Saturday
20 Jan 2018

ജെഡിയു ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന്

By: Web Desk | Saturday 19 August 2017 8:00 AM IST

ജെഡിയു ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന്. നീതീഷ് കുമാര്‍ ബിജെപിക്ക് ഒപ്പം പോയതിന് ശേഷം ആദ്യമായി ചേരുന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗം വിമത ശബ്ദമുയര്‍ത്തിയ ശരദ് യാദവിനും മറ്റ് നേതാക്കൾക്കും എതിരായ നടപടി ചര്‍ച്ച ചെയ്യും. എന്‍ഡിഎയില്‍ ചേരാനുള്ള ഔദ്യോഗിക ക്ഷണം ഇന്നത്തെ കമ്മറ്റി ചര്‍ച്ച ചെയ്യും.

പട്‌നയില്‍ ആണ് ചേരുന്ന യോഗത്തില്‍ വിമത നേതാവ് ശരദ് യാദവിനും ക്ഷണമുണ്ട്. എന്നാല്‍ വിമത നേതാക്കളുടെ യോഗം സമാന്തരമായി വിളിച്ച് ചേര്‍ക്കാനാണ് ശരദ് യാദവിന്റെ നീക്കം.

ബീഹാറില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ആദ്യമായാണ് ജെഡിയു ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേരുന്നത്.
കേന്ദ്ര മന്ത്രിസഭയില്‍ അംഗമായി എന്‍ഡിഎയുടെ ഔദ്യോഗിക ഘടകക്ഷിയാക്കാനുള്ള തീരുമാനവും യോഗം കൈക്കൊള്ളും. ശരദ് യാദവ് നടത്തുന്ന വിമത നീക്കങ്ങളെ എങ്ങനെ നേരിടണമെന്ന് യോഗം ചര്‍ച്ച ചെയ്യും.

ആഗസ്ത് 26ന് ആര്‍ജെഡി നടത്തുന്ന റാലിക്ക് ബദല്‍ റാലി നടത്തുന്ന കാര്യവും ചര്‍ച്ചയാകും. ക്ഷണമുണ്ടെങ്കിലും ശരദ് യാദവ് യോഗത്തില്‍ പങ്കെടുക്കില്ല. പകരം ഒപ്പം നില്‍ക്കുന്ന നേതാക്കളുടെ യോഗം സമാന്തരമായി വിളിച്ച് ചേര്‍ക്കുമെന്നാണ് വിവരം. യഥാര്‍ത്ഥ ജെഡിയു തങ്ങളാണെന്നാണ് ശരദ് യാദവ് പക്ഷത്തിന്റെ വാദം. അടുത്തയാഴ്ച ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ അവകാശവാദമുന്നയിച്ച് ശരദ് യാദവ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും.

കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കള്‍ കഴിഞ്ഞ ദിവസം ശരദ് യാദവിനെ കണ്ടിരുന്നു വര്‍ഗീസ് ജോര്‍ജ്ജ്, ഷെയ്ക്ക് പി ഹാരിസ്, ചാരുപാറ രവി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ശരദ് യാദവിന്റെ നേതൃത്വത്തിനൊപ്പം നില്‍ക്കാതെ ഒറ്റയ്ക്ക് നില്‍ക്കാനുള്ള വീരേന്ദ്ര കുമാറിന്റെ ശ്രമങ്ങളെ എതിര്‍ക്കുന്ന നേതാക്കളാണ് ശരദ് യാദവിനെ കണ്ട് പിന്തുണ പ്രഖ്യാപിച്ചത്. കേരളഘടകതിന്റെ പൂര്‍ണ്ണ പിന്തുണ തനിക്കാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് യാദവ് പറഞ്ഞു.

ശരദ് യാദവ് നേതൃത്വം നല്‍കുന്ന ജെഡിയുവാണ് യഥാര്‍ത്ഥ ജെഡിയു എന്നും പാര്‍ട്ടി പേരിനും ചിഹ്നത്തിനും അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമന്നും കേരള നേതാക്കള്‍ പറഞ്ഞു.