Monday
22 Oct 2018

ഒരു വര്‍ഷം കൂടി കടന്നുപോകുമ്പോള്‍

By: Web Desk | Sunday 31 December 2017 10:41 PM IST

സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ഒരു വര്‍ഷം കൂടി കടന്നുപോയി. പ്രതീക്ഷകളോടെ ലോകമാകെയുള്ള ജനത പുതുവര്‍ഷത്തെ വരവേല്‍ക്കുകയും ചെയ്തിരിക്കുന്നു. പ്രതീക്ഷാ നിര്‍ഭരമായിരിക്കണമെന്ന സ്വപ്‌നത്തോടെയാണ് ഓരോ പുതുവര്‍ഷത്തിലേയ്ക്കും മനുഷ്യര്‍ കാലൂന്നുന്നത്. 2018 എന്ന പുതിയ വര്‍ഷവും എല്ലാവര്‍ക്കും പ്രതീക്ഷാനിര്‍ഭരമാവട്ടെയെന്ന് ആശംസിക്കുന്നു.
പ്രതീക്ഷയോടെ തന്നെയാണ് പോയ വര്‍ഷത്തിലേയ്ക്കും നമ്മള്‍ പദമൂന്നിയതെങ്കിലും പ്രതിസന്ധിയുടേയും നഷ്ടങ്ങളുടേതുമായിരുന്നുവെന്നാണ് കണക്കെടുക്കുമ്പോള്‍ വ്യക്തമാകുന്നത്. വിദ്വേഷക്കൊലയുടെ വര്‍ഷമായിരുന്നുവെന്നാണ് ഒരു വിലയിരുത്തലെങ്കില്‍ അസഹിഷ്ണുത കൊടികുത്തി വാഴ്ച നടത്തിയെന്നാണ് മറ്റൊരു വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്ന ഭരണ നടപടികളുടേതുമായിരുന്നു പോയ വര്‍ഷം.
ആരോഗ്യ ശാസ്ത്രം അത്യുന്നതികളിലേയ്ക്കും സാങ്കേതിക വിദ്യ ആകാശത്തോളവും കുതിച്ചപ്പോള്‍ തന്നെ ശിശുമരണങ്ങളും പട്ടിണി മരണങ്ങളും വാര്‍ത്തയായതും പോയ വര്‍ഷത്തിലായിരുന്നു. 2016 ല്‍ അടിച്ചേല്‍പ്പിച്ച നോട്ടുനിരോധനം പോലുള്ളവയുടെ പ്രത്യാഘാതങ്ങളും പോയ വര്‍ഷം നടപ്പിലാക്കിയ ഭരണ നടപടികളുടെ അനന്തരഫലങ്ങളും ജനജീവിതത്തെ ദുരിതപൂര്‍ണവും സമ്പദ്ഘടനയെ രൂക്ഷവുമായ സാഹചര്യങ്ങളിലേയ്ക്ക് നയിച്ച വര്‍ഷം കൂടിയാണ് കടന്നുപോയത്.
ഞെട്ടിച്ചുകൊണ്ട് ഒരു രാത്രിയില്‍ പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങളില്‍ നടുക്കയത്തിലായ ജനങ്ങള്‍ക്കുമേല്‍ ചരക്കുസേവന നികുതിയെന്ന മാറാപ്പ് അടിച്ചേല്‍പ്പിക്കുകയും അതിന്റെ ഫലമായി ജനം ഊര്‍ധശ്വാസം വഹിക്കേണ്ടിവരികയും ചെയ്തതാണ് പോയ വര്‍ഷത്തെ കണക്കെടുപ്പില്‍ ഏറ്റവും പ്രധാനം. വളര്‍ച്ചയിലേയ്ക്ക് കുതിക്കുന്നുവെന്ന് ഭരണാധികാരികള്‍ അവകാശപ്പെട്ട ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ന്നുതരിപ്പണമായെന്ന് അവര്‍ക്കു തന്നെ സമ്മതിക്കേണ്ടിവന്നതും പോയ വര്‍ഷത്തിന്റെ പ്രത്യേകതയായിരുന്നു.
വിദ്വേഷത്തിന്റെ നരനായാട്ടുകളും അസഹിഷ്ണുതയുടെ താണ്ഡവനൃത്തങ്ങളും എണ്ണിയാല്‍ തീരാത്തവയാണ്. അവിടെ ജുനൈദിന്റെയും പെഹ്‌ലുഖാന്റെയും മൃതദേഹങ്ങളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി ഗൗരി ലങ്കേഷിന്റെ മരണമുണ്ട്. കൊന്നിട്ടും പക തീരാതെ തീയിട്ടുകത്തിച്ച അഫ്രസുലിന്റെ മയ്യത്തുണ്ട്. വിദ്വേഷക്കൊലയില്‍ മരിച്ച 11 പേരുകളുണ്ട്. അസഹിഷ്ണുതയുടെ വെടിയേറ്റ, കുത്തേറ്റ, മരണാസന്നരായ നൂറുകണക്കിന് ന്യൂനപക്ഷ – ദളിത് വിഭാഗങ്ങളിലെ സാധാരണ മനുഷ്യരുണ്ട്. യുപിയിലും ഗുജറാത്തിലും ഒഡിഷയിലും ശ്വാസം കിട്ടാതെയും ചികിത്സ ലഭിക്കാതെയും മരിച്ച നൂറുകണക്കിന് കുട്ടികളുടെ ഓര്‍മകളും പോയ വര്‍ഷത്തിന്റെ ബാക്കിപത്രത്തിലുണ്ട്.
രാഷ്ട്രീയത്തില്‍ വൃത്തികെട്ട നാടകങ്ങളിലൂടെ ബിഹാര്‍ നിലയുറപ്പിച്ചപ്പോള്‍ അധികാരദുര്‍വിനിയോഗത്തിന്റെയും ഫാസിസ്റ്റ് നിലപാടുകളുടെയും വഴികളിലൂടെ കേന്ദ്രത്തിലും യുപി, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങ ഭരണകൂടങ്ങള്‍ മനുഷ്യരെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു.
ഇതൊക്കെയാണെങ്കിലും പ്രതീക്ഷയുടെ തിരിനാളങ്ങളും 2017 അവശേഷിപ്പിക്കുന്നുണ്ട്. അതില്‍ എടുത്തുപറയേണ്ടത് ദുരിതജീവിതം വിളയിക്കേണ്ടിവന്ന കര്‍ഷകരുടെ കൂട്ടായ പോരാട്ടങ്ങളാണ്. പൊറുതിമുട്ടിയ കര്‍ഷകര്‍ അധികാരികളെ ഞെട്ടിച്ചുകൊണ്ട് കൃഷിയിടങ്ങള്‍ വിട്ട് പടനിലങ്ങളിലേയ്ക്കിറങ്ങി. മധ്യപ്രദേശില്‍ കര്‍ഷകരെ വെടിവച്ചുകൊന്നുവെങ്കിലും പോരാട്ടത്തിന് പിറകോട്ട് പോക്കുണ്ടായില്ല. നൂറുകണക്കിന് സംഘടനകളുടെ സംയുക്ത പോരാട്ടത്തിലേയ്ക്കാണ് അത് വഴിതുറന്നിട്ടത്.
തൊഴിലാളികളുടെ സംയുക്തപ്രക്ഷോഭവും യുവജന – വിദ്യാര്‍ഥി പ്രസ്ഥാനങ്ങളായ എഐവൈഎഫും എഐഎസ്എഫും ചേര്‍ന്ന് നടത്തിയ, രാജ്യവ്യാപകമായി സഞ്ചരിച്ച ലോങ്മാര്‍ച്ചും 2017 ബാക്കിയാക്കിയ പ്രതീക്ഷകളില്‍ ചിലതാണ്.
അതുകൊണ്ട് തന്നെ പുതിയ വര്‍ഷത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുകയാണ്. ഫാസിസത്തിന്റെയും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും കരാളഹസ്തങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കേ ചെറുത്തുനില്‍പ്പിന്റെ ഐക്യനിരയും വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. പൊതുസമൂഹത്തിന്റെയും രാജ്യത്തിന്റെ തന്നെയും നിലനില്‍പിനായുള്ള പോരാട്ടങ്ങള്‍ക്ക് കൈകോര്‍ക്കുകയെന്നത് അടിയന്തരകടമയായി ഏറ്റെടുക്കണമെന്നാണ് പോയ വര്‍ഷത്തെ അനുഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്.
മണ്ണ്, ജലം, വായു തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെമേല്‍ ആധിപത്യമുറപ്പിക്കാനുള്ള കോര്‍പ്പറേറ്റ് ശ്രമങ്ങളും അതിന് കുടചൂടുന്ന ഭരണനയങ്ങളും വല്ലാതെ അസ്വസ്ഥപ്പെടുത്തുമ്പോള്‍ പോരാട്ടമല്ലാതെ വഴിയില്ലെന്ന സ്വയം ബോധ്യത്തിലൂടെ ഒറ്റക്കെട്ടായിറങ്ങേണ്ട കാലമായെന്ന് പോയ വര്‍ഷം ഓര്‍മപ്പെടുത്തുന്നുണ്ട്.
അത്തരത്തില്‍ ഉദയം ചെയ്യുന്നൊരു കൂട്ടായ്മയും അതിലൂടെ പരുവപ്പെടുന്ന പ്രക്ഷോഭപാതയും തീര്‍ച്ചയായും പുതിയവര്‍ഷത്തെ കുറിച്ചുള്ള പ്രതീക്ഷകളായി നാം ഏറ്റെടുക്കുക.