങി. പിന്നീട് കൗണ്ട് ഡൗണ്‍ എത്തിച്ചേര്‍ന്നതോടെ കുതിച്ചുയര്‍ന്ന അത്‌ലാന്റിക് ഏഴ് അന്തര്‍ദ്ദേശീയ ശൂന്യാകാശകേന്ദ്രത്തിലെത്തി ഡോക്കിംഗ് പ്രക്രിയയില്‍ മുഴുകുന്നതിന് തൊട്ടുമുമ്പ് എല്ലാ ശ്രമങ്ങളെയും വിഫലമാക്കി പരാജയത്തിന്റെ പടുകുഴിയിലേക്ക് നിലംപതിക്കുന്നു. അതിന്റെ ഞെട്ടലിലേക്ക് എല്ലാവരും വീണു പോകുന്നത് നാം അനുഭവിക്കുന്നു. സമനിലതെറ്റിയ നാസയിലെ പ്രൊജക്ട് ഡയറക്ടര്‍ വിലപിച്ച് കൊണ്ട് നടത്തുന്ന പ്രാകൃതചേഷ്ടകളില്‍ ഭ്രാന്തമായിത്തീരുന്ന വിക്ഷേപണകേന്ദ്രം അമിത സ്വപ്‌നങ്ങളുടെ ശവപ്പറമ്പായി മാറുന്നു. അവിടെ അനുവാചകന്റെ ചിത്തത്തെ കാലം കഴിച്ച ദുരയുടെ തമോഗര്‍ത്തങ്ങളിലേക്ക് നോവല്‍ ആട്ടിത്തെളിക്കുന്നു.
ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍ എ21 ലോഞ്ച് വെഹിക്കിളിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ശാസ്ത്രജ്ഞരായ കുട്ടിശങ്കരനും ഹസന്‍കുട്ടിയും തമോഗര്‍ത്തത്തിലേക്ക് പതിക്കാന്‍ വെമ്പല്‍കൊളളുന്ന ഭൂമിയുടെ സര്‍വ്വനാശത്തെപ്പറ്റി ചിന്തിക്കുന്നു. എല്ലാ സത്യങ്ങളും വെളിപ്പെടുത്താനാകാതെ ജോലിരാജിവച്ച് നാട്ടുമ്പുറത്തെ സ്വസ്ഥതയിലേക്ക് മടങ്ങുന്ന ഇരുവരും സത്യങ്ങളുടെ രഹസ്യം സൂക്ഷിപ്പുകാരായി മാറുന്നു.
അയ്യായിരത്തി ഒരുനൂറ് വര്‍ഷം മുന്‍പ് ഭൂമിയില്‍ നില നിന്ന ദ്വാപരയുഗത്തിന്റെ അനന്തതയിലേക്കകലുന്ന പ്രകാശദ്രവ്യങ്ങളെ തമോഗര്‍ത്തം ആകര്‍ഷിച്ചെടുത്തതെങ്ങനെയെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ‘കൃഷ്ണഭാഗം’ പ്രാരംഭംകുറിക്കുന്നത്. പിന്നെ സഹജമായ സ്ഥലകാലരാശികളോടെ ദ്വാപരയുഗം ഭൂമിയിലേക്ക് പ്രവഹിക്കുകയുണ്ടായി. നക്ഷത്രഖചിതമായ ആകാശത്തിലെ ചന്ദ്രനെപ്പോലെ ചരിത്രപടലങ്ങളില്‍ ചിന്നിയിരുന്ന ദ്വാപരയുഗജനതക്കിടയില്‍ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍ പ്രത്യക്ഷമാകുകയായി. രഥചക്രം ദ്വാപരയുഗ കൃഷ്ണലീലകളിലേക്ക് യഥേഷ്ടം ഉരുളുകയും ആത്മജ്ഞാനത്തെ പ്രത്യക്ഷമാക്കുകയും ചെയ്തു.
നബിഭാഗത്തിലെത്തുമ്പോള്‍ വസുന്ധരോന്മുഖമായ തമോശക്തിയുടെ അത്ഭുതപ്രതിഭാസത്താല്‍ ആറാം നൂറ്റാണ്ട് അറേബ്യന്‍ അര്‍ദ്ധദ്വീപിനെയും കൂടെക്കൂട്ടി പ്രകാശവര്‍ഷങ്ങളിലൂടെ പുരവതരിക്കുകയായി. ‘പ്രകാശവേഗത്തെ വെല്ലുന്ന കോടാനുകോടി കാതങ്ങള്‍ രണ്ടേരണ്ടു നാഴികകൊണ്ട് താണ്ടിയുളള ദ്വീപിന്റെ ഭൂമിയിലേക്കുളള പ്രയാണം. ഒച്ചയും വിളിയും കരച്ചിലുമായി ആളുകളുടെയും ഒട്ടകങ്ങളുടെയും ശബ്ദങ്ങള്‍ കേള്‍ക്കാനുണ്ടെങ്കിലും ഭൂമിയുടെ സ്വന്തം വെളിച്ചങ്ങള്‍ തനിക്ക് കാണാന്‍ കിട്ടുന്നില്ലല്ലോ എന്ന് റസൂല്‍ ഒരു നിമിഷം പരിഭ്രമിച്ചു.’ ഇങ്ങനെയിങ്ങനെ ആ പുണ്യജന്മത്തിന്റെ രണ്ടാം ജീവിത പ്രവേശം അത്ഭുതപൂര്‍വ്വമായി ആവിഷ്‌കൃതമാകുന്നു.
നീലയും ചന്ദ്രക്കലയും എന്ന അവസാനഭാഗത്ത് ആയിരത്തിനാനൂറോളം സംവത്സരങ്ങള്‍ മുമ്പ് ബൈക്കല്‍ മുഖസദസ്സിലും സ്വര്‍ഗ്ഗകേദാരത്തിലും അനേ്യാന്യം കണ്ടുമുട്ടിയതിന്റെ മധുരസ്മരണയില്‍ കാര്‍മുകില്‍ വര്‍ണ്ണനും സല്ലല്ലാഹു അലൈവസല്ലവും വീണ്ടും സംഗമിക്കുന്നു. അനന്യസാധാരണമായ ഈ കണ്ടുമുട്ടലിലൂടെ നീലയും ചന്ദ്രക്കലയും വിശുദ്ധങ്ങളായ പ്രതീകങ്ങളായി കാലത്തിന് തന്നെ തിരിച്ചറിയാനാകുംവിധം തിളങ്ങുന്നു. പില്‍ക്കാല സമൂഹത്തിന്റെ കൃതഘ്‌നതകളിലേക്കുളള നോട്ടമയയ്ക്കല്‍ തുടരവെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളിലേക്ക് പ്രകാശം പകരുന്നു. സമഷ്ടിബോധത്തിന്റെ വിപ്ലവചരിതം രചിച്ച കാറല്‍മാര്‍ക്‌സും സമാധാനത്തിന്റെ ശാദ്വലങ്ങള്‍ തീര്‍ത്ത മഹാത്മാഗാന്ധിയും പ്രത്യക്ഷവല്‍ക്കരിക്കുന്ന ആശയലോകത്തിലുടെ കടന്ന് കോളനിവല്‍ക്കരണത്തിന്റെയും ഇന്ത്യാവിഭജനമെന്ന ദുര്‍വ്വിധിയുടെയും താടനങ്ങളിലൂടെ പുതിയതലങ്ങളിലേക്ക് നോവല്‍ പ്രവേശിക്കുന്നു. ഗുജറാത്ത് വര്‍ഗീയകലാപത്തിന്റെയും വര്‍ത്തമാനകാല മതവൈരങ്ങളുടെയും അഭിശപ്ത നിമിഷങ്ങള്‍ കൂടി അനാവൃതമാകുമ്പോള്‍ കള്‍ച്ചറല്‍ പ്രെഡിക്കമെന്‍സ് ഓഫ് കോളോണിയലിസവും ചര്‍ച്ചചെയ്യുകയായി. ഇങ്ങനെ യുഗങ്ങള്‍ക്കപ്പുറത്ത് നിന്നും സമകാലിക മതവൈരങ്ങള്‍ക്ക് മറുമരുന്ന് തേടുന്ന മഹനീയമായൊരു സര്‍ഗ്ഗാത്മകദൗത്യമായി ദൈവത്തിന്റെ പുസ്തകം ശാസ്ത്രസാങ്കേതിക സാമൂഹിക ചിന്തകളുടെ ചുവരുകളില്‍ കോറിയിടപ്പെടുന്നു.
ദൈവത്തിന്റെ പുസ്തകത്തിന് കൈവന്ന പുരസ്‌കാരലബ്ധിയുടെ പശ്ചാത്തലത്തില്‍ നോവലിസ്റ്റ് കെ.പി.രാമനുണ്ണി സ്വന്തം കൃതിയെ വിലയിരുത്തുന്നതുകൂടി ശ്രദ്ധിക്കാം: ‘ഞാന്‍ എഴുതിയതില്‍ വെച്ച് ഏറ്റവും വലിയ നോവലാണ് ദൈവത്തിന്റെ പുസ്തകം. സര്‍ഗ്ഗാത്മകമായ യാതനകള്‍ക്കൊപ്പം വിവരശേഖരണത്തിന്റേതായ വലിയ ഭാരവും ഈ നോവല്‍ സൃഷ്ടിക്ക് വേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു കൃതിക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ആഹ്ലാദകരം തന്നെ. അതിലുപരിയുളള ഒരു രാഷ്ട്രീയവിജയത്തിന്റെ കൃതാര്‍ത്ഥത ദൈവത്തിന്റെ പുസ്തകത്തിന് പുരസ്‌കാരം ലഭിക്കുമ്പോള്‍ എനിക്കുണ്ട്.

കാരണം സ്വയം ഭാരണാധികാരമുണ്ടെങ്കിലും കേന്ദ്രസാഹിത്യ അക്കാദമി അടിസ്ഥാനപരമായി കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനമാണല്ലോ. ഇന്ത്യയിലിന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന കടുത്ത വര്‍ഗ്ഗീയത സെന്‍ട്രല്‍ ഗവണ്‍മെന്റ ് തടയിടുന്നില്ല എന്ന് മാത്രമല്ല വളംവെച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തിന്റെ പുസ്തകമാകട്ടെ ശ്രീകൃഷ്ണനെയും മുഹമ്മദ് നബിയെയും സഹോദരതുല്യരാക്കി ചിത്രീകരിച്ചുകൊണ്ട് വര്‍ഗ്ഗീയ വിരുദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ഗ്രന്ഥമാണ്. ശരിയായ ഹൈന്ദവതയുടെയും ഭാരതീയതയുടെയും മാനിഫെസ്റ്റോയാണത്. ഇന്ത്യന്‍ സംസ്‌കാരത്തെ വികൃതവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങളോട് വിസമ്മതം പുലര്‍ത്തുന്ന നോവലിനെ തന്നെ കേന്ദ്രസാഹിത്യഅക്കാദമിയെക്കൊണ്ട് അംഗീകരിപ്പിച്ചതില്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയ വിജയമുണ്ട്.