Wednesday
19 Sep 2018

ഉല്‍പ്പലാക്ഷന്റെ ഓണം

By: Web Desk | Monday 18 September 2017 11:04 PM IST

വി. ജയകുമാര്‍

സര്‍വീസില്‍ നിന്നും അടുത്തൂണ്‍ പറ്റിയ ഉല്‍പ്പലാക്ഷന്‍ ചേട്ടന്‍ വീട്ടുകാര്‍ക്ക് ഓണവസ്ത്രങ്ങള്‍ വാങ്ങാന്‍ നഗരത്തിലേക്ക് തിരിച്ചു. എല്ലായിടത്തും തിരക്കോട് തിരക്ക്. ധനികരും ദരിദ്രരും പൊങ്ങച്ചക്കാരുമൊക്കെയായി ഒരുത്സവപ്രതീതി. പലയിടത്തും ആടിക്കിഴിവിന്റെ അഴകുള്ള വലിയ ബോര്‍ഡുകള്‍. ഉല്‍പ്പലാക്ഷന്‍ ചേട്ടന്‍ ഒരു വലിയ ജൗളിക്കടയിലെ തിരക്കിലേക്ക് കയറി. അതിശയിപ്പിക്കുന്ന കട. സെയില്‍സ്‌കാര്‍ പിള്ളേര്‍ അലസരായി നില്‍ക്കുന്നു. എല്ലാവര്‍ക്കും തുണി വാങ്ങണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് നിലകളിലെങ്കിലും കയറിയിറങ്ങണം. എസ്‌കലേറ്റര്‍ ഉണ്ടെന്ന് സെയില്‍സ്‌ക്കാരി തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു. എന്തായാലും ഈ പ്രായത്തില്‍ അങ്ങനെയൊരു പരീക്ഷണത്തിന് പോകണ്ട. വയസുകാലത്ത് കൈയോ, കാലോ ഉളുക്കിയാല്‍ പിന്നെ പണികിട്ടും. കുറച്ച് തുണികള്‍ മാത്രം വാങ്ങി ചേട്ടന്‍ പതിയെ പുറത്തിറങ്ങി.
റോഡില്‍ വാഹനങ്ങളുടെ ഒഴുക്കുതന്നെ. സൂക്ഷിച്ചില്ലെങ്കില്‍ ഓണമുണ്ണാന്‍ പറ്റിയെന്ന് വരില്ല. യാത്രക്കാരില്‍ ഭൂരിഭാഗവും ടീനേജ് പിള്ളേര്‍. ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ കഴിയാത്ത വേഷം. കമ്മലും മാലയുമൊക്കെ ഇരുകൂട്ടര്‍ക്കുമുണ്ട്. പീഡനകാലമായതിനാല്‍ ശരീരത്തിലൊന്നും സൂക്ഷിച്ച് നോക്കാനും കഴിയില്ല. ഇതായിരിക്കും 4 ജി പിള്ളേര്‍. കൈയില്‍ സോപ്പുപെട്ടി പോലെ പലനിറത്തിലുള്ള ഫോണുകള്‍. കൂട്ടത്തിലൊരുവന്‍ താഴേയ്ക്ക് ഊര്‍ന്നിറങ്ങിയ പാന്റ് മുകളിലേക്ക് വലിച്ചുകയറ്റി, ആട്ടിന്‍പൂട പോലുള്ള താടിരോമം തടവി പരിസരംപോലും ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടന്നുപോയി. ചിലര്‍ ആരോടെന്നില്ലാതെ ഫോണിലൂടെ പിറുപിറുക്കുന്നു. മറ്റു ചിലര്‍ ഫോണില്‍ കുത്തിക്കുത്തി എന്തോ തിരയുന്നു.
വെയിലിന് വല്ലാതെ കനം കൂടി. ദാഹവും ഏറുന്നു. സമീപത്തുള്ള കൂള്‍ബാറിലേക്ക് കയറി. ഷാര്‍ജ, വാനില, സ്‌ട്രോബറി, മൊസാമ്പി…. എന്ത് വേണമെന്ന് ജ്യൂസ് കടക്കാരന്‍. ബോഞ്ചിയെന്ന നാരങ്ങാവെളളമാണ് പെട്ടെന്ന് ഓര്‍മവന്നത്. ബോഞ്ചിയെന്നൊക്കെ പറഞ്ഞാല്‍ 4ജി ആളുകള്‍ വല്ല തെറിയാണെന്ന് വിചാരിച്ചാലോയെന്നോര്‍ത്ത് നാരങ്ങാ വെള്ളം മതിയെന്ന് ചേട്ടനും, ഫ്രഷ് ലൈം ജ്യൂസ് ഐസൊക്കെയിട്ട് തരാമെന്നു കടക്കാരനും പറഞ്ഞു.
പുറത്തിറങ്ങിയപ്പോള്‍ സാമാന്യം ഭേദപ്പെട്ട ഒരു ക്യൂ. ബിവറേജസ് ക്യൂ ആയിരിക്കും. ഓണമല്ലേ, ഒരല്‍പം വീര്യം വാങ്ങാമല്ലോയെന്നോര്‍ത്ത് ക്യൂവില്‍ കൂടി. അപ്പോഴാണ് അറിയുന്നത് തിയേറ്ററിലെ ക്യൂവാണ്. തിയേറ്ററില്‍ പോയി സിനിമ കണ്ട കാലം മറന്നു. 200, 300, 400, ….. ഇങ്ങനെ പോകുന്നു നിരക്കുകള്‍. വെറുതെയല്ല പുതിയ സിനിമയൊക്കെ പിള്ളേര്‍ മൊബൈയിലില്‍ കാണുന്നത്. നിരക്കിങ്ങനെ കൂടിയാല്‍ സാധാരണക്കാര്‍ എങ്ങനെ തിയേറ്ററില്‍ പോകും? 4ജി പിളളാരെയോര്‍ത്ത് ചേട്ടന് ആദ്യമായി അഭിമാനം തോന്നിയ നിമിഷം.
മടക്കയാത്രയ്ക്കായി ബസ് കാത്തുനില്‍ക്കുമ്പോഴാണ് ശ്രീമതി പറഞ്ഞ പച്ചക്കറിയുടെ കാര്യം ഓര്‍മവന്നത്. പച്ചക്കറിയുടെ വിലയൊക്കെ ദിനംപ്രതി കുതിച്ചുകയറുകയാണ്. വിലപേശുന്നവരോട് പച്ചക്കറിക്കാരന്‍ പച്ചത്തെറിയാണ് പറയുന്നത്. ഇനി ഇത്തരത്തിലുള്ള പര്‍ച്ചേഴ്‌സ് യാത്രകള്‍ ഒഴിവാക്കി ഉള്ളപണം ശ്രീമതിയെ ഏല്‍പ്പിക്കുന്നതാണ് നല്ലത്. അവള്‍ എന്തെങ്കിലുമൊക്കെ വാങ്ങട്ടെ.
പെന്‍ഷനായശേഷം പകല്‍സമയങ്ങള്‍ ഏറെ വിരസമായി മാറിയിരുന്നു. ഏക ആശ്രയം ടി വി തന്നെ. എന്നാല്‍ ടി വിയിലെ കാഴ്ചകള്‍ പരമദയനീയം. പട്ട്‌സാരിയുടുത്ത് വാചകമടിക്കുന്ന തരുണീമണികളുടെ പൊങ്ങച്ച സീരിയലുകള്‍ ഒരു ഭാഗത്ത്, ചെറിയ സംഭവങ്ങളെപ്പോലും ഊതിവീര്‍പ്പിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ മറു ഭാഗത്ത്. ഇങ്ങനെ ഓരോ ചിന്തകളില്‍ മുഴുകിയിരിക്കുമ്പോള്‍ ഇറങ്ങാനുള്ള സ്റ്റോപ്പെത്തി. കവലയില്‍ ബസിറങ്ങി ഓണപ്പൊതിയുമായി ഉല്‍പ്പലാക്ഷന്‍ ചേട്ടന്‍ വീട് ലക്ഷ്യമാക്കി നടന്നു. ഉമ്മറത്തെത്തിയപ്പോള്‍ ഒരു കരച്ചില്‍. ഞെട്ടിപ്പോയി. ആകെ തളരുംപോലെ പരിസരബോധം വരുമ്പോഴേക്കും മനസിലായി, ഒന്നും സംഭവിച്ചിട്ടില്ല, സീരിയര്‍ നായിക കരയുകയാണ്…അല്‍പം ക്ഷീണത്തോടെ ചേട്ടന്‍ ഉമ്മറത്തെ കസേരയിലിരുന്നു….