Thursday
19 Apr 2018

ജെ ഡി യു മുന്നണിമാറ്റം: കോഴിക്കോട്ടെ തദ്ദേശ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ചിത്രം മാറും

By: Web Desk | Saturday 13 January 2018 9:56 PM IST

കോഴിക്കോട്: ജെ ഡി യു മുന്നണിമാറ്റം കോഴിക്കോട് ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭരണമാറ്റത്തിന് കാരണമാകും. മുന്നണിമാറ്റം വടകരയിലും പയ്യോളിയിലും കുന്ദമംഗലത്തും ചേമഞ്ചേരിയിലും വലിയ രാഷ്ട്രീയചര്‍ച്ചകള്‍ക്കാണ് തുടക്കമിടുന്നത്. ജെ ഡി യു ശക്തികേന്ദ്രമായ വടകരയില്‍ നാല് തദ്ദേശസ്ഥാപനങ്ങളിലും ഭരണസംവിധാനത്തില്‍ മാറ്റം വരും. വടകര മണ്ഡലത്തിലെ എറാമല, അഴിയുര്‍, ചേറോട് ഗ്രാമ പഞ്ചായത്തുകളിലും കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂര്‍ ബ്‌ളോക്ക് പഞ്ചായത്തിലുമാണ് ഭരണ മാറ്റം ഉണ്ടാവുക. നിലവില്‍ യു ഡി എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളാണിത്. രാഷ്ട്രീയ സാഹചര്യം മാറുന്നതോടെ എല്‍ ഡി എഫ് മൂന്നിടങ്ങളില്‍ കൂടി അധികാരത്തില്‍ എത്തും. എറാമലപഞ്ചായത്തില്‍ 19 വാര്‍ഡുകളില്‍ എട്ടും ജെഡിയുവിന്റേതാണ്. കഴിഞ്ഞതവണ യു ഡി എഫ് അട്ടിമറി വിജയം നേടിയ ചേറോട് പഞ്ചായത്തിലും ഭരണം മാറും. എല്‍ ഡി എഫിനും യു ഡി എഫിനും ഒമ്പതു സീറ്റ് വീതമാണ് ഉള്ളത്. രണ്ട് സീറ്റുള്ള ജെഡിയു മാറിയാല്‍ ഭരണം ഇടതുപക്ഷത്തിനു ലഭിക്കം. 18 അംഗങ്ങളുള്ള അഴിയൂരില്‍ ജെഡിയുവിന് മൂന്ന് അംഗങ്ങളുണ്ട്. ആകെ ഒമ്പതു സീറ്റാണ് യു ഡി എഫിനുള്ളത്. തോടന്നൂര്‍ ബേ്‌ളാക്ക് പഞ്ചായത്തില്‍ ജെ ഡി യു മാറിയാല്‍ എല്‍ ഡി എഫിന് ഏഴും യുഡിഎഫിന് ആറും സീറ്റാവും.

പയ്യോളിയില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ നഗരസഭ ഭരിക്കുന്ന യു ഡി എഫിന് മൂന്നംഗങ്ങള്‍ ഉള്ള ജെ ഡി യു മുന്നണി വിട്ടാല്‍ ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥയാണുള്ളത്. ജെ ഡി യുവിലെ മൂന്ന് അംഗങ്ങള്‍ എല്‍ ഡി എഫിലേക്ക് വന്നാല്‍ മുന്നണിക്ക് ഇരുപത് അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനാവും. മുസ്ലിം ലീഗിലെ പി കുല്‍സുവാണ് നിലവില്‍ പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സണ്‍. കുന്ദമംഗലത്തും സമാനമായ അവസ്ഥയാണുള്ളത്. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെയും ഭരണം. യു ഡി എഫ് ഭരിക്കുന്ന കുന്ദമംഗലം ബേ്‌ളാക്ക് പഞ്ചായത്തില്‍ ആകെയുള്ളത് 19 അംഗങ്ങളാണ്. ഇതില്‍ ആറുപേര്‍ കോണ്‍ഗ്രസ്, മൂന്നുപേര്‍ മുസ്ലീം ലീഗ്, ഒരു ജനതാദള്‍(യു) എന്നിങ്ങനെയാണ് കക്ഷിനില. എല്‍ ഡി എഫിന് ആകെ ഒമ്പത് അംഗങ്ങളാണുള്ളത്. ജനതാദള്‍ അംഗം മുന്നണി മാറിയാല്‍ ഇവിടെ ഭരണമാറ്റമുണ്ടാകും. യു ഡി എഫും എല്‍ ഡി എഫും തുല്യശക്തികളായി നില്‍ക്കുന്ന ചേമഞ്ചേരി പഞ്ചായത്തില്‍ ജനതാദളിന്റെ നിലപാട് നിര്‍ണായകമാകും. 20 അംഗങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 10 വീതം അംഗങ്ങളാണുള്ളത്. നറുക്കെടുപ്പിലുടെയാണ് ഇവിടെ യു ഡി എഫ് അധികാരത്തിലെത്തിയത്. ജെ ഡി യുവിന് രണ്ട് അംഗങ്ങളുണ്ട്. ജെ ഡി യു മുന്നണിവിടുന്നതോടെ ഇവിടേയും യു ഡി എഫിന് ഭരണം നഷ്ടമാകും.

Related News