Sunday
17 Dec 2017

ജന്‍ ഏകത ജന്‍ അധികാര്‍ ആന്ദോളന്‍ ഒക്‌ടോബര്‍ 30ന്

By: Web Desk | Friday 13 October 2017 4:23 PM IST

  • ജില്ല കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ ദീപം തെളിയിയ്ക്കല്‍

തിരുവനന്തപുരം: ജനാധിപത്യ അവകാശങ്ങളുടെ കഴുത്തു ഞെരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനും, ജനങ്ങളെ രാജ്യ ദ്രോഹികളായി മുദ്രകുത്തി വേട്ടയാടുന്ന സംഘപരിവാര്‍ഭരണകൂട ഭീകരതയ്ക്കുമെതിരായി ദേശവ്യാപകമായി പോരാട്ടവേദി ഒരുങ്ങി. ദേശീയാടിസ്ഥാനത്തില്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകളും വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളും, സര്‍വ്വീസ് സംഘടനകളും, സ്ത്രീകള്‍, ന്യൂനപക്ഷദളിത് വിഭാഗങ്ങള്‍, കലാസാംസ്‌കാരികസാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി എണ്‍പതിലേറെ സംഘടനകള്‍ ചേര്‍ന്ന് ജന്‍ ഏകത ജന്‍ അധികാര്‍ ആന്ദോളന്‍ രൂപീകരിച്ചു.
ജന്‍ ഏകത ജന്‍ അധികാര്‍ ആന്ദോളന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നതിനും വിപുലമായി സംഘടിപ്പിക്കുന്നതിനും എകെജി സെന്ററില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യോഗത്തില്‍ എഐറ്റിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. സിഐറ്റിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, ജെ ഉദയഭാനു, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, പി കെ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒക്‌ടോബര്‍ 20 ന് മുന്‍പായി ജില്ലകളില്‍ യോഗം ചേരുന്നതിനു തീരുമാനിച്ചു.
ഒക്‌ടോബര്‍ 30ന് ജില്ലകേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിയ്ക്കുന്നതിനും, പൊതുസമ്മേളനങ്ങള്‍ ചേരുന്നതിനും തീരുമാനിച്ചു. തുടര്‍ന്ന് ദീപം തെളിയിയ്ക്കല്‍ നടക്കും.